
നാലോളം പുസ്തകങ്ങളിലൂടെ തൻ്റെ ശക്തമായ സാന്നിദ്ധ്യം മലയാളത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള എഴുത്തുകാരനാണ് വിനോദ് കോട്ടയിൽ. സമൂഹമാദ്ധ്യമങ്ങളേയും വിൽപ്പനയുടെ ലോകത്തേയും മോട്ടിവേഷൻ രംഗത്തേയുമെല്ലാം തൻ്റെ പുസ്തകങ്ങൾക്ക് വിഷയമാക്കിയത് പോലെ തന്നെ കവിതയും അദ്ദേഹത്തിൻ്റെ രചനയുടെ ഭാഗമായിട്ടുണ്ട്.
പക്ഷേ അവിടന്നെല്ലാം പല പടികൾ മുന്നിലേക്ക് കടന്ന് അനിതര സാധാരണമായ രചനാ പാടവമാണ് ’24 കോഡുകൾ’ എന്ന പുസ്തകത്തിലൂടെ വിനോദ് കൈവരിച്ചിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളുടെ നൂതന രൂപങ്ങളായ ബിറ്റ് കോയിൻ, ബ്ലോക്ക് ചെയിൻ, ക്റ്റിപ്റ്റോ കറൻസി, എൻ. എഫ്. ടി എന്നീ സങ്കേതങ്ങളിലേക്കാണ് ഈ പുസ്തകത്തിലൂടെ വിനോദ് വായനക്കാരെ കൈപിടിച്ച് നടത്തുന്നതും അമ്പരപ്പിക്കുന്നതും. മേൽപ്പറഞ്ഞ സങ്കേതങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവർക്ക് ഇതൊരു ഒന്നാന്തരം മാർഗ്ഗദർശിയാകുന്നതോടൊപ്പം അതിൻ്റെ സങ്കീർണ്ണമായ കെട്ടുപാടുകളും സുരക്ഷാ വശങ്ങളും ചതിക്കുഴികളും എല്ലാം കൃത്യമായി ചേർത്തിണങ്ങിയ അത്യധികം ആവേശകരമായ ഒരു നോവൽ കൂടെയാകുന്നു ’24 കോഡുകൾ’.
ചരിത്രങ്ങളും വസ്തുതകളും സാമ്പത്തിക ശാസ്ത്രവുമൊക്കെ സന്ദർഭത്തിനനുസരിച്ച് കൃത്യമായി സന്നിവേശിപ്പിച്ച് പുതുപുത്തൻ സാമ്പത്തിക വിനിമയത്തിൻ്റെ സാങ്കേതികത്വത്തിലൂടെ കടന്നു പോകുന്നു ഈ ‘ഇൻ്റലക്ച്ച്വൽ ഫിക്ഷൻ ത്രില്ലർ’.
അതിനായി ഗ്രന്ഥകർത്താവ് എടുത്തിരിക്കുന്ന പരിശ്രമവും ഗൃഹപാഠവും ചില്ലറയൊന്നുമല്ല. രചയിതാവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതോടൊപ്പം ഈ പുസ്തകം വാങ്ങി വായിച്ച് മെൻഡർ ബുക്ക്സ് എന്ന ചെറിയ പ്രസാധകനെ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
- നിരക്ഷരൻ
(മെൻ്റർ മീഡിയ)
വാൽക്കഷണം:- പ്രസാധകൻ തന്നെ എഴുതിയ ഒരു പ്രശംസാകുറിപ്പായി ഇതിനെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അങ്ങനെയല്ല ഈ പുസ്തകത്തിൻ്റെ കാര്യം. എൻ്റെ പുസ്തകം വാങ്ങി വായിക്കൂ എന്ന് ഞാൻ ആരെയെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ? ഇത് വിസ്മയാവഹമായ ഒരു എഴുത്താണ്. അതിൻ്റെ പിന്നിലുള്ള അദ്ധ്വാനം കിടയറ്റതാണ്.