കോട്ട ഹബ്ബിൽ തെറ്റിക്കയറി വന്നതാണ് രൺധംബോർ കോട്ട. 140 കിലോമീറ്റർ ദൂരമുണ്ട്, സവായ് മധോപൂർ ജില്ലയിലെ രൺധംബോർ കോട്ടയിലേക്ക്. 73 കിലോമീറ്റർ ദൂരം മാത്രമുള്ള ബാര ഹബ്ബ് അതിനിടയ്ക്ക് വിട്ടുപോയി.
ഇന്നലെ രാത്രി ഏറെ വൈകിയാണ് ‘പ്രേം ദ ധാബ’ പൂട്ടിയത്. അതുകൊണ്ടുതന്നെ അവർ ഉണരാനും വൈകി. ഉച്ചയ്ക്കും രാത്രിയും പട്ടിണി കിടക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ രാവിലെ എനിക്കെന്തെങ്കിലും കഴിച്ചേ തീരൂ. ബ്രേക്ക്ഫാസ്റ്റ്, ഭാഗിയുടെ അടുക്കളയിൽ ഉണ്ടാക്കി കഴിച്ചശേഷം ഉച്ചയ്ക്ക് 12 മണിയോടെ, കോട്ട ജില്ലയിൽ നിന്ന് രൺധംബോറിൽ എത്തി.
പ്രൈവറ്റ് വാഹനങ്ങളെ, പോലീസ്, കോട്ടയുടെ ഭാഗത്തേക്ക് കയറ്റി വിടുന്നില്ല. തദ്ദേശീയരായ ജീപ്പ് ഡ്രൈവർമാരെ സഹായിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അഞ്ച് കിലോമീറ്റർ ദൂരം മുകളിലേക്ക് പോകാൻ ജീപ്പുകാർ 200 രൂപ വാങ്ങും. രണ്ടു ഭാഗത്തേക്കും പോയി വരാൻ എനിക്ക് 400 രൂപ ചിലവായി. എന്നാലും കുഴപ്പമില്ല എന്ന് തോന്നി. റോഡ് അത്രയ്ക്കും മോശമാണ്. ഭാഗി ആ വഴിക്ക് പോയാൽ നടുവൊടിയാതെ തിരികെ വരില്ല.
രൺധംബോർ കോട്ടയെപ്പറ്റി ഒരുപാട് പറയാനുണ്ട്.
* വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ് രൺധംബോർ കോട്ട.
* ഈ കോട്ടയിൽ ജോഹർ നടന്നിട്ടുണ്ട്. തീയിൽ മാത്രമല്ല വെള്ളത്തിലും ജോഹർ നടന്നിട്ടുള്ള ഒരു കോട്ടയാണ് ഇത്. അത് ഒരു ചതിയുടെ കഥ കൂടെയാണ്. രാജാവ് യുദ്ധം ജയിച്ച് വരുന്ന വിവരം കൊട്ടാരത്തിൽ അറിയിക്കേണ്ട ചുമതലയുള്ളവർ ഒറ്റുകാരാവുന്നു. വിജയ ചിഹ്നത്തിന് പകരം അവർ കരിങ്കൊടിയുമായി കോട്ടയിൽ എത്തുന്നു. രാജാവ് യുദ്ധത്തിൽ തോറ്റെന്ന് തെറ്റിദ്ധരിച്ച രാജ്ഞി ജോഹർ അനുഷ്ഠിക്കുന്നു. രാജകുമാരി കോട്ടയിലുള്ള തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നു. കോട്ടയിലെത്തിയ രാജാവ് ഈ രണ്ട് സംഭവങ്ങളിലും മനംനൊന്ത് ഗളച്ഛേദം ചെയ്ത് ജീവനൊടുക്കുന്നു. അതിന് മുൻപ് ഒറ്റുകാരനേയും രാജാവ് വക വരുത്തുന്നു.
* രൺധംബോർ ടൈഗർ റിസർവ് ഫോറസ്റ്റ നടുവിലാണ് രൺധംബോർ കോട്ട നിലകൊള്ളുന്നത്.
* കോട്ടയ്ക്കകത്ത് ജൈന ക്ഷേത്രങ്ങൾ അടക്കം ധാരാളം ക്ഷേത്രങ്ങളും ഒരു ദർഗ്ഗയും ഉണ്ട്. കോട്ട കാണാൻ വരുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾ ക്ഷേത്രങ്ങൾ കാണാനാണ് വരുന്നത്.
* നവ് ലക്ഷ, ഹാത്തിയ, ഗണേഷ്, അന്ധേരി, സൂരജ്, ഡൽഹി, സാത്ത് എന്നിങ്ങനെ 7 കവാടങ്ങൾ കോട്ടയ്ക്ക് ഉണ്ട്.
* ഹാമിർ പാലസ്, റാണി പാലസ്, ഹാമിർ ബടി കച്ചേരി, ഛോട്ടി കച്ചേരി, ബാദൽ മഹൽ, ബത്തീസ് ഖംമ്പ ഛത്രി, എന്നിങ്ങനെ ധാരാളം കെട്ടിടങ്ങളും ഒരു തടാകവും ഉണ്ട്.
* ശാഖംബരിയിലെ ചാഹമന രാജവംശത്തിന്റെ ശക്തിദുർഗ്ഗമായിരുന്നു രൺധംബോർ കോട്ട.
* അഞ്ചാം നൂറ്റാണ്ടിൽ മഹാരാജ ജയന്ത ആണ് ഈ കോട്ട നിർമ്മിച്ചത്.
* പന്ത്രണ്ടാം നൂറ്റാണ്ടിൽ പൃഥ്വിരാജ് ചൗഹാൻ ഈ കോട്ട കീഴടക്കുന്നത് വരെ, യാദവർ തന്നെയായിരുന്നു ഈ കോട്ടയും പ്രദേശവും കൈയാളിയിരുന്നത്.
* പിന്നീട് ഡൽഹി സുൽത്താന്മാർ ഈ കോട്ട കീഴടക്കി.
* അതിനുശേഷം റാണ സംഘയും മുഗളന്മാരും ഈ കോട്ട കൈവശപ്പെടുത്തി.
650 രൂപയാണ് ഗൈഡുകൾ ഈ കോട്ടയിലെ സേവനത്തിന് ആവശ്യപ്പെടുന്നത്. അത് ഉദയ്പൂരിലോ ജയ്പൂരിലോ പോലും ഇല്ലാത്ത അത്രയും വലിയ നിരക്കാണ്. അവസാനം 200 രൂപയ്ക്ക് വരെ ഗൈഡ് ആകാൻ ആളുണ്ടായി. പത്താം ക്ലാസുകാരൻ മാൻസിംഗ് ആണ് എൻ്റെ ഗൈഡ് ആയി വന്നത്. അവധി ദിവസങ്ങളിൽ അവൻ ഗൈഡ് ആയി ജോലി ചെയ്ത് പോക്കറ്റ് മണി ഉണ്ടാക്കും. ഞാനവന് ₹100 അധികം കൊടുത്തു. ഞങ്ങൾ ഒരുമിച്ച് ഗണേഷ് മന്ദിറിൻ്റെ ഭാഗത്തുള്ള കടയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. അവന് വലിയ സന്തോഷമായി. ബാബുജി, ബാബുജി എന്നവൻ എന്നെ സംബോധന ചെയ്തു കൊണ്ടിരുന്നത് എനിക്കും സന്തോഷം നൽകി.
അവൻ്റെ അച്ഛനും അമ്മയ്ക്കും 40 പോത്തുകൾ ഉണ്ട്. സ്കൂൾ വിട്ടുവന്നാൽ പോത്തുകളെ മേയ്ക്കണം. അവധി ദിനങ്ങളിൽ മാത്രമാണ് ഈ പണി ചെയ്യാൻ രക്ഷിതാക്കൾ അനുവദിക്കുക. ഈ ജോലി അവൻ ചെയ്യുന്നതുകൊണ്ട് അവൻ്റെ ചിലവിനുള്ളത് കാര്യമായി ഒന്നും അച്ഛനും അമ്മയും കൊടുക്കില്ല.
അവന്റെ പ്രായത്തിൽ കാൽ കാശിന്റെ പണി എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല. മാനസിംഗ് കുറേക്കൂടെ ഭേദപ്പെട്ട അവസ്ഥയിലുള്ള ഒരു പയ്യനാണെന്ന് എനിക്ക് തോന്നി. അവനേക്കാളും മോശം അവസ്ഥയിൽ എത്രയോ കുട്ടികൾ ഈ സംസ്ഥാനത്തുണ്ട്; ഈ രാജ്യത്തുണ്ട്.
ഞാൻ അവസാനം കണ്ട രണ്ട് കോട്ടകളിലും (ഗാഗ്രോൺ, രൺധംബോർ) ജോഹർ നടന്നിട്ടുണ്ട്. എത്രയെത്ര രാജസ്ഥാൻ കോട്ടകളിൽ എത്രയെത്ര രജപുത്ര വനിതകൾ ജീവനൊടുക്കിയിരിക്കുന്നു! ഈ കോട്ടയിലാകട്ടെ, യുദ്ധത്തിൽ രാജാവ് ജയിച്ചിട്ട് പോലും ജോഹർ നടത്തേണ്ടി വന്നിരിക്കുന്നു. രാജപത്നിയോ, രാജകുടുംബത്തിലെ അംഗമോ രാജ്ഞിയുടെ പരിചാരികയോ പോലും ആയാൽ, സുഖസുന്ദരമായ ജീവിതം കിട്ടും എന്നതിനപ്പുറം, വലിയ വില കൊടുക്കേണ്ടി വരുന്ന ജീവിത സാഹചര്യം കൂടെയാണ് എന്നതാണ് യാഥാർത്ഥ്യം.
ജോഹർ നടന്നിട്ടുള്ള കോട്ടകൾ കണ്ട് പുറത്ത് കടക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വീർപ്പുമുട്ടലും കനത്ത നെഞ്ചും അനുഭവപ്പെടാറുണ്ട്. ഇന്നാകട്ടെ പരിചയമില്ലാത്ത തെരുവിലാണ് അന്തിയുറങ്ങേണ്ടത്. അതിന്റെ ബേജാറ് വേറെയും.
നക്ഷത്ര എന്ന ഒരു ഹോട്ടലിൽ കയറി, നാളെ എപ്പോഴെങ്കിലും വൈൽഡ് ലൈഫ് സഫാരിക്ക് പോകാനുള്ള സീറ്റ് ബുക്ക് ചെയ്തു. ₹1250 രൂപയാണ് മൂന്നുമണിക്കൂർ നേരത്തേക്കുള്ള സഫാരിയുടെ നിരക്ക്. “എന്റെ വാഹനം നിങ്ങളുടെ ഹോട്ടലിന് മുൻപിൽ പാർക്ക് ചെയ്തോട്ടെ?” എന്നൊരു ആവശ്യം അവർക്ക് പിന്നെ നിരസിക്കാൻ ആവില്ലല്ലോ.
രൺധംബോർ കോട്ടയിലേക്കുള്ള വഴിനീളെ ഹോട്ടലുകളും റസ്റ്റോറന്റുകളും ആണ്. ഒരുപക്ഷേ രാജസ്ഥാനിലെ മറ്റൊരു പട്ടണത്തിലും ഇത്രയധികം റസ്റ്റോറന്റുകൾ ഒരു തെരുവിൻ്റെ ഇരുവശവും ഞാൻ കണ്ടിട്ടില്ല. രൺധംബോർ ചൗപ്പാത്തി എന്ന ഫുഡ് കോർട്ടിൽ ഇരിക്കാൻ സ്ഥലമില്ല എന്ന അവസ്ഥ. കുറെ നാളുകൾക്ക് ശേഷം ഇഡ്ഡലി കഴിച്ചത് ഇന്നാണ്.
ഈ തെരുവിലെ ഉറക്കം കുഴപ്പമില്ലാതെ പോകുമെന്ന് പ്രതീക്ഷിക്കുന്നു.
ശുഭരാത്രി.