റഹ്‌മാൻ ഷോയും കോപ്പിറൈറ്റും


ഷാജി  ടി.യു. വർഷങ്ങളായി എന്റെ സുഹൃത്താണ്. ഇരുമ്പനത്ത് പാടം നികത്താൻ വേണ്ടി ഏർപ്പാടാക്കിയ എ.ആർ.റഹ്‌മാൻ ഷോയ്ക്ക് ടിക്കറ്റെടുത്ത്, മഴയും ചെളിയും കാരണം പരിപാടി നടക്കാത്തതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം ഷാജി ഫേസ്ബുക്കിൽ എഴുതിയിട്ടിരുന്നു. ആ വിഷയത്തെപ്പറ്റി കൂടുതൽ പഠിച്ച് കുറിച്ചിടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഷാജിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. പക്ഷെ, സമയക്കുറവുകാരണം എഴുതിയിടാൻ സാധിച്ചില്ല.

a-r-rahman-show-kochi
                          ചിത്രത്തിന് കടപ്പാട്:- ഫ്ലവേർസ് ചാനൽ

ഷാജി അന്ന് എഴുതിയിട്ട ആ ഫേസ്ബുക്ക് പോസ്റ്റ് ഫ്ലവേർസ് ചാനൽ ഇടപെട്ട് ഇപ്പോൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതിനവർ പറയുന്ന കാരണം ” The content infringes their copyright(s) ” എന്നാണ്. എന്നുവെച്ചാൽ, സ്വന്തം ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് ഷാജി എഴുതിയിട്ട പോസ്റ്റിന്റെ കോപ്പി റൈറ്റ് ഫ്ലവേർസ് ചാനലിനാണ് പോലും !! ഇനിയും ഇത്തരം കോപ്പിറൈറ്റ് വ്യതിയാനങ്ങൾ വരുത്തിയാൽ ഷാജിയുടെ ഫേസ്ബുക്ക് അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. ആ രേഖകൾ താഴെ കാണാം.

Flowers_01

Flowers_02

Flowers_03

ഗോകുലം ഗോപാലൻ, മെഡിക്കൽ ട്രസ്റ്റ്, ശ്രീകണ്ഠൻനായർ എന്നിങ്ങനെയുള്ള വൻ‌കക്ഷികൾ മറുഭാഗത്തുണ്ടെങ്കിൽ, ഓൺലൈൻ ഇടങ്ങളിൽ പിറവി കൊള്ളുന്ന പോസ്റ്റുകളുടെ പിതൃസ്ഥാനം പോലും അവർ പിടിച്ചെടുക്കുമെന്നും അതിനെതിരെ തോന്ന്യവാസ നടപടികൾ കൈക്കൊള്ളുമെന്നുമല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ?

ഒന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. റഹ്‌മാൻ ഷോ അലങ്കോലമായതിനെപ്പറ്റി ദേശാഭിമാനിയിൽ ഉൾപ്പേജിലെങ്ങോ ഒരുകോളം വാർത്തയും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും വാർത്ത വന്നു എന്നതൊഴിച്ചാൽ കേരളത്തിലെ മറ്റൊരു പത്രങ്ങളിലും അതൊരു വാർത്തയായിരുന്നില്ല. മാദ്ധ്യമങ്ങൾ ചെയ്യുന്ന നെറികേടുകൾ അവർ പരസ്പരം മറച്ചുവെക്കുകയാണ് പതിവ്. ഏതാനും മാസങ്ങൾക്ക് മുൻപ്, ഒരു ‘പ്രമുഖ‘ ചാനലിന്റെ, പാടം നികത്തി പണിതീർത്ത കെട്ടിടസമുച്ചയം, ഉത്ഘാടനത്തിന് മുൻപ് ഇടിഞ്ഞുവീണിട്ടും പത്രങ്ങളിലൊന്നും വാർത്തയാകാഞ്ഞതും അതുകൊണ്ടുതന്നെയാണ്. ഒരു പരിധിക്കപ്പുറം പരസ്പരം ചെളിവാരി എറിയാൻ മാദ്ധ്യമങ്ങൾ മുതിരില്ല. അവരാരും തന്നെ പുണ്യവാളന്മാർ അല്ലെന്നതുതന്നെ കാരണം. ഇന്നല്ലെങ്കിൽ നാളെ അവർ ഓരോരുത്തരുടേയും തെറ്റുകുറ്റങ്ങൾ വിമർശിക്കപ്പെട്ടേക്കാം എന്നതുകൊണ്ട് ഇത്തരം വാർത്തകൾക്ക് നേരെ സൌകര്യപൂർവ്വം അവർ കണ്ണടക്കുന്നു.

32525954_1656218681142115_1101829393992384512_n

                                                                  ദേശാഭിമാനി  വാർത്ത

ഇതൊരു നല്ല പ്രവണതയല്ല. ഒരു പത്രസ്ഥാപനമോ ചാനലോ സ്വന്തമായിട്ടുള്ളവർക്ക് എന്തുമാകാം എന്ന അവസ്ഥ അരാജകത്വമല്ലാതെ മറ്റെന്താണ് ? പത്ര-ദൃശ്യമാദ്ധ്യമങ്ങൾ വിഴുങ്ങുന്ന വാർത്തകൾ സധൈര്യം പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പത്രങ്ങൾക്കും വ്യക്തികൾക്കും എതിരെ പണക്കൊഴുപ്പുകൊണ്ടും കൈയ്യൂക്ക് കൊണ്ടും മാദ്ധ്യമ വല്യച്ഛന്മാർ ജയിച്ചുപോകുന്ന അവസ്ഥയുണ്ടെങ്കിൽ അതൊട്ടും തന്നെ അഭിലഷണീയമല്ല. പാർട്ടിക്കാർ കുറ്റം ചെയ്താൽ ചോദ്യം ചെയ്യാൻ എതിർ കക്ഷികളെങ്കിലുമുണ്ട്. സമുദായ സംഘടനകളോ നേതാക്കന്മാരോ തെറ്റ് ചെയ്താലും ചോദ്യം ചെയ്യാൻ മറുവശത്ത് ആരെങ്കിലുമൊക്കെയുണ്ട്. പക്ഷെ മാദ്ധ്യമങ്ങൾക്കെതിരെ ഒന്നും സാദ്ധ്യമല്ലെന്നാണ് അവസ്ഥയെങ്കിൽ അതിന് പരിഹാരം ഉണ്ടായേ തീരൂ.

എന്തായാലും കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക്, എ.ആർ.റഹ്‌മാൻ ഷോയുടെ മറവിൽ നടന്ന പാടം നികത്തൽ ഗൂഢാലോചനയെക്കുറിച്ച്, സമയക്കുറവ് കാരണം എഴുതാൻ വിട്ടുപോയ ആ വരികൾ അൽ‌പ്പം വൈകിയാണെങ്കിലും ഞാൻ എഴുതിയിടുകയാണ്. ആരൊക്കെയാണ് ഇത് ഡിലീറ്റ് ചെയ്യിക്കാൻ വരുന്നതെന്ന് അറിയണമല്ലോ. ഷാജി  രണ്ടാമതും ഈ വിഷയത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. സമയമുള്ളവർ അതുകൂടെ വായിക്കുക.

അലങ്കോലമായ എ.ആർ.റഹ്‌മാൻ ഷോയെപ്പറ്റി എനിക്ക് പറയാനുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നു.

1. പാടം നികത്തുക എന്നതായിരുന്നു ആ ഷോയ്ക്ക് പിന്നിലുള്ള മുഖ്യ അജണ്ട. അല്ലെങ്കിൽ എറണാകുളത്ത് മറ്റ് പലയിടങ്ങൾ ഉണ്ടായിട്ടും എന്തിന് ഇരുമ്പനത്തെ പാടം ഷോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. മെയ് മാസത്തിൽ അലങ്കോലമായ ഷോ, ജൂൺ 23, 24 തീയതികളിൽ വീണ്ടും നടത്തുന്നത് അങ്കമാലിയിലെ കൺ‌വെൻഷൻ സെന്ററിൽ വച്ചാണ്. അതെന്തുകൊണ്ട് ആദ്യം ചെയ്തില്ല ? പാടം നികത്തിക്കഴിഞ്ഞല്ലോ. ഇനി എവിടെ വച്ച് വേണമെങ്കിലും നടത്താം എന്നതാണ് അതിനുത്തരം. പാടം പൂർവ്വസ്ഥിതിയിലാക്കാൻ റവന്യൂ വകുപ്പ് ഇണ്ടാസ് ഇറക്കിയിട്ടുണ്ടെങ്കിലും അതെത്രത്തോളം നടക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പോയി മുട്ടുമടക്കിയ അതേ റവന്യൂ വകുപ്പ് തന്നെയല്ലേ ഈ ഉത്തരവിന്റെ പിന്നിലും ?

2. ഇരുമ്പനം പോലുള്ള, പോകാനും വരാനും നല്ലൊരു വഴിപോലും ഇല്ലാത്ത ഒരു സ്ഥലത്ത് അത്രയും വലിയ ഒരു ജനക്കൂട്ടത്തെ സമ്മേളിപ്പിക്കാൻ അധികാരികൾക്കെങ്ങനെ കഴിഞ്ഞു. ഒരു അത്യാഹിതം ഉണ്ടായാൽ ഫയർ‌ഫോർസിനോ ആംബുലൻസിനോ പോലും പോകാൻ പറ്റാത്ത തരത്തിലുള്ള ദുരിതം പിടിച്ച ഒരു വഴിയാണ് അങ്ങോട്ടുള്ളതെന്ന് ഇപ്പോൾ പോയി നോക്കിയാലും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം പരിപാടികൾക്ക് അനുമതി നൽകുമ്പോൾ പൊലീസ് ഇതൊന്നും അന്വേഷിക്കാറില്ലേ ?

3. അത്യാഹിതം എന്ന് പറയുമ്പോൾ പലതരത്തിൽ ഉണ്ടാകാം.

          (a) മഴക്കാലമായതുകൊണ്ട്, നനഞ്ഞുകിടക്കുന്ന മൈതാനത്ത് ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ അതുമൂലം സാദ്ധ്യതയുള്ള വലിയൊരു അപകടം.

          (b) പരിപാടി നടക്കുമ്പോൾ പരിസരത്തുള്ള പാടത്തുനിന്ന് ഒരു പാമ്പ് കയറി വന്ന് ജനങ്ങൾക്കിടയിൽ ഇഴയാൻ തുടങ്ങിയാൽ എന്താകുമായിരുന്നു ? തലങ്ങും വിലങ്ങും ഓടുന്ന ജനങ്ങൾ കുറേപ്പേരെങ്കിലും പരസ്പരം ചവിട്ടേറ്റ് അവസാനിക്കും. സത്യത്തിൽ അങ്ങനെ ഒരാളെ അന്നവിടെ പാമ്പ് കടിച്ചിരുന്നു. വിശദവിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ അന്നവിടെ ആംബുലൻസ് സർവ്വീസ് നടത്തിയവരോട് അന്വേഷിച്ചാൽ മതിയാകും. ആംബുലൻസിലാണ് കടിയേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അങ്ങനെ നോക്കിയാൽ അന്നവിടെ പരിപാടി നടക്കാതിരുന്നത് ജനങ്ങളുടെ ഭാഗ്യമെന്ന് മാത്രം കരുതിയാൽ മതി.

         (c) ഇതൊന്നുമല്ലാതെ തന്നെ ഒരാൾക്കൊരു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായാൽ ആ ചെളിക്കുഴിയിൽ നിന്ന് വെളിയിൽ കൊണ്ടുവന്ന് ജീവൻ രക്ഷിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു.

4. ഈ പരിപാടിയുടെ പേരിൽ അന്ന് നഗരത്തിലുണ്ടായ ഗതാഗതസ്തംഭനം ഇക്കാലത്തിനിടയ്ക്കൊന്നും കാണാത്ത തരത്തിലുള്ളതായിരുന്നു. IPL ക്രിക്കറ്റും ഫുട്ട്ബോളുമൊക്കെ നടക്കുമ്പോഴും നഗരഹൃദയത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. പക്ഷേ, അതൊക്കെ നിയന്ത്രിക്കപ്പെടാറുമുണ്ട്. നഗരത്തിന് വെളിയിലല്ലേ നടക്കുന്നതെന്ന ചിന്തയിൽ, കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ പദ്ധതിയിട്ട ഈ ഷോ എല്ലാത്തരത്തിലും അധികൃതരുടെ അനാസ്ഥയുടെ അങ്ങേയറ്റമായിരുന്നു.

5.  എ.ആർ.റഹ്‌മാൻ എന്ന വ്യക്തിയോടുള്ള ആദരവ് കാരണമാണ് ജനങ്ങൾ ഇത്രയെങ്കിലും ക്ഷമിച്ചതെന്ന് വേണം കരുതാൻ. എങ്കിലും അദ്ദേഹത്തോട് ഒന്ന് പറയണമെന്നുണ്ട്. സ്വന്തം പരിപാടി നടക്കാൻ പോകുന്ന ഇടം നേരത്തേ കാലത്തെ കണ്ട് വിലയിരുത്തി സുരക്ഷ, വാഹനസൌകര്യം, എന്നീ കാര്യങ്ങൾ പരിഗണിക്കപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കി മാത്രം പരിപാടി ചെയ്യാമെന്ന് സമ്മതിച്ചാൽ അങ്ങയോടുള്ള ആദരവ് ഇനിയും വർദ്ധിക്കുകയേ ഉള്ളൂ.

ഇനി, കോപ്പിറൈറ്റ് ഫ്ലവേർസ് ചാനലിനാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച ഷാജിയുടെ പോസ്റ്റിലെ വരികൾ  ഷാജി അയച്ചുതന്നത് അതേപടി താഴെ ചേർക്കുന്നു.
————————-
ചില കാര്യങ്ങള്‍ സ്വാഭാവികമായും പരാജയപ്പെടേണ്ടതാണ്. കേവലം രണ്ടോ മൂന്നോ ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ കൈ കഴുകാനാവില്ല ഫ്ലവേഴ്സ് ടിവിക്ക്.

എ.ആര്‍ റഹ്മാന്‍ ഷോയുടെ ടിക്കറ്റ് എടുക്കുന്നത് മെയ് ഒന്നിനാണ്. ബുക്ക് മൈ ഷോയില്‍ വില്‍പ്പന തുടങ്ങി ഏറെ താമസിയാതെ. അതിന് കാരണം ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീര്‍ന്നേക്കാമെന്ന തോന്നലായിരുന്നു. ഇത്രയധികം ആരാധകരുള്ള ഒരു സംഗീത പരിപാടിക്ക് ഇരുട്ടിവെളുക്കുമ്പോള്‍ പോലും വേണമെങ്കില്‍ ടിക്കറ്റുകള്‍ തീര്‍ന്നു പോകാമെന്നത് തീര്‍ത്തും സ്വാഭാവികവുമാണ്.

ഈ പരിപാടിയുടെ പരസ്യപ്രചാരണങ്ങള്‍ നോക്കുക. ഏറണാകുളത്ത് എണ്ണമറ്റ ഹോര്‍ഡിംഗുകള്‍, നഗരത്തിലെ മിക്കവാറും ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍, ഫ്ലവേഴ്സ് ടിവിയുടെ ചാനലില്‍ എണ്ണമറ്റ പരസ്യങ്ങള്‍, പരിപാടിക്കിടെ സ്ക്രോളുകള്‍, ചാനലിന്റെ യൂട്യൂബ് ചാനലില്‍ മേല്‍പ്പറഞ്ഞതിന്റെ ആവര്‍ത്തനം. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള ഏതെങ്കിലുമൊരു പരിപാടിക്ക് എപ്പോഴെങ്കിലും ഇത്രയധികം പരസ്യം നല്‍കിയിട്ടുണ്ടാകുമോയെന്ന് സംശയമാണ്.

ഇന്നലെ രാവിലെയും ഇത്തരം പരസ്യങ്ങള്‍ കണ്ടതുകൊണ്ടാണ് ബുക്ക് മൈ ഷോയില്‍ പിന്നേയും നോക്കുന്നത്. എല്ലാ ഗണത്തിലുമുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകളുടെ എണ്ണത്തിനെ കുറിച്ചോ, വേദിയുടെ പ്രാപ്തിയെ കുറിച്ചോ ഒന്നുമില്ല. ഏറണാകുളത്ത് ധാരാളം പരിപാടികളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇരുമ്പനം ഗ്രൌണ്ട് ആദ്യമായി കേള്‍ക്കുന്നതാണ്. വിശാലമായ ഒരു പ്രദേശത്ത് കഴിയാവുന്നത്ര ആളുകളെ കുത്തിതിരുകി കയറ്റി പരമാവധി പണമുണ്ടാക്കുക എന്നതാണ് ഇന്നലത്തെ പരിപാടിയുടെ നടത്തിപ്പുകൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്.

ഈ പരിപാടിക്ക് എത്ര ടിക്കറ്റാണ് വില്‍ക്കുന്നതെന്നോ അതിന് എത്രയാളുകളാണ് വരുന്നതെന്നോ നിര്‍ത്തിയിടാന്‍ പോകുന്ന വാഹനങ്ങളുടെ ബാഹുല്യത്തിനെ കുറിച്ചോ യാതൊരു വിധ പ്രാഥമിക ഗൃഹപാഠം പോലും ചെയ്തിരുന്നതായി തോന്നിയില്ല.

ഇത്രായിരം ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്കുള്ള പ്രധാന വഴിയില്‍ രണ്ട് മാരുതി കാറുകള്‍ എത്തിയാല്‍ പോലും ഒന്നാലോചിച്ചിട്ടേ കടന്ന് പോകാന്‍ കഴിയൂ. ഏറണാകുളം പോലെ വിശാലമായ ഒരു നഗരത്തില്‍ സ്റ്റേഡിയങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്ളപ്പോഴാണ് ഈ അഭ്യാസമെന്നത് ഓര്‍ക്കണം. മഴയുടെ എല്ലാവിധ സാധ്യതയുമുള്ള ഒരു കാലത്ത് അഡ്ലക്സ് പോലെ വിശാലവും പാര്‍ക്കിംഗ് സൌകര്യവും മേല്‍ക്കൂരയുമുള്ള ഒരു വേദിയാണ് ഏറ്റവും ചുരുങ്ങിയത് വേണ്ടതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?

ചാലക്കുടിയില്‍ നിന്ന് ഉദ്ദേശം മൂന്ന് മണിക്ക് പുറപ്പെട്ടിട്ട് ഏഴുമണിയോടടുപ്പിച്ചാണ് മേല്‍പ്പറഞ്ഞ ചെളിക്കണ്ടത്തില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ പലരും നേരത്തെ അവിടെയുണ്ടായിരുന്നതുകൊണ്ട് അവിടത്തെ അന്തരീക്ഷത്തിനെ കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നു. പരിപാടി നടക്കാനിടയില്ലെന്ന് ആറുമണിയോടെ തോന്നിയിരുന്നെങ്കിലും പോകാമെന്ന് തന്നെ കരുതി (എന്‍റെ പിഴ). ഈ സമയം മുഴുവന്‍ നാഴികക്ക് നാല്‍പ്പത് വട്ടം ഫ്ലവേഴ്സിന്റെ ചാനലുകളില്‍ എഴുതിയിടുന്ന എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും എന്തെങ്കിലും അപ്ഡേറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ഒരക്ഷരം സംഘാടകര്‍ മിണ്ടിയില്ല. അങ്ങനെ അവര്‍ കഴിയാവുന്നത്ര നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വാഹനങ്ങളിലും വഴിയിലും ചെളിക്കുണ്ടിലുമായി ആയിരങ്ങള്‍ കുടുങ്ങിപ്പോയത് അവര്‍ക്ക് കുറയ്ക്കാന്‍ കഴിയുമായിരുന്നു.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു ഏതാണ്ട് എല്ലാവരും വീട്ടിലേക്ക് തിരിച്ചിട്ടാണ് അവരുടെ ക്ഷമാപണം ട്വിറ്ററില്‍ വരുന്നത്, ആര്‍ക്കുവേണ്ടി?

അതിഭീകരമായ ട്രാഫിക് ജാമായിരുന്നു വഴി നീളെ.. ഏറണാകുളം നഗരം മുഴുവന്‍ ഏതാണ്ട് ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇടക്ക് സൈറണിട്ട ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഇരുന്നൂറ്റിയന്‍പത് മുതല്‍ അയ്യായിരം വരെ മുടക്കി ടിക്കറ്റെടുത്ത ഒരോരുത്തരോടും കാണിക്കേണ്ട ഏറ്റവും നിസ്സാരമായ ഉത്തരവാദിത്തം പോലും സംഘാടകര്‍ നടപ്പാക്കിയിട്ടില്ല. ലോകമറിയുന്ന ഒരു സംഗീതജ്ഞന്റെ പേരില്‍ ഇത്രയും തരംതാണുപോയ ഒരു മുതലെടുപ്പ് പാടില്ലായിരുന്നു ഫ്ലവേഴ്സ് ടിവി. ഇന്നലെ ഒരുക്കിയ കഷ്ടപ്പാടിന്, ദുരിതത്തിന് ടിക്കറ്റിന്റെ പണമല്ല, നഷ്ടപരിഹാരമാണ് ഇത്തിരിയെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കേണ്ടത്.

അവസാനമായി ഈ പരിപാടിയുടെ മറവില്‍ പാടം നികത്തിയെങ്കില്‍ പാഠം പഠിപ്പിക്കേണ്ടതാണ്, യാതൊരു സംശയവും വേണ്ട.

- ഷാജി ടി.യു.
————————-
അവസാനമായി ഫേസ്ബുക്ക് മേധാവി  മാർക്ക് സുക്കർബർഗ്ഗിനോട് കൂടെ ഒന്ന് പറയാനുണ്ട്. ഫേസ്ബുക്കിൽ കുറേയധികം മലയാളികളെക്കൂടെ നിയമിക്കണം. പ്രത്യേകിച്ചും ഇത്തരം കോപ്പിറൈറ്റ്, ഡിലീറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ. ആരെങ്കിലുമൊക്കെ വന്ന് കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചാലുടൻ അതവരെക്കൊണ്ട് വായിപ്പിച്ച് നോക്കി തീരുമാനമെടുക്കണം. അതല്ലാതെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നത് ആണും പെണ്ണും കെട്ട ഏർപ്പാടാണെന്ന് പറയാതെ വയ്യ.

വാൽക്കഷണം:- പാടം നികത്തൽ മാത്രം ഗംഭീരമാക്കി ബാക്കിയെല്ലാം തകിടം മറിഞ്ഞ, ഇത്രയൊക്കെ പിടിപ്പുകെട്ട ഒരു പരിപാടിയുടെ പേരിൽ ഇപ്പോഴും ശ്രീകണ്ഠ‌നായരേയും ഗോഗുലം ഗോപാലനേയും സ്തുതിക്കുന്ന പോസ്റ്റുകൾ ഓൺലൈനിൽ സുലഭമാണ്. അതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

Comments

comments

3 thoughts on “ റഹ്‌മാൻ ഷോയും കോപ്പിറൈറ്റും

  1. മുഖ്യധാരാ മാദ്ധ്യമങ്ങൾ മൂടിവെയ്ക്കുന്ന വാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയാണ് ഇപ്പോൾ ഞാൻ ഉൾപ്പടെ പലരും അറിയുന്നത്. അതുപോലെ മുഖ്യധാരക്കാർ പടച്ചുവിടുന്ന കപടവാർത്തകൾക്ക് പിന്നിലെ സത്യം അറിയാനും സാമൂഹ്യമാദ്ധ്യമങ്ങൾ തന്നെ ആശ്രയം. അവിടെ പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുന്നതു പോലത്തെ ഗുണ്ടായിസം അനുവദിക്കപ്പെടരുത്. ഈ എഴുത്ത് എന്തായാലും നന്നായി. പലപ്പോഴും ഇത്തരം വൻകിടക്കാരോട് പൊരുതാനുള്ള ആൾബലവും അർത്ഥവും സാധാരണക്കാരനുണ്ടാകുന്നില്ല എന്നതാണ്. അതുകൊണ്ട് പലരും മൗനം അവലംബിക്കുന്നു എന്നുമാത്രം.

  2. ഇത് റഹ്മാന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പറ്റില്ലേ? അദ്ദേഹം ഇമ്മാതിരി ഊളത്തരത്തിനു കൂട്ട് നില്‍ക്കില്ല എന്ന് തോന്നുന്നു!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>