ഇന്നലെ രാത്രി ഫേസ്ബുക്ക് സുഹൃത്ത് അനസിൻ്റെ Anas Ak സന്ദേശം വന്നിരുന്നു. “മൗണ്ട് അബുവിൽ ഒരു ഔദ്യോഗിക ആവശ്യത്തിന് വരുന്നുണ്ട്, നേരിട്ട് കാണാൻ പറ്റുമോ” എന്നാണ് ചോദ്യം. രാവിലെ അദ്ദേഹം താമസിക്കുന്ന ഇടത്ത് ചെന്ന് അവിടെ ഒരു മുറിയിൽ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു, അനസിനെ ഓഫ്‌ലൈൻ ആക്കി, ഒരുമിച്ച് പ്രാതൽ കഴിച്ചു. രണ്ട് മലയാളികൾ ഓഫ്‌ലൈൻ ആക്കാൻ ഇത്രയും ദൂരം വരേണ്ടി വന്നത് എത്ര രസകരമാണല്ലേ? സൗഹൃദങ്ങൾ പൂത്തുലയുന്ന വഴികൾ നോക്കൂ.
270 കിലോമീറ്ററാണ് മൗണ്ട് അബുവിൽ നിന്ന് ജോഥ്പൂരിലേക്ക്. ഭാഗിക്ക് കഷ്ടി 5 മണിക്കൂർ ഓട്ടം. പക്ഷേ, ഇടയ്ക്കും തലയ്ക്കും നിന്ന് മെല്ലെയാണ് ഭാഗി പൊയ്ക്കൊണ്ടിരുന്നത്.
സ്വരൂപ് ഗഞ്ചിൽ രണ്ട് ദിവസം മുൻപ് സൈക്കിൾ സഞ്ചാരി കരൺരാജിനെ കണ്ട സ്ഥലത്ത് മാർബിളിൽ കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്ന ഫാക്ടറി ഞാൻ അന്നേ നോട്ടമിട്ടിരുന്നതാണ്. പൂന്തോട്ടത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കാൻ വേണ്ടിയുള്ള നല്ല മാർബിൾ തൊട്ടികൾ രാജസ്ഥാനിൽ നിന്നല്ലെങ്കിൽ വേറെ എവിടന്ന് വാങ്ങാനാണ്. ഉദ്ദേശിച്ചത് പോലെ ഗംഭീരമായ ഒരു മാർബിൾ തൊട്ടി വാങ്ങുകയും ചെയ്തു.
അങ്ങനെ നിർത്തി നിർത്തി ഇരുട്ടുന്നതിന് മുന്നേ ജോഥ്പൂരിൽ എത്തണമെന്നേ എനിക്കുള്ളൂ. അൽപ്പം വൈകി എത്തിയാലും ജോഥ്പൂർ എനിക്ക് വീട്ടുമൈതാനം പോലെയാണ്.
പത്ത് വർഷം മുൻപ് കെയ്ൻ എനർജി എന്ന ഓസ്ട്രേലിയൻ എണ്ണക്കമ്പനി രാജസ്ഥാനിൽ അവരുടെ എണ്ണപ്പാടങ്ങൾ കുഴിക്കാൻ തുടങ്ങിയപ്പോൾ, അന്ന് വെയിലും മഞ്ഞും കൊണ്ട് പണിയെടുത്ത കുറേയധികം എണ്ണപ്പാട തൊഴിലാളികളിൽ ഞാനുമുണ്ടായിരുന്നു. അബുദാബിയിൽ നിന്ന് അല്ലെങ്കിൽ കൊച്ചിയിൽ നിന്ന് മുംബൈയിൽ ചെന്ന് അവിടന്ന് ജോഥ്പൂരിലേക്ക് എത്തിയ ശേഷം ബാർമർ ജില്ലയിലെ കോസ്ലു എന്ന ഗ്രാമത്തിൽ ചെന്നാണ് അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ എത്തിയതിന് ശേഷമാണ് അവിടെ മൊബൈൽ ടവറുകൾ വരുന്നത്. ഓഫീസിലേക്കും വീട്ടിലേക്കും വിളിക്കാൻ ഗ്രാമത്തിലെ ഒരു PCO യ്ക്ക് മുന്നിൽ അന്ന് വിവിധ രാജ്യക്കാരുടെ ക്യൂ ഉണ്ടാകുമായിരുന്നു. വന്നും പോയും 6 മാസത്തിലധികം രാജസ്ഥാനിൽ അന്ന് ഞാൻ ജോലി ചെയ്തിട്ടുണ്ട്. ജോഥ്പൂരിലെ ദിവസങ്ങൾ എനിക്ക് തീർച്ചയായും ഗൃഹാതുരത്വത്തിൻ്റേത് കൂടെ ആയിരിക്കും.
വീണ്ടും ആ വീഥികളിൽ വന്ന് കയറിയപ്പോൾ തെല്ലൊന്നുമായിരുന്നില്ല സന്തോഷം. RTDC യുടെ ഗൂമർ ഹോട്ടലിലേക്കാണ് എത്തിയത്. ഹോട്ടലിലേക്ക് വരുമ്പോൾത്തന്നെ ദൂരെയായി മേഹ്റൻഗഡ് കോട്ട കാണാം. എത്രയോ വട്ടം പോയിട്ടുള്ള കോട്ടയാണതെന്നോ? പക്ഷേ ഈ യാത്രയിൽ കോട്ട ഷൂട്ട് ചെയ്യാനും മറ്റുമായി രണ്ട് ദിവസം കൂടെ പോകേണ്ടതായി വരും.
ഞാൻ ഗൂമറിൽ എത്തുന്നതിന് മുന്നേ മൈസൂർ റാണി Rani B Menon ഒരു സംഭവം കണ്ടുപിടിച്ചിരുന്നു. RTDC ഹോട്ടലുകളിൽ കാരവനുകൾക്ക് സൗകര്യം നൽകുന്നതായി അവരുടെ സൈറ്റിൽ കാണിക്കുന്നുണ്ട്. 4 പേർക്കും വാഹനത്തിനും തങ്ങാൻ 150 രൂപ മതി. അഞ്ചാമതൊരാൾ ഉണ്ടെങ്കിൽ 50 രൂപ അധികം കൊടുക്കണം. അത് വളരെ നല്ല റേറ്റ് തന്നെ. ഈ വിവരവുമായാണ് ഞാൻ ഗൂമറിൽ എത്തുന്നത്. പക്ഷേ, അത് പഴയ റേറ്റാണെന്നും ഇപ്പോൾ 300 രൂപയാണെന്നുമാണ് ഇവിടെ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത്. അത്രയും തുക കൊടുക്കാൻ ഞാൻ തയ്യാറല്ല. കൈയോടെ RTDC ജനറൽ മാനേജർ സുനിൽ മാഥുർ സാറിനെ വിളിച്ചു. അതോടെ എല്ലാ സൗകര്യങ്ങളും സൗജന്യമായി. ഭാഗി വിശ്രമിക്കുന്ന നാലാമത്തെ RTDC ഹോട്ടലാണിത്. ഉദയ്പൂരിൽ കജ്രി, ചിത്തോട്ഗഡിൽ പന്ന, മൗണ്ട് അബുവിൽ ശിഖർ, ജോഥ്പൂരിൽ ഗൂമർ.
കേരളത്തിലും എല്ലാ സർക്കാർ സർക്കാർ ഇതര ഹോട്ടലുകളും ഇങ്ങനെ കാരവാനുകൾക്ക് സൗകര്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരവാൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അത് കൂടുതൽ ഫലപ്രദമാക്കാൻ ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്തുകൂടെ?
ഗൂമർ ഇതുവരെ ഞാൻ കണ്ട എല്ലാ RTDC ഹോട്ടലുകളേക്കാളും നല്ല നിലവാരമുള്ളതാണ്. നക്ഷത്രം നാലെണ്ണമുണ്ട്. ഹോട്ടലിനകത്ത് ഒരു ഹാൻഡിക്രാഫ്റ്റ് ഷോപ്പുമുണ്ട്. നിറങ്ങളുടെ നാട് കൂടെ ആണല്ലോ രാജസ്ഥാൻ. നല്ല കളർ ഷാൾ ഒരെണ്ണം വാങ്ങി തലയിൽ കെട്ടി. അത്താഴവും ഗൂമറിൽ നിന്ന് തന്നെ.
ബാക്കി ജോഥ്പൂർ വിശേഷങ്ങളുമായി നാളെ കാണാം. ശുഭരാത്രി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome