വാർത്ത 1:- കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്, സങ്കടമുണ്ട്: കങ്കണ റണാവത്ത്.
കമൻ്റ് 1:- രാജാവിനേക്കാൾ വലിയ രാജഭക്തി.
വാർത്ത 2:- പീഡനത്തിനിരയായ 17-കാരി ജീവനൊടുക്കി; പീഡിപ്പിച്ചത് ആരാണെന്ന് പറയാന്‍ പേടിയെന്ന് ആത്മഹത്യാ കുറിപ്പ്.
കമൻ്റ് 2:- സ്വയം അവസാനിപ്പിക്കാൻ തീരുമാനിച്ച് അത് നടപ്പിലാക്കുമ്പോൾ പോലും ഒരു കുറ്റവാളിയെ തുറന്ന് കാട്ടാൻ മടിക്കുന്ന തരത്തിൽ ഭയന്ന് ജീവിക്കുന്നവരുടെ നാട്.
വാർത്ത 3:- ഠാക്കൂർ ഭീഷണി മറികടക്കാൻ പോലീസ് സന്നാഹത്തോടെ ദളിത് വിവാഹം. ദളിത് ബാരാത്ത് നടക്കുന്നത് ചരിത്രത്തിൽ ആദ്യമായി.
കമൻ്റ് 3:- സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായെന്നാണ് പറഞ്ഞത്?
വാർത്ത 4:- കുഞ്ഞ് അനുപമയുടേതു തന്നെ, ഡി.എൻ.എ. ഫലം മൂന്ന് ദിവസം കൊണ്ട് തയ്യാറായി.
കമൻ്റ് 4:- ഒരു പാർട്ടി നേതാവിൻ്റെ മകൻ്റെ ഡി.എൻ. എ. ഫലം കൊല്ലങ്ങളായിട്ടും തീർപ്പായിട്ടില്ല.
വാർത്ത 5:- പണി അറിയില്ലെങ്കിൽ എന്‍ജിനീയർമാർ രാജിവെക്കണം’; റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി.
കമൻ്റ് 5:- പണി അറിയാഞ്ഞിട്ടൊന്നുമല്ല പൊന്ന് കോടതീ. എല്ലാവർക്കും കമ്മീഷൻ കൊടുത്ത് കഴിഞ്ഞാൽപ്പിന്നെ ഇങ്ങനെ പണിയാനേ കോണ്ട്രാക്ടർക്ക് പറ്റൂ. ഓ…. ഈ കോടതിക്ക് ഒന്നും അറിയാത്തത് പോലെ.
വാർത്ത 6:- പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തി; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേർ പിടിയിൽ.
കമൻ്റ് 6:- പുരാവസ്തു ഉള്ളവരിൽ നിന്നും എടുത്ത് പുരാവസ്തു ഇല്ലാത്തവർക്ക് കൊടുത്ത് സോഷ്യലിസം നടപ്പാക്കാനും സമ്മതിക്കില്ലേ ?
വാർത്ത 7:- നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ചിക്കനും പൊറോട്ടയും കവർന്നു.
കമൻ്റ് 7:- ഏതെങ്കിലും അയ്യോ പാവം വിശന്നപ്പോൾ എടുത്ത് തിന്നതാകും. എന്തായാലും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണം. അത്രയ്ക്ക് ഗുരുതരമായ മോഷണമാണല്ലോ.
വാർത്ത 8:- ‘എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി.
കമൻ്റ് 8:- പറഞ്ഞപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതല്ലെന്ന് കരുതുന്നു.
വാർത്ത 9:- പ്രക്ഷോഭത്തിനിടെ കർഷകർ മരിച്ചതായി അറിയില്ല, അതുകൊണ്ട് ധനസഹായം നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
കമൻ്റ് 9:- ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ലല്ലോ ?
വാർത്ത 10:- റോഡുകള്‍ തകർന്നാല്‍ അറിയിക്കാം; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും പ്രദർശിപ്പിക്കും.
കമൻ്റ് 10:- കരാറുകാരൻ നമ്പർ മാറ്റി വിലസും എന്നാലും റോഡ് നന്നാകുമെന്ന് പ്രതീക്ഷ വേണ്ട.
#വാർത്തേംം_കമൻ്റും