രാവിലെ ഏഴര മണിക്ക് പാലിയിൽ നിന്ന് ജയ്പൂരിലേക്ക് തിരിച്ചു. 300 കിലോമീറ്റർ ദൂരം 05:45 മണിക്കൂർ യാത്ര.
ഒരു ഗ്യാസ് സ്റ്റേഷനിലാണ് ഇന്നലെ രാത്രി തങ്ങിയതെങ്കിലും, കുളിയും തേവാരവും അടക്കം എല്ലാ പ്രഭാതകർമ്മങ്ങളും ഭാഗിയുടെ സൗകര്യത്തിലാണ് ചെയ്തത്. ഭാഗി വന്നതിനുശേഷം ആദ്യമായിട്ടാണ് അങ്ങനെ ചെയ്യുന്നത്. ഇനിയുള്ള ദിവസങ്ങളിൽ പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരും എന്നതുകൊണ്ട്, റിഹേഴ്സൽ എടുക്കുകയായിരുന്നു.
രാജസ്ഥാനികളെപ്പോലെ പ്രാതൽ വൈകി കഴിക്കുന്ന ശീലം ഞാൻ ആരംഭിച്ചു കഴിഞ്ഞു. പത്തരമണിക്ക് പ്രാതൽ കഴിക്കാൻ നിർത്തിയ, ഭേദപ്പെട്ട ഒരു ധാബയുടെ ഉടമയുമായി ചങ്ങാത്തം കൂടി. അദ്ദേഹത്തിൻ്റെ പേര് ചേതൻ പ്രകാശ്. ഇനിമുതൽ ഈ വഴിക്കുള്ള യാത്രയിൽ തങ്ങാൻ വേണ്ടി ഞാൻ ആ സ്ഥലം മാപ്പിൽ അടയാളപ്പെടുത്തി. സ്ഥലത്തിന്റെ പേര് പിപ്പലിയ കലാൻ. ധാബയുടെ പേരിന് ഭാഗിയുമായി സാമ്യമുണ്ട്. ‘ഭാഗ്യബാൻ ഭോജനാലയ് ‘. ചേതൻ, എൻ്റെ യൂട്യൂബ് ചാനലും ഇൻസ്റ്റയും കയ്യോടെ സബ്സ്ക്രൈബ് ചെയ്തു.
ജയ്സാൽമീർ എന്ന മരുഭൂമി വിട്ട് ജയ്പൂരിൽ എത്തിയപ്പോഴേക്കും ചൂട് സ്വല്പം കുറവുണ്ട്. നഗരത്തിലേക്ക് എത്തുന്നതോടെ ഗതാഗതത്തിരക്ക്, എന്നുവച്ചാൽ ലോറിത്തിരക്ക് തന്നെ, വല്ലാതെ കൂടുന്നുണ്ട്. ഇങ്ങോട്ട് എത്തുമ്പോഴേക്കും ഒരുപാട് ഹരിയാന വണ്ടികളും ഡൽഹി വണ്ടികളും കാണാനാകുന്നുണ്ട്. ഡൽഹിയിലേക്കുള്ള ദൂരം വെറും 308 കിലോമീറ്റർ മാത്രം. ഒന്ന് പോയി വന്നാലോ എന്ന് ആലോചനയുണ്ട്.
ജയ്പൂരിൽ, മഞ്ജു പരീക്കിന്റെ Manju Pareek അടുത്തേക്കാണ് യാത്ര. മറ്റൊരു ഓൺലൈൻ സുഹൃത്ത് ആശാ അരവിന്ദ് വഴിയാണ് ഞാൻ മഞ്ജുവിനെ ഓൺലൈനിൽ പരിചയപ്പെടുന്നത്.
മഞ്ജു ലൊക്കേഷൻ അയച്ചു തന്നു. ജയ്പൂർ റെയിൽവേ ആശുപത്രിയിലെ നേഴ്സ് ആണ് മഞ്ജു. 20 വർഷത്തിലധികമായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നു. തിരുവനന്തപുരം ജില്ലക്കാരിയായ (വെമ്പായം) മഞ്ജുവിന്റെ ഭർത്താവ് നിധേഷ്, ജയ്പൂർകാരനാണ്. ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള എണ്ണം പറഞ്ഞ സഞ്ചാരിയാണ് നിധേഷ്. നിലവിൽ മഞ്ജുവിനേക്കാൾ അധികം മലയാളി സുഹൃത്തുക്കളുള്ള രാജസ്ഥാൻകാരൻ. അതുകൊണ്ടുതന്നെ ഈ കോർട്ടേഴ്സ് പല മലയാളി സഞ്ചാരികളുടേയും ഇടത്താവളമാണ്. മഞ്ജു-നിധേഷ് ദമ്പതികളുടെ മകൾ, ഖുഷി വക്കീൽ ഭാഗം പഠിക്കുന്നു. ‘കോസ്മോ’ എന്ന പൂച്ചയും കൂടെ ആകുമ്പോൾ പരീക്ക് കുടുംബം പൂർത്തിയാകുന്നു. അങ്ങനെ ഒരു ഓൺലൈൻ സുഹൃത്ത് കൂടെ ഓഫ്ലൈൻ ആയി.
റെയിൽവേ ക്വാർട്ടേഴ്സ് എനിക്ക് തുറന്ന് തന്ന്, കുളിക്കാനും അലക്കാനുമുള്ള സൗകര്യങ്ങൾ കാണിച്ച് തന്ന് മഞ്ജു ആശുപത്രിയിലേക്ക് പോയി. അൽപ്പം മുൻപ് മഞ്ജു തിരിച്ചെത്തിയപ്പോഴേക്കും ബാക്ക് അപ്പ് അടക്കം ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്തു തീർത്തു. രാത്രി ഭക്ഷണത്തിൻ്റെ ഏർപ്പാട് മഞ്ജു ഏറ്റെടുത്ത് കഴിഞ്ഞു.
രണ്ട് സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ച ദിനം എന്നാണ് ഇന്നത്തെ ദിവസത്തെ അടയാളപ്പെടുത്താനുള്ളത്. അതൊരു ചെറിയ കാര്യമൊന്നും അല്ലല്ലോ?
ശുഭരാത്രി.