മഴ തുടങ്ങിയതേയുള്ളൂ. അതിന് മുന്നേ ദുരന്തം ഒരെണ്ണം സംഭവിച്ച് കഴിഞ്ഞു. ഉത്ഘാടനം കാത്തിരിക്കുന്ന മലപ്പുറം വേങ്ങര കുരിയാട് ഭാഗത്തെ ദേശീയപാത ഇടിഞ്ഞ് വീണു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പുതിയ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. എങ്ങനെയാണ് രാജ്യത്ത് റോഡുകൾ ഉണ്ടാക്കുന്നതെന്നും എത്രത്തോളം അഴിമതി നിറഞ്ഞതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെന്നും നമ്മൾക്കെല്ലാവർക്കും ഇതിനകം അറിവുള്ളതാണ്. അത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയാൽ ഒരു കാലത്തും തീരാൻ പോകുന്നില്ല. അത്തരം അഴിമതികളൊക്കെ ഇല്ലാതാക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകണം. അതൊന്നും ഈ രാജ്യത്ത് നടപ്പുള്ള കാര്യമല്ല. ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും മത്സരിച്ച് അഴിമതി നടത്തിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇത്തരം അപകടങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളത്തിൽ അങ്ങോളമിങ്ങോളം ഈ മഴക്കാലത്ത് വാഹനങ്ങൾ ഓടിച്ച് നടക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ റോഡുകളിൽ പലയിടത്തും ഇത്തരം അപകടങ്ങൾ ഈ മഴക്കാലത്ത് പ്രതീക്ഷിക്കാം. അഥവാ ഈ മഴക്കാലത്ത് കേരളം നേരിടാൻ പോകുന്ന പ്രധാന ദുരന്തം ഈ പുതിയ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സംഭവിച്ചേക്കാവുന്ന റോഡ് ഇടിച്ചിൽ ആയിരിക്കാം.
പുതിയതായി ഉണ്ടാക്കിയ പാതകളിൽ ശ്രദ്ധിച്ച് പോകണം എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നോക്കി നിൽക്കേ റോഡുകൾ വിണ്ടുകീറി പാതാളത്തിലേക്ക് പോകുന്ന അവസ്ഥയിൽ നമ്മളെന്തോന്ന് ശ്രദ്ധിക്കാൻ?
മഴക്കാലത്ത്, പുതിയ പാതകളിൽ വാഹനം ഓടിക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കാനുള്ളൂ. ഒരു സീസൺ മഴയും വെയിലും ഏറ്റ് കിടന്നതിന് ശേഷം പുതിയ വഴികളിലൂടെ പോകുക എന്നതാണ് ഞാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി. അത് എത്രത്തോളം പ്രായോഗികം ആണെന്ന് കണ്ടറിയണം. നിത്യേന അത്തരം പാതകളിലൂടെ സഞ്ചരിച്ചാലേ പറ്റൂ എന്നുള്ളവരുടെ കാര്യത്തിൽ അത് ഒട്ടും നടപടിയാകില്ല. ചുരുക്കത്തിൽ പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പൊതുമരാമത്ത് വകുപ്പുകൾ ഉള്ള രാജ്യത്തെ മനുഷ്യരുടെ ഗതികെട്ട അവസ്ഥയാണിത്. ആരോട് പറയാൻ? ആര് കേൾക്കാൻ?
വാൽക്കഷണം:- ദുരന്തം എന്തെങ്കിലും ഒരെണ്ണം വരണമെന്ന് കാത്തിരിക്കുന്നവരുണ്ട്. അതെന്തിനാണെന്ന് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അരിഭക്ഷണം കഴിച്ച് വളർന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഓരോ ദുരന്തങ്ങളും അവർക്ക് മുന്നോട്ടുള്ള ചവിട്ടുപടികളാണ്. നമുക്കങ്ങനെയല്ല. അതോർമ്മയുണ്ടായാൽ നന്ന്.