തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ ഏറ്റവും കൂടുതലായി കേൾക്കുന്ന ഒരു പദമാണല്ലോ ‘വികസനം’. എന്താണ് വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം അതുരുവിടുന്നവർക്ക് പോലും വലിയ പിടിയുണ്ടാകുമെന്ന് തോന്നുന്നില്ല. നേതാക്കന്മാരും മന്ത്രിമാരും അണികളും പാർട്ടിപ്രവർത്തകരും ഒക്കെ ഇക്കാര്യത്തിൽ ഒരേ അളവിൽ അജ്ഞത കൈയാളുന്നവരാണെന്ന് തന്നെ വേണം മനസ്സിലാക്കാൻ.
ഒരാവശ്യമില്ലെങ്കിലും കെട്ടിപ്പൊക്കുന്ന കുറേ കെട്ടിടങ്ങൾ, 1 ലക്ഷം രൂപയ്ക്ക് തീരുമെങ്കിലും 10 ലക്ഷം ചിലവാക്കി പണിയുന്ന വെയ്റ്റിങ്ങ് ഷെഡ്ഡുകൾ, ഉത്ഘാടനം കഴിഞ്ഞാൽപ്പിന്നെ ഒരിക്കൽപ്പോലും വെള്ളം കാണാത്ത കക്കൂസുകളും മൂത്രപ്പുരകളും,, ഉത്ഘാടനം കഴിഞ്ഞ് ചായം ഉണങ്ങുന്നതിന് മുൻപേ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ, പണിത് വാഹനമോടിത്തുടങ്ങുന്നതിന് മുൻപ് തകരുന്ന റോഡുകൾ, ഇങ്ങനെ ചില നിർമ്മിതികളാണ് ഇക്കൂട്ടർ പൊക്കിപ്പിടിക്കുന്ന പ്രധാന വികസന മുദ്രകൾ. ഇതൊക്കെ പണിയുന്നതിന് നല്ല കമ്മീഷനടിക്കപ്പെടുമെന്നുള്ളത് അങ്ങാടിപ്പാട്ടാണ്. പാർട്ടിക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ നിർദ്ദാക്ഷിണ്യം കൈയിട്ട് വാരിയും കമ്മീഷനടിച്ചും കഴിയുമ്പോൾ ഈ നിർമ്മിതികളൊക്കെ ആയുസ്സെത്താതെ നിലം പൊത്താൻ പോന്ന പിണ്ണാക്ക് കെട്ടുകൾ മാത്രമായി മാറുന്നു.
ഒരു പ്രദേശം വികസിക്കുമ്പോൾ അവിടത്തെ മാലിന്യം എങ്ങനെ സംസ്ക്കരിക്കപ്പെടുന്നു എന്ന് ഇപ്പോഴും ഈ രാജ്യത്ത് തീരുമാനമായിട്ടില്ല. സർക്കാരിന്റേതെന്ന് പറയാവുന്ന ഫലപ്രദമായ ഒരു മാലിന്യസംസ്ക്കര പ്ലാന്റോ പദ്ധതിയോ എങ്ങുമില്ല. ഇതൊന്നും ഇപ്പറഞ്ഞ വികസനത്തിന്റെ കണക്കിൽ പെടില്ല എന്ന മട്ടിൽ ഇക്കൂട്ടർ പിന്നെയും പിന്നെയും വികസനം എന്ന പദം അധരവ്യായാമം ചെയ്തുകൊണ്ടിരിക്കുന്നു.
അതൊക്കെ പറയാൻ പോയാൽ ഒരിടത്തുമെത്തില്ല. വിഷയത്തിലേക്ക് വരാം. തിരഞ്ഞെടുപ്പ് കാലത്ത് കാണുന്ന ഒരു തലതിരിഞ്ഞ വികസനം ചൂണ്ടിക്കാണിക്കാനാണ് ഉദ്ദേശിക്കുന്നത്.
വികസിത രാജ്യങ്ങളിൽ, റോഡ് ഉപയോഗിക്കുന്നത് യാത്ര ചെയ്യാനാണ്. അതിൽ കാറ്, ബസ്സ്, ട്രക്ക്, സൈക്കിൾ, കാൽനട തുടങ്ങിയ എല്ലാ സവാരിയും പെടും. ഇന്നാട്ടിലേത് പോലെ വഴിവാണിഭം പെടുകയുമില്ല. ഇപ്പറഞ്ഞ യാത്ര അല്ലെങ്കിൽ ട്രാഫിക്ക് സംബന്ധിയായ കാര്യങ്ങൾ, അതിന്റെ സിഗ്നലുകൾ, ചിഹ്നങ്ങൾ, സ്പീഡ് ലിമിറ്റുകൾ, ട്രാക്കുകൾ, വളവുകൾ, തിരിവുകൾ, പാർക്കിങ്ങ്, നോ പാർക്കിങ്ങ്, മൃഗങ്ങളുടെ സാന്നിദ്ധ്യം, അവറ്റകളുടെ ക്രോസിങ്ങ്, സ്പീഡ് റഡാർ സാന്നിദ്ധ്യം എന്നിവ സൂചിപ്പിക്കാനാണ് റോഡിന്റെ വശങ്ങളെന്ന പോലെ റോഡും അവർ ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന് ഇവിടെ കാണിച്ചിരിക്കുന്ന 1,2,3,4 ചിത്രങ്ങൾ നോക്കൂ. 1,2,3 ചിത്രങ്ങൾ ഒരു വികസിത രാജ്യത്തിൽ നിന്നുള്ളതും ചിത്രം 4 കേരളത്തിൽ നിന്നുള്ളതുമാണ്.
ചിത്രം 1 ൽ കാണിച്ചിരിക്കുന്നത്, പ്രത്യേകമായി സൈക്കിൾ ട്രാക്ക് ഇല്ലാത്ത സാധാരണ റോഡിൽ പോലും സൈക്കിളുകൾക്കായി റോഡിന്റെ ഒരു വശം ഉഴിഞ്ഞുവെച്ചിരിക്കുന്നതിന്റെ അടയാളമാണ്.
ചിത്രം 2 ൽ കാണിച്ചിരിക്കുന്ന 30 എന്ന സംഖ്യ അർത്ഥമാക്കുന്നത്, ആ റോഡിൽ 30 കിലോമീറ്റർ അല്ലെങ്കിൽ 30 മൈൽ ആണ് പരമാവധി വേഗത എന്നാണ്. വേഗത മാറുമ്പോൾ 30 ന് പകരം പുതിയ വേഗതാ ലിമിറ്റ് അക്കത്തിൽത്തന്നെ എഴുതിച്ചേർത്തിട്ടുണ്ടാകും. റോഡിന്റെ വശങ്ങളിൽ ബോർഡിൽ എഴുതി വെച്ചിരിക്കുന്ന സൈൻ ബോർഡിന് പുറമെയാണ് റോഡിലുള്ള ഈ എഴുത്ത്. റോഡിന്റെ വശങ്ങളിലുള്ള സൈൻ ബോർഡ് അബദ്ധവശാൽ ഒരു ഡ്രൈവർ കാണാതെ പോയാലും റോഡിലുള്ള എഴുത്ത് അയാൾ കണ്ടിരിക്കുക തന്നെ ചെയ്യും.
ചിത്രം 3 ൽ നോക്കൂ. അധികം തിരക്കൊന്നുമില്ലാത്ത, അതുകൊണ്ടുതന്നെ സിഗ്നലും ഇല്ലാത്ത ഒരു നാൽക്കവലയിലെ ഗതാഗത ചിഹ്നങ്ങളാണ് അതിലുള്ളത്. STOP എന്ന് റോഡിന്റെ വശത്തെ ബോർഡുണ്ടായിട്ടും STOP എന്ന് റോഡിലും എഴുതി വെച്ചിട്ടുണ്ട്. അവിടെ വാഹനം നിർത്തി മറ്റ് വശങ്ങളിൽ നിന്ന് വാഹനങ്ങളൊന്നും വരില്ലെന്ന് ഉറപ്പ് വരുത്താതെ വാഹനം മുന്നോട്ടെടുക്കാൻ പാടില്ലെന്നാണ് അവിടത്തെ ട്രാഫിക്ക് നിയമം. ഇത് തെറ്റിച്ചാൽ പിഴയൊടുക്കേണ്ടി വരും.
ഇനി ചിത്രം 4 നോക്കൂ. ഇത് തിരഞ്ഞെടുപ്പാകുമ്പോൾ നമ്മുടെ കേരളത്തിലെ ഒരു റോഡിന്റെ അവസ്ഥയാണ്. ഈ ചിത്രത്തിൽ കാണുന്ന പാർട്ടിയുടെ അടയാളം ഒരു ഉദാഹരണം മാത്രമാണ്. കേരളത്തിന്റെ എല്ലാ പ്രമുഖ പാർട്ടികളുടേയും ചിഹ്നങ്ങൾ ഇത്തരത്തിൽ റോഡുകളിൽ പ്രത്യക്ഷപ്പെടാത്ത ഒരു തിരഞ്ഞെടുപ്പുകാലവും എന്റെ ഓർമ്മയിലുണ്ടായിട്ടില്ല. (എല്ലാ പാർട്ടിക്കാരുടേയും റോഡെഴുത്ത് പടം പിടിച്ചുകൊണ്ടുവന്നിട്ട് ഈ വിഷയം പറയാൻ മുതിർന്നാൽ, അപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോയാലോ എന്നതുകൊണ്ട് കൈയിൽ ആദ്യം കിട്ടിയ പാർട്ടിക്കാരന്റെ റോഡെഴുത്ത് കാണിക്കുന്നെന്ന് മാത്രം. പടം പ്രദർശിപ്പിക്കാത്തതിന് മറ്റ് പാർട്ടിക്കാർ എന്നോട് ഗർവ്വിക്കരുതെന്നും പടം കാണിച്ചതിന് ഈ പാർട്ടിക്കാർ കലിപ്പിലാകരുതെന്നും അഭ്യർത്ഥിക്കുന്നു. വിഷയത്തിന്റെ മെറിറ്റ് മാത്രം ചർച്ച ചെയ്യാൻ ശ്രമിക്കുക.)
വികസിത രാജ്യവും വികസ്വര രാജ്യവും തമ്മിൽ റോഡുകളുടെ കാര്യത്തിലും ട്രാഫിക്ക് സിഗ്നലുകളുടെ കാര്യത്തിലുമുള്ള ഒരു വ്യത്യാസം മനസ്സിലായിക്കാണുമല്ലോ ?
ആയതിനാൽ വികസനം വികസനം എന്ന് മുറവിളി കൂട്ടുന്ന പാർട്ടിക്കാർ വികസനത്തിലേക്കുള്ള ഒരു പടിയെന്ന നിലയ്ക്ക് റോഡിൽ പാർട്ടി ചിഹ്നങ്ങളും സ്ഥാനാർത്ഥിയുടെ പേരും തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളും എഴുതുന്നത് നിർത്തലാക്കുക. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഓരോ സ്ഥാനാർത്ഥികൾക്കും, നിഷ്ക്കർഷിക്കാനും നടപ്പിലാക്കാനും കഴിയുന്ന ഏറ്റവും ചെറിയ ഒരു വികസന മാതൃകയാവും അത്. നിലവിൽ ലഭ്യമായിട്ടുള്ള അടിസ്ഥാന സൌകര്യങ്ങളെ നല്ല രീതിയിൽ സംരക്ഷിച്ച് ഉപയോഗിക്കുന്നതും ഒരു തരത്തിൽ വികസനം തന്നെയാണ്.
.
അണികൾക്ക് ഇക്കാര്യങ്ങളൊക്കെ അറിയണമെന്നില്ല. അവരെല്ലാവരും വികസിത രാജ്യത്തെ അവസ്ഥ കണ്ടിരിക്കണമെന്നില്ലല്ലോ ? പക്ഷേ, നേതാക്കന്മാർ ചിലരെങ്കിലും മന്ത്രിമാരെന്ന നിലയ്ക്കോ അല്ലാതെയോ വിദേശരാജ്യങ്ങൾ സന്ദർശിട്ടുള്ളവരും അവിടത്തെ കാര്യങ്ങൾ അറിയുന്നവരുമാണ്. ഇതൊന്നുമല്ലെങ്കിലും നമ്മളിപ്പോൾ ഗ്ലോബൽ സിറ്റിസൺസ് ആണ്. അമേരിക്കയിലോ, യൂറോപ്പിലോ, ജപ്പാനിലോ, ആസ്ത്രേലിയയിലോ എന്താണ് അവസ്ഥയെന്നറിയാൽ ആ രാജ്യം സന്ദർശിക്കണമെന്നില്ലല്ലോ. വാർത്താവിതരണം വികസനത്തിന്റെ കൊടുമുടി ചൂടിയതിനാൽ സ്വന്തം കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ കുത്തിയാൽ ഏതൊരു സാധാരണ ഇന്ത്യൻ പൌരനും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണിത്.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, അതായത് 2014-2018 കാലഘട്ടത്തിൽ 16,000 ജീവനുകളാണ് കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത്. എന്നുവെച്ചാൽ ശരാശരി 4000 പേരെങ്കിലും ഓരോ കൊല്ലവും കേരളത്തിലെ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു. പരിക്കേൽക്കുന്നവരും എന്നെന്നേക്കുമായി കിടപ്പിലായിപ്പോകുന്നവരും അതിനേക്കാൾ എന്തുകൊണ്ടും അധികം തന്നെയായിരിക്കും. ഈ കണക്ക് കൂടിക്കൂടി വരുന്നതാണ് വികസനമായിട്ട് സർക്കാരും നേതാക്കന്മാരും ഉദ്യോഗസ്ഥരുമൊക്കെ കാണുന്നതെങ്കിൽപ്പിന്നെ കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ പറയുന്നവർ വികസന വിരോധികളായി മുദ്രകുത്തപ്പെട്ടെന്നും വരും.
റോഡരുകിൽ അനധികൃത പരസ്യങ്ങൾ പാടില്ലെന്ന് പറയുന്ന ഹൈക്കോടതിയും, ഫ്ലക്സ് വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും, പാർട്ടിക്കാർ റോഡിൽ ഇത്തരം പ്രചരണ വേലകൾ കാണിക്കുന്നത് വലിയ തെറ്റായി കാണുകയോ അതിനെ വിലക്കുകയോ ചെയ്യാത്തത്, വികസനത്തിന്റെ ബാലപാഠങ്ങൾ അവർക്കും അറിയാത്തതുകൊണ്ടാകാം. അങ്ങനാണെങ്കിൽപ്പിന്നെ ഇതൊക്കെ റോഡിൽ എഴുതിവെക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ?
വാൽക്കഷണം:- റോഡിന്റെ നടുക്ക് വിട്ടുവിട്ടുള്ള വെളുത്ത വരയും, വിടാത്ത വെളുത്ത വരയും പ്രത്യക്ഷപ്പെട്ടിട്ട് അധികം നാളാകാത്ത ഒരു രാജ്യമാണിതെന്ന് അറിയാഞ്ഞിട്ടല്ല. ആ വരകളുടെ അർത്ഥം പോലും അറിയാത്ത കൊടികെട്ടിയ ഡ്രൈവർമാർ ധാരാളം ഇന്നാട്ടിലുണ്ടെന്ന് വിസ്മരിച്ചിട്ടുമല്ല. പക്ഷേ, ഇതുപോലുള്ള ‘വികസനങ്ങൾ‘ കാണുമ്പോൾ നിയന്ത്രണം വിട്ടുപോകുന്നതുകൊണ്ട് മാത്രമാണ്.
well said neeru