മാനസ് ടൈഗർ റിസർവ്വ് – ആസ്സാം GIE 2025-26. Day#59 – Jan 26)


12
രാരാവിലെ സൗത്ത് പോയന്റ് സ്കൂളിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുകയാണ്. ആ സമയത്ത് സ്കൂൾ ഗ്രൗണ്ടിൽ ഭാഗി ഒരു അധികപ്പറ്റാണ്. അത് ഒഴിവാക്കാൻ ഭാഗിയും ഞാനും രാവിലെ തന്നെ സ്കൂളിൽ നിന്ന് ഇറങ്ങി.

ഇന്ന് പദ്ധതിയിട്ടിരുന്നത് ഭൈരവ്കുണ്ഡിലേക്ക് പോകാനായിരുന്നു. പക്ഷേ ഗോഹാട്ടി നഗരത്തിൽ നിന്ന് പുറത്ത് കടന്നതും ഞാൻ റൂട്ട് മാറ്റിപ്പിടിച്ചു. ഏകദേശം അതേ ദൂരം {123കിമീ – 03:15 മണിക്കൂർ) സഞ്ചരിച്ചാൽ മാനസ് ടൈഗർ റിസർവ്വിൽ എത്താം.

* കാസിരംഗ പോലെതന്നെ ആസ്സാമിലെ വളരെ പ്രധാനപ്പെട്ട ഒരു വന്യജീവി കേന്ദ്രമാണ് മാനസ്.

* 1989 മുതൽ യുനസ്ക്കോയുടെ Man & biosphere പദ്ധതി പ്രകാരം ശ്രദ്ധേയമായ ബയോസ്പിയർ റിസർവ്വ് ആണ് മാനസ്.

* 1985 മുതൽ യുനസ്ക്കോ അംഗീകരിച്ച ലോക പൈതൃക കേന്ദ്രമാണ് മാനസ്.

* 2004ൽ Birdlife International ഒരു പ്രധാനപ്പെട്ട പക്ഷി കേന്ദ്രമായി മാനസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

* 2600 ചതുരശ്ര കിലോമീറ്റർ വരുന്ന റിപ്പു – ചിരാങ്ങ് ആന റിസർവ്വ് കേന്ദ്രം കൂടെയാണ് മാനസ്.

* 840 ചതുരശ്ര കിലോമീറ്റർ വരുന്ന ടൈഗർ റിസർവ് ആണ് മാനസ്.

* കോർ ഏരിയയിൽ രണ്ട് ദേശീയ ഉദ്യാനവും ബർണാടി എന്ന പേരിൽ ഒരു വന്യജീവി സങ്കേതവും ഉണ്ട്.

* 1997 ചതുരശ്ര കിലോമീറ്റർ വ്യാപ്തി വരുന്ന ബഫർസോണിൽ ഒരു ദേശീയ ഉദ്യാനവും 13 റിസർവ് ഫോറസ്റ്റും 8 നിർദിഷ്ട റിസർവ് ഫോറസ്റ്റും ഉണ്ട്.

ഭാഗിയും ഞാനും ആടിപ്പാടി മാനസിൽ എത്തിയപ്പോൾ ഒരു മണി ആയിരുന്നു. ആ സമയത്ത് കാടിനുള്ളിലേക്ക് സഫാരി ഒന്നും ഉണ്ടാകില്ല എന്നാണ് കരുതിയിരുന്നത്. പക്ഷേ മൂന്ന് മണിവരെ സഫാരി അനുവദിക്കുന്നുണ്ട്. 65 കിലോമീറ്റർ ദൂരം വരുന്ന സഫാരി മൂന്ന് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കാൻ പറ്റുക.

കാടിനുള്ളിലൂടെയുള്ള ടാറിടാത്ത റോഡ് സാമാന്യം ഭേദപ്പെട്ട ഓഫ് റോഡ് ആണ്. ഒരു ജീപ്പിന് ₹3500 ന് മുകളിൽ നിരക്ക് ഉണ്ട്. അതൊരു വലിയ തുകയാണ്. ഷെയർ ചെയ്തു പോകാനാണെങ്കിൽ അഞ്ച് പേർക്ക് വരെ പോകാം. എന്റെ ഭാഗ്യത്തിന് നാല് പേർ ജീപ്പ് ഷെയർ ചെയ്യാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ലായിരുന്നു. പക്ഷേ എന്തെങ്കിലും കഴിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ഇന്ന് സഫാരി നടന്നെന്ന് വരില്ല. അതുകൊണ്ട് ഭാഗിയിൽ ഉണ്ടായിരുന്ന ഒരു ക്രോയ്സന്റും വെള്ളവും വിഴുങ്ങി ഞാൻ ജീപ്പിൽ കയറി. കാടിനകത്തേക്ക് ഒരു കുപ്പി വെള്ളം പോലും കൊണ്ടുപോകാൻ സമ്മതിക്കില്ല അവിടെ പ്ലാസ്റ്റിക് ഫ്രീ സോൺ ആണ്. നല്ല കാര്യം തന്നെ. അതിന്റെ ഗുണം കാടിനകത്ത് കാണാനുമുണ്ട്.

ആന, കണ്ടാമൃഗം, മയിൽ, കഴുകൻ, കുരങ്ങ്, കാട്ടുപോത്ത് എന്നിങ്ങനെ പക്ഷിമൃഗാദികളെ കണ്ടു. ടൈഗർ റിസർവിൽ പുലിയെ മാത്രം കാണാനായില്ല. അതിനേക്കാളൊക്കെ എന്നെ സന്തോഷിപ്പിച്ചത് മറ്റൊരു കാര്യമാണ്. കാട്ടിലൂടെയുള്ള ഈ സഫാരി മഥൻഗുരിയിലെ ബേക്കി നദിയുടെ മനോഹര തീരത്ത് എത്തിക്കുന്നുണ്ട്. അവിടെ ഒരു മ്യൂസിയം ഉണ്ട്. പുലികളുടെയും കണ്ടാമൃഗത്തിന്റെയും പക്ഷികളുടേയും ഒക്കെ കണക്കുകളും കാര്യങ്ങളും അതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെനിന്ന് നോക്കിയാൽ ബേക്കി നദിയുടെ മനോഹരമായ ദൃശ്യമുണ്ട്. നദിക്ക് അപ്പുറ കാണുന്ന സ്ഥലം പക്ഷേ ഇന്ത്യ അല്ല. അത് ഭൂട്ടാനാണ്. അങ്ങനെയിതാ ഈ യാത്രയിൽ ഭൂട്ടാന്റെ അതിർത്തിയും കാണാൻ ഒത്തിരിക്കുന്നു.

കാട്ടിലൂടെ ജീപ്പ് നീങ്ങിക്കൊണ്ടിരുന്നപ്പോൾ എതിർവശത്ത് സഞ്ചരിക്കുന്ന ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. ചുവന്ന ബോർഡാണ് അതിന്. നമ്പർ തുടങ്ങുന്നത് BP എന്നാണ്. അത് ഭൂട്ടാൻ വാഹനങ്ങളാണ്. ഭൂട്ടാനിൽ നിന്നും ജനങ്ങൾ ഈ ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് സ്പഷ്ടം. അത് ഉറപ്പിക്കാനായത് വൈകീട്ട് സഫാരി കഴിഞ്ഞ് വന്ന ശേഷം പാർക്കിന് സമീപമുള്ള മൈതാനത്ത് നടക്കുന്ന മാനസ് ഫെസ്റ്റിവൽ കാണാൻ ഇറങ്ങിയപ്പോൾ ആണ്. അവിടെയുള്ള സ്റ്റാളുകളിൽ പലതും ഭൂട്ടാനിൽ നിന്നുള്ളതാണ്. ഭൂട്ടാൻകാരുടെ ഭക്ഷണം അവിടെ വിളമ്പുന്നുണ്ട്. ഭൂട്ടാൻ വീടുകൾ അവിടെ നിർമ്മിച്ചിട്ടുണ്ട്.

കുറച്ചുനേരം അവിടെ കറങ്ങിനടന്ന് പരിചയമില്ലാത്ത ചില പലഹാരങ്ങൾ കഴിച്ചതിനുശേഷം ഭാഗിക്ക് വിശ്രമിക്കാനുള്ള സ്ഥലം അന്വേഷിക്കാൻ ഇറങ്ങി. ധാരാളം ഹോംസ്റ്റേകളും ഹോട്ടലുകളും ഈ ഭാഗത്ത് ഉണ്ട്. അതിൽ പലതും വനത്തിനോട് ചേർന്ന് തന്നെയാണ്. വൈദ്യുത കമ്പികൾ കൊണ്ട് ഒരു വശം സംരക്ഷിച്ചിട്ടുള്ളതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത് വന്യമൃഗങ്ങൾ രാത്രികാലങ്ങളിൽ വരാൻ സാധ്യതയുള്ള ഇടമാണ് എന്നാണ്.

Kitchen Ordered എന്ന റസ്റ്റോറന്റിന് മുന്നിൽ പാർക്ക് ചെയ്യാനുള്ള സ്ഥലം തരപ്പെടുത്തി. അവിടന്ന് തന്നെ അത്താഴവും കഴിച്ചു.

സാമാന്യം നല്ല തണുപ്പുണ്ട് ഇവിടെ. ചുറ്റിപ്പറ്റി നിന്ന ഒരു ശ്വാനന് ബിസ്ക്കറ്റ് കൊടുത്ത് മയക്കിയെടുത്തു ഞാൻ. അവൻ ഭാഗിയുടെ ഒരു വശത്ത് കാവൽ കിടക്കുന്നുണ്ട്. ഇനി ധൈര്യമായി ഉറങ്ങാം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhome
#assam
#bhootanborder
#manastigerreserve
#manaswildlife

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>