സംഭവബഹുലമായ ദിവസമായിരുന്നു ഇന്ന്. മനുഷ്യർ കൊച്ചുകൊച്ച് സന്തോഷങ്ങൾ കണ്ടെത്താൻ വേണ്ടി യാത്ര ചെയ്യുന്നത് അത്ഭുതത്തോടെ കണ്ടുനിന്ന ഒരു ദിവസം കൂടെ ആയിരുന്നു. അതൊക്കെ വഴിയെ പറയാം.
രാജസ്ഥാനിൽ 3 താരാഗഡ് കോട്ടകളാണ് ഉള്ളത്. അജ്മീറിൽ, പാലിയിൽ, ബുന്ദിയിൽ. അജ്മീറിലേത് നമ്മൾ കണ്ടുകഴിഞ്ഞു. പാലിയിലേത് ചെന്നെത്താൻ ആകില്ല. ബുന്ദിയിലെ താരാഗഡ് കോട്ടയിലേക്കാണ് ഇന്ന് പോയത്. കോട്ടയിൽ നിന്ന് 23 കിലോമീറ്റർ മാത്രമാണ് ദൂരം.
സത്യത്തിൽ ഇവിടത്തെ കോട്ടയേത് കൊട്ടാരമേത് എന്ന് നമ്മൾ ചിന്താക്കുഴപ്പത്തിലാകുന്നുണ്ട്. കവാടം കടന്ന് ചെന്നാൽ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളാണ്. പ്രവേശന ഫീസ് 100 രൂപ. ക്യാമറ ഉപയോഗിക്കാൻ 500 രൂപ. കൊട്ടാരത്തിന്റെ ഭാഗങ്ങളിൽ മാത്രം ഗൈഡിന്റെ സേവനം ആവശ്യമെങ്കിൽ 500 രൂപ. കോട്ടയുടെ ഭാഗത്തുകൂടെ ഗൈഡിനെ വേണമെങ്കിൽ 1200 രൂപ.
പുറത്തുനിന്ന് കാണുമ്പോൾ തന്നെ അതിഗംഭീര കൊട്ടാരവും മലമുകളിലേക്ക് നീളുന്ന കോട്ടയും ആണ് ഇതെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ മുകളറ്റം വരെ എനിക്ക് ഗൈഡിന്റെ സേവനം ആവശ്യമാണ്.
പക്ഷേ ഒരു ചെറിയ പ്രശ്നം. എന്റെ കൂടെ വരാൻ തയ്യാറായി നിന്നത് ബുന്ദിയിലെ തന്നെ ഒരേയൊരു വനിതാ ഗൈഡ് ആയ ഹേമലത ആണ്. അവർക്ക് കോട്ടയുടെ മുകൾഭാഗം വരെ കയറാൻ വയ്യ. ആയതിനാൽ കൊട്ടാരത്തിന്റെ ഭാഗങ്ങൾ ഹേമലതയും കോട്ടയുടെ ഭാഗങ്ങൾ സന്ദീപ് എന്ന മറ്റൊരു ഗൈഡും കാണിച്ച് തരാൻ തീരുമാനമായി.
ഹാത്തിയ പോൾ, ദിവാനെ ആം, ഛത്തർ മഹൽ, ഫൂൽ മഹൽ, ബാദൽ മഹൽ, ഛൂല ചൗക്ക്, ചിത്രശാല, ദൂദാ മഹൽ എന്നിങ്ങനെയുള്ള ഭാഗങ്ങളാണ് കൊട്ടാരത്തിന്‍റേത്. അതിൽ അവസാനത്തെ ഭാഗം ഒഴിച്ച് എല്ലായിടത്തും ഹേമലതയുടെ സേവനമാണ് കിട്ടിയത്. ദൂദാ മഹലിലേക്ക് പോകാൻ മല മുകളിലേക്ക് കയറണം. അവിടം മുതൽ കോട്ട വരെയുള്ള ഭാഗങ്ങൾ സന്ദീപ് കൂടെ വന്നു. ഈ പ്രദേശങ്ങൾ ഓരോന്നും പ്രത്യേകം വർണ്ണിക്കാൻ പോയാൽ ഒരിടത്തും എത്തില്ല. ഒരു മലയുടെ മുകൾഭാഗം നിറഞ്ഞ് നിൽക്കുന്ന വലിയ കോട്ടയും കൊട്ടാരവുമാണ് താരാഗഡിലേത്.
* കോട്ടയുടെ ആകൃതി നക്ഷത്രത്തിന്റേത് പോലെ ആയതുകൊണ്ടാണ് ആ പേര് വീണത്. താരം ഏന്നാൽ നക്ഷത്രം.
* 1354ൽ കോട്ടയുടേയും കൊട്ടാരത്തിൻ്റേയും നിർമ്മാണം തുടങ്ങിയത്.
* റാവു ദേവ ഹഡയാണ് നിർമ്മാണം തുടങ്ങിവച്ചത്. പിന്നീട് പല രാജാക്കന്മാർ കൂട്ടിച്ചേർക്കലുകൾ നടത്തി ഇപ്പോൾ കാണുന്ന രൂപത്തിൽ കൊട്ടാരവും കോട്ടയും ഉണ്ടായി.
* പിൻഭാഗത്ത് നിന്നാണ് കൊട്ടാരം ഉണ്ടാക്കി തുടങ്ങിയത്.
* കോട്ടയിൽ നിന്ന് കൊട്ടാരത്തിലേക്ക് പല പല ടണലുകൾ ഉണ്ട്. അതിലൂടെയൊന്നും പക്ഷേ, ഇപ്പോൾ സഞ്ചരിക്കാൻ ആകില്ല.
* ഈ കോട്ടയിൽ ഒരിക്കലും യുദ്ധം നടക്കുകയോ കോട്ട കീഴടങ്ങുകയോ ചെയ്തിട്ടില്ല. പലപ്പോഴും ഒത്തുതീർപ്പ് സന്ധികളിൽ എത്തിയിട്ടുണ്ട് താനും.
* രണ്ട് വലിയ ജലസംഭരണികൾ കോട്ടയിൽ ഉണ്ട്. അതിൽ നിന്നുള്ള ജലം താഴേക്ക് ഒഴുകിവന്ന കൊട്ടാരത്തിലെ ആവശ്യങ്ങൾക്കും ഫൗണ്ടനുകൾക്കും മറ്റുമായി പ്രയോജനപ്പെടുത്തിയിരുന്നു.
* ദൂദാ മഹലിലേക്കുള്ള വഴി മുതൽ കുരങ്ങുകൾ ധാരാളമുണ്ട്. എങ്കിലും അവറ്റകൾ ശല്യം ചെയ്യുന്നില്ല.
* കഴിഞ്ഞ ആഴ്ച്ച ഈ മലമുകളിൽ പുള്ളിപ്പുലി തദ്ദേശവാസികളെ ഓടിച്ചതായി ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
* കോട്ടയുടെ മുകളിൽ ഇപ്പോൾ ദൂരദർശന്റെ ടവർ ഉണ്ട്.
* കോട്ടയിൽ നിന്ന് താഴേക്ക് കാണുന്ന നവൽ സാഗർ എന്ന ചെറിയ തടാകം മനുഷ്യനിർമ്മിതമാണ്. എതിർ വശത്ത് കാണുന്ന ജയ്ത് സാഗർ എന്ന വലിയ തടാകം പ്രകൃതിദത്തമാണ്.
* ജയ്ത് സാഗർ തടാകത്തിന്റെ കരയിലാണ് രാജാവിന്റെ സമ്മർ പാലസ് ഉള്ളത്. ആ സമ്മർ പാലസിന്റെ ഒരു ഭാഗത്തുള്ള മുറിയിലാണ് പ്രശസ്ത നോവലിസ്റ്റും നോബൽ സമ്മാന ജേതാവും ജംഗിൾ ബുക്ക് എന്ന കൃതിയിലൂടെ പ്രശസ്തനുമായ റുഡ്യാർഡ് കിപ്ലിംഗ് വർഷങ്ങളോളം താമസിച്ച് രചന നടത്തിയത്.
ഇംഗ്ലണ്ടിലെ ഈസ്റ്റ് സൺസെക്സിലെ ബർവാഷ് എന്ന കിപ്ലിംഗിൻ്റെ സ്ഥലത്ത് നിന്ന് ആദ്യമായി ഇന്ത്യ സന്ദർശിക്കാൻ എത്തിയിരിക്കുന്ന ജിം, എയ്ലീൻ എന്നീ ദമ്പതിമാരെ ഞാൻ ആ മുറിയിൽ വെച്ച് പരിചയപ്പെട്ടു. ബർവാഷിലുള്ള കിപ്ലിംഗിൻ്റെ വീട് ഇപ്പോൾ ഒരു മ്യൂസിയം ആണ്. ഇന്ത്യയിൽ അദ്ദേഹം താമസിക്കുകയും ചെയ്തിരുന്ന ആ മുറി കാണാനാണ് ഈ ദമ്പതികൾ ഇംഗ്ലണ്ടിൽ നിന്ന് ഇവിടെ എത്തിയിരിക്കുന്നത്. ആ മുറിയിൽ ചുറ്റി നടന്ന് രേഖകളും മറ്റും കാണുമ്പോൾ അവർക്കുണ്ടായ സന്തോഷം എത്ര വലുതാണെന്നോ? ജംഗിൾ ബുക്കിൽ വായിച്ച കുരങ്ങുകളുടെ ചേഷ്ടകളും മറ്റും താരാഗഡ് കോട്ടയിൽ നേരിട്ട് കണ്ടെന്നും, അതെല്ലാം കഥകൾ മാത്രമാണ് എന്നാണ് കരുതിയിരുന്നത് എങ്കിലും ഇപ്പോളാണ് അത് യഥാർത്ഥ സംഭവങ്ങളാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ജിം പറയുന്നത്.
ബുന്ദി നഗരം സ്വദേശികളായ സഞ്ചാരികൾ കാര്യമായി സന്ദർശിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ആൾത്തിരക്കുള്ള മറ്റേതൊരു രാജസ്ഥാൻ നഗരത്തേയും പോലെ, ഒരുപാട് സ്ഥലങ്ങൾ കാണാനുള്ള ഒരു പട്ടണമാണ് ബുന്ദി.
ചൗരാസി സ്മൃതി മണ്ഡപമാണ് അതിൽ ഒന്ന്. 84 തൂണുകളാണ് ഈ സ്മൃതി മണ്ഡപത്തിന് ഉള്ളത്. അത് പക്ഷേ എണ്ണി തിട്ടപ്പെടുത്തുമ്പോൾ പലർക്കും തെറ്റുമെന്ന് ഗൈഡ് ഹേമലത ആദ്യമേ എന്നിക്ക് സൂചന നൽകിയിരുന്നു. ചിലർക്ക് 83 തൂണുകൾ കിട്ടും, ചിലർക്ക് 80ഉം. അതൊരു രസകരമായ അനുഭവമാണ്. അക്ഷരാഭ്യാസം ഇല്ലാത്ത എനിക്ക് 83 തൂണുകളാണ് കിട്ടിയത്.
CE 1700ൽ നിർമ്മിച്ച റാണിജി കി ബാവ്ടി എന്ന പടിക്കിണർ ആണ് ഈ നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണം. 46 മീറ്റർ ആഴമാണ് ഈ പടിക്കിണറിനുള്ളത്. അത്രയും മനോഹരമായ ശില്പവേലകൾ ഉള്ള മറ്റൊരു പടിക്കിണർ ഞാനിതുവരെ കണ്ടിട്ടില്ല. ജൈന ശില്പ വേലകളുടെ അതിയായ സ്വാധീനം ഈ പടിക്കിണറിൽ കാണാം. ഒരുകാലത്ത് ശുദ്ധജലത്തിന് വേണ്ടി ഈ നഗരത്തിലുള്ളവർ കാര്യമായി ആശ്രയിച്ചിരുന്ന പടിക്കിണർ ഇപ്പോൾ ചെളി വെള്ളം നിറഞ്ഞ അവസ്ഥയിലാണ്.
ബുന്ദിയിലെ പെയിന്റിങുകൾ പേരുകേട്ടതാണ്. കൊട്ടാരത്തിലെ ചിത്രശാലയിൽ മുഴുവൻ അത്തരം പെയിന്റിങ്ങുകൾ ആണ്. ബുന്ദി സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ഒരു പെയിന്റിങ് ഞാൻ മാർക്കറ്റിൽ നിന്ന് വാങ്ങി.
കോട്ട സാരികൾ നിർമ്മിക്കുന്ന ഒരു കൈത്തറിയും ഇതിനിടയിൽ സന്ദർശിക്കാൻ പറ്റി. ആരെങ്കിലും ആവശ്യക്കാർ ഉണ്ടാകുമെന്ന് കരുതി ഒന്ന് രണ്ട് കോട്ട സാരികളും വാങ്ങിയിട്ടുണ്ട്.
ബുന്ദിയിൽ വീണ്ടും വരണമെന്നും ആ തടാകക്കരയിൽ ഒരുപാട് സമയം ചെലവഴിക്കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് ഞാൻ കോട്ടയിലേക്ക് മടങ്ങിയത്. ഇന്ന് തങ്ങുന്നത് പ്രേം ദ ധാബയിൽത്തന്നെ.
ശുഭരാത്രി.