പ്രളയ ദുരിതാ‍ശ്വാസം കട്ട് തിന്നുന്നവർ


20200225_160357

ഴിഞ്ഞ മൂ‍ന്ന് വർഷം തൃക്കാക്കരയിൽ തങ്ങിയിരുന്ന വ്യക്തിയാണ് ഞാൻ. 2018ലെ പ്രളയത്തിൽ വരാപ്പുഴയും കലൂരും കളമശ്ശേരിയും അടക്കമുള്ള തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ പലയിടത്തും വെള്ളം പൊങ്ങിയപ്പോൾപ്പോലും തൃക്കാക്കരയിലും കാക്കനാടും പ്രളയം എത്തിനോക്കുക പോലും ചെയ്തിട്ടില്ല.

പ്രളയത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർ അവർക്കനുവദിക്കപ്പെട്ട സർക്കാർ സഹായം ലഭിക്കാൻ ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, ഭരിക്കുന്ന പാർട്ടിയുടെ തൃക്കാക്കരക്കാരൻ നേതാവിന്റെ അക്കൌണ്ടിൽ ചെന്ന് കയറിയത് 10.5 ലക്ഷം രൂപ !!

കള്ളക്കടത്ത് പോ‍ലുള്ള ഒരു കാര്യമാണ് ഇതും. സ്വർണ്ണം, മയക്കുമരുന്ന് കള്ളക്കടത്തുകൾ പിടിച്ചെന്ന് പത്രവാർത്തകൾ കാ‍ണാറില്ലേ ? എത്രയോ സ്വർണ്ണവും മയക്കുമരുന്നും ലക്ഷ്യത്തിലെത്തുമ്പോളാണ് ഒന്നോ രണ്ടോ പ്രാവശ്യം പിടിക്കപ്പെടുന്നതെന്ന് അറിയാമല്ലോ? അതുപോലെ തന്നെ പിടിക്കപ്പെട്ട ഒരു കള്ളത്തരം മാത്രമാണ് ഇത്. പിടിക്കപ്പെടാത്തത് എത്രയോ ഉണ്ടാകും. എറണാകുളം ജില്ലയിൽ മാത്രം 325 അനർഹർക്ക് പ്രളയസഹായം നൽകിയതായി കളൿടർ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ കണക്കെടുത്താൽ ആയിക്കണക്കിന് അനർഹർക്ക് കോടിക്കണക്കിന് രൂപ അങ്ങനെ നൽകി, ഉദ്യോഗസ്ഥർ അതിന്റെ കമ്മീഷൻ പുട്ടടിച്ച് കഴിഞ്ഞുകാണും ഇതിനകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ച പണവും അന്യനാടുകളിൽ ചെന്ന് തെണ്ടിപ്പിരിച്ച പണവുമൊക്കെ ഭരണകക്ഷി നേതാക്കന്മാരുടേയും ഉദ്യോഗസ്ഥരുടേയും ബന്ധുക്കളുടേയും വീടുകളിലേക്ക് ചെന്നുകയറിട്ടുണ്ടെന്ന് സാരം.

ഇതിനെ ന്യായീകരിക്കാനും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് വാദിക്കാനും കുറേ അണികളും ന്യായീകരണത്തൊഴിലാളികളും യാ‍തൊരു ലജ്ജയുമില്ലാതെ കച്ചകെട്ടി ഇറങ്ങുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പക്ഷേ, അക്കൂട്ടർക്ക് പോലും ജോലി കുറവാണ്. പ്രതിപക്ഷം എന്ന നിഷ്കൃയ കോമാ‍ളിക്കൂട്ടം ഇതൊന്നും ചോദ്യം ചെയ്യുന്നു പോലുമില്ല എന്നതുതന്നെ കാ‍രണം. വെള്ളിത്താലത്തിൽ വെച്ച് കൈപ്പറ്റാൻ പോകുന്ന അടുത്ത ഊഴത്തിനുള്ള കച്ച മുറുക്കുകയും കസേര തൂത്തിടുകയും ചെയ്യുന്ന തിരക്കിലാണ് അവർ.

സാധാരണക്കാരന്റേയും തൊഴിലാളികളുടേയുമൊക്കെ കാവലാളുകളാണ് എന്ന് കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷം നാട് ഭരിക്കുമ്പോൾ വേലി തന്നെ വിളവ് തിന്നുന്നത് കടുത്ത അനീ‍തിയാണ്, അഴിമതിയാണ്, നീചപ്രവർത്തിയാണ്. പ്രളയമൊക്കെ സഹിക്കാം. പക്ഷേ, ഇതുപോലുള്ള അഴിമതിക്കാരായ ആൾക്കാ‍രുടെ പ്രളയം എങ്ങനെ സഹിക്കും ?

വിരാമതിലകം:- കാശ് കൈപ്പറ്റിയ നേതാവ് പറയുന്ന ന്യായീകരണമാണ് ഗംഭീരം. ബാ‍ങ്കിലേക്ക് വന്നത് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വന്ന പണമാണെന്ന് അറിഞ്ഞില്ല പോലും! പിന്നെവിടന്ന് വന്ന പണമാണെന്ന് കരുതിയിട്ടാണാവോ അതിൽ നിന്ന് 5 ലക്ഷം രൂപ പിൻ‌വലിച്ച് പുട്ടടിച്ചത് ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>