
ഇന്ന് സമ്പൂർണ്ണ വിശ്രമദിനം ആയിരുന്നു. എന്നിരുന്നാലും ബാക്കി ഉണ്ടായിരുന്ന ഡാറ്റ ബാക്ക് അപ്പ്, ചിലവ് കണക്ക് എഴുതി വെക്കൽ എന്നിങ്ങനെ ചില ജോലികൾ ചെയ്ത് തീർത്തു.
മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ ഞാൻ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരികെ എത്തിക്കഴിഞ്ഞു. പക്ഷേ, ബൈക്ക് ഓടിക്കാവുന്ന അവസ്ഥയിലേക്ക് ഷൈനി തിരികെ വന്നിട്ടില്ല. ആയതിനാൽ നാളെ ഒരു ദിവസം കൂടെ വിശ്രമം എടുക്കേണ്ടി വന്നേക്കും.
ഇന്ന് പകൽ സംഭവിച്ച ഒരു സവിശേഷ കാര്യം, യാത്രയ്ക്കിടയിൽർർ ഞാൻ കണ്ടുമുട്ടിയ ചില നാഗരുടെ ഫോട്ടോകളെ അടിസ്ഥാനമാക്കി അവരുടെ കാരിക്കേച്ചർ സജീവേട്ടൻ Sajjive Balakrishnan വരച്ച് അയച്ചുതന്നു എന്നതാണ്. ഞാനത്, അതാത് വ്യക്തികൾക്ക് അയച്ചുകൊടുത്തു. അവർക്കെല്ലാം വലിയ സന്തോഷമായി.
അത്താഴത്തിനായി വൈകുന്നേരം പുറത്തേക്ക് ഇറങ്ങിയതിന് മറ്റൊരു ഉദ്ദേശ്യം കൂടെ ഉണ്ടായിരുന്നു. ആറ് കിലോമീറ്റർ മാറിയുള്ള തഹേഖു ബാപ്റ്റിസ്റ്റ് പള്ളിയും പരിസരവും ക്രിസ്മസ് ദീപാലങ്കാരങ്ങൾ കൊണ്ട് ഗംഭീരമാക്കിയിട്ടുണ്ട് എന്ന് ഇന്നലത്തെ പാർട്ടിക്കിടയിൽ പരിചയപ്പെട്ട അരൂപ് എന്ന ആസ്സാംകാരൻ സുഹൃത്ത് പറഞ്ഞിരുന്നു.
ഇനി ഒരാഴ്ചയില്ല ക്രിസ്തുമസിന്. തെരുവുകളെല്ലാം തിരുപ്പിറവിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. നാഗാലാൻഡിൽ ഏറെക്കുറെ മുഴുവൻ ജനങ്ങളും ക്രൈസ്തവരാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല.
തഹേഖു പള്ളിയുടെ വഴിയിലേക്ക് കടക്കുമ്പോൾ തന്നെ ദീപാലങ്കാരങ്ങളുടെ തിക്കും തിരക്കും തുടങ്ങുകയായി. ധാരാളം പേർ അത് കാണാൻ മാത്രമായി ആ ഭാഗത്ത് വരുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ബുദ്ധിമുട്ടായിരിക്കുന്നു.
പള്ളിയങ്കണവും പരിസരവും കെട്ടിടങ്ങളുമെല്ലാം ഗംഭീരമായി അലങ്കരിച്ചിരിക്കുന്നു. അവിടെ ചെന്ന് കുറേയേറെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ക്യാമ്പിലേക്ക് മടങ്ങി.
ക്യാമ്പിൽ ഇന്ന് നാഗന്മാരുടെ പതിവ് പാർട്ടി പെട്ടെന്ന് അവസാനിച്ചിരിക്കുന്നു. അംഗബലവും കുറവായിരുന്നു. ഇന്നലത്തെ ഗംഭീര പാർട്ടിയുടെ ക്ഷീണം മാറിക്കാണില്ല.
ഞാൻ ഭാഗിയിലേക്ക് കയറുന്നു.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhomelife
#caricature
#sajjivebalakrishnan
#dimapur
#northeast