Uncategorized

പാലം മാത്രമല്ല പൊളിച്ച് പണിയേണ്ടത്


20190917_093905

 ങ്ങനെ അവസാനം, 40 കോടി (അറ്റകുറ്റപ്പണികൾക്കായി ചിലവഴിച്ച 2 കോടി വേറെയും) പൊതുഖജനാവിൽ നിന്നെടുത്ത് ‘പണിത‘ അഥവാ മലയാളിക്കിട്ട് പണിത പാലാരിവട്ടം പഞ്ചവടിപ്പാലം പൊളിച്ച് പണിയാൻ തീരുമാനമായി.

ഈ പാലം പൊളിച്ച് പണിയുന്നതിനൊപ്പം കേരളത്തിൽ പൊളിച്ച് പണിയേണ്ടതോ പൊളിച്ച് കളയേണ്ടതോ ആയിട്ടുള്ള ഒന്നുരണ്ട് സ്ഥാപനങ്ങളാണ് പൊതുമരാമത്ത് വകുപ്പും റോഡ്സ് & ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷനും. ‘കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി‘ എന്ന കണക്കിന് ഭരണത്തിലിരിക്കുന്നവർക്കും അവരുടെ പിണിയാളുകളായി കക്ഷിരാഷ്ട്രീയത്തിലുള്ളവർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഖജനാവ് കട്ടുമുടിക്കാൻ മാത്രമായി എന്തിനാണ് ഇങ്ങനെ ചില കോർപ്പറേഷനുകളും ഡിപ്പാർട്ട്മെന്റുകളും ?

എന്തുകൊണ്ടാണിപ്പോൾ പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ മെട്രോമാൻ ഇ.ശ്രീധരനെ ചുമതല ഏൽ‌പ്പിച്ചിരിക്കുന്നത് ? വേറാര് മേൽനോട്ടം വഹിച്ചാലും, വീണ്ടും ആ പാലം പൊളിച്ചുപണിയേണ്ടി വരും എന്ന് സർക്കാറിന് നല്ല ഉറപ്പുള്ളതുകൊണ്ട് തന്നെയാണത്.

കാലാകാലങ്ങളായി ആദ്യത്തെ മഴയിൽ പൊളിയുന്ന കണക്കിനാണ് ഇവിടെ റോഡുകൾ പണിയുന്നത്. അത് കോണ്ട്രാൿടർമാരുടേയും മേൽ‌പ്പറഞ്ഞ കള്ളക്കൂട്ടങ്ങളുടേയും അവകാശം എന്ന നിലയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മഴയുള്ള മറ്റ് രാജ്യങ്ങളിൽ എങ്ങനെയാണ് റോഡ് പൊട്ടാതെ നിലനിൽക്കുന്നതെന്ന് പഠിക്കാൻ ചന്ദ്രയാൻ ദൌത്യത്തിന്റെ അത്രയ്ക്കൊന്നും പണച്ചിലവ് വരില്ല. ഒന്ന് പോയി കണ്ട് പഠിച്ച് വന്ന് അഴിമതിയില്ലാതെ റോഡ് പണിതാൽ പശ്ചിമഘട്ടം കുറച്ചുകൂടെ നാൾ അവിടെത്തന്നെയുണ്ടാകും. അല്ലെങ്കിൽ കൊല്ലാകൊല്ലം സെപ്റ്റംബറിൽ പ്രളയ ദുരിതത്തിന് കൈകോർത്ത് മലയാളിയുടെ ഒത്തൊരുമയും സാഹോദര്യവും വാനോളം പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കാം.

ഇത്രയും നാൾ റോഡുകൾ പൊളിഞ്ഞുകൊണ്ടിരുന്നപ്പോൾ ചില്ലറ മുറുമുറുപ്പുകളിൽ ഒതുങ്ങി. പാലം പൊളിഞ്ഞപ്പോൾ കളിമാറിയത് കണ്ടില്ലേ ? പാലങ്ങൾ ഒന്നല്ല പലതാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പൊളിഞ്ഞത്. ഇനിയെത്ര പൊളിയാൻ കിടക്കുന്നു. ഈ സർക്കാരിന്റെ കാലത്തല്ല, കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പണിതത്, പണിതുടങ്ങിയത് എന്നൊക്കെപ്പറഞ്ഞ് സർക്കാറുകൾ മാറി മാറി കൈമർത്തിക്കൊണ്ടിരിക്കും, പരസ്പ്പരം പഴിചാരിക്കൊണ്ടിരിക്കും.

പൊതുമരാമത്ത് പണികൾ ചെയ്യുന്ന കരാറുകാർക്ക് അവരുടെ ബില്ലുകൾ മാറിക്കിട്ടണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്കും കക്ഷിരാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കുമടക്കം പലർക്കും കൈക്കൂലി കൊടുക്കേണ്ടി വരുന്നു. പിന്നെ ആ നഷ്ടം മറികടക്കാൻ അവരുടെ സ്വന്തം കളവും കൂടെ ആകുമ്പോൾ കമ്പിയും സിമന്റുമില്ലാത്ത പാലങ്ങളുടെ സാങ്കേതികവിദ്യ ഉടലെടുക്കുന്നു, പാലാരിവട്ടം പാലങ്ങളും സമാനമായ റോഡുകളും നാടിന് നാണക്കേടാകുന്നു.

222

ഈ ഒരു പാലം കാരണം മലയാളികളുടെ ആയുസ്സിന്റെ പ്രത്യേകിച്ച് എറണാകുളം ജില്ലക്കാരുടെ ആയുസ്സിൽ എത്ര സമയമാണ് റോഡിൽ പാഴായിട്ടുള്ളതെന്ന് വല്ല കണക്കുമുണ്ടോ ? രണ്ട് കൊല്ലത്തിലധികം സമയമെടുത്താണ് പാലാരിവട്ടം പാലം പണിതത്. പക്ഷേ, ഒരു കൊല്ലം കൊണ്ട് അത് പൊളിച്ച് പണിയുമെന്നാണ് ഈ.ശ്രീധരൻ പറയുന്നത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം മുൻപ് പണിത് പോയവരുടെ കെടുകാര്യസ്ഥത. കൊച്ചി മെട്രോ, കൊച്ചിക്കാരുടെ തല വഴി ഇടിഞ്ഞ് വീഴാതെ ഇപ്പോഴും ഓടുന്നത്, അത് പണിതത് KMRL ആയതുകൊണ്ടും, അതിന്റെ തലപ്പത്ത് അഴിമതിക്കറ പുരളാത്ത കാര്യക്ഷമതയുള്ള ഇല്യാസ് ജോർജ്ജ് എന്ന ഒരു സിവിൽ സർവ്വന്റ് ഇരുന്നിരുന്നതുകൊണ്ടുമാണ്. ഈ ശ്രീധരനെപ്പോലുള്ളവരെ സർക്കാരിന് ആശ്രയിക്കേണ്ടി വരുന്നതും ഇപ്പറഞ്ഞ കാര്യക്ഷമതയുള്ളതുകൊണ്ടും അഴിമതിക്കറ  ഇല്ലാത്തതുകൊണ്ടും തന്നെയാണ്. അങ്ങനെയുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ പോരേ നകുക്ക് ?  അഴിമതികൾ മാത്രം നടത്തുന്ന മേൽ‌പ്പറഞ്ഞ വെള്ളാനകൾ എന്തിനാണിവിടെ ?

അതുകൊണ്ടാണ് പറയുന്നത്, പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനൊപ്പം കേരളത്തിൽ പൊളിച്ചുപണിയേണ്ടത് കെടുകാര്യസ്ഥത മാത്രം കൈമുതലാക്കിയ ചില സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ കൂടെയാണ്.

പാലം ‘പണിത’ ചിലർ അകത്തായിട്ടുണ്ട്. നല്ല കാര്യം തന്നെ. പക്ഷേ അതുകൊണ്ടായില്ല. അങ്ങ് മുകളിലുള്ളവർ വരെ വെളിച്ചപ്പെടണം. അതിനുള്ള ആർജ്ജവം ഏതെങ്കിലും സർക്കാറുകൾക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. കാരണം, ഇതൊരു കൂട്ടുകൃഷിയാണ്, വയറ്റിൽ‌പ്പിഴപ്പാണ്, മറ്റ് ജോലികളൊന്നും ചെയ്ത് ജീവിക്കാനറിയാത്ത കുറേപ്പേരുടെ ജീവിതവൃത്തിയാണ്.

വാൽക്കഷണം:- ജനാധിപത്യത്തിൽ രാജാവിന്റെ സ്ഥാനം ജനങ്ങൾക്കാണെന്ന് അവർക്ക് സ്വയം ബോദ്ധ്യമില്ലാത്തിടത്തോളം കാലം ഇങ്ങനുള്ള മന്ത്രിമാരും അവരുടെ കൈയ്യാളുകളും പിണിയാളുകളും ഗുണ്ടകളുമൊക്കെ രാജാവായിത്തന്നെ തുടരും. ഭേഷായിട്ട് അനുഭവിക്ക തന്നെ.