മുത്തുപ്പേച്ചിയെ തേടി


33
മുത്ത് പൊഴിയുന്നത് പോലെ സംസാരിക്കുന്ന ഉസിലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ചി. അവളുടെ ഉയരം കണ്ട് കഴുത്ത് ഉളുക്കിപ്പോയി… എന്നാണല്ലോ തമിഴ് കവിഭാഷ്യം.

എന്നാൽപ്പിന്നെ, കഴുത്ത് ഉളുക്കിയാലും വേണ്ടീല്ല, മുത്തുപ്പേച്ചിയെ ഒന്നു കണ്ട്, മുത്ത് പൊഴിയുന്ന അവളുടെ സംസാരം കാത് നിറയെ കേട്ടിട്ട് തന്നെ ബാക്കി കാര്യം.

അങ്ങനെയാണ്, കുറെയേറെ വർഷങ്ങളായി ഓണക്കാലത്തെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നത് പതിവാക്കിയ ഞാൻ, ഇക്കുറി പശ്ചിമഘട്ടം കടന്ന് തേനി വഴി ഉസിലാംപട്ടിയിൽ എത്തിയത്. എണ്ണം പറഞ്ഞ രണ്ട് സഞ്ചാരികളും ഭാഗിയിൽ കൂടെക്കൂടി. ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand. സത്യത്തിൽ മധുര, കാരൈക്കുടി ഭാഗങ്ങളിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര എന്നത് രമ്യയുടെ ആശയമായിരുന്നു. ഉസിലാംപട്ടി അക്കൂട്ടത്തിലെ ഒരു ഗ്രാമം മാത്രം.

ഈ വർഷം ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വടക്കേ ഇന്ത്യയിലേക്ക് വേണ്ടെന്നും തമിഴ്, കന്നട, തെലുങ്ക് ഭൂമികകളിൽ ആക്കാമെന്നുമാണ് തീരുമാനം. വന്നും പോയും ആ യാത്രകൾ തുടരും. അതിലൊരു ഭാഗം മാത്രമാണ് 7 ദിവസം നീളുന്ന ഈ തമിഴ് യാത്ര.

ഉസിലാംപട്ടിയിലേക്ക് തിരികെ വരാം. വഴിമദ്ധ്യേ വൈഗാ ഡാം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. മുല്ലപ്പെരിയാർ തലവേദനയായത് മുതൽ കൂടുതലായി കേൾക്കുന്ന പേരുകളാണല്ലോ വൈഗാ നദിയുടേയും വൈഗാ ഡാമിൻ്റേയും. ഡാമിൻ്റെ പരിസരത്ത് കറങ്ങി പടങ്ങളൊക്കെ എടുത്തതിനുശേഷം ഗ്രാമങ്ങളിലേക്ക്. അതിന് മുന്നോടിയായി ഭാഗിയുടെ പാട്ടുപെട്ടിയിൽ ജെൻ്റിൽമാൻ എന്ന സിനിമയിലെ ആ പ്രശസ്തഗാനം തപ്പിയെടുത്ത് പാടിക്കാൻ തുടങ്ങി.

“ഉസിലാംപട്ടി
പെൺകുട്ടി
മുത്തുപ്പേച്ചി.
ഉൻ ഒസരം പാത്ത്
എൻ കളുത്ത്
സുളുക്കിപ്പോച്ച്.”

ഉസിലാംപട്ടി, അരിട്ടപട്ടി, മടഗുപട്ടി, പാപ്പപട്ടി, എന്നിങ്ങനെ പട്ടി ചേർത്തുള്ള സ്ഥലങ്ങളുടെ ഒരു നീണ്ട നിരയുണ്ട് ഈ ഭാഗത്ത്. പട്ടി എന്നാൽ ഗ്രാമം എന്ന് തന്നെ അർത്ഥം. എല്ലാ ഗ്രാമവഴികളും ടാറിട്ട് മനോഹരമാക്കിയിരിക്കുന്നു. ബീന ചേച്ചിയുടെ ‘ആ കസേര ആരുടേത് ‘ പുസ്തകത്തിൽ പരാമർശിക്കുന്ന പെരിയ കറുപ്പനെപ്പോലുള്ള ചില കഥാപാത്രങ്ങളുണ്ട്. ഇടയ്ക്ക് അവരേയും തിരക്കി. 10 പട്ടികളിലൂടെയെങ്കിലും ഞങ്ങൾ കടന്നു പോയി.

ഉസിലാംപട്ടിയിലെ മുത്തുപ്പേച്ചി ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് ആർക്കാണ് അറിയാത്തത്. എന്നിട്ടും ഞങ്ങളൊരു തമാശ ഒപ്പിച്ചു. ഗ്രാമത്തിലേക്ക് നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ഒരു 80കാരന്റെ അടുത്ത് ഭാഗിയെ നിർത്തി ചോദിച്ചു.

” മുത്തുപ്പേച്ചിയുടെ വീട് എങ്കെ? ”

അമ്മാവൻ സൈക്കിൾ സ്റ്റാൻഡിൽ ഇട്ട് അടുത്തേക്ക് വന്ന് മൊഴിഞ്ഞു.

” ഉസിലാംപട്ടി മൂന്ന് കിലോമീറ്റർ പിന്നാടി പോകണം. അങ്കെ പോയി കേളുങ്കോ? ”

നന്ദി ചൊല്ലി ഭാഗിയെ മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. ഈ ചെയ്തു തന്ന സഹായത്തിന് അമ്മാവന് 10 രൂപ വേണം.

ഞാൻ ആക്സിലറേറ്ററിൽ ചെറുതായി ഒന്ന് കാല് അമർത്തി. രക്ഷപ്പെടാനുള്ള ഭാവമാണെന്ന് മനസ്സിലാക്കിയ അമ്മാവൻ ഭാഗിയിൽ ആഞ്ഞടിച്ചു. വണ്ടി തല്ലിപൊളിക്കുന്നതിലും ഭേദം 10 രൂപ കൊടുക്കുന്നതാണ്. അത്രയും കൊടുത്തപ്പോൾ അമ്മാവൻ അടങ്ങി.

“മുത്തുപ്പേച്ചിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത് “…. എന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് അതേ പാട്ട് തന്നെ കേട്ടാണ് യാത്ര തുടർന്നത്.

വഴിയിൽ ആട് മേയ്ക്കുന്ന ഒരു തമിഴ് പെൺകൊടിയെ കണ്ടു. അവളോട് പേര് ചോദിച്ചു. അഥവാ ഇനി അവളുടെ പേര് മുത്തുപ്പേച്ചി എന്നാണെങ്കിൽ സംഭവം കസറിയില്ലേ? പക്ഷേ, ദീപിക എന്നാണ് അവളുടെ പേര്.

“നിൻ പേര് മുത്തുപ്പേച്ച്. നിന് ഊര് ഉസിലാംപട്ടി” എന്ന് ഞാനവളോട് തമിഴിൽ പറഞ്ഞൊപ്പിച്ചപ്പോൾ അവൾക്ക് മുത്ത്പൊഴിയുന്ന ചിരി. ആ പാട്ട് കേൾക്കാത്ത തമിഴ് പെൺകുട്ടികൾ ഉണ്ടാവില്ലല്ലോ? ഇവൾതാൻ മുത്തുപ്പേച്ചി, ഇവളേതാൻ.

ഇരുട്ട് വീഴുന്നതിന് മുന്നേ മധുരയിലെത്തി. ഒൻപതര മണിക്ക് മീനാക്ഷിയുടെ നട അടക്കുന്നതിന് മുന്നേ ക്ഷേത്രത്തിനകത്ത് കടന്നു. തൊഴണമെങ്കിൽ ക്യൂ നിൽക്കണം. വിശ്വാസിയല്ലാത്ത എനിക്കും ഭക്തരായ സഹയാത്രികർക്കും അതിന് താൽപര്യമില്ല. ആ കൂറ്റൻ കൽത്തൂണുകളും കൊത്തുപണികളും കാണുന്നതിലും വലിയ സന്തോഷമൊന്നും എനിക്കില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു നേർത്ത ഓർമ്മ മാത്രമാണ് മധുരമീനാക്ഷി ക്ഷേത്രത്തെപ്പറ്റി ഉള്ളത്. വീണ്ടും അതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം. രാവിലെ കുളിച്ചൊരുങ്ങി വീണ്ടും വരാമെന്ന് മീനാക്ഷിക്ക് ഉറപ്പ് നൽകി വിട പറഞ്ഞു.

രണ്ട് ദിവസം മുൻപുള്ള ഒരു പോസ്റ്റിൽ ഇബ്നു ബത്തൂത്തയോട് ഞാൻ പറഞ്ഞിരുന്നു. യാത്ര ആദ്യമെന്നെ കഥ പറച്ചിലുകാരൻ ആക്കി. ഇപ്പോൾ ഞാൻ നിശബ്ദ്ദനും പൂർവ്വാധികം നിരക്ഷരനുമാണ്. മറിച്ചാണല്ലോ ബത്തൂത്ത പറഞ്ഞിരുന്നത്.

ആയതിനാൽ ഈ യാത്രനുഭവത്തിൻ്റെ തുടർഭാഗങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്ങോട്ടെല്ലാമാണ് പോകുന്നതെന്ന് ഞങ്ങൾക്ക് പോലും വലിയ പിടിപാടില്ല എന്നതും ഒരു കാര്യമാണ്; കാരണമാണ്. വഴി തിരിയുന്നത് പോലെയൊക്കെ യാന്ത്രികമായി ഭാഗിയും തിരിയും. അതേപ്പറ്റി എന്തിത്ര പറയാൻ?!

#greatindianexpedition2026_2027
#madurai
#gie2026_2027

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>