ഇപ്രാവശ്യം (2018 ജൂലായ്29) ഇൻഫോ പാർക്കിൽ UST Global എന്ന സ്ഥാപനത്തിലെ എഞ്ചിനീയറായ സ്മികേഷിന്റെ നേതൃത്വത്തിൽ സഹായവുമായി നീങ്ങിയ വലിയൊരു ടീമിനൊപ്പമാണ് ഞാൻ പോയത്.
6600 ലിറ്റർ കുടി വെള്ളം.
190 കിലോ ഏത്തപ്പഴം.
375 പാക്കറ്റ് ബ്രെഡ്.
500 പാക്കറ്റ് ബിസ്ക്കറ്റ്.
20 കിലോ വെണ്ടയ്ക്ക.
കുറച്ചു സാനിറ്ററി നാപ്കിൻസ്.
കുറച്ചു ഡെറ്റോൾ.
കുറച്ചു കൊതുകുതിരി.
ഇത്രയും സാധനങ്ങൾ മൂന്ന് വലിയ വള്ളങ്ങളിലാക്കി പുന്നമട ബോട്ട് ജട്ടിയിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ സംഘം പുറപ്പെട്ടു. സാധനങ്ങളെല്ലാം വള്ളങ്ങളിൽ കയറ്റാൻ കൈ മെയ് മറന്ന് സഹായിച്ചത് നാട്ടുകാരായ നല്ല മനുഷ്യരാണ്. രണ്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് പലയിടങ്ങളിലും എത്തിപ്പെടാനായത്. ഭൂരിഭാഗം സമയത്തും മഴ കൂടെയുണ്ടായിരുന്നു. വള്ളക്കാരനെ കൂടാതെ ഓരോ വള്ളത്തിലും മൂന്ന് പേർ വീതം ഉണ്ടായിരുന്നു. എല്ലാവർക്കും ആവശ്യമുള്ള ലൈഫ് ജാക്കറ്റുകൾ സ്മികേഷ് സംഘടിപ്പിച്ചിരുന്നു.
ഒരു വഞ്ചിയിൽ അനു, രാജീവൻ , ജിനു.
അടുത്ത വഞ്ചിയിൽ സ്മികേഷ്, നീതു, ഗൗതം.
മൂന്നാമത്തെ വഞ്ചിയിൽ അശോക്, സജി, ഞാൻ.
ഈ സാധനസമാഹരണത്തിലേക്ക് കൊച്ചിയിൽ നിന്ന് 360 ലിറ്റർ വെള്ളം എറണാകുളത്തുനിന്ന് കാറിൽ ഞാൻ കൊണ്ടുപോയി. അശ്വതി ഗിരീഷ്, അംജിത് എന്നിവർ എത്തിച്ചുതന്ന പണമാണ് അതിനായി ഉപയോഗിച്ചത്. 500 ലിറ്റർ വെള്ളം അംജിത്തിന് വേണ്ടി സ്മികേഷ് പുന്നപ്രയിൽ ഏർപ്പാടാക്കി. കൂടാതെ TCS ഉദ്യോഗസ്ഥനായ രാജീവൻ തന്നുവിട്ട സാനിറ്ററി നാപ്‌കിൻസ്, ഡെറ്റോൾ, കൊതുകുതിരി, അവൽ, ബിസ്ക്കറ്റ് എന്നിങ്ങനെയുള്ള സാധനങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് കൈപ്പറ്റി കൊണ്ടുപോയിരുന്നു.
ആലപ്പുഴയിൽ ഹൌസ് ബോട്ട് നടത്തുന്ന സജിയും സുഹൃത്തുക്കളുമാണ് സ്മികേഷിന്റെ വലയത്തിലൂടെ സൌകര്യങ്ങൾ എല്ലാം ഏർപ്പാടാക്കിയിരുന്നത്.
പതിവുപോലെ ഇപ്രാവശ്യവും ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളിലും വരമ്പുകളിലുമൊക്കെ സഹായമെത്തികാനുള്ള ശ്രമമാണ് ലക്ഷ്യമിട്ടത്. ക്യാമ്പുകളിൽ സർക്കാർ സഹായം എത്തുന്നുണ്ടെങ്കിലും അവർക്ക് അത്യാവശ്യം വേണ്ട കാര്യങ്ങൾ നൽകാനും തീരുമാനിച്ചിരുന്നു.
കൈനകരിയിൽ നിന്ന് മൂന്ന് വഞ്ചികളും മൂന്ന് വഴിക്ക് പിരിഞ്ഞു. ഇടയ്ക്ക് ഒരിക്കൽ തമ്മിൽ കണ്ടുമുട്ടുകയും ചെയ്തു. വൈകീട്ട് 7 മണിക്കാണ് തിരികെ പുന്നമട ജട്ടിയിലെത്തിയത്.
ഇപ്രാവശ്യം കൈനകരി, ചേന്നങ്കിരി, പുളിങ്കുന്ന്, വേണാട്ടുകാട് മേഖലകളിലെ ഒറ്റപ്പെട്ട വീടുകളിൽ സഹായം എത്തിക്കാൻ കഴിഞ്ഞതിന് പുറമെ ക്യാമ്പുകളിലും വെള്ളമടക്കമുള്ള ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ക്യാമ്പുകളെ മാറ്റി നിർത്തി ഒറ്റപ്പെട്ട വീടുകൾക്ക് മുൻഗണന കൊടുക്കണമെന്ന് ആദ്യദിവസം മുതൽ തീരുമാനിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ക്യാമ്പുകളിലെ കാര്യവും ദുരിതപൂർണ്ണമാണെന്ന് മനസ്സിലാക്കാൻ ഇന്നാണ് സാധിച്ചത്.
‘പെണ്ണുങ്ങൾക്കുള്ള സാധനങ്ങൾ ഒന്നുമില്ലേ‘ എന്ന് ദയനീയമായി ചോദിച്ച സഹോദരിമാരുടെ മുഖങ്ങൾ മുന്നിൽ നിന്ന് ഇപ്പോഴും മായുന്നില്ല. വളരെ അത്യാവശ്യമാണത് എന്ന് ചിലരെങ്കിലും എടുത്ത് പറഞ്ഞു. സാനിറ്ററി നാപ്കിൻ അടക്കമുള്ള അത്തരം സാധനങ്ങളുമായി ഈ ആഴ്ച്ചതന്നെ ഒരിക്കൽക്കൂടെ പോകാനുള്ള വട്ടം കൂട്ടുകയാണ് സ്മികേഷ്. താൽപ്പര്യമുള്ളവർക്ക് സഹായം നൽകാൻ അവസരമുണ്ട്.
ഇതുവരെ ഒരാളും ചെന്നെത്താത്ത മുപ്പതിലേറെ വീടുകളാണ് ഞാൻ പോയ വള്ളത്തിന് മാത്രം കണ്ടെത്താനായത്. അത്രയ്ക്ക് തന്നെ മറ്റ് രണ്ട് വള്ളങ്ങളിൽ പോയവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എനിക്കിപ്പോഴും കുട്ടനാട്ടിലെ വിവിധ പാർട്ടിപ്രവർത്തകരോടും പാർട്ടിക്കാരോടുമുള്ള അഭ്യർത്ഥന കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് തന്നെയാണ്. തിരഞ്ഞെടുപ്പ് ആകുമ്പോൾ വീടുവീടാന്തിരം കയറി പ്രവർത്തിക്കുന്നത് പോലെ ഇപ്പോഴും ഇറങ്ങണം. വീട് വീടാന്തിരം സഹായമെത്തിക്കണം. ദയവ് ചെയ്ത് ഇതൊരു കുറ്റപ്പെടുത്തലായി കാണരുത്. മനസ്സിലാക്കിയ കാര്യം പങ്കുവെച്ചെന്ന് മാത്രം. ഇഷ്ടം പോലെ വെള്ളം കുപ്പികൾ പല കമ്പനിക്കാരും എത്തിച്ചെങ്കിലും ആലപ്പുഴയ്ക്ക് അടുത്തുള്ള ക്യാമ്പുകളിലായി അത് ഒതുങ്ങി അല്ലെങ്കിൽ തീരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഉൾപ്രദേശങ്ങളിലേക്ക് ചെല്ലുമ്പോൾ ഇങ്ങോട്ട് ആദ്യമായാണ് ഒരു വഞ്ചിയെങ്കിലും സഹായവുമായി വരുന്നതെന്ന് പറഞ്ഞ ഒരുപാട് വീടുകൾ ഞങ്ങൾക്ക് കാണാനായി.
ആലപ്പുഴയിലേക്ക് ഒരുപാട് സഹായം പുറത്തുനിന്ന് എത്തുന്നുണ്ട്. പക്ഷെ ആവശ്യക്കാരായ ഓരോ ആൾക്കാരെയും കണ്ടെത്തി അത് കൊടുക്കുന്ന കാര്യം കൃത്യമായി നടക്കുന്നുണ്ടോ എന്നും അതിന് ആരെങ്കിലും ഉദ്യോഗസ്ഥരോ നേതാക്കന്മാരോ മുൻകൈ എടുക്കുന്നുണ്ടോ എന്നതും മാത്രമാണ് ആശങ്ക. ഈ വീഡിയോയിൽ (Edited by Joe Johar) അവസാനരംഗത്ത് കാണുന്ന വീടിന് അടുത്തെങ്ങും ആരുമില്ല. പ്രായമായ രണ്ടുപേരും ഒരു നായയും മാത്രമാണ് അവിടെയുള്ളത്. ചുറ്റിനും വെള്ളമല്ലാതെ ഒന്നും കാണാനില്ല. അവിടെ ആദ്യമായി ചെല്ലുന്നത് ഞങ്ങളാണ്. ഇടത്തരം വള്ളങ്ങൾ കയറിച്ചെല്ലുന്ന വീട്ടിൽപ്പോലും ഇതാണ് അവസ്ഥയെങ്കിൽ, കൊച്ചുവള്ളങ്ങൾ മാത്രം ചെല്ലുന്ന സ്ഥലങ്ങളിൽ പെട്ടുകിടക്കുന്നവർ ഇനിയും എത്രയധികമുണ്ടാകാം. അതിൽ നമുക്ക് കഴിയുന്ന ചിലരിലേക്ക് മാത്രമാണ് ഇതുവരെ എത്തിച്ചേർന്നിട്ടുള്ളത്. ദുരിതബാധിത പ്രദേശത്തുനിന്നുള്ള സന്തോഷ് എന്ന നാട്ടുകാരൻ ഒരാൾ ഞങ്ങൾക്കൊപ്പം കയറിയത് എല്ലാ വീടുകളും കണ്ടുപിടിക്കാൻ സഹായിച്ചു. അടുത്ത ദിവസവും സന്തോഷ് കൂടെ വരാമെന്ന് ഏറ്റിട്ടുണ്ട്.
കുട്ടനാട്ടുകാർ ഈ ദുരിതം അതിജീവിക്കുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ഒരു വരമ്പിൽ വീട് അതിനപ്പുറം വയൽ ഇപ്പുറം കനാൽ. ഇപ്പോളത് രണ്ടും ചേർന്ന് ഒന്നായപ്പോൾ ഇടയിലുള്ള വീട്ടിലും നെഞ്ചൊപ്പം വെള്ളം. ബോട്ട് ജട്ടി മാത്രമാണ് വെള്ളത്തിന് മുകളിൽ. അതിൽ തീറ്റയും കുടിയും കിടപ്പുമായി കുട്ടികളടക്കം നൂറുകണക്കിന് ആൾക്കാർ ഓരോ ക്യാമ്പിലും. 99 ലെ (1924) വെള്ളപ്പൊക്കത്തിനാണ് അതായത് 90 വർഷങ്ങൾക്ക് മുൻപാണ് ഇത്രയും വെള്ളം ഇതിന് മുൻപ് കുട്ടനാടിനെ വിഴുങ്ങിയതെന്ന് ക്യാമ്പിലെ പഴമക്കാരിൽ ചിലർ പറയുന്നു.
28 – 30 കാർഡുകൾ അതായത് നൂറ് മുതൽ 130 വരെ അംഗങ്ങളുണ്ട് ഓരോ ക്യാമ്പിലും. നിശ്ചിത തുക സർക്കാരിൽ നിന്ന് കിട്ടും. അതിൽ എല്ലാവർക്കുമുള്ളത് വാങ്ങണം. സോപ്പ് ഡെറ്റോൾ മുതലായവ പോലും റേഷനായിട്ടേ കൊടുക്കൂ. പലയിടങ്ങളിലും ഉപയോഗിച്ച പ്ലാസ്റ്റിക്ക് വെള്ളത്തിലെറിയാതെ ചാക്കുകളിലാക്കി സൂക്ഷിക്കുന്നുണ്ടെന്നത് സന്തോഷമുള്ള കാഴ്ച്ചയായിരുന്നു.
ഈ കൊടുത്തതെല്ലാം ഒറ്റ ദിവസം ഒരു നേരം പോലും കഴിക്കാനോ കുടിക്കാനോ ഉള്ളതില്ലെന്ന് നന്നായറിയാം. അതുകൊണ്ടുതന്നെ അവർക്ക് വേണ്ട സാധനങ്ങൾ കൃത്യമായി മനസ്സിലാക്കാനായത് പ്രകാരം അത് സംഘടിപ്പിച്ച് ഒന്നുകൂടെ ഇതേ റൂട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ സഹായം എത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഈ ദൌത്യത്തിന് നേതൃത്വം നൽകിയ സ്മികേഷിന്റെ അനുഭവം ഇവിടെ വായിക്കാം. ഈ ദൌത്യത്തിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം.
വാൽക്കഷണം:- ഈ ദിവസങ്ങളിൽ കുട്ടനാട് പോയപ്പോൾ കൂടെയുണ്ടായിരുന്ന ആരോ ചോദിച്ചു മടവീണെന്ന് പറഞ്ഞാൽ എന്താണെന്ന്. കുട്ടനാട് പോകുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ചില പദങ്ങളാണ് മടവീഴൽ, മടകുത്തൽ എന്നിവയൊക്കെ. സാഹിത്യത്തിലും സിനിമയിലുമൊക്കെ അത് ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് വേണ്ടി മാത്രം പറയാം. മട എന്നാൽ തോടിനും വയലിനും ഇടയ്ക്കുള്ള വരമ്പാണ്. അത് പൊട്ടിപോയാൽ തോട്ടിലെ വെള്ളം മുഴുവൻ സമുദ്രനിരപ്പിലും താഴെ നിൽക്കുന്ന കുട്ടനാട്ടിലെ പാടങ്ങളിലേക്ക് ഇരച്ചുകയറും; ഒപ്പം പാടവരമ്പത്ത് നിൽക്കുന്ന വീടുകളിലേക്കും. വരമ്പ് പൊട്ടിപ്പോകുന്നതിനെയാണ് മട വീഴുക എന്ന് പറയുന്നത്. മട അഥവാ വരമ്പ് ചെളിയും ചകിരിയും മണൽച്ചാക്കുമൊക്കെ ഉപയോഗിച്ച് വീണ്ടും കെട്ടിപ്പൊക്കുന്നതിനെയാണ് മടകുത്തൽ എന്ന് പറയുന്നത്.