കൊട്ടിഘോഷിച്ച് ഹരിതദിനം ആഘോഷിക്കുക. അതിന്റെ അടുത്ത ദിവസം കുറേ തട്ടുമുട്ട് ന്യായങ്ങൾ നിരത്തി ഒരു വൻ പേരാൽ വെട്ടിമാറ്റുക. ഇതാണ് ഇന്നാട്ടിലെ അവസ്ഥ.
കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷന്റെ മുന്നിലെ പേരാലിന് ഇന്നലെ (ജൂൺ-6) ഉണ്ടായ ദുര്യോഗം തടയാൻ പൊതുപ്രവർത്തകരും പത്രപ്രവർത്തകരും വക്കീലന്മാരും പ്രകൃതിസ്നേഹികളും ഇടപെട്ട് മുൻസിഫ് കോടതിയിൽ പരാതി പോയി ഉത്തരവ് വാങ്ങിയിട്ടും പൊലീസുകാർ മരം വെട്ടൽ തുടർന്നു. പിന്നീട് കോടതിയുടെ ശക്തമായ ഇടപെടൽ മൂലമാണ് താൽക്കാലികമായെങ്കിലും മരത്തിന്റെ ബാക്കിയുള്ള അൽപ്പജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത്.
പോലീസ് സ്റ്റേഷന്റെ മതിലിന് ഭീഷണി, മരത്തിന്റെ അടുത്ത പരിസരത്തെങ്ങും ഇല്ലാത്ത ഗേൾസ് ഹൈസ്ക്കൂളിന് ഭീഷണി എന്നീ കാരണങ്ങളാണ് മരം വെട്ടി മാറ്റാൻ പൊലീസുകാർ പറയുന്നത്. സ്കൂളിന് മരം കാരണം ഒരു ഭീഷണിയും ഇല്ലെന്ന് ആ ഭാഗത്തുകൂടെ ഒരു പ്രാവശ്യമെങ്കിലും സഞ്ചരിച്ചിട്ടുള്ള ആർക്കും മനസ്സിലാക്കാനാവും. പൊലീസ് സ്റ്റേഷന്റെ മതിലിന് ഭീഷണിയാണെങ്കിൽ…. പൊലീസ് സ്റ്റേഷന് എന്തിനാണ് മതിൽ ? പ്രത്യേകിച്ചും ജനമൈത്രി പൊലീസ് സ്റ്റേഷന്. സ്വന്തം സ്റ്റേഷൻ മതിൽ കെട്ടിയടച്ചാലേ സംരക്ഷിക്കാനാവൂ എന്ന് നിർബന്ധം പിടിക്കുന്ന പൊലീസ് എങ്ങനാണ് സാധാരണ ജനത്തിന് സംരക്ഷണം കൊടുക്കുക ?
കോട്ടയത്തോ തിരുവനന്തപുരത്തോ ആണെങ്കിലും പരിസ്ഥിതി ദിനത്തിന്റെ ചൂടാറും മുൻപ് ഇങ്ങനൊക്കെ നടന്നെന്ന് വനം വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചിയൂർ രാധാകൃഷ്ണൻ അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും കൊടുങ്ങലൂർ വഴി കടന്നുപോകുന്ന ‘ഹരിത‘ എം.എൽ.എ. ശ്രീ.ടി.എൻ.പ്രതാപൻ ഇതൊന്നും കാണുന്നില്ലേ ?
വെട്ടിയിടത്തോളം വെട്ടി. അതിൽ വിഷമമുണ്ട്. ഈ മരത്തിന്റെ തടിയുടെ പേരിൽ പൊലീസുകാർ ആരോടെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അതങ്ങ് തിരിച്ച് കൊടുക്കുക. ഇങ്ങനൊരു കൃത്യം ചെയ്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് എതിരെ സർക്കാർ നടപടിയെടുക്കുക. ഇതൊന്നും പറ്റുന്നില്ലെങ്കിൽ ചുരുങ്ങിയ പക്ഷം സർക്കാർ തലത്തിലുള്ള പരിസ്ഥിതി പ്രഹസനങ്ങളെങ്കിലും വരും കാലങ്ങളിൽ ചെയ്യരുത്.
മരം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സുഹൃത്തുക്കൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ഓൺലൈനിൽ ഒരു പോസ്റ്റിട്ട് മാത്രമുള്ള പിന്തുണയല്ല. രാജകിങ്കരന്മാർ മരങ്ങൾ മുറിക്കാൻ ചെന്നപ്പോൾ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് അതിനൊപ്പം വെട്ടേറ്റ് വാങ്ങി ജീവൻ വെടിഞ്ഞ രാജസ്ഥാനിലെ 363ൽപ്പരം ബിഷ്‌നോയ് പൌരന്മാരെപ്പോലെയുള്ള പിന്തുണ. എപ്പോൾ വരണമെന്ന് കൊടുങ്ങല്ലൂർ സുഹൃത്തുക്കൾ അറിയിച്ചാൽ മാത്രം മതി.
——————————————————————————————
ചിത്രങ്ങൾക്ക് കടപ്പാട്:- സാബു ഈരേഴത്ത് & എം.സുകുമാരൻ ലാൽ