
വെളുപ്പിന് രണ്ട് മണിക്ക് ഭാഗിയൊന്ന് കുലുങ്ങി. എത്ര വലിയ ഉറക്കത്തിലും ആരെങ്കിലും ഐന്ന് തൊട്ടാൽ ഞാൻ പിടഞ്ഞുണരും. ചാടി എഴുന്നേറ്റ് നോക്കുമ്പോൾ, കാറിന്റെ ചില്ലിനുള്ളിലൂടെ തലവഴി മൂടിയ ഒരു അവ്യക്ത രൂപം തുറിച്ച് നോക്കുന്നു. അയാൾ കാറിൽ തട്ടിയത് കൊണ്ടാകാം കാർ ഉലഞ്ഞത്. ആരായാലും ഒന്ന് ഭയപ്പെട്ടുപോകുന്ന അവസ്ഥ.
ഭാഗിയിലെ എൻ്റെ ആദ്യ ഉറക്കം ഗോവയിൽ ആയിരുന്നു. അന്ന് ഇതുപോലൊരു പേടിപ്പെടുത്തുന്ന അനുഭവമുണ്ടായിരുന്നത് ഞാൻ വിവരിച്ചിരുന്നു. അങ്ങനെയൊരു മുൻ അനുഭവം ഉള്ളതുകൊണ്ട് ഇപ്രാവശ്യം കാര്യമായ ഭയം തോന്നിയില്ല. ജാക്കറ്റിൽ തൂങ്ങിക്കിടന്നിരുന്ന ടോർച്ച് ഞാൻ അടിച്ചപ്പോഴേക്കും ആ രൂപം നടന്ന് അകന്നിരുന്നു.
പിന്നീട് ഉറക്കം വന്നതേയില്ല എങ്കിലും വെളുപ്പിന് എപ്പോഴോ വീണ്ടും ചെറുതായി ഉറങ്ങി. അഞ്ചര മണിക്ക് ഉണർന്ന് പുറത്ത് കടന്നത് കഠിനമായ തണുപ്പിലേക്കാണ്. മാത്രമല്ല കാറിനകത്ത് സ്ലീപ്പിങ് ബാഗും തലയണയും അടക്കമുള്ള എല്ലാം നനഞ്ഞിരുന്നു. കാറിന്റെ മീറ്ററിൽ നോക്കിയപ്പോൾ പുറത്തെ താപമാനം -1.5 എന്നാണ് കണ്ടത്. അതിൽ കൂടുതൽ ഉണ്ടാകാനേ തരമുള്ളൂ. ഇത്രയൊക്കെ തണുപ്പ് മുമ്പ് ഞാൻ അനുഭവിച്ചിട്ടില്ല. രാത്രി തെർമൽ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നത് കൊണ്ട് കാര്യമായി അറിഞ്ഞില്ല എന്ന് മാത്രം. പക്ഷേ സ്ലീപ്പിങ് ബാഗിൽ നിന്ന് പുറത്ത് കടന്നതും തണുപ്പ് അതിന്റെ രൗദ്രഭാവം കാണിച്ചു.
ഭാഗിക്ക് മുകളിലും ഷൈനിയുടെ Shyni TheRider ബൈക്കിന് മുകളിലും ചെറുതായി ഐസ് വീണിട്ടുണ്ട്. ബക്കറ്റിൽ എടുത്തു വച്ചിരുന്ന വെള്ളത്തിന്റെ മുകൾഭാഗം ഐസ് ആയിരിക്കുന്നു.
തണുപ്പ് സഹിക്കാതെ വന്നപ്പോൾ നദിക്ക് അക്കരെ അടിച്ചിരിക്കുന്ന നാഗന്മാർക്ക് അടുത്തേക്ക് ഞാൻ നടന്നു. അവർ ഒരു എൻജിഒ ജോലിക്കാരാണ്. വലിയൊരു തടി മൊത്തമായി കത്തിച്ചു ചൂട് പിടിക്കുന്നുണ്ട് അവർ. ഞാൻ അവർക്കൊപ്പം കൂടി. അവർ തന്ന കട്ടൻ ചായ കുടിച്ചപ്പോൾ തണുപ്പിന് കുറച്ചൊരു ഒരു ശമനം കിട്ടി.
രാവിലെ ഒരു നൂഡിൽസും പാകം ചെയ്ത് കഴിച്ച് കട്ടൻചായയും കുടിച്ച് പത്ത് മണിയോടെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഹെനുംബേ ഗ്രാമം ആയിരുന്നു ലക്ഷ്യം. അവിടെയും നദിക്കരയിൽ ഒരു ക്യാമ്പിങ് സെന്റർ ഉണ്ട്. അത് പക്ഷേ അടുത്ത ജില്ലയാണ്. റോഡിൽനിന്ന് നോക്കിയാൽ താഴത്തായി ക്യാമ്പിങ് സെന്റർ കാണാം.
ഇതിനിടയ്ക്ക് ഇന്നലെ ഖൊനോമ വില്ലേജിൽ കണ്ട ചെറുപ്പക്കാരെ (അഫ്നാൻ, സുഹൈൽ, സോണു, റിനു, മുനവീർ) വീണ്ടും അവിടെ കണ്ടു. അവർ ഇന്നലെ ഈ ഗ്രാമത്തിലെ ഒരു വീട്ടിലാണ് കിടന്നത്. മറ്റ് ഹോംസ്റ്റേ ഒന്നും തരപ്പെട്ടില്ല. ഇന്നലെ പ്ലാനിങ് ഒന്നുമില്ലാതെയുള്ള അവരുടെ യാത്ര ഗംഭീരമാകുന്നുണ്ട്. ഭാവിയിലെ എണ്ണം പറഞ്ഞ യാത്രക്കാരാണ് അവർ.
ഞങ്ങൾ ഒരുമിച്ച് തൊട്ടടുത്ത മറ്റൊരു വില്ലേജ് ആയ പൊയ്ൽവയിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെയുള്ള ഒരു ചെമ്മരിയാട് ഫാം ആണ് ആകർഷണം. പിള്ളേർ ഒരു ടാക്സ് ഏർപ്പാടാക്കി. കാറും ബൈക്കുമായി ഞങ്ങൾ ടാക്സിക്ക് പിന്നാലെ നീങ്ങി.
എട്ടര കിലോമീറ്ററോളം ഓഫ് റോഡ് ആണ്. ഭാഗിയുടെ കാര്യത്തിൽ എനിക്ക് ശരിക്കും ആശങ്ക തോന്നി. ആ റോഡിൽ അവളുടെ ടയർ ഒന്ന് പഞ്ചറായാൽ മറ്റെന്തെങ്കിലും പണിമുടക്ക് ഉണ്ടായാൽആ റോഡിൽ അവളുടെ ടയർ ഒന്ന് പഞ്ചറായാൽ മറ്റെന്തെങ്കിലും പണിമുടക്ക് ഉണ്ടായാൽ… ആലോചിക്കാൻ പോലും പറ്റുന്നില്ല.
ടാക്സി ഓടിക്കുന്ന നാഗം ചെറുപ്പക്കാർ അഞ്ചു പേരെയും കേറ്റി കത്തിച്ചു വിടുന്നത് എന്നെ അത്ഭുതപ്പെടുത്തി. അവർക്ക് ആ റോഡിൽ ഓടിച്ച് നല്ല ശീലം ഉണ്ട് അത്രതന്നെ.
എന്തായാലും ആ ഫാമിലെ കാഴ്ചകൾ രസകരമായിരുന്നു. ചെമ്മരിയാടുകളെയും അവിടുത്തെ കെട്ടിടങ്ങളെയും ഒക്കെ കാണുമ്പോൾ ഇതുവരെ കാണാത്ത ഏതോ ഭൂപ്രകൃതി മറ്റേതോ രാജ്യം എന്നൊക്കെയാണ് തോന്നുന്നത്. 30 രൂപയാണ് ഫാമിലേക്കുള്ള പ്രവേശന ഫീസ്.
ഫാമിന് പുറത്ത് കടന്ന് അല്പം കൂടെ മുന്നോട്ട് നടന്നാൽ താഴ്വരയിലേക്കുള്ള പുൽത്തകടിയാണ്. ഏതോ സിനിമാ രംഗങ്ങളിൽ കാണുന്നത് പോലെ അല്ലെങ്കിൽ കലണ്ടർ ചിത്രങ്ങളിൽ കാണുന്നതുപോലെ മനോഹരമായ ഒരു ദൃശ്യമായിരുന്നു അത്. ഞങ്ങളെല്ലാവരും ആവശ്യത്തിലധികം ചിത്രങ്ങൾ എടുത്ത ശേഷം അവിടുന്ന് മടങ്ങി.
ഇരുട്ട് വീഴുന്നതിന് മുന്നേ ദീമാപൂർ എത്തണമെന്നാണ് ഞങ്ങളുടെ പദ്ധതി. പക്ഷേ തണുപ്പ് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഷൈനിക്ക് ബൈക്ക് ഓടിക്കാൻ പറ്റാത്ത അവസ്ഥ. അതുകൊണ്ട് യാത്ര വെട്ടിച്ചുരുക്കി ഞങ്ങൾ കോഹിമയിലേക്ക് തന്നെ മടങ്ങി. വീണ്ടും നാഗ ഹോം സ്റ്റേയുടെ പാതയോരത്ത് ഭാഗി സ്ഥലം പിടിച്ചു.
മലയിറങ്ങാൻ തുടങ്ങിയപ്പോൾ മാത്രമാണ് 36 മണിക്കൂർ ആയി വിട്ടു നിന്നിരുന്ന മൊബൈൽ സിഗ്നൽ തിരികെ കിട്ടിയത്. ഇതിനിടയിൽ പലരും വിളിച്ചിരുന്നു. നിത്യേനയുള്ള പോസ്റ്റുകൾ കാണാതെ ചിലർ സന്ദേശവും അയച്ചിരുന്നു.
നാഗ ഹോം സ്റ്റേയുടെ മുകളിലുള്ള ‘കൊറിയൻ അങ്കിൾസ് കഫേ’ യിൽ നിന്ന് അത്താഴം കഴിച്ച ശേഷം മൂന്ന് ദിവസത്തെ കുറിപ്പുകൾ ഒറ്റയടിക്ക് എഴുതി തീർക്കേണ്ടി വന്നു.
നാളെ ദീമാപൂരിലേക്കാണ് യാത്ര.
ശുഭരാത്രി.
#greatindianexpedition2025_26
#niraksharan
#greatindianexpedition
#kohima
#kohimanagaland