2024 സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് ആരംഭിച്ച Great Indian Expedition യാത്ര, 15 ഫെബ്രുവരി 2025ന് മൈസൂരിൽ അവസാനിച്ചു. അതിൻ്റെ ചിലവ് കണക്ക് വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
* 156 ദിവസങ്ങളാണ് ഈ യാത്ര നീണ്ട് നിന്നത്. അതായത്, 5 മാസവും 6 ദിവസവും.
* 78 ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു.
* 41 ദിവസങ്ങൾ ഗുജറാത്തിൽ സഞ്ചരിച്ചു.
* 16 ദിവസങ്ങൾ ഹരിയാനയിൽ സഞ്ചരിച്ചു.
* 3 ദിവസങ്ങൾ ഉത്തർപ്രദേശിൽ സഞ്ചരിച്ചു.
* 2 ദിവസം വീതം ദിയുവിലും ഡമനിലും സഞ്ചരിച്ചു.
* 14 ദിവസങ്ങൾ പോകാനും വരാനും ചിലവഴിച്ചു. ഈ സമയത്ത്, തമിഴ്നാട്, കർണ്ണാടക, ഗോവ, എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്ന് പോയി.
* 20751 കിലോമീറ്റർ ദൂരം ഈ കാലയളവിൽ സഞ്ചരിച്ചു.
* ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘമേറിയ യാത്ര ഇതാണ്. 2024 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ 50 ദിവസം രാജസ്ഥാനിൽ നടത്തിയ യാത്രയുടെ റെക്കോർഡ് ആണ് 156 ദിവസമാക്കി തിരുത്തി എഴുതിയത്.
* ഈ യാത്ര പുറപ്പെടുമ്പോൾ 65 കോട്ടകൾ കണ്ടിട്ടുണ്ടായിരുന്നു. തിരികെ എത്തുമ്പോൾ പുതുതായി 96 കോട്ടകൾ കൂടെ കണ്ടിരുന്നു. അതായത്, ഇന്ത്യയിലെ 800+ കോട്ടകളിൽ 161 കോട്ടകൾ ഇതിനകം കണ്ട് തീർത്തിരിക്കുന്നു. അതിൽ 40ൽപ്പരം വീഡിയോകൾ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളത് അധികം വൈകാതെ എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതാണ്.
* രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, എന്നീ സംസ്ഥാനങ്ങൾ ഏറെക്കുറെ കണ്ട് തീർത്തു. എങ്കിലും രാജസ്ഥാനിൽ മൂന്ന് കോട്ടകളും ഗുജറാത്തിൽ ഒരു കൊട്ടാരവും ബാക്കി നിൽക്കുന്നുണ്ട്. അതെല്ലാം ഇനിയും ആ വഴിയുള്ള യാത്രകളിൽ കാണുന്നതാണ്.
* കോട്ടകൾ മാത്രമല്ല, സാധാരണ നിലയ്ക്ക് ഒരു സഞ്ചാരി പോകുന്ന ഇടങ്ങളും പോകാത്ത ഇടങ്ങളും എല്ലാം ഈ യാത്രയുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ട്. കോട്ടകൾ ഒഴിവാക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം.
* ഭാഗീരഥി എന്ന ഭാഗി എന്ന എൻ്റെ മോട്ടോർ ഹോം (Bolero XL), എൻ്റെ കൈയിൽ വന്നതിന് ശേഷം മൊത്തത്തിൽ സഞ്ചരിച്ചത് 41156 കിലോമീറ്റർ ആണ്.
* ഭാഗിയുടെ ഒരു റീ-രജിസ്ട്രേഷൻ കഴിഞ്ഞിരുന്നതിനാലും രണ്ടാമതൊരിക്കൽക്കൂടെ രജിസ്ട്രേഷൻ പുതുക്കി കിട്ടാനുള്ള സാദ്ധ്യത വിരളമായതിനാലും അവളെ മൈസൂർ വിറ്റതിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്.
* 156 ദിവസത്തെ യാത്രയിൽ 3 ദിവസം ഹോട്ടലുകളിൽ താമസിച്ചു. 2 ദിവസം സുഖമില്ലാതെ ആയതുകൊണ്ടും, ഒരു ദിവസം ഭാഗിയുടെ ഉൾവശം വൃത്തിയാക്കി അടക്കി ഒതുക്കാൻ വേണ്ടിയുമാണ് അപ്രകാരം ചെയ്തത്.
* ഈ യാത്രയ്ക്കിടയിൽ ഭാഗിയെ ജയ്പൂരിൽ പാർക്ക് ചെയ്ത് തീവണ്ടി കയറി മുംബൈയിൽ ചെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും ദുർഘടം പിടിച്ച അലങ്ങ്, മദൻ, കുലങ്ങ് (AMK) എന്നീ കോട്ടകൾ കാണാൻ വേണ്ടിയുള്ള ട്രക്കിങ്ങിനായി കേരളത്തിൽ നിന്ന് ശ്രേയ മോഹന് ഒപ്പം വന്ന സംഘത്തോടൊപ്പം ചേർന്നു.
* ആ ദിവസങ്ങളിൽ രണ്ട് ദിവസം ഗ്രാമവാസിയായ ഏകനാഥൻ്റെ വീട്ടിൽ തങ്ങി. ഒരു ദിവസം അലങ്ങ് മലയുടെ മുകളിൽ ടെൻ്റ് അടിച്ച് തങ്ങി. ഒരു രാത്രി തീവണ്ടിയിലും ഒരു രാത്രി വിമാനത്തിലും ഉറങ്ങി. ഡിസംബർ 2024ൽ ആയിരുന്നു യാത്രയിലെ ഈ വ്യതിയാനം.
* 2025 ജനുവരിയിൽ ഭാഗിയുമായി ഗുജറാത്തിലെ കച്ചിൽ എത്തി, വീണ്ടും ശ്രേയയ്ക്കും സംഘത്തിനുമൊപ്പം ചേർന്ന് റൺ ഉത്സവത്തിൽ പങ്കെടുത്തു. അതിൽ ഒരു ദിവസം ശ്രേയയും സംഘവും താമസിച്ച ടെൻ്റുകളിൽ ഒന്നിൽ തങ്ങി.
* ഈ യാത്രയിൽ സുഹൃത്തുക്കളുടെ വീടുകളിലും അവർ ചെയ്ത് തന്ന സൗകര്യങ്ങളിലും രാത്രി ഉറങ്ങിയിട്ടുണ്ട്. അതിപ്രകാരമാണ്.
* 14 ദിവസം ജയ്പൂരിൽ മഞ്ജുവിൻ്റെ Manju Pareek വീട്ടിൽ.
* 04 ദിവസം ജയ്പൂരിൽ റയിൽവേ ഗസ്റ്റ് ഹൗസിൽ.
* 08 ദിവസം ബറോഡയിൽ ദിവ്യയുടെ Divya Pullanikkattil വീട്ടിൽ.
* 08 ദിവസം അഹമ്മദാബാദിൽ, പ്രസാദ് സാറിൻ്റെ Prasad Chacko വീട്ടിൽ.
* 08 ദിവസം സൂറത്തിൽ ആഷ-സതീഷ് Asha Revamma Sathees Makkoth ദമ്പതിമാരുടെ വീട്ടിൽ.
* 04 ദിവസം ഗുഡ്ഗാവിൽ ബ്രിട്ടോ സക്കറിയാസിൻ്റെ Britto Zacharias വീട്ടിൽ.
* 02 ദിവസം സൂറത്ത്ക്കലിൽ ദീപുവിൻ്റെ Deepu Vijayasenan വീട്ടിൽ.
* 01 ദിവസം ദിയു പോർട്ടിൽ ഉറങ്ങി.
* 01 ദിവസം ഹരിയാനയിലെ സഫിദോൺ കോട്ടയിൽ ഉറങ്ങി.
* ബാക്കിയുള്ള 100 ദിവസങ്ങൾ ഗ്യാസ് സ്റ്റേഷനുകളിലും ധാബകൾക്ക് മുന്നിലും കൃഷിയിടങ്ങളിലും ഉറങ്ങി.
* 4 ഡിഗ്രി വരെ താപമാനത്തിൽ സ്ലീപ്പിങ്ങ് ബാഗിൽ ഉറങ്ങി. മൈനസ് താപമാനത്തിൽ വാഹനത്തിൽ ഉറങ്ങുന്നത് അപകടമാണെന്ന തിരിച്ചറിവും ഉണ്ടായി.
* 10 ഡിഗ്രിക്ക് താഴെ തണുപ്പുള്ള ദിവസങ്ങളിൽ മാത്രം കുളിയും വസ്ത്രം അലക്കലും ഉച്ചസമയത്തേക്ക് മാറ്റി വെച്ചു. അല്ലെങ്കിൽ കൈകാലുകൾ മരവിച്ച് പോകുമെന്ന അവസ്ഥയുണ്ടായിരുന്നു.
* എല്ലാ ദിവസവും സൂര്യപ്രകാശം വീഴുന്നതിന് മുന്നേ തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും കുളിയും അലക്കലും നടത്തിപ്പോന്നിരുന്നു. വീടുകളിൽ ഉറങ്ങുമ്പോൾ മാത്രം ഇതിന് വീഴ്ച്ച സംഭവിച്ചു. വീടുകളാണ് നമ്മെ വഷളാക്കുന്നത്. തെരുവുകൾ നമ്മെ ചിട്ടയുള്ളവരാകുന്നു.
* ഭാഗിയെ നാല് വട്ടം പൊലീസ് പിടിച്ചു. 2 പ്രാവശ്യം രാജസ്ഥാനിലും 2 പ്രാവശ്യം ഹരിയാനയിലെ ഗുഡ്ഗാവിലും.
* രാജസ്ഥാനിൽ (ജയ്സാല്മീർ) ഒരു പ്രാവശ്യം നോ പാർക്കിങ്ങിനാണ് പിടിച്ചതെങ്കിലും, ബോർഡ് വെച്ചിട്ടില്ലാത്തതിനാലും സഞ്ചാരി എന്ന ആനുകൂല്യം തന്ന് ഫൈൻ അടിക്കാതെ വിട്ടയച്ചു.
രണ്ടാമത്തെ പ്രാവശ്യം (ജയ്പൂർ) പാർക്ക് ചെയ്തപ്പോൾ റോഡിലേക്ക് വാഹനം തള്ളി നിന്നതിന് ഭായിലെ Tow ചെയ്തുകൊണ്ട് പോയി. നഗരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിയിരുന്ന പോസ്റ്റുകൾ കാരണമാണ് പാർക്കിങ്ങ് നന്നായി ചെയ്യാൻ പറ്റാതിരുന്നത്. എന്തായാലും അതും ഫൈൻ അടിക്കാതെ വിട്ടയച്ചു. പക്ഷേ, Tow ചെയ്തവരുടെ ഫീസ് അടക്കേണ്ടി വന്നു.
* ഹരിയാനയിൽ 2 വട്ടം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനം ഓടിച്ചതിനാണ്. ഡൽഹിയിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിലും (NCR) അത് ബാധകമാണെന്ന് അറിയില്ലായിരുന്നു. ഒരിടത്ത് നിന്ന് സഞ്ചാരി എന്ന ആനുകൂല്യം കൈപ്പറ്റി കടന്ന് പോയെങ്കിലും രണ്ടാമത്തെ ഇടത്ത് 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.
* രണ്ട് പ്രാവശ്യം ടയർ പഞ്ചറായി. രണ്ട് പ്രാവശ്യവും പുറകിൽ ഇടത് വശത്തെ ടയറാണ് പഞ്ചറായത്. ഈ രണ്ട് പ്രാവശ്യവും തൊട്ടടുത്ത് പഞ്ചർ കടകൾ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിൻ്റെ പേരിൽ അരമണിക്കൂർ പോലും യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തില്ല.
* ബറോഡയിൽ വെച്ച് പിന്നിലെ ഇടത് ടയറിൻ്റെ ലീഫ് പൊട്ടി. അത് മാറ്റി വെച്ചെങ്കിലും അവർ ലീഫ് ശരിയാംവണ്ണം പിടിപ്പിക്കാഞ്ഞത് കൊണ്ട് പിന്നിൽ നിന്ന് ശബ്ദം വന്നുകൊണ്ടേയിരുന്നു. മൂന്നാഴ്ച്ചയോളം പലപല വർക്ക്ഷോപ്പുകളിൽ കാണിച്ചിട്ടും ഈ പ്രശ്നം കണ്ടുപിടിക്കാൻ അവർക്കൊന്നും കഴിഞ്ഞില്ല. അവസാനം സൂറത്തിലെ മലയാളി വർക്ക് ഷോപ്പിലെ സുരേഷ് മാപ്രാണം ആ പ്രശ്നം കണ്ടുപിടിച്ച് പരിഹരിച്ചു.
* തുടക്ക സമയത്ത്, ഭാഗിയുടെ ഏസി പലവട്ടം പണിമുടക്കി. ജയ്പൂരിൽ വെച്ച് ഫാൻ മാറ്റി വെച്ചതോടെ ആ പ്രശ്നം അവസാനിച്ചു. തുടർന്നുള്ള 120 ദിവസങ്ങളിലും ഭാഗിയിൽ ഏസിക്ക് പ്രശ്നം ഉണ്ടായില്ല.
* അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാലും നഗരത്തിരക്കിൽ സിഗ്നൽ ഭേദിച്ച് വന്ന ഓട്ടോകൾ രണ്ട് വട്ടം ഭാഗിയിൽ ഉരസി. ഒന്ന് ഇറങ്ങി നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയ സംഭവങ്ങളായിരുന്നു അത് രണ്ടും.
* പക്ഷേ ഒരിക്കൽ മാത്രം വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. Near Miss എന്ന് പറയാവുന്ന തരത്തിൽ ഉള്ള രക്ഷപ്പെടൽ ആയിരുന്നു അത്. ഇപ്രകാരമാണ് അത്. രാജസ്ഥാനിലെ 6 ട്രാക്കുള്ള ഒരു ദേശീയപാതയിൽ, രണ്ട് ഫാസ്റ്റ് ട്രാക്കുകളിലും വലിയ ട്രക്കുകൾ ഒരേ വേഗത്തിൽ ഒരുപാട് സമയമായി സഞ്ചരിക്കുന്നത് കൊണ്ട് അവയെ കടന്ന് പോകാൻ എനിക്ക് സ്ലോ ട്രാക്കിലൂടെ സഞ്ചരിക്കേണ്ടി വന്നു. ഞാൻ സ്ലോ ട്രാക്കിലേക്ക് കടന്നതും 200 മീറ്റർ മുന്നിൽ അതേ ട്രാക്കിൽ ഒരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നതായി കണ്ടതും ഞാൻ വേഗത കുറച്ചു. റോഡിന് അൽപ്പം ഉയരമുള്ള ഭാഗത്താണ് സംഭവം. ഇടത് വശത്ത് 10 അടി താഴ്ച്ചയുണ്ട്. പെട്ടെന്ന് എൻ്റെ മുന്നിൽ റോങ്ങ് സൈഡിലൂടെ എതിരെ ഒരു ട്രാക്ടർ കയറി വന്നു. എതിർവശത്തുള്ള 3 ട്രാക്കുകളിൽ നിന്ന്, എൻ്റെ വലത് വശത്ത് സഞ്ചരിക്കുന്ന 2 ട്രക്കുകൾക്കും കുറുകേ കടന്നാണ് ഈ ട്രാക്ടർ വന്നത്. അതുകൊണ്ട് തന്നെ 2 ട്രക്കുകളുടെ മറവിലൂടെ ഈ ട്രാക്ടർ വരുന്നത് അവസാനം നിമിഷം വരെ എനിക്ക് കാണാൻ കഴിയുമായിരുന്നില്ല. റോങ്ങ് സൈഡിൽ കടന്ന് വന്നതിന് ശേഷവും വേഗത അൽപ്പം പോലും കുറയ്ക്കാതെ ട്രാക്ടർ എനിക്ക് നേരെ കുതിച്ച് വരുകയായിരുന്നു. ഞാൻ ബ്രേക്ക് പൂർണ്ണമായും ചവിട്ടുകയും ഭാഗി നിൽക്കുകയും ചെയ്തിട്ടും ട്രാക്ടറുകാരൻ നിന്നിരുന്നില്ല. കാരണം അയാൾ ബ്രേക്ക് ചവിട്ടുന്നില്ല എന്നതുതന്നെ. എതിർ ദിശയിൽ സഞ്ചരിക്കുന്നത് അന്നാട്ടിൽ ഒരു കുറ്റമേ അല്ല എന്നതുകൊണ്ട് ഒരു കൂസലുമില്ലാതെയാണ് അവരവിടെ ആ പരിപാടി ചെയ്യുന്നത്. ഒരു അപകടഘട്ടത്തിൽ പോലും അവരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി അവർ അത് തിരുത്തില്ല. ട്രാക്ടറിൻ്റെ പിന്നിലെ ടയറും വീതി കൂടിയ ഭാഗവും ഭാഗിയുടെ ബോണറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വന്ന് നിന്നത്. എന്നിട്ട് ഞാനെന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ട്രാക്ടറിൻ്റെ ഡ്രൈവർ എന്നെ തുറിച്ച് നോക്കിയത്. (ഈ സംസ്ഥാനങ്ങളിലെ ഡ്രൈവിങ്ങ് രീതികളെപ്പറ്റി മറ്റൊരു വിശദമായ കുറിപ്പ് ഞാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്.)
* 10405 രൂപ ടോൾ ഇനത്തിൽ ചിലവായി.
* 25325 രൂപ പ്രവേശന ഫീസ്, പാർക്കിങ്ങ് ഫീസ്, ടിപ്പ്, ഗൈഡ് എന്നീ ഇനങ്ങളിൽ ചിലവായി.
* 2000 രൂപ ഹരിയാന പൊലീസ് കൈക്കൂലി ഇനത്തിൽ കൈപ്പറ്റി. അത് നൽകിയില്ലെങ്കിൽ 22,000 രൂപ ഫൈൻ അടിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.
* 1,52,571 രൂപ ഡീസൽ അടിക്കാൻ ചിലവായി.
* മൊത്തം ചിലവായത് 301396 രൂപ. അതായത് പ്രതിമാസം ശരാശരി 60278 രൂപ ഈ യാത്രയ്ക്ക് വേണ്ടി ചിലവായി. ഒരു ദിവസം ശരാശരി ₹2000 ചിലവ്.
* മൂന്ന് ദിവസം ഹോട്ടലിൽ താമസിച്ചപ്പോൾ നൽകിയ 2600 രൂപയും ഡീസൽ, പ്രവേശന ഫീസ്, ടോൾ എന്നിങ്ങനെ എല്ലാ ചിലവുകളും ചേർത്താണ് മുകളിൽ പറഞ്ഞ കണക്ക്.
* ഈ യാത്രയിൽ പ്രധാനമായും മൂന്ന് ജോഡി വസ്ത്രങ്ങളാണ് ഞാൻ ഉപയോഗിച്ചത്. ഒരു ജോഡി വസ്ത്രം അലക്കി ഇടുമ്പോൾ അടുത്ത വസ്ത്രം ഉപയോഗിക്കും. അത് വാഹനത്തിൽത്തന്നെ വിരിച്ച് ഉണക്കിയെടുത്ത് അടുത്ത ദിവസം ഉപയോഗിക്കും. അത് ഉണങ്ങിക്കിട്ടാൻ കാലതാമസം ഉണ്ടായാൽ മാത്രം മൂന്നാമത്തെ ജോഡി വെളിയിൽ എടുക്കുമായിരുന്നു.
* വാട്ടർ ടാങ്കിലുള്ള 40 ലിറ്റർ വെള്ളമാണ് ഒരു ദിവസത്തെ ശൗചം, അലക്ക്, കുളി, വാഹനം കഴുകൽ, പാത്രം കഴുകൽ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്നത്.
* കുടിക്കാൽ എല്ലാ സമയത്തും കുപ്പിവെള്ളം തന്നെ ഉപയോഗിച്ച് പോന്നിരുന്നു.
* രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ പ്രാതൽ കിട്ടാതെ വരുമ്പോൾ മാത്രമാണ് ഭാഗിയുടെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഹരിയാനയിലെ ചില കൃഷിയിടങ്ങളിൽ തങ്ങിയപ്പോൾ രാത്രി ഭക്ഷണം ഉണ്ടാക്കിയിരുന്നു.
* വാഹനത്തിനുള്ളിൽ കലശലായ എലി ശല്യം നേരിടേണ്ടി വന്നത് രാജസ്ഥാനിൽ എലികൾക്ക് വേണ്ടിയുള്ള കർണിമാത ക്ഷേത്രത്തിൽ പോയത് മുതൽക്കാണ്. രാത്രി ഉറക്കത്തിൽ പലപ്പോഴും എൻ്റെ ശരീരത്തിലൂടെ എലികൾ ഓടാൻ തുടങ്ങി. ഭാഗിക്ക് ഉള്ളിൽ സ്ഥിരമായി എലിക്കെണി സ്ഥാപിച്ചും എലിപ്പശ വെച്ചുമാണ് ആ പ്രശ്നം പരിഹരിച്ചത്. 5 എലികളെയാണ് അത്തരത്തിൽ പിടികൂടി തുറന്ന് വിട്ടത്. ആറാമത് ഒരു വലിയ എലി ഗുജറാത്തിൽ വെച്ച് കയറിക്കൂടിയെങ്കിലും ഒറ്റ രാത്രി കൊണ്ട് അത് തനിയെ പുറത്ത് പോയി. എന്തായാലും ഈ എലികൾ എല്ലാം ചെറിയ ചില ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക്ക് പൊതികളും പേപ്പറുകളും കരണ്ടു എന്നല്ലാതെ വയറിങ്ങിനെയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെയൊ കരണ്ടില്ല എന്നത് ആശ്വാസമായിരുന്നു.
* ഈ 156 ദിവസങ്ങളിലും, അന്നന്നത്തെ കാര്യങ്ങൾ രാത്രി 12 പന്ത്രണ്ട് മണിക്ക് മുൻപ് ഫേസ്ബുക്കിൽ എഴുതി ഇട്ടിരുന്നു. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം ഇൻ്റർനെറ്റ് സ്ലോ ആയതുകൊണ്ട് 12 മണി കഴിഞ്ഞ് നാലോ അഞ്ചോ മിനിറ്റ് കഴിഞ്ഞാണ് അത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നിരുന്നാലും ഇൻ്റർനെറ്റ് തീരെ കിട്ടാത്ത അവസ്ഥ അലങ്ങ്, മദൻ, കുലങ്ങ് മലകൾക്ക് മുകളിൽ രാത്രി തങ്ങിയപ്പോൾ പോലും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
* രണ്ട് ഹാർഡ് ഡിസ്ക്കുകളിലാണ് ബാക്കപ്പ് എടുത്തിരുന്നത്. അതിൽ ഒരു ഹാർഡ് ഡിസ്ക് എപ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്നു.
* ഒരു വസ്തു പോലും നഷ്ടപ്പെടാതെയും ഒന്നും ഒരിടത്തും മറന്ന് വെക്കാതെയും തിരികെയെത്തി എന്നതും എടുത്ത് പറയേണ്ടതാണ്.
* അതിനേക്കാളെല്ലാം ഉപരിയായി പറയേണ്ടത്, പോയ സ്ഥലങ്ങളിലെല്ലാം ഒരു കുഴപ്പവുമില്ലാതെ കടന്ന് പോകുകയും ജനങ്ങളുടെ നന്മയും സഹകരണവും ആവോളം അനുഭവിക്കാൻ ആയെന്നുള്ളതുമാണ്.
* വീടുകളിൽ എനിക്ക് സൗകര്യമൊരുക്കിയ മേൽപ്പറഞ്ഞ സുഹൃത്തുക്കളെപ്പോലെ തന്നെ യാതൊരു പരിചയം ഇല്ലാത്ത ഗ്രാമീണരും നഗരവാസികളും ഹോട്ടലുടമകളും ധാബ ഉടമകളും ഗ്യാസ് സ്റ്റേഷൻകാരും കട്ടയ്ക്ക് നിന്ന് സഹകരിച്ചു.
* ഒരിടത്തും ഒരു മോഷണ ശ്രമമോ കൈയേറ്റമോ തട്ടിക്കയറലുകളോ, അപമര്യാദയോടുകൂടിയ പെരുമാറ്റമോ ഉണ്ടായില്ല.
* ബാബുജി, കാക്ക, കാക്കാജീ, അങ്കിൾ, അങ്കിൾജി, കീലവാല, എന്നിങ്ങനെ പലപേരുകളിൽ ബഹുമാനത്തോടെ തന്നെ ഈ വൃദ്ധനെ പൊതുജനങ്ങളും പൊലീസുകാരും എല്ലാം അഭിസംബോധന ചെയ്തു, സഹായിച്ചു, സഹകരിച്ചു.
* തണുപ്പ്കാലങ്ങളിൽ മാത്രമേ വടക്കേ ഇന്ത്യയിലേക്ക്, ഇതുപോലെ ഒരു മോട്ടോർ ഹോമിൽ യാത്ര പോകാനാവൂ. ചൂടുകാലങ്ങളിൽ വാഹനങ്ങളിൽ കിടന്നുറങ്ങുക സാദ്ധ്യമല്ല എന്ന നിഗമനം ശരിയാണെന്ന് ഈ യാത്ര തെളിയിച്ചു.
* 2025 – 2026 ലെ GIE, 2025 സെപ്റ്റംബർ ആദ്യവാരത്തിൽത്തന്നെ ആരംഭിക്കും. ആ സമയത്ത് പഞ്ചാബ്, കാശ്നീർ, ഉത്തരാഖണ്ട്, ഡൽഹി, ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ പൂർത്തിയാക്കി ബാക്കി സമയമുണ്ടെങ്കിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, വടക്ക് കിഴക്കൻ ഭാഗത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് കൂടെ സഞ്ചരിച്ച് കേരളത്തിൽ യാത്ര അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
* ഈ ആവശ്യത്തിലേക്കായി ഒട്ടും വൈകാതെ തന്നെ പുതിയ ഭാഗിയെ വാങ്ങാനുള്ള ആലോചനകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
* ഇപ്രകാരം 2026 – 2027 – 2028 – 2029 വർഷങ്ങളിൽ 5 മാസം വീതം സഞ്ചരിക്കുന്നതോടെ ഇന്ത്യ ഏറെക്കുറെ കണ്ട് തീർക്കാൻ പറ്റുമെന്നും 800+ കോട്ടകളിലേക്കുള്ള സഞ്ചാരം പൂർത്തിയാക്കാൻ പറ്റുമെന്നും പ്രതീക്ഷിക്കുന്നു.
* എന്നിട്ട് വീണ്ടും ആയുസ്സും ആരോഗ്യവും അവശേഷിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് ഡ്രൈവ് ചെയ്ത് പോകാനും പദ്ധതിയുണ്ട്.
* എന്തായാലും ഇപ്രാവശ്യത്തെ 156 ദിവസത്തെ യാത്ര കഴിഞ്ഞതോടെ ഒരു മോട്ടോർ ഹോമിലുള്ള ചുരുങ്ങിയ സൗകര്യങ്ങൾ വെച്ച് യാത്ര ചെയ്യാനുള്ള സമ്പൂർണ്ണമായ ആത്മവിശ്വാസം ഈയുള്ളവൻ നേടിയെടുത്തിട്ടുണ്ട്. യാത്ര മാത്രമല്ല, റോഡ്, കാലാവസ്ഥ, ഡ്രൈവിങ്ങ് രീതികൾ, ഭക്ഷണക്രമങ്ങൾ, വാഹനം ക്രമീകരിക്കേണ്ട രീതികൾ, കൊണ്ടുപോകേണ്ട ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ എന്നിങ്ങനെ എല്ലാക്കാര്യങ്ങളും 90% എങ്കിലും തീർപ്പാക്കാനും ഒത്തുപോകാനും സഹായിച്ച ഒരു യാത്രയായിരുന്നു ഇപ്രാവശ്യം കഴിഞ്ഞത്.
* ഇത്തരത്തിൽ യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർക്കൊപ്പം ഈ വിഷയത്തിൽ കൂടിയാലോചന (Consultancy) നടത്താൻ ഞാൻ തയ്യാറാണ്. ഇത്തരം കൂടിയാലോചനകൾ ഫോണിലൂടെ നടത്തുന്നതല്ല. ആവശ്യക്കാർ സമയം തീർച്ചപ്പെടുത്തി നേരിട്ട് വന്ന് സംസാരിച്ച് പോകേണ്ടതാണ്.
* ഈ 156 ദിവസങ്ങളിലും ഫേസ്ബുക്കിൽ എൻ്റെ യാത്രാക്കുറിപ്പുകളും റീലുകളും വിടാതെ പിന്തുടർന്നവർ നിരവധിയാണ്. അവർക്കെല്ലാം എൻ്റെ പ്രത്യേകം നന്ദി. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നോ രണ്ടോ ആഴ്കകൾക്കപ്പുറം ഇതൊന്നും വായിക്കാനോ പടങ്ങൾ കാണാനോ പോലും പറ്റില്ലായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും അനാവശ്യ തിരക്കുകളും വല്ലാതെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാ ദിവസവും വായിച്ചവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുള്ളത്.
* ഇതൊന്നും യാത്രാവിവരണമായി സ്വയം ഞാൻ തന്നെ കണക്കാക്കുന്നില്ല. ഇതിൽ കാവ്യഭംഗിയോ സ്ഥലകാലവർണ്ണനയോ യാത്രയുടെ ആവേശമോ വാരിവിതറിയിട്ടില്ല. ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ട് പോയി, അത് കണ്ടു ഇത് കണ്ടു എന്നിങ്ങനെയുള്ള വെറും വരികൾ മാത്രമായിരുന്നു. അതിൽക്കൂടുതൽ ഭംഗി പിടിപ്പിച്ച് എഴുതണമെങ്കിൽ കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങളും വേണം. അതില്ലാത്തത് കൊണ്ടാണല്ലോ ഈയുള്ളവൻ നിരക്ഷരൻ ആകുന്നത്!
* ഈ കുറിപ്പുകളിൽ, പല കാരണങ്ങൾ കൊണ്ടും പരസ്യമായി എഴുതി വെക്കാൻ പറ്റാത്ത പല കാര്യങ്ങളും എൻ്റെ ഡയറിയിലാണ് നിത്യേന ഞാൻ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ എഴുതിയതും ഡയറിയും ചേർത്ത്, മൃതപ്രായമാകുമ്പോൾ വായിച്ചാൽ എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളത് ഉണ്ടാകും. അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം സംയോജിപ്പിച്ച്, ചില നല്ല അനുഭവങ്ങളും ചില ഗംഭീര മനുഷ്യരേയും ചേർത്ത് വെച്ച് പുസ്തകരൂപത്തിൽ ചിലപ്പോൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷേ, യാതൊരു ഉറപ്പുമില്ല. അത്രയും സമയം ഉണ്ടെങ്കിൽ വേറെ എവിടെയൊക്കെ യാത്ര പോകാം എന്നാണെൻ്റെ ചിന്ത. അഥവാ മേൽപ്പറഞ്ഞ പോലെ ഒരു പുസ്തകം വന്നാലും അത് ആവശ്യമുള്ളവർക്ക് മാത്രമായി പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) ആയിരിക്കും.
ഈ യാത്ര വായിച്ച് കൂടെ നിന്നവർക്കും, താമസവും ഭക്ഷണവുമൊക്കെ നൽകി നേരിട്ട് കൂടെ നിന്നവർക്കുമെല്ലാം ഉള്ളിൻ്റെ ഉള്ളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. GIE യാത്രയും ഓൺലൈൻ വെറുപ്പിക്കലും തുടരും. ഇനിയും കൂടെയുണ്ടാകണം. രക്ഷപ്പെടാനുള്ളവർക്ക് രക്ഷപ്പെടുകയും ആവാം.
വാൽക്കഷണം:- ജയ്പൂരിൽ വച്ച് മഞ്ജുവിന്റെ മകൾ ഖുശി, ഈ യാത്രയെ രണ്ടു വാചകത്തിൽ നിർവ്വചിക്കാൻ എന്നോട് പറഞ്ഞു. വാചകം1:- ഇത്തരം ഒരു യാത്ര ചെയ്യുന്നതോടെ ഒരാൾ മിനിമലിസ്റ്റായി മാറിത്തുടങ്ങുന്നു. വാചകം 2:- അഹം എന്ന സംഭവം അയാളുടെ ജീവിതത്തിൽ നിന്ന് ചെറിയ തോതിലെങ്കിലും പടിയിറങ്ങാൻ തുടങ്ങുന്നു.
നന്ദി. സസ്നേഹം
നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)