2024 സെപ്റ്റംബർ 13ന് യാത്ര ആരംഭിച്ച ഞാൻ ഇന്നേക്ക് (2024 ഡിസംബർ 21) 100 ദിവസം തികയ്ക്കുന്നു. ഇതുവരെ ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘമേറിയ യാത്ര! കഴിഞ്ഞിട്ടില്ല; 50 ദിവസം കൂടെ ഈ യാത്ര നീണ്ടുനിൽക്കും.
രാവിലെ തന്നെ മഞ്ജു പ്രാതൽ ഉണ്ടാക്കി റയിൽവേ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് തന്നു. ലക്ഷദ്വീപിൽ നിന്നുള്ള മഞ്ജുവിന്റെ ഒരു സഹപ്രവർത്തക നൽകിയ മധുരവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അങ്ങനെ നൂറാം ദിവസത്തിന്റെ തുടക്കം ഗംഭീരമായി.
നൂറാമത്തെ ദിവസം ഒരു കോട്ട കണ്ടിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് നടക്കാനുള്ള സാദ്ധ്യത കുറവായിരുന്നു. എങ്കിലും അവസാനം അത് നടന്നു.
രാജസ്ഥാനിലെ സിക്കർ ഹബ്ബിൽ നിന്ന് കാണേണ്ട കോട്ട ആയിരുന്നു മുൻഡ്രു. പക്ഷേ ഞാൻ നോക്കുമ്പോൾ, മുൻഡ്രുവിന് സിക്കറിനേക്കാൾ അടുപ്പം ജയ്പൂരിനോടാണ്. അങ്ങനെയാണ് ജയ്പൂർ വഴി ഗുജറാത്തിലേക്ക് മടങ്ങുന്നതിന് മുൻപ് മുൻഡ്രു കോട്ട സന്ദർശിക്കാം എന്ന് തീരുമാനിച്ചത്.ആയതിനാൽ ഈ നൂറാം ദിവസം എനിക്ക് പോകാൻ ഒരു കോട്ട കിട്ടി. എങ്കിലും കോട്ടയുടെ അവസ്ഥയെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു. മലമുകളിലാണോ, അടഞ്ഞ് കിടക്കുകയാണോ, തകർന്ന് കിടക്കുകയാണോ എന്നൊന്നും അറിയില്ല.
ജയ്പൂരിൽ നിന്ന് ഒന്നര മണിക്കൂറോളം സഞ്ചരിച്ച് (70 കിലോമീറ്റർ) മുൻഡ്രുവിൽ എത്തിയപ്പോൾ ഭാഗ്യത്തിന്, ചെറിയൊരു കുന്നിൻ മുകളിലുള്ള കോട്ട ദൂരെ നിന്ന് തന്നെ കാണാം. 130ൽപ്പരം പടികൾ കയറിയാൽ കുന്നിൻ മുകളിൽ എത്താം.
ധാരാളം സന്ദർശകർ അങ്ങോട്ട് പോകുന്നുണ്ട്. അതിന് കാരണം കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രമുണ്ട് എന്നതാണ്. കോട്ടയോളം തന്നെ പഴക്കം ക്ഷേത്രത്തിനുമുണ്ട് എന്നാണ് പൂജാരി പറയുന്നത്.
വളരെ ചെറിയ ഒരു കോട്ടയാണ് ഇത്. 50,000 ചതുരശ്ര അടി വിസ്തീർണ്ണം കാണും. കോട്ടയിലെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു ജലസംഭരണിയും ഉണ്ട്. നിലവിൽ അതിന്റെ അവസ്ഥ ശോചനീയമാണ്. കോട്ടയുടെ കാര്യമായ ചരിത്രമൊന്നും ലഭ്യമല്ല. പൊട്ടിപ്പൊളിഞ്ഞ മതിലിന്റെ ഭാഗങ്ങളിൽ ചെറുതായി മിനുക്ക് പണികൾ നടത്തിത്തുടങ്ങിയിട്ടുണ്ട്.
ക്ഷേത്രത്തിന് അകത്ത് കയറിയെങ്കിലും പൂജാരിയുടെ അടുത്തേക്ക് ചെന്നാൽ കവിളിലും നെറ്റിയിലും ചുവന്ന അടയാളങ്ങൾ ഇട്ട് വിടുന്നതുകൊണ്ട് കുറച്ച് അകന്ന് നിന്ന് പടങ്ങൾ എടുത്തശേഷം പുറത്ത് കടന്നു.
യാത്രയുടെ നൂറാം ദിവസം പ്രമാണിച്ച് ഇന്ന് പുറത്ത് എവിടെന്നെങ്കിലും മഞ്ജുവിനും നിതേഷിനും ഒപ്പം ഭക്ഷണം കഴിക്കാമെന്ന് ഞാൻ നിർദ്ദേശം വെച്ചിരുന്നു. മഞ്ജു അപ്പോൾ മറ്റൊരു ആശയവുമായി വന്നു.
ജയ്പൂരിലെ ഗോപാൽപുരയിൽ ഒരു അയ്യപ്പസ്വാമി ക്ഷേത്രം ഉണ്ട്. സത്യത്തിൽ ജയ്പൂരിൽ മൂന്ന് അയ്യപ്പസ്വാമി ക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പഴക്കം ഗോപാൽപുരയിലെ ക്ഷേത്രത്തിനാണ്. മണ്ഡല മാസം പ്രമാണിച്ച് അവിടെ എല്ലാ ദിവസവും രാത്രി സദ്യ ഉണ്ട്. രാത്രി എട്ട് മണിക്ക് അവിടെപ്പോയി സദ്യ അടിക്കാം. മഞ്ജുവിന്റെ മകൾ ഖുശി നാളെ ഹോസ്റ്റലിൽ നിന്ന് വരും. നൂറാം ദിനത്തിൻ്റെ ആഘോഷം ഖുശി കൂടെ വന്നതിന് ശേഷം നാളെ കൊണ്ടാടുന്നു. അഥവാ, ആഘോഷം രണ്ട് രാത്രികളിലേക്ക് നീളുന്നു.
അയ്യപ്പസ്വാമി ക്ഷേത്രത്തിലെ സദ്യ നന്നായിരുന്നു. മലയാളികൾ മാത്രമല്ല ആ ഭാഗത്തുള്ള നാട്ടുകാരും എൻട്രൻസ് കോച്ചിങ്ങിന് പഠിക്കാൻ വേണ്ടി അവിടെ വന്ന് നിൽക്കുന്ന കോളേജ് കുട്ടികളുമൊക്കെ ആ ഭക്ഷണം കഴിക്കാൻ എത്തുന്നു.
അപ്പൂപ്പൻ എല്ലാ വർഷവും വീട്ടുമുറ്റത്ത് അയ്യപ്പൻ വിളക്ക് നടത്തിയ ശേഷം ശബരിമല കയറിയിരുന്നതുകൊണ്ട്, ‘മലയന്മാർ’ എന്ന വിളിപ്പേര് വീണ കുടുംബത്തിലെ ഇളമുറക്കാരന്, അങ്ങനെ ജയ്പൂരിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കിട്ടി.
നാട്ടിൽ നിന്ന് ജോലി സംബന്ധമായി വന്ന് ജയ്പൂരിൽ സ്ഥിര താമസമാക്കിയ ധാരാളം പേരെ അവിടന്ന് പരിചയപ്പെടുകയും ചെയ്തു. ക്ഷേത്രത്തിൽ പടം എടുക്കൽ നിഷിദ്ധമാണ്.
ജയ്പൂരിൽ ഇന്ന് രണ്ട് ഡിഗ്രി തണുപ്പ് കുറവാണ്. പക്ഷേ, തണുപ്പ് കൂടുതലായാണ് അനുഭവപ്പെടുന്നത്.
നാളെ ഒരു ദിവസം വെറുതെ ജയ്പൂർ നഗരത്തിൽ അലഞ്ഞ് തിരിയും. മറ്റന്നാൾ രാവിലെ ഗുജറാത്തിലേക്ക്. അങ്ങനെയാണ് നിലവിലെ പദ്ധതി.
ശുഭരാത്രി.