വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു മോശം അനുഭവം ‘ബില്ലടച്ചാലും ഫൈൻ അടക്കേണ്ട ഗതികേട്’ എന്ന തലക്കെട്ടിൽ ബ്ലോഗിലൂടെ പങ്കുവെച്ചിരുന്നു ഇക്കഴിഞ്ഞ ദിവസം. ഈ ലിങ്കിലൂടെ അത് വായിക്കാം.
രത്നച്ചുരുക്കം ഇതാണ്. മെയ് മാസത്തെ ബില്ല് (തുക 310 രൂപ) മെയ് 2ന് കൈപ്പറ്റുകയും മെയ് 4ന്, 314 രൂപ അടക്കുകയും ചെയ്തെങ്കിലും. റീഡിങ്ങ് എടുത്ത വ്യക്തിക്ക് വന്ന പിശക് കാരണം 19 രൂപ കൂടുതൽ അടക്കാനുണ്ടാകുകയും അത് അടച്ചില്ല എന്ന പേരിൽ ഫ്യൂസ് ഊരാൻ നടപടി ആകുകയും, റീ-കണക്ഷൻ ചാർജ്ജ് 30 രൂപ + 19 രൂപ അധികം തുക + 1 രൂപ സർചാർജ്ജ് = 50 രൂപ ഫൈൻ അടക്കേണ്ടിയും വന്നു. KSEB ക്ക് പറ്റിയ പിശകിന് എനിക്ക് ഡിസ്‌കണക്ഷൻ നേരിടേണ്ടി വന്നു എന്നതാണ് എന്റെ പ്രശ്നം.
മേൽപ്പറഞ്ഞ പോസ്റ്റിന്റെ ലിങ്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ(ഇതാണ് ലിങ്ക്) ആ ദിവസം രാത്രി ശ്രീ.ദിനകർ മോഹന പൈ, ശ്രീ.തിരുവല്ലഭൻ, ശ്രീ.കൃഷ്ണപ്രസാദ്, ശ്രീ.പണിക്കര് ചേട്ടൻ എന്നീ ഓൺലൈൻ സുഹൃത്തുക്കൾ ചേർന്ന് അതൊരു നല്ല ചർച്ചയാക്കി മാറ്റി. കെ.എസ്.ഇ.ബി. യിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആ ചർച്ച മൂലം സാധിച്ചു.
ശ്രീ.തിരുവല്ലഭൻ ബോർഡിലെ എഞ്ചിനീയർ ആയതുകൊണ്ടും അദ്ദേഹത്തിന് ഈ വിഷയം പരിഹരിക്കണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹം ഉള്ളതുകൊണ്ടും എവിടെ ആരോടൊക്കെ പരാതിപ്പെടണം ഈ-മെയിൽ അയക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നു. എന്റെ ബ്ലോഗ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഡിപ്പാർട്ട്മെന്റിൽ പലരും കാണാൻ പാകത്തിന് അദ്ദേഹം ഷെയർ ചെയ്യുകയുമുണ്ടായി. രണ്ട് ദിവസത്തിനുള്ളിൽ തിരക്കെല്ലാം ഒഴിയുമ്പോൾ പരാതികൾ ഈ-മെയിലിൽ അയക്കാമെന്നും അതിന്റെ പ്രോഗ്രസ്സ് തിരുവല്ലഭനെ അറിയിക്കാമെന്നും ഞാൻ കരുതി.
അതിനിടയ്ക്ക്, കോളേജിൽ എന്റെ ജൂനിയറും ഇപ്പോൾ KSEB യിലെ വിവരസാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറൿടറും ആയ ശ്രീ.ലതീഷ് പീ.വി, ഈ പ്രശ്നം കൺസ്യൂമർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരിഹരിക്കാൻ സോഫ്റ്റ് വെയറിലൂടെ തന്നെ പറ്റും എന്ന കാര്യവും പങ്കുവെക്കുകയുണ്ടായി.
കൺസ്യൂമർക്ക് കിട്ടിയ ബില്ലിൽ നിന്ന് വ്യത്യസ്തമായി ബില്ല് തുക മാറിയെന്നിരിക്കാം. പക്ഷെ കിട്ടിയ ബില്ലിലെ തുക സോഫ്റ്റ്‌വെയറിൽ ചേർക്കാനുള്ള ഫീൽഡ് ഉണ്ട്. അത് ഫീഡ് ചെയ്താൽ അധികത്തുക അടുത്ത മാസത്തേക്ക് കയറ്റി വിടാൻ വകുപ്പുണ്ട്. പക്ഷെ അത്തരത്തിൽ ബില്ല് തുക ഫീഡ് ചെയ്യാതെ പണം കൈപ്പറ്റിയതുകൊണ്ടാണ് അധികത്തുക ഫൈൻ ആയി കയറി വന്നതെന്ന് അദ്ദേഹം വിശദമാക്കി. ഡിപ്പാർട്ട്മെന്റിൽ ഉള്ള എഞ്ചിനീയർമാർ തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ (ORUMA) ആണത്. അതിന്റെ പ്രായോഗിക പ്രശ്നങ്ങളും ഉപയോഗക്രമങ്ങളുമൊക്കെ വരും കാലങ്ങളിൽ ഇതുപോലുള്ള അനുഭവങ്ങളിലൂടെ മനസ്സിലാക്കാനും പരിഹരിക്കാനും KSEB ക്ക് കഴിയുമെന്ന് തന്നെ വേണം മനസ്സിലാക്കാൻ.
എന്തായാലും ഇന്ന് (മെയ് 30) രാവിലെ ഞാൻ കണക്ഷൻ എടുത്തിരിക്കുന്ന സൈറ്റിലെ കെട്ടിടത്തിലേക്ക് ചെറായി വൈദ്യുത ബോർഡ് ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ലൈൻമാൻമാരും വന്നുകയറി. നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഞാൻ ഫൈനടച്ച 50 രൂപ പണമായി തിരികെത്തന്ന് റസീപ്റ്റ് വാങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ സീനിയർ സൂപ്രണ്ടിന്റെ അടുത്ത് പോകാൻ ഇരിക്കുകയായിരുന്ന എനിക്ക് അതിന് മുന്നേ തന്നെ, സൈറ്റിൽ വന്ന് പ്രശ്നം പരിഹരിച്ച് തന്ന, (ഞാൻ പരാതിയൊന്നും എഴുതിക്കൊടുത്തിട്ടില്ല എന്നിരിക്കെത്തന്നെ) ബോർഡിനും ജീവനക്കാർക്കും ഈ അവസരത്തിൽ ബ്ലോഗിലൂടെ തന്നെ നന്ദി അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രശ്നത്തിൽ സജീവമായി ഇടപെട്ട തിരുവല്ലഭനും ലതീഷിനും ചെറായി ഓഫീസിൽ നിന്ന് സൈറ്റിലെത്തിയ എല്ലാ ജീവനക്കാർക്കും ബോർഡിനും ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു.
സോഫ്റ്റ് വെയറും അതിലൂടെയുള്ള ബില്ല് അടക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും തീർപ്പാകുന്ന കാര്യങ്ങൾ ബോർഡിനുള്ളിൽ ഔദ്യോഗികമായി ഷെയർ ചെയ്ത് മറ്റ് ജീവനക്കാരുമായും പങ്കുവെച്ച് പോകുന്ന രീതിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുകയുണ്ടായി. ശ്രീ.ലതീഷിൽ നിന്ന് മനസ്സിലാക്കാനായ വിവരം അദ്ദേഹവുമായി ഞാനും പങ്കുവെച്ചു. അത് പുതിയ അറിവാണെന്നും അക്കാര്യം ശ്രദ്ധിച്ച് ഇനി മുതൽ അപ്രകാരം ചെയ്യാമെന്നും തന്മൂലം മറ്റൊരു കസ്റ്റമർക്കും ഇത്തരം അനുഭവം ഉണ്ടാകാതെ നോക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഒരു ബില്ല് പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം എനിക്ക് കറന്റാപ്പീസിൽ പോകേണ്ടി വന്നെങ്കിലും നാലാമതൊന്ന് പോകാൻ ഇടവരുത്താതെ, ഒരു പരാതി പോലും എഴുതിക്കൊടുക്കാത്ത ഒരാൾക്ക്, പ്രശ്നപരിഹാരം ഉണ്ടാക്കാൻ ഇടയാക്കിയത് ഓൺലൈൻ മാദ്ധ്യമത്തിന്റെ കൂടെ ശക്തിയാണെന്ന് പറയാതെ വയ്യ. നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാൻ മറുവശത്തുള്ളവർ ശ്രമിച്ചേ പറ്റൂ എന്ന അവസ്ഥയാണ് നവമാദ്ധ്യമങ്ങൾ സംജാതമാക്കിയിട്ടുള്ളത്. അല്ലെങ്കിൽ കാട്ടുതീ പോലെ ഇത്തരം വിവരങ്ങൾ പടരും. ഈ വിഷയത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിശക് തിരുത്തിക്കൊണ്ട് KSEB നടപടി എടുത്തപ്പോൾ അതേ മാദ്ധ്യമത്തിലൂടെ അവരുടെ ശുഷ്ക്കാന്തി എല്ലാവരേയും അറിയിക്കുക എന്ന ഒരു സാമാന്യ മര്യാദയുടെ പേരിലാണ് ഈ നന്ദിക്കുറിപ്പ് എഴുതിയിടുന്നത്. സഹകരിച്ച എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി രേഖപ്പെടുത്തുന്നു.
സസ്നേഹം
- നിരക്ഷരൻ
(അന്നും, ഇന്നും, എപ്പോളും)