കൊറോണ: യൂറോപ്പ്-കേരള താരതമ്യം


unnamed

ന്നലെ സ്പെയിനിലുള്ള സുഹൃത്ത് *രാജേഷുമായി ദീർഘനേരം ഫോണിലൂടെ സംസാരിച്ചു. വിഷയം കൊറോണ തന്നെ. പല കാര്യങ്ങളും വളരെ ലാഘവത്തോടെയാണ് രാജേഷ് സംസാരിക്കുന്നതെങ്കിലും ഉൾക്കിടിലത്തോടെയാണ് ഞാൻ കേട്ടുനിന്നത്.

രാജേഷ് പറഞ്ഞ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് യൂറോപ്യൻ രാജ്യങ്ങളിലും ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളിലും നടക്കുന്ന സാധാരണ ചികിത്സാ രീതിയെക്കുറിച്ച് ഒരു സൂചന തരാം.

കുറച്ചുനാളെങ്കിലും ഇംഗ്ലണ്ടിലെ പീറ്റർ‌ബറോ എന്ന സ്ഥലത്ത് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇനിപ്പറയുന്ന കാര്യങ്ങൾ നേരിട്ട് അനുഭവത്തിൽ ഉള്ളതുകൂടെയാണ്. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ളവർക്കും നിലവിൽ ജീവിക്കുന്നവർക്കും ഇതൊരു പുതിയ അറിവായിരിക്കില്ല. എങ്കിലും അതറിയാത്തവർക്ക് വേണ്ടി പങ്കുവെക്കുന്നു.

ഒരു പനി വന്നാൽ എങ്ങനെയാണ് ആ നാടുകളിലെ ചികിത്സ എന്ന് സൂചിപ്പിച്ച് തുടങ്ങാം. നമ്മുടെ വീട്ടിൽ കൊച്ചുകുട്ടികൾക്കാർക്കെങ്കിലും വിറച്ച് പൊള്ളുന്ന പനിയുണ്ടാകുന്നത് പാതിരാത്രിയാണെങ്കിൽ എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചെടുത്ത് നേരെ ആശുപത്രിയിലേക്ക് പോകും. രാത്രി 10 മണി ആണെങ്കിൽപ്പോലും കുഞ്ഞിനേയുമെടുത്ത് തൊട്ടടുത്തുള്ള ഏതെങ്കിലും നഴ്സിംങ്ങ് ഹോമിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ സർക്കാർ ആശുപത്രിയിലേക്കോ കുതിക്കും. മേൽപ്പറഞ്ഞ പല വികസിതരാജ്യങ്ങളിലും അത് സാദ്ധ്യമല്ല. (കുട്ടികളെ ഉദാഹരിച്ചെന്ന് മാത്രം. മുതിർന്നവരുടെ കാര്യമായാലും ഇതുതന്നെ അവസ്ഥ.)

നമ്മൾ ജീവിക്കുന്ന പരിസരത്ത് നമുക്ക് വേണ്ടി സർക്കാർ (NHS-National Health Service) ഏർപ്പെടുത്തിയിട്ടുള്ള G.P.(General Practitioner) എന്ന ഒരു സംവിധാനത്തിലൂടെയാണ് നാം ചികിത്സ നേടേണ്ടത്. ഏതെങ്കിലും ഒരാശുപത്രിയിൽ ഏതെങ്കിലും ഒരു ഡോക്ടറെ കാണാൻ സാധാരണ നിലയ്ക്ക് നമുക്ക് അനുവാദമില്ല. നമ്മുക്ക് ജി.പി.യുടെ അടുത്ത് പോകണമെങ്കിൽത്തന്നെ അവിടെ വിളിച്ച് സംസാരിച്ച് രോഗവിവരം പറഞ്ഞ് അപ്പോയന്റ്മെന്റ് എടുക്കേണ്ടതുണ്ട്. പനിച്ച് തുള്ളുന്ന കുട്ടിക്കുവേണ്ടി ജി.പി.യെ വിളിച്ചാൽ അവർ ആദ്യം ചോദിക്കുക ജീവന് ഭീ‍ഷണിയുള്ള തരത്തിലുള്ള ഒരു സാഹചര്യമാണോ (Is it a life threatening situation ?) എന്നാണ്. ഒരു പനി വന്നാൽ മരിച്ചു പോകില്ല എന്നറിയുന്നതുകൊണ്ട് ‘ഇല്ല’ എന്നായിരിക്കും നമ്മുടെ മറുപടി. തൽക്കാലം പാരസിറ്റമോൾ കൊടുക്കൂ, മൂന്നുദിവസം (ഇത് അവരുടെ തിരക്കും കാര്യങ്ങളുമനുസരിച്ച് ഒരാഴ്ച്ച വരെ നീണ്ടെന്നിരിക്കാം) കഴിഞ്ഞിട്ടും മാറിയില്ലെങ്കിൽ ക്ലിനിക്കിലേക്ക്/ആശുപത്രിയിലേക്ക് വരൂ എന്നുപറഞ്ഞ് അപ്പോയന്റ്മെന്റ് തരും. അത്രയും ദിവസത്തിനുള്ളിൽ പനി അഥവാ അസുഖം മാറിയില്ലെങ്കിൽ നിങ്ങൾക്ക് ജി.പി.യെ ചെന്നുകണ്ട് ചികിത്സ ഉറപ്പാക്കാം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാരസിറ്റമോൾ, വേദനസംഹാരി, ആന്റിബയോട്ടിക്കുകൾ എന്നിങ്ങനെ അത്യാവശ്യം മരുന്നുകൾ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാകും. അതിന്റെ ഉപയോഗക്രമവും ഓരോ വീട്ടിലുമുള്ള മുതിർന്നവർക്ക് നല്ല ബോദ്ധ്യവുമുണ്ടാകും.

ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായി രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ജി.പി.യെ വിളിക്കുന്നതെങ്കിൽ, അതൊരു ജീവൻ നഷ്ടമായേക്കാവുന്ന അവസ്ഥയാണ്. അത്തരം കേസുകളിൽ ഉടനെ തന്നെ നമുക്ക് ജി.പി.യെ ചെന്ന് കാണാൻ അവകാശമുണ്ട്; അവരതിന് അതിന് അനുമതി നൽകുകയും ചെയ്യും. ഇത്തരം രാജ്യങ്ങളിൽ പലതിലും വലിയ വലിയ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ സർക്കാർ ചിലവിൽ പൌരന്മാർക്കും NHS ഫീസ് അടക്കുന്നവർക്കും ലഭ്യമാണ്. പക്ഷേ, അത്തരത്തിൽ സൌജന്യമായി നിങ്ങൾക്ക് ലഭിക്കുന്ന കിഡ്നി മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ എല്ലാ ചികിത്സകൾക്കും ദീർഘകാലം ക്യൂ നിന്ന്, ഊഴം വരുമ്പോൾ മാത്രമേ നിങ്ങൾക്കാ ചികിത്സ ലഭ്യമാകൂ. സർക്കാർ ഇത്തരം ചികിത്സ നൽകുന്നത് സൌജന്യമാണെന്ന് തോന്നാമെങ്കിലും, വർഷാവർഷം ടാക്സ് അടക്കുന്നത് പോലെ നല്ലൊരു തുക നമ്മൾ NHSലേക്ക് അടക്കുന്നുണ്ടെന്നും അറിയുക.

ഇതേ രീതിതന്നെയാണ് കൊറോണ ബാധിച്ചതിനുശേഷവും ഈ രാജ്യങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു സമ്പ്രദായത്തിലേക്ക് മാറി ചിന്തിക്കുന്നതിനെപ്പറ്റി അവർ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ഈ രാജ്യങ്ങളിലെല്ലാം കൊറോണ പടർന്നുപിടിച്ചതിന്റെ പ്രധാനകാരണം ഇതുമാത്രമാണെന്ന് വേണം അനുമാനിക്കാൻ. രാജേഷുമായുള്ള സംസാരത്തിൽ, പല ഉദാഹരണങ്ങളിലൂടെ എനിക്ക് അക്കാര്യം ബോദ്ധ്യമാവുകയും ചെയ്തു.

രാജേഷ് പറയുന്ന ഒരുദാഹരണം ഇങ്ങനെ. രാജേഷിന്റെ കമ്പനിയിലെ അസംബ്ലി ലൈനിൽ ജോലി ചെയ്യുന്ന ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രോഗിയെ ഐസൊലേറ്റ് ചെയ്തു. രോഗിയുമായി സ്ഥിരമായി ഇടപഴകിയ 4 പേരോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. കഴിഞ്ഞു. ഇതാണ് ആ കമ്പനി എടുത്ത നിലപാട്. നമ്മുടെ കൊച്ചു കേരളത്തിൽ രോഗബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു മനുഷ്യൻ ഇടപഴകിയിട്ടുള്ള മനുഷ്യരെ മുഴുവൻ നിരീക്ഷിക്കുന്നത് കൂടാതെ അയാൾ പോയിട്ടുള്ള മുഴുവൻ പൊതുസ്ഥലങ്ങളുടേയും റൂട്ട് മാപ്പ് പരസ്യപ്പെടുത്തി സമ്പർക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ള ആൾക്കാരെ അപ്പാടെ തിരഞ്ഞ് പിടിച്ച് ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ സ്പെയിൻ എന്ന രാജ്യത്തെ രീതിയുമായുള്ള വ്യത്യാസം മനസ്സിലായില്ലേ ? ആ കമ്പനിയിലെ എല്ലാ ജീവനക്കാർക്കും രോഗം പടർന്നിരിക്കാം എന്ന നിലയ്ക്കുള്ള നടപടികളാണ് നമ്മളെടുക്കുന്നതെങ്കിൽ, അടുത്തിടപഴകിയ ആൾക്കാരെ മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ. അതിനകം രോഗാണുകൾ എത്രയോ പേരിലേക്കും അവിടന്ന് അടുത്ത ശൃംഖലയിലേക്കും കടന്നിരിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ഇത്രയും പേരിലേക്ക് എത്തിയതിന്റെ കാരണം ഈ സമീപനമല്ലെങ്കിൽ മറ്റെന്താണ് ? കൊറോണയുടെ കാര്യത്തിലെങ്കിലും വ്യവസ്ഥാപിത രീതിയിൽ നിന്ന് മാറിയുള്ള ചികിത്സാസംവിധാനത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ലെങ്കിൽ രോഗം നിയന്ത്രണവിധേയമാകുമ്പോഴേക്കും ഒരുപാട് മനുഷ്യജീവനുകൾ അവർ വിലയായി നൽകിക്കഴിഞ്ഞിരിക്കും.

രാജേഷ് പറയുന്ന മറ്റൊരു കേസിൽ, ഒരാൾക്ക് പനിയുണ്ട്; ചെറുതായി തുമ്മലും ജലദോഷവുമുണ്ട്. കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന സംശയം അയാൾക്ക് കലശലായിട്ടുണ്ട്. അയാൾ ജി.പി.യെ വിളിച്ചു. ഒരാഴ്ച കഴിഞ്ഞ് വരാൻ ജി.പി. അപ്പോയന്റ്മെൻറ് കൊടുത്തു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും രോഗിക്ക് കൊറോണ ആശങ്ക കലശലായി. എമർജൻസി കേസ് ആണെന്നോ മറ്റോ പറഞ്ഞ് ആയാൾ ജി.പി.യിലേക്ക് ഇടിച്ചു കയറുന്നു. അയാൾക്ക് കൊറോണ ബാധയുണ്ടെന്ന് പരിശോധനയിൽ തെളിയുകയും ചെയ്യുന്നു. ജി.പി. നൽകിയ ഒരാഴ്ചത്തെ ഇടവേളയിൽ എത്രയോ ആൾക്കാരുമായി അയാൾ ഇടപഴകിക്കാണും ? എത്രയിടങ്ങളിൽ സഞ്ചരിച്ചുകാണും ? എത്രയിടത്ത് രോഗം പടർത്തിക്കാണും?

രോഗബാധയുണ്ടെന്ന് ഒരാൾ സംശയം പറയുകയോ അധികാരികൾക്ക് തോന്നുകയോ ചെയ്താൽ, കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന മാതൃകാപരമായ നടപടി എന്താണെന്ന് ഇതിനകം നമുക്കെല്ലാവർക്കും അറിയാം. അയാളെ ഉടൻ ഐസൊലേറ്റ് ചെയ്യുന്നു. അയാളുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താൻ ശ്രമിക്കുന്നു, അവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതിൽ പോസിറ്റീവ് ആണെന്ന് കണ്ടവരെ ഐസൊലേറ്റ് ചെയ്യുന്നു; അങ്ങനെയങ്ങനെ ആ നടപടിക്രമങ്ങൾ നീണ്ട് പോകുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും രാജ്യങ്ങളിൽ ഇങ്ങനെയൊരു പ്രക്രിയ നടക്കുന്നില്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

രാജേഷ് പറയുന്ന മറ്റൊരു കേസ് ഇങ്ങനെ. ലോകമെമ്പാടും കൊറോണ ബാധ ശക്തമായതിനുശേഷമുള്ള ഒന്നാണിത്. പലപല രോഗങ്ങളുമായി ചികിത്സയിലായിരുന്ന ഒരാൾ പെട്ടെന്ന് മരിക്കുന്നു. മരണശേഷം മാത്രമാണ് അയാൾ കൊറോണ ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തുന്നത്. സാധാരണ രോഗിയെപ്പോലെ അദ്ദേഹത്തെ ചികിത്സിക്കുകയും അടുത്തിടപഴകുകയും ചെയ്ത എത്ര ഡോൿടർമാർക്കും മെഡിക്കൽ ഉദ്യോഗസ്ഥർക്കും അയാൾ രോഗം നൽകിയിട്ടുണ്ടാകാം.

പ്രായമായവർക്ക് കൊറോണ ബാധിച്ചാൽ അപകട സാദ്ധ്യത ചെറുപ്പക്കാരേക്കാൾ കൂടുതലാണെന്ന നിഗമനത്തിൽ വൈദ്യശാസ്ത്രം എത്തിയതിന് ശേഷം ഇറ്റലിയിലെ സൌകര്യക്കുറവുകൾ കാരണം ആശുപത്രികളിൽ നല്ലൊരുശതമാനം പ്രായമായവരെ അവർ പ്രവേശിപ്പിക്കുന്നില്ല എന്ന ഖേദകരമായ അവസ്ഥയുമുണ്ട്. എല്ലാവർക്കും കിടക്കാനുള്ള സൗകര്യം നിറഞ്ഞുകവിഞ്ഞ ഇറ്റാലിയൻ ആശുപത്രികളിൽ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെടാൻ സാദ്ധ്യത കൂടുതലുള്ള ചെറുപ്പക്കാർക്ക് ചികിത്സ കൊടുക്കാം എന്ന തീരുമാനമാണ് ഗതികേട് കൊണ്ടാകാമെങ്കിലും അവർ സ്വീകരിച്ചിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്ന ഒരു അനാരോഗ്യ സാഹചര്യമാണ്.

മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നൊന്നും കൃത്യമായ കണക്കുകൾ അന്നാട്ടിലെ ജനങ്ങൾക്ക് പോലും ലഭിക്കുന്നില്ല. ഒന്നും ട്രാക്ക് ചെയ്യാത്തതുകൊണ്ട്, പറയാൻ ഒരു കണക്ക് അധികാരികൾക്ക് ഉണ്ടെന്നും തോന്നുന്നില്ല. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും പ്രശസ്ത നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമടക്കമുള്ള വി.ഐ.പി.കൾക്കും സെലിബ്രിറ്റികൾക്കുമെല്ലാം രോഗബാധയുണ്ടായത്, രോഗാണുവാഹകരായ ജനങ്ങൾ യഥേഷ്ടം ആ നാടുകളിൽ വിഹരിക്കുന്നതുകൊണ്ടല്ലെങ്കിൽപ്പിന്നെ മറ്റെന്തുകൊണ്ടാണ് ?

വികസിതരാജ്യങ്ങളിൽ കഴിയുന്ന മലയാളി പ്രവാസികൾ ഇങ്ങനെയൊരു രോഗബാധ ഉണ്ടായപ്പോൾ, അന്നാടുകളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അവിടത്തെ ചികിത്സാരീതിയും കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ചികിത്സാരീതിയും എന്താണെന്ന് അവർക്ക് നല്ല ബോദ്ധ്യമുണ്ട്. നമുക്ക് ഒരുപാട് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളാണ് അവരെല്ലാം. മടങ്ങിവരാൻ തയ്യാറുള്ള ഇന്ത്യാക്കാരായ എല്ലാ മനുഷ്യരേയും ഒന്നൊഴിയാതെ നാട്ടിലെത്തിച്ച് സുരക്ഷിതമാക്കുക തന്നെയാണ് ഈ അവസരത്തിൽ വേണ്ടത്. അതിനുള്ള നടപടികൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചെയ്യുന്നുണ്ട്. അത് കൂടുതൽ ഊർജ്ജിതമാക്കുകയും വേണം. ഇറാനിൽ പെട്ടുകിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യമടക്കം ഇക്കൂട്ടത്തിൽ ഗൌരവത്തോടെ പരിഗണിക്കണം. എന്തായാലും ഇംഗ്ലണ്ടിന്റെ കാര്യത്തിൽ ആ ആശങ്ക ഇനി വേണ്ട. അവർ ആരേയും പുറത്തേക്ക് വിടുന്നില്ലെന്ന് തീരുമാനിച്ച് കഴിഞ്ഞു.

കൊറോണയുടെ കാര്യത്തിൽ ലോകോത്തര മികച്ച ചികിത്സാ രീതിയുള്ള കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ പലവട്ടം പലരും പറഞ്ഞതാണെങ്കിലും ഒന്നുകൂടെ ബോധിപ്പിക്കട്ടെ.

തുടക്കത്തിൽ പലരും എമിഗ്രേഷനേയും ആരോഗ്യവകുപ്പിനേയും വെട്ടിച്ച് കടന്നുകളഞ്ഞു. എമിഗ്രേഷന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ അത് ഒരുപാട് ആൾക്കാർ ചേർന്ന ഒരു സംവിധാനമാണ്. അതിലൊരാൾക്ക് പിഴച്ചാൽ സംവിധാനം മൊത്തം പരാജയപ്പെട്ടെന്നിക്കും. പക്ഷേ, മറുവശത്തുള്ളത് നിങ്ങൾ എന്ന ഒരു വ്യക്തി മാത്രമാണ്. നിയമത്തോടും ലോകത്തെമ്പാടുമുള്ള ജനങ്ങളോടും സഹകരിക്കാൻ നിങ്ങൾ ഒരാൾ മാത്രം വിചാരിച്ചാൽ സിസ്റ്റം ഗംഭീരമായി മുന്നോട്ട് പോകും. ചിലരെങ്കിലും അങ്ങനെ സഹകരിക്കാതിരുന്നതിന്റെ ദൂഷ്യഫലമാണ് നമ്മൾ ഇപ്പോൾ കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയത്തരം വീഴ്ച്ചകൾ ഉണ്ടാകാത്ത വിധം എല്ലാ പഴുതുകളും സർക്കാർ അടച്ച് കഴിഞ്ഞു. എന്നിരുന്നാലും നിങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണെന്ന് ആദ്യം മനസ്സിലാക്കുക. വർഷാവർഷം വരുന്നതുപോലെ ലീവിന് വന്ന് ചെയ്യുന്ന എല്ലാക്കാര്യങ്ങളും ഇപ്രാവശ്യം ചെയ്യാനായെന്ന് വരില്ല. ഇങ്ങോട്ട് മടങ്ങി വന്നിട്ടുണ്ടെങ്കിൽ ഇവിടത്തെ ചികിത്സകളെല്ലാം കഴിയുന്നതുവരെ സർക്കാർ പറയുന്നതനുസരിച്ച് മാത്രം മുന്നോട്ടു പോകുക. ഉടനെ മടങ്ങി ചെന്നില്ലെങ്കിൽ ജോലി പോകുമെന്നുള്ളവർ ഒന്നുകിൽ ഇങ്ങോട്ട് വരാതിരിക്കുക. അല്ലെങ്കിൽ എത്ര തല പോകുന്ന കാര്യമായാലും ഇവിടുത്തെ സർക്കാർ പറയുന്നത്രയും ദിവസം ഇവിടെത്തന്നെ നിൽക്കുക.

ക്വാറന്റൈനും ഐസൊലേഷനുമെല്ലാം ബുദ്ധിമുട്ടുള്ള കാര്യമോ ജയിലിൽ അടക്കൽ പോലെ പ്രശ്നമുള്ള സംഗതിയോ അല്ലെന്ന് ഇതിനകം വാർത്തകളും വീഡിയോകളും തെളിവായി വന്നു കഴിഞ്ഞിട്ടുള്ളതാണ്. ഒന്നോ രണ്ടോ ആഴ്ച്ച അധികാരികളുമായി സഹകരിക്കുക. നിങ്ങൾ വന്ന രാജ്യങ്ങളിലെ ആരോഗ്യപരിപാലനത്തിന്റെ അവസ്ഥയാണ് തുടക്കത്തിൽ സൂചിപ്പിച്ചത്. നിങ്ങൾക്കും ബോദ്ധ്യമുള്ള കാര്യമാണത്. ഇവിടെ രോഗബാധയുള്ളവർക്ക് ആശുപത്രിയിൽ അവരുടെ ഇഷ്ടഭക്ഷണം വരെ എത്തിച്ചു കൊടുക്കുന്നുണ്ട് ഭരണാധികാരികൾ. ഈ സൗകര്യങ്ങളെല്ലാം നല്ലവണ്ണം പ്രയോജനപ്പെടുത്തി ലോകാരോഗ്യത്തിന് വേണ്ടിയുള്ള ഒരു യജ്ഞത്തിൽ പങ്കാളികളാവുക. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് മടങ്ങിയ കുടുംബം ചെയ്തതുപോലുള്ള തെറ്റായ നീക്കങ്ങൾ ഇന്ത്യയിൽത്തന്നെ ആദ്യത്തേതും അവസാനത്തേതുമാകാൻ നിങ്ങൾ വിചാരിച്ചാലേ സാധിക്കൂ.

മേൽപ്പറഞ്ഞ നിബന്ധനകൾ അനുസരിക്കാതെ ചാടിപ്പോകുകയും കറങ്ങി നടക്കുകയും ചെയ്യുന്നവർക്കുള്ള കനത്ത ശിക്ഷ എന്താണെന്ന് ആദ്യമേ വെളിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. രോഗത്തെ ഭയത്തോടെ കാണേണ്ടതില്ലെങ്കിലും, സഹകരിക്കാത്തവർക്കെതിരെ സർക്കാർ സ്വീകരിക്കാൻ പോകുന്ന ശിക്ഷാനടപടികളെ എല്ലാവരും ഭയത്തോടെ കൂടെത്തന്നെ കാണണം.

കൂട്ടത്തിൽ ഒരപേക്ഷ കൂടെയുണ്ട് സർക്കാരിനോട്. ടൈംസ് നൗ വഴി ഇന്നലെ രാത്രി പ്രചരിച്ച ഒരു വാർത്ത കർണ്ണാടകത്തിലെ കുറെയേറെ ജനങ്ങളെ കുറച്ച് നേരത്തേക്കെങ്കിലും ആശങ്കയിലാക്കിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ഓഫീസുകളും സ്കൂളുകളും അടച്ചുപൂട്ടണമെന്നും സഹകരിക്കാത്തവർക്കെതിരെ IPC 188, 146 വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്ന നിലയ്ക്കായിരുന്നു ആ വാർത്ത. അരമണിക്കൂറിനകം അത് അപ്രത്യക്ഷമാകുകയും ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ മാത്രമല്ല മുന്തിയ മാദ്ധ്യമങ്ങൾക്കെതിരെയും നടപടിയുണ്ടാകണം. ഞാനീ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജവസ്തുതകൾ ആണെന്ന് തെളിഞ്ഞാൽ എനിക്കെരെയും നടപടിയുണ്ടാകണം.

വാൽക്കഷണം:- ഈയൊരു കാര്യത്തിൽ കേരളം ഉന്നത യൂറോപ്യൻ നിലവാരം പുലർത്തിയപ്പോൾ, കേരളത്തിന്റെ സാമാന്യ നിലവാരത്തിലേക്ക് യൂറോപ്പ് കൂപ്പുകുത്തിയെന്ന് പറഞ്ഞാണ് *രാജേഷ് ഫോൺ വെച്ചത്. *രാജേഷ് എന്നത് ശരിയായ പേരല്ല. ഇപ്പോളുള്ള ചികിത്സാരീതി വെച്ചാണെങ്കിൽ രണ്ടാഴ്ച്ചയ്ക്കകം തനിക്കും കുടുംബത്തിനും കൊറോണ പിടിച്ചിരിക്കുമെന്നും, അന്ന് ഉപയോഗിക്കാനുള്ള മരുന്നുകളും ഒരു മാസക്കാലത്തെ ഭക്ഷണത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കും വേണ്ടതായ സാധനസാമഗ്രികളും വാങ്ങി ശേഖരിച്ച്, വരുന്നിടത്ത് വെച്ച് കാണാമെന്ന വെല്ലുവിളിയോടെ കാത്തിരിക്കുകയണെന്നാണ് ചെറിയൊരു ചിരിയോടെ രാജേഷ് പറയുന്നത്. ആ സമയമാകുന്നതോടെ രാജേഷ് നേരിട്ട് സോഷ്യൽ മീഡിയയിൽ വന്ന് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ്.
.
#Corono

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>