അംഗീകാരം

1

സന്തോഷവും സന്താപവും !!


2007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്.

ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. ആദ്യത്തേത് 2008 ൽ, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ പോകുകയും ചെയ്തു. രണ്ടാമത്തേത് ബൂലോകം ഡോട്ട് കോം, അവരുടെ പോർട്ടലിൽ എഴുതിയിടുന്നവരെ മാത്രം പരിഗണിച്ച് നടത്തിയ സൂപ്പർ ബ്ലോഗർ മത്സരമായിരുന്നു. അതിൽ ഞാനായിട്ട് അപേക്ഷ അയച്ചിട്ടില്ല, മത്സരത്തിന്റെ ഒരു ഘട്ടത്തിലും പ്രചരണമോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ ഓൺലൈനിലോ ഒന്നും അഭിപ്രായപ്രകടനങ്ങളോ മത്സരത്തിനാവശ്യമായ വോട്ട് പിടിക്കലോ ഒന്നും നടത്തിയിട്ടില്ല. എന്തൊക്കെ ആയാലും ഈ രണ്ട് മത്സരഫലങ്ങളും സമ്മാനിച്ചത് സന്തോഷമെന്ന പോലെ സന്താപം കൂടെയായിരുന്നു.

ആദ്യത്തെ മത്സരത്തിന് സമ്മാനമായി കിട്ടിയത് 25000 രൂപയും ഫലകവുമാണ്. അത് വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി കസേരയിൽ വന്നിരുന്നപ്പോൾ മുതൽ മറ്റൊരു ഭാഗത്തിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നൊന്നായി വന്ന് കുശലം പറയാൻ തുടങ്ങി. അവരുടെ ടേബിളിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയും ഇപ്രകാരം ഞാനിരിക്കുന്ന ടേബിളിൽ വന്ന് സംസാരിക്കുകയുണ്ടായി. അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തൊടെയാണ് അവർ ക്ഷണിക്കുന്നതെന്നറിയാതെ ഞാനവരുടെ ടേബിളിലേക്ക് ചെന്നു. 2008ലെ വേൾഡ് മലയാളി യു.കെ. ചാപ്റ്ററിന്റെ ഭാരവാഹിയായ സംഘത്തലവൻ അടക്കം ആരുടേയും പേര് ഇപ്പോളും എനിക്കറിയില്ല. തലവൻ അടക്കം പലരും മദ്യപിച്ചിട്ടുണ്ടെന്ന് ഗന്ധത്തിൽ നിന്ന് വ്യക്തം.

സമ്മാനദാന പരിപാടി നടന്നപ്പോൾ, എന്റെ പ്രവാസരാജ്യം യു.കെ. ആണെന്ന് സംഘാടകർ വിളിച്ച് പറഞ്ഞത് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലാക്കാനായി. വേൾഡ് മലയാളി യു.കെ.ചാപ്റ്ററിന്റെ നേതാവ് അറിയാതെ യു.കെ.യിൽ നിന്ന് ഒരുത്തന് സമ്മാനമോ, എന്നാണ് അവരുടെ ചിന്ത. ഞാൻ വേൾഡ് മലയാളി കൌൺസിലിൽ അംഗമല്ല എന്ന് മനസ്സിലാക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. അവർ ആ ടേബിളിൽ ഇരുത്തി എന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു. വേദിയുടെ മുൻപിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ.എസ്.ആർ.നാഥനും മറ്റ് മന്ത്രിമാരും കേരളത്തിൽ നിന്നുള്ള മന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളുമൊക്കെ ഇരിക്കുന്നതുകൊണ്ട് ഒരു കശപിശ ഉണ്ടാക്കാൻ എനിക്ക് അശ്ശേഷം താൽ‌പ്പര്യമില്ലായിരുന്നു. അവർക്കതൊന്നും പക്ഷേ പ്രശ്നമേയല്ല. ‘കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട്. ആദ്യകാലത്തൊക്കെ ദുബായ് ദുബായ് എന്നാണ് പറഞ്ഞ് നടന്നിരുന്നത്, ഇപ്പോൾ യു.കെ. യു.കെ. എന്നാണ് പല്ലവി. ഒരാൾ 40 രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അവിടത്തെയൊക്കെ ആളാണെന്നാണോ അതിനർത്ഥം?‘ എന്നിങ്ങനെ പോകുന്നു വാക്കുകൾ.

ഞാൻ മത്സരത്തിനായി ആർട്ടിക്കിൾ അയക്കുന്നത് യു.കെ.യിൽ വെച്ചാണ്. ആ സമയത്ത് മുഴങ്ങോടിക്കാരി നല്ലപാതി യു.കെ.യിൽ ജോലി ചെയ്യുന്നു. മകൾ യു.കെ.യിൽ പഠിക്കുന്നു. ഒരുമാസത്തെ എണ്ണപ്പാടത്തെ ജോലിക്ക് ശേഷം അടുത്ത ഒരുമാസം ഞാൻ അവധിക്ക് പോകുന്നതും ജീവിക്കുന്നതും യു.കെ.യിൽ. സമ്മാനം വാങ്ങാൻ ചെല്ലുമ്പോളും ഇതുതന്നെയാണ് സ്റ്റാറ്റസ്. സംഘാടകർ എന്നെ യു.കെ. പ്രവാസിയായി കണക്കാക്കാനുള്ള കാരണം ഇതൊക്കെ ആയിരിക്കണം. അവരായിട്ട് ഞാൻ ഏത് നാട്ടിലെ പ്രവാസിയാണെന്ന് ചോദിച്ചിട്ടില്ല, ഞാനൊട്ട് പറഞ്ഞിട്ടുമില്ല.

ഏതാണ് 15 മിനിറ്റ് സമയത്തോളം യു.കെ.ക്കാരുടെ ‘അഭിനന്ദനങ്ങൾ‘ ഏറ്റുവാങ്ങിയശേഷം. ‘നിങ്ങൾ സംഘാടകരോട് പരാതി പറഞ്ഞ്, ഞാൻ എറണാകുളത്തുകാരൻ ആണെന്ന് തിരുത്തി പറയിപ്പിച്ചോളൂ‘ എന്ന് പറഞ്ഞ് ഞാൻ എന്റെ ടേബിളിലേക്ക് മടങ്ങി.

‘ഇട്ടിരിക്കുന്ന വേഷത്തിനോടെങ്കിലും അൽ‌പ്പം മാന്യത കാണിച്ചുകൂടെ?’
എന്ന്, നടന്നുനീങ്ങുന്ന എന്നെ പിന്നിൽ നിന്ന് എല്ലാവരും കേൾക്കെ ശബ്ദമുയർത്തി അക്ഷേപിക്കാനും സംഘത്തലവന് മടിയൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലെ പരിപാടികളിലൊന്നും പങ്കെടുക്കാനുള്ള മനസ്സ് പിന്നീടുണ്ടായിരുന്നില്ല. സംഘാടകരിൽ ഒരാളായ ശ്രീ.ശ്രീകുമാറിനോട് കാര്യങ്ങളൊക്കെ പരാതിയായിത്തന്നെ പറഞ്ഞശേഷം അദ്ദേഹം ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സന്തോഷം അശേഷമുണ്ടായിരുന്നില്ല മനസ്സിലപ്പോൾ. നാണയത്തിന് സന്താപം എന്ന ഒറ്റവശം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയ മണിക്കൂറുകൾ. (യു.കെ. ചാപ്റ്ററിന്റെ തലവനും സംഘവും തൊട്ടടുത്ത ദിവസവും സമ്മേളനസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പിന്നീട് സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞു.)

എന്റെ ജോലിസംബന്ധമായി പലരാജ്യങ്ങളിലും, മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി മദ്രാസ്, ബാംഗ്ലൂർ, യു.കെ. എന്നിങ്ങനെ പല നഗരങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനെവിടുത്തുകാരൻ ആണെന്ന് ചോദിച്ചാൽ എറണാകുളത്തുകാരൻ എന്ന് പറയാനേ അന്നും ഇന്നും എനിക്കാവൂ. അതിനിടയിലുള്ളതെല്ലാം പ്രവാസം മാത്രം. മറ്റ് രാജ്യങ്ങളിലും നഗരങ്ങളിലും ചെന്ന് ചേക്കേറി, കടിച്ച് തൂങ്ങിയും കഷ്ടപ്പെട്ടും ജീവിച്ച്, പച്ചക്കാർഡും സിറ്റിസൺഷിപ്പുമൊക്കെ സമ്പാദിച്ചാലും, തൊലിനിറം കൊണ്ടും വംശപരമായും മനസ്സുകൊണ്ടും ആരും അവനവന്റെ വേരുകളിൽ നിന്നും ജീനുകളിൽ നിന്നും മണ്ണിൽ നിന്നും വിട്ടുപോകുന്നില്ല. അത് മനസ്സിലാക്കാതെയോ മനസ്സിലാക്കാത്ത ഭാവത്തിലോ പലരും പലയിടങ്ങളിലും ജീവിച്ചുപോകുന്നു. നാല് വർഷത്തിന് ശേഷം ആ സംഭവത്തെപ്പറ്റി ആലോചിക്കുമ്പോൾ വിട്ടുമാറാത്ത വിഷമത്തിനൊപ്പം ഇങ്ങനെയും പലചിന്തകൾ പൊങ്ങിവരുന്നു.

രണ്ടാമത്തേത് ‘ബൂലോകം ഡോട്ട് കോം 2011 സൂപ്പർ ബ്ലോഗർ‘ അവാർഡുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ. ഈ മത്സരത്തിൽ അവാർഡ് കിട്ടുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ആരെങ്കിലുമൊക്കെ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ ധാരണ ശുദ്ധ അസംബന്ധമാണ്. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരിൽ നിന്നുള്ള (ബൂലോകം ഡോട്ട് കോം പോർട്ടലിൽ എഴുതുന്നവരിൽ നിന്ന് മാത്രമുള്ള ) തിരഞ്ഞെടുപ്പാണിത്. അതിനവർ സൂപ്പർ ബ്ലോഗർ എന്നൊരു പേരും ഇട്ടു. അല്ലാതെ, ഇതിൽ വിജയിക്കുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്തായാലും, ആ വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെ ആരും അറിയാത്ത കാര്യമൊന്നുമല്ല. മത്സരഫലം വന്നപ്പോൾ അതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണങ്ങൾ. തെളിവുകൾ ഉണ്ടെന്നും ഹാക്ക് ചെയ്ത തെളിവുകൾ പ്രദർശിപ്പിക്കുമെന്നും വെല്ലുവിളികളും പ്രഖ്യാപനങ്ങളും.

ഞാനായിട്ട് അപേക്ഷ അയച്ച് പങ്കെടുത്ത ഒരു മത്സരമല്ല ഇത്. വായനക്കാരുടെ വോട്ട് കിട്ടാനായി ബ്ലോഗ്, ഫേസ്‌ബുക്ക്, ഈ-മെയിലുകൾ, ഫോണുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു പ്രചരണവും നടത്തിയിട്ടില്ല, ഇങ്ങനൊരു മത്സരം ഉണ്ടെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും ആരോടും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പലരും ഇതൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരണങ്ങൾ ചെയ്യാത്ത ഒരാൾ തോറ്റുപൊയ്ക്കോളും എന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ജയിച്ചത് തന്നെയാണ് വീണ്ടും പ്രശ്നമായത്.

മത്സരത്തിന്റെ സ്കോർ ഷീറ്റ് കുറഞ്ഞ പക്ഷം എന്നെയെങ്കിലും കാണിക്കാതെ ഞാനീ ഫലം അംഗീകരിക്കില്ല എന്ന് സംഘാടകർക്ക് എഴുതി. സ്ക്കോർ ഷീറ്റ് സോഫ്റ്റ്‌വെയറിൽ നിന്ന് കിട്ടുന്ന പോലെ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്കവർ അയച്ച് തരുകയും, സമ്മാനദാന ദിവസം ആരെ വേണമെങ്കിലും അത് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. യു.കെ.യിൽ ഇരിക്കുന്ന സംഘാടകരുടെ സമയക്കുറവും ലീവിന്റെ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ കാരണം സമ്മാനദാനച്ചടങ്ങ് ഇതുവരെ ഉണ്ടായില്ല. മനസ്സുകൊണ്ട് ഞാനും അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. മതി…..കിട്ടിയിടത്തോളം മനസ്സ് നിറഞ്ഞിരിക്കുന്നു.

ഒക്കെയും ഒന്ന് കെട്ടടങ്ങി എന്ന അവസ്ഥയിൽ‌പ്പോലും, ചെളിക്കുണ്ടിൽ വടി നാട്ടി, അതിൽ ഇല്ലാത്ത ആരോപണങ്ങൾ എഴുതിത്തൂക്കി, ഞാനവിടെച്ചെന്ന് മറുപടി കൊടുക്കുമെന്ന് കാത്തിരുന്നു മറ്റൊരു കക്ഷി. കണ്ടതായി ഭാവിക്കാതെ ഉരിയാടാതെ മാറിനിന്നു. നേരിട്ട് മെയിലിലൂടെയും ഫോണിലൂടെയും അന്വേഷിച്ചവരോട്, ‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം‘ എന്ന് മറുപടിയും കൊടുത്തു. പിന്നീട് അത്തരം പോസ്റ്റുകൾ ഡീലീറ്റ് ചെയ്യപ്പെട്ടു. അതാരും അറിയുന്നില്ലല്ലോ? നമുക്ക് കിട്ടാനുള്ളത് കിട്ടി വീർത്ത് നീരുവെച്ചതും, പഴുത്ത് പൊട്ടി പുണ്ണായതും, ആരും അറിയുന്നില്ലല്ലോ !

രണ്ട് ദിവസം മുൻപ് (2012 ഡിസംബർ 6) സമ്മാനത്തുകയായ 13001 രൂപ ഓൺലൈൻ വഴി എന്റെ ബാങ്കിലേക്ക് അയച്ചുതന്നു ബൂലോകം ഡോട്ട് കോം സംഘാടകർ. വളരെ വളരെ നന്ദി.

അംഗീകാരങ്ങളും സമ്മാനങ്ങളുമൊക്കെ ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ്. അത് കിട്ടിയവന്റെ സന്തോഷം ഒരുപക്ഷെ മനസ്സിലാക്കാൻ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് പറ്റിയെന്ന് വരും, പക്ഷെ അയാൾക്ക് ഇതിനിടയിൽ ഉണ്ടായ മനോവിഷമത്തിന്റെ ആഴം ഊഹിക്കാൻ ആർക്കെങ്കിലും ആയിട്ടുണ്ടോ എന്ന് സംശയമാണ്.

ഗുണപാഠം ഇതാണ്. അവാർഡുകൾ അല്ലെങ്കിൽ സമ്മാനങ്ങൾ, സന്തോഷവും സന്താപവും ചേർന്ന ഒരു പാക്കേജ് ആണ്. അതിലുള്ള ‘സന്തോഷം‘ പലരുമായും പങ്കുവെക്കാനാകും. പക്ഷേ, ‘സങ്കടം‘ ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതാണ്. സത്യത്തിൽ അതാണ് അവാർഡ് ജേതാവിന് മാത്രമായിട്ട്, മുഴുവനായിട്ട് കിട്ടുന്ന സമ്മാനം. അതിനെക്കൂടെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രാപ്തിയുണ്ടാകണം.

അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു. 13001 രൂപകൊണ്ട് എന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ല. അതേസമയം, അത്രയും പണമുണ്ടെങ്കിൽ ഒരുപാട് പേരുടെ പലപല പ്രശ്നങ്ങൾക്ക് അൽ‌പ്പമെങ്കിലും അറുതി വരുത്താൻ പറ്റിയെന്നും വരും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്കായി ഈ തുക ഇന്ന് (2012 ഡിസംബർ 08) ഓൺലൈനായി അയച്ചുകൊടുക്കുന്നു. നേരിൽ വന്ന് തരണമെന്നുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള പല കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടുനിൽക്കാനുള്ള ശേഷി ഇനിയും കൈവരിക്കാനായിട്ടില്ല. ആരും അറിയാതെ ഇത് ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷെ, വർഷങ്ങളായി ഉള്ളിൽ വിങ്ങിക്കൊണ്ടിരിക്കുന്ന ചിലതൊക്കെ എഡിറ്ററില്ലാത്ത ഈ മാദ്ധ്യമത്തിൽ കെട്ടഴിച്ച് വിട്ടാൽ അൽ‌പ്പം ആശ്വാസം കിട്ടുമെന്ന് തോന്നി. അത് തെറ്റായിപ്പോയെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക.

സസ്നേഹം

-നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)