‘കെൻപി ജിനി’ എന്ന അരുണാചലുകാരി (GIE 2025-26. Day#46 – Jan 13)


12
ജനുവരി 16ന് ബാഗ്രയിലാണ് പൈനാപ്പിൾ ഫെസ്റ്റിവൽ. അതിന്റെ പരസ്യങ്ങൾ ഇതിനകം ഹലോ പട്ടണത്തിൽ നിരന്നു കഴിഞ്ഞിട്ടുണ്ട്. അലോവിൽ നിന്ന് 23 കിലോമീറ്റർ മാത്രമേ ഉള്ളൂ ബാഗ്രയിലേക്ക്. കഷ്ടി 38 മിനിറ്റ് യാത്ര.

ബാഗ്ര കഴിഞ്ഞാൽ പിന്നെ സിറോയിലേക്കാണ് പോകേണ്ടത്. ഏഴര മണിക്കൂറോളം യാത്രയുണ്ട് അത്. സിറോയിലേക്ക് പോയി 16ന് ബാഗ്രയിലേക്ക് മടങ്ങിവരുന്നത് പ്രാവർത്തികമല്ല. അതുകൊണ്ട്, ആലോയിൽ കാര്യമായി ഒന്നും ഇനി കാണാനില്ലെങ്കിലും 16 വരെ ആലോയിൽ തങ്ങാൻ തീരുമാനിച്ചു.

അതിനിടയ്ക്ക് ഇന്ന് ഭാഗിയുടെ ഒരു പ്രശ്നത്തിന് തീർപ്പ് ഉണ്ടാക്കേണ്ടതുണ്ട്. നാലു ദിവസം കൂടുമ്പോൾ അവളുടെ വലത്തേ പിൻവശത്തെ ടയറിന്റെ കാറ്റ് കുറയുന്നതായി പാനലിൽ കാണിക്കുന്നുണ്ട്. കാറ്റടിച്ചാലും 4 ദിവസത്തിനുള്ളിൽ വീണ്ടും കാറ്റ് കുറയുന്നു. വിശാഖപട്ടണം മുതൽ ഈ പ്രശ്നമുണ്ട്. ടയർ പക്ഷേ പഞ്ചർ ആകുന്നില്ല.

ടയർ അഴിച്ച് പരിശോധിക്കാൻ പറ്റിയ ദിവസമാണ് ഇന്ന്. നഗരത്തിലെ ആളൊഴിഞ്ഞ ഒരു ടയർ കടയിൽ ചെന്ന് ടയർ അഴിച്ചെടുത്ത് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. ഒരിഞ്ചോളം നീളമുള്ള ഒരു സ്ക്രൂ ആണ് ടയറിൽ നിന്ന് പുറത്തു വന്നത്. എന്തോ ഭാഗ്യത്തിന് പഞ്ചർ ആകാതെ ഭാഗി പൊയ്ക്കൊണ്ടിരുന്നു ഇത്രയും ദിവസം. അനീനിലേയും മെച്ചിക്കയിലേയും ദുർഘടം പിടിച്ച വഴികളിൽ ആണി കയറിയ ടയറുമായാണ് ഭാഗി ഓടിയിരുന്നത് എന്ന് ആലോചിച്ചപ്പോൾ വിറച്ചു പോയി. ഭാഗ്യം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. ട്യൂബ് ഉള്ള ടയർ ആയിരുന്നെങ്കിൽ പണ്ടേ പഞ്ചർ ആയിട്ടുണ്ടാകുമായിരുന്നു.

എന്തായാലും പിരിയൻ ആണി കയറിയ ടയറുമായി ഇത്രയും ദൂരം ഓടിയിട്ടും പ്രശ്നമൊന്നും ഉണ്ടാക്കാതെ എന്നെ രക്ഷപ്പെടുത്തിയതിൻ്റെ സന്തോഷത്തിൽ, ഞാൻ ഭാഗിക്ക് ഒരു സമ്മാനം വാങ്ങി കൊടുത്തു. കഴിഞ്ഞ പ്രാവശ്യം വാഹനത്തിൽ വെച്ചിരുന്നതു പോലെ ഒരു ചെറിയ ചെടിയായിരുന്നു സമ്മാനം. അത് ഇടതുവശത്തെ ബക്കറ്റ് സീറ്റിൽ കൃത്യമായി ഇരിക്കുന്നുണ്ട്.

ഈ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ആലോ പട്ടണത്തിലെ ദേശി ചായ് എന്ന റസ്റ്റോറന്റിലാണ് പോയിരുന്നത്. നീല മാല കഴുത്തിൽ ഇട്ടതിനു ശേഷം ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. ഇന്ന് ദേശി ചായ് റസ്റ്റോറന്റിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ അടുത്ത് വന്ന് മാലയെപ്പറ്റി ചോദിച്ചു. റസ്റ്റോറന്റ് ഉടമ അവരെ എനിക്ക് പരിചയപ്പെടുത്തി. ആ വലിയ കെട്ടിടത്തിന്റെ ഉടമസ്ഥയാണ് അവർ. പേര് കെൻപി ജിനി.

എന്റെ മുഴുവൻ വിശേഷങ്ങൾ അവർ ചോദിച്ചറിഞ്ഞു. ഭാഗിയുടെ ഉൾവശം മുഴുവൻ വിശദമായി കണ്ടു. എന്റെ ഒപ്പം നിന്ന് റസ്റ്റോറന്റ് ഉടമയെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു.

ഞാൻ രണ്ട് ദിവസമായി മുളയുടെ കവചമുള്ള താവു അന്വേഷിച്ച് നടക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു താവു കടയിൽ എന്നെ കൂട്ടിക്കൊണ്ടു പോയി. നിർഭാഗ്യവശാൽ അവിടെ താവു ഉണ്ടായിരുന്നില്ല. അരുണാചലുകാരുടെ വളരെ വിലപിടിപ്പുള്ള പരമ്പരാഗത തൊപ്പി എനിക്ക് നോട്ടമുണ്ട്. തൊപ്പിയും താവുവും എല്ലാം ഉണ്ടാക്കുന്ന സ്ഥലത്ത് എന്നെ നാളെ കൊണ്ടുപോകാം എന്ന് അവർ ഏറ്റു. കൂടാതെ ആലോയുടെ പരിസരത്തുള്ള മറ്റ് സ്ഥലങ്ങളിലും അവരുടെ ഗ്രാമത്തിലേക്കും കൊണ്ടുപോകാമെന്ന് പറഞ്ഞു.

സ്ഥലങ്ങളെല്ലാം അറിയുന്ന തദ്ദേശവാസിയായ ഒരാളെ അങ്ങനെ കൂടെ കിട്ടുന്നത് വലിയ അനുഗ്രഹമാണ്.

ക്യാമ്പിൽ മടങ്ങിയെത്തിയപ്പോൾ മൂന്നു ദിവസം മുമ്പ് കഴിഞ്ഞുപോയ എന്റെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷിച്ചു ഷഫീഖും ഷൈനിയും ക്യാമ്പ് കാര്യസ്ഥനും കുടുംബവും. എനിക്ക് തീരെ താല്പര്യമില്ലാത്തതും പരിചയമില്ലാത്തതുമായ ഒന്നാണ് കേക്ക് മുറിക്കലും പിറന്നാളാഘോഷവും. എങ്കിലും അവർ വാങ്ങിയ കേക്കിനെ മാനിക്കണമല്ലോ. എന്റെ ഓർമ്മയിൽ ഒരിക്കൽ പോലും ഇല്ലാത്ത അങ്ങനെ ഒരു ചടങ്ങിന് മനസ്സില്ല മനസ്സോടെ സമ്മതിക്കേണ്ടി വന്നു.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#motorhomelife
#motorhome
#Along
#alongarunachal

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>