ഹോൺബിൽ ഫെസ്റ്റിവലും മലയാളികളും (GIE 2025-26. Day#11 – Dec 09)


12
ഇന്നലെ പറഞ്ഞ ഒരു കാര്യത്തിൽ ചെറിയ തിരുത്തുണ്ട്. ഞങ്ങൾ ഇന്നലെ തങ്ങിയത് എയർഫോഴ്സ് ക്യാമ്പിൽ അല്ല; മിലിട്ടറി ക്യാമ്പിൽ ആണ്. ഈ മിലിട്ടറി ക്യാമ്പിലെ സൗകര്യങ്ങൾ എയർ ഫോർസിനും പങ്ക് വെക്കുന്നു എന്ന് മാത്രം. ഈ ക്യാമ്പുമായി ബന്ധപ്പെട്ട കാര്യമായ സൈനിക പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. ഹോൺബിൽ ഫെസ്റ്റിവലിന് വരുന്ന പട്ടാള ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാനായി ഈ സൗകര്യങ്ങൾ വിനിയോഗിക്കുന്നു എന്നതാണ് യാഥാർത്ഥൃം.

രാവിലെ ചോള ബട്ടൂറ ആയിരുന്നു ഭക്ഷണം. ഒരു ഷെഫ് തിരുവനന്തപുരത്തുകാരനായ ജിൻസ് ആണ്. ഞങ്ങൾ അദ്ദേഹവുമായി ചങ്ങാത്തത്തിലായി.

ഇന്നലെ ക്യാമ്പിൽ വന്നു കയറിയത് രാത്രി ആയതുകൊണ്ട് ക്യാമ്പ് ലൊക്കേഷന്റെ മനോഹാരിത ശ്രദ്ധിക്കാൻ പറ്റിയത് രാവിലെയാണ്. ഒരു വശത്ത് മലകളുടെയും താഴ്വരയുടെയും മനോഹര ദൃശ്യമാണ്.

11 മണിയോട് ഞങ്ങൾ കിസാമ വില്ലേജിൽ എത്തി. വിവിധ നാഗ ട്രൈബുകളുടെ കലാപരിപാടികൾ, ഭക്ഷണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഗീത പരിപാടികൾ എന്നതൊക്കെയാണ്ൺ ഹോൺബിൽ ഫെസ്റ്റിവലിലെ പ്രധാന ഇനങ്ങൾ. രാജ്യത്തെമ്പാടുമുള്ള സഞ്ചാരികൾ ഈ പരിപാടികൾക്കായി ഡിസംബർ മാസത്തിൽ നാഗാലാൻഡിൽ എത്തുന്നു. വളരെ ചിട്ടയോടും കാര്യക്ഷമതയോടും കൂടെയാണ് സർക്കാർ ഈ പരിപാടി നടത്തി പോരുന്നത്. അതിന്റെ വെളിച്ചം അവർക്ക് ഉണ്ടെന്ന് ഇവിടെ എത്തുന്ന ഏതൊരാൾക്കും ബോദ്ധ്യമാകും.

ഇപ്രാവശ്യം മലയാളികളുടെ ഒരു വലിയ പങ്കാളിത്തം ഹോൺബിൽ ഫെസ്റ്റിവലിൽ ഉണ്ട്. എവിടെ തിരിഞ്ഞാലും ഒരു മലയാളിയെ കാണാം അല്ലെങ്കിൽ ഒരു മലയാള സംസാരം കേൾക്കാം. മിക്കവാറും എല്ലാവർക്കും ഷൈനിയെ Shyni TheRider അറിയാം. എനിക്കും ഉണ്ടായിരുന്നു രണ്ട് പരിചയക്കാർ. ബൈജുവും Byju Keezhara അനിതയും Anitha Ajith ആയിരുന്നു അവർ.

അനിത ഒരു നായക്കുട്ടിയെ നെഞ്ചോട് ചേർത്താണ് വന്നിരിക്കുന്നത്. അവനെ, അവർക്ക് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ സമ്മാനമായി ലഭിച്ചതാണ്. നാടൻ ബ്രീഡാണ് അത്. അവരതിനെ ജാങ്കോ എന്ന് പേരിട്ട് നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. അപ്രതീക്ഷിതമായി അവരുടെ കയ്യിൽ പെട്ടു പോയതുകൊണ്ടാണ് ജാങ്കോ എന്ന പേര് കൊടുത്തിരിക്കുന്നത്.

ബൈജു വന്നിരിക്കുന്നത് ഒരു സംഘം മലയാളികളുമായാണ്. ബൈജുവിനോട് സംസാരിച്ചപ്പോൾ ഇനിയങ്ങോട്ട് എന്റെ റൂട്ട് എങ്ങനെയായിരിക്കണം എന്ന് ഒരു ധാരണ കിട്ടി. ഇപ്രാവശ്യം തണുപ്പ് കൂടുതലുള്ളതുകൊണ്ട് ഇപ്രാവശ്യം നോർത്ത് ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കാൻ പറ്റില്ല എന്ന തോന്നലും എനിക്ക് കൈവന്നു. അതെന്തായാലും മണിപ്പൂരിലേക്ക് പോകാൻ ബുദ്ധിമുട്ടില്ല എന്ന സന്തോഷവാർത്തയും ബൈജു പങ്കുവെച്ചു.

നാളെ ഹോൺബിൽ ഫെസ്റ്റിവൽ അവസാനിക്കുകയാണ്. വേണ്ട വേണ്ട എന്ന് കരുതിയിട്ടും അത്യാവശ്യം ചില സോവനീറുകൾ ഞാൻ വാങ്ങിക്കൂട്ടി.

ആർമി ക്യാമ്പിലേക്ക് മടങ്ങാൻ, ബസ്സിൽ ഇരുന്നപ്പോൾ തൊട്ടടുത്ത് ഇരുന്ന മൊസേനിയ ജാമിർ എന്ന നാഗ പെൺകുട്ടി ഞങ്ങളോട് ലോഹ്യം കൂടി. അവൾ പഠിച്ചിരുന്നത് ചെന്നൈയിൽ ആയിരുന്നതുകൊണ്ട് സൗത്ത് ഇന്ത്യക്കാരോട് അവൾക്ക് വലിയ സ്നേഹമാണ്. ഷൈനിയും ഞാനും ദീർഘയാത്രകൾ നടത്തുന്നവരാണെന്ന് മനസ്സിലാക്കിയപ്പോൾ അവർക്ക് വലിയ അസൂയ. ആ കുടുംബം ഞങ്ങളോട് ഒരുപാട് നേരം സംസാരിച്ചു. പാർക്കിംഗ് ഗ്രൗണ്ടിൽ വന്ന് ഭാഗിയുടെ സൗകര്യങ്ങൾ കണ്ട് സന്തോഷം പ്രകടിപ്പിച്ചു. മാത്രമല്ല നാഗാലാൻഡ് വിടുന്നതിന് മുൻപ് ഒരു ദിവസം അവരുടെ വീട്ടിൽ സൽക്കാരത്തിന് ക്ഷണിച്ചുകൊണ്ട് ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. ഒരു സംസ്ഥാനത്തിന്റെ ഉത്സവം രാജ്യത്തിന്റെ മറ്റൊരു കോണിലുള്ള, തികച്ചും അപരിചിതരായ മനുഷ്യരുമായി ഇത്രയധികം സ്നേഹം പങ്കുവെക്കാൻ ഉപകരിക്കുന്നുണ്ടെങ്കിൽ, ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ തകർത്തെറിയുന്നുണ്ടെങ്കിൽ, അതിൽപ്പരം മറ്റെന്താണ് വേണ്ടത്.

അതേ ബസ്സിൽ വെച്ച് മലപ്പുറത്തുകാരനായ ബഷീറിനെ പരിചയപ്പെട്ടു. അമ്പരപ്പിച്ചു കളഞ്ഞു അയാൾ. അയാളുടേത് ഹിച്ച് ഹൈക്കിങ്ങ് യാത്രയാണ്. ഒരു ബാഗിൽ സാധനസാമഗ്രികളും എടുത്ത് നോർത്ത് ഈസ്റ്റിലേക്ക് തീവണ്ടി കയറിയ അയാൾ ഗോഹട്ടിയിൽ എത്തിയ ശേഷം മാത്രമാണ് ഹോൺബിൽ ഫെസ്റ്റിവലിനെപ്പറ്റി അറിയുന്നത്. ഉടനെ നാഗാലാൻഡിലേക്ക് വെച്ചു പിടിച്ചു. ടെന്റ് കെട്ടിയാണ് പലയിടത്തും താമസിക്കുന്നത്. വഴിയിൽ പരിചയപ്പെട്ട ഒരു നാഗ പോലീസുകാരന്റെ വീട്ടിലാണ് ഇന്ന് ടെന്റ് അടിച്ചിരിക്കുന്നത്. നാളെ എങ്ങോട്ടാണെന്നും എവിടെയാണെന്നും ലക്ഷ്യമില്ലാത്ത യാത്ര. അങ്ങനെ നോക്കിയാൽ ഷൈനിയും ഞാനും ഭാഗ്യം ചെയ്തവരാണ്. ഞങ്ങൾക്ക് യാത്ര മുന്നോട്ടു നീക്കാൻ ഓരോരോ വാഹനങ്ങളെങ്കിലും ഉണ്ട്. ബഷീറിന്റെ കൈയിൽ യാത്രയ്ക്കുള്ള പണം പോലും തുലോം തുച്ഛമാണ്. എന്നിട്ടും അയാൾ യാത്ര എന്ന അടങ്ങാത്ത ആഗ്രഹത്തെ നെഞ്ചോട് ചേർക്കുന്നു. എല്ലാ സൗകര്യങ്ങളും തികഞ്ഞിട്ട് യാത്ര ചെയ്യാനാവില്ല എന്ന ഒരു സന്ദേശം കൂടെ ബഷീർ മുന്നോട്ട് വെക്കുന്നുണ്ട്. ഹാറ്റ്സ് ഓഫ് ബഷീർ.

ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളികളെപ്പറ്റി പറയാനാണെങ്കിൽ ഇനിയുമുണ്ട് ധാരാളം. ഇവിടെയെത്തുന്ന മലയാളികൾക്ക് വേണ്ടി മലയാളി ക്യാമ്പ് പോലും നടത്തുന്നുണ്ട്. “കേറി വാടാ മക്കളെ”… എന്നൊരു മലയാളം ബോർഡും അതിന് മുന്നിലുണ്ട്.

റൈസ് വൈൻ, പട്ടുനൂൽപ്പുഴു അച്ചാർ എന്നിവ രുചി നോക്കി എന്നതാണ് ഈ ദിവസത്തിൻ്റെ മറ്റൊരു പ്രത്യേകത. പട്ടിയിറച്ചി താലി, പട്ടിയിറച്ചി കറി എന്നിവ കഴിച്ച് നോക്കാൻ ആട്ടിറച്ചി പോലും കഴിക്കാത്ത എന്നെക്കൊണ്ട് ഒരിക്കലും പറ്റില്ല.

രാത്രി ഏറെ വൈകാതെ ക്യാമ്പിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു. താപമാനം 9 ഡിഗ്രിയാണ്. ഞാനതുമായി താദാമ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#hornbill
#caravanlifestyle
#northeastindia
#motorhomelifestyle
#caravan
#motorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>