Monthly Archives: February 2009

Switzerland-slr-689

സ്വിസ്സര്‍ലാന്‍ഡ് (5) – ബേണ്‍


സ്വിസ്സ് യാത്രയുടെ 1, 2, 3, 4, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
———————————————————————————
മൂന്നാം ദിവസം നേരം പുലര്‍ന്ന ഉടനെ, കഴിഞ്ഞ രണ്ടുദിവസങ്ങളായി മനോഹരമായ ദൃശ്യങ്ങളും, യാത്രകളുമൊക്കെ സമ്മാനിച്ച ഇന്റര്‍‌ലേക്കണിനോട് യാത്ര പറഞ്ഞ് പിരിയാനാണ് ഉദ്ദേശിച്ചിരുന്നത്. ഏഴുമണിയോടെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത് റെയില്‍‌വേ സ്റ്റേഷനിലെത്തി. ഹോട്ടലില്‍ ചെക്കിന്‍ ചെയ്തപ്പോള്‍ ലോക്കല്‍ ബസ്സുകളില്‍ സഞ്ചരിക്കുന്നതിന് കൌണ്ടറില്‍ നിന്ന്‍ തന്നിരുന്ന രണ്ട് സൌജന്യ പാസ്സുകള്‍ ഇതുവരെ ഉപയോഗിക്കേണ്ടി വന്നില്ല എന്നത് അപ്പോളാണ് ഓര്‍ത്തത്. തീവണ്ടി, ബോട്ട് , ബസ്സ്, ട്രാം എന്നിങ്ങനെ എല്ലാവിധ യാത്രാസൌകര്യങ്ങളും സ്വിസ്സ് പാസ്സ് വഴി ലഭ്യമാകുന്നതിനിടയ്ക്ക് മറ്റൊരു ബസ്സ് പാസ്സിന്റെ ആവശ്യം ഉണ്ടാകുന്നതേയില്ല.

സ്വിസ്സര്‍‌ലാന്‍ഡിന്റെ ക്യാപ്പിറ്റലായ ബേണിനെ(Bern) ലക്ഷ്യമാക്കിയായിരുന്നു അടുത്ത യാത്ര. Speiz എന്ന സ്റ്റേഷനില്‍ ഇറങ്ങി ബേണിലേക്കുള്ള തീവണ്ടി മാറിക്കയറി. മൂന്നാം ദിവസത്തിന്റെ യാ‍ത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത്, കയ്യിലുള്ള ബാഗുകള്‍ തൂക്കിവേണം ഉച്ചവരെയുള്ള സഞ്ചാരമൊക്കെ നടത്താന്‍. ഇക്കാര്യം യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ട് ഈ ആവശ്യത്തിലേക്കായി സൌകര്യപ്രദമായ ബാക്ക് പാക്കുകള്‍ വാങ്ങിയിരുന്നെങ്കിലും, ഇന്റര്‍ലേക്കണില്‍ നിന്ന് വാങ്ങിക്കൂട്ടിയ കുക്കു ക്ലോക്ക്, സ്വിസ്സ് ചോക്കളേറ്റുകള്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണി, സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള കൊച്ചുകൊച്ചു സോവനീറുകള്‍ എന്നിങ്ങനെയുള്ള ആക്രി സാധനങ്ങളൊക്കെ അകത്ത് കയറിയപ്പോള്‍ ബാഗിന് നല്ല ഭാരമുണ്ടായിരുന്നു.

ഉച്ചവരെ ബേണിലെ നഗരക്കാഴ്ച്ചകള്‍ കണ്ടുനടന്ന് അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുക എന്നല്ലാതെ തലസ്ഥാന നഗരിയില്‍ തങ്ങാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ലായിരുന്നു.

ക്യാപ്പിറ്റലായതുകൊണ്ടാവണം ബേണ്‍ സ്റ്റേഷനില്‍ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ തിരക്ക് തോന്നിപ്പിച്ചു. എന്നിരുന്നാലും നല്ല ഒതുക്കവും അടക്കവുമുള്ള തിരക്ക്. തിരക്കിനിടയില്‍ തിക്കിത്തിരക്ക് എന്ന സംഭവം തീരെയില്ല. സ്റ്റേഷനില്‍ നിന്നുതന്നെ പട്ടണത്തിന്റെ ഒരു മാപ്പ് സംഘടിപ്പിച്ച് പുറത്തേക്ക് കടന്നു. ഇതുവരെയുള്ള യാത്രകളില്‍ വഴികളൊന്നും ആരോടും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം കാര്യമായിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇനി മുതല്‍ അങ്ങനെയല്ല. പരസഹായമില്ലാതെ ശരിയായ വഴികള്‍ കണ്ടുപിടിച്ച് മുന്നോട്ട് നീങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരസഹായം എന്നുപറയുമ്പോള്‍ ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കമ്മിയാണ് ഈ നഗരത്തില്‍. സ്വിസ്സ്-ജര്‍മ്മനാണ് ഇവിടത്തെ പ്രധാന ഭാഷ. സ്റ്റേഷന്റെ പുറത്തുള്ള ഒരു പൂക്കടയില്‍ ചെന്ന് വഴി ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഭാഷാപ്രശ്നം ഞങ്ങള്‍ മനസ്സിലാക്കി. തട്ടിമുട്ടിയുള്ള ഇംഗ്ലീഷും, കലാമണ്ഡലം കലകളുടെയുമൊക്കെ സഹായത്തോടെ ചില വഴികളൊക്കെ മനസ്സിലാക്കി.

12 ആം നൂറ്റാണ്ടിലുണ്ടാക്കിയ ഒരു ക്ലോക്ക് ടവറായിരുന്നു ആദ്യത്തെ ലക്ഷ്യം. 9 മണിക്ക് മുന്‍പ് അതിന്റെ മുന്നിലെത്തണം. മണിയടിക്കുന്നതിന് 4 മിനിട്ട് മുന്‍പുതന്നെ ക്ലോക്കിലെ കലാപരിപാടികള്‍ ആരംഭിക്കുമെന്നുള്ളതാണ് ആ ക്ലോക്കിന്റെ പ്രത്യേകത. മാപ്പിന്റെ സഹായത്തോടെ ക്ലോ‍ക്ക് ടവറിന്റെ മുന്നിലെത്താന്‍ അധികം ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെങ്കിലും ഒന്നുരണ്ട് കവലകളില്‍ കാ‍ല്‍നടക്കാരോട് വഴി ചോദിച്ച് (ഭാഷ കലാമണ്ഡലം തന്നെ)ഉറപ്പാക്കിക്കൊണ്ടിരുന്നു.

ഗോത്തിക്ക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ബേണിലുള്ളത്. അവയ്ക്കിടയിലൂടെ ബാഗ് പുറത്ത് തൂക്കിയും, ഇടയ്ക്കിടയ്ക്ക് മൂട്ടിലുള്ള ചക്രങ്ങളുടെ സഹായത്തോടെ വലിച്ചുമൊക്കെ ക്ലോക്ക് ടവറിന്റെ മുന്നിലേക്ക് നടക്കുമ്പോള്‍ ദൂരെനിന്നുതന്നെ ക്ലോക്കിന്റെ സംഗീതം കേള്‍ക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള സംഗീതവും ക്ലോക്കിലുള്ള ബൊമ്മകളുടെ കലാപ്രകടനമൊക്കെ കഴിഞ്ഞതോടെ സ്വര്‍ണ്ണനിറം പൂശിയ ആള്‍‌രൂപത്തിലുള്ള ബൊമ്മ കയ്യിലുള്ള ദണ്ഡുകൊണ്ട് മണിയില്‍ 9 പ്രാവശ്യം അടിച്ച് ശബ്ദമുണ്ടാക്കി.

ബേണിലെ ഒഴിവാക്കാനാവാത്ത ഒരു ആകര്‍ഷണമാണ് പുരാതനമായ ഈ അസ്‌ട്രോണമിക്കല്‍ ക്ലോക്ക്. സമയത്തിന് പുറമെ ദിവസവും, ഗ്രഹങ്ങളുടെ സ്ഥാനവും, സോഡിയാക്‍ ചിഹ്നങ്ങളുമൊക്കെ കാണിക്കുന്ന അത്തരമൊരു ഭീമന്‍ ക്ലോക്ക് ജീവിതത്തിലാദ്യമായി കാണുകയായിരുന്നു.

ക്ലോക്ക് ടവറിനോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. പഴയകാലത്ത് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഒരു ജയിലാണത്. അവിടത്തെ തടവുപുള്ളികള്‍ക്ക് ഈ ക്ലോക്കിന്റെ മണിയടി കേട്ട് കേട്ട് മടുത്തുകാണുമായിരിക്കും.

അടുത്ത ലക്ഷ്യം 15 ആം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പ്രശസ്തമായ സെന്റ് വിന്‍സെന്റ് കത്തീഡ്രലായിരുന്നു. മാപ്പിലെ വഴികള്‍ ഇതിനകം പരിചയമായിക്കഴിഞ്ഞിരുന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ ഗോത്തിക്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള കത്തീഡ്രലിനരുകിലെത്തി.

അവിടെ ചില മിനുക്കുപണികള്‍ നടക്കുന്നതുകാരണം അകത്ത് കയറി മനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകളും മറ്റും കാണാനായില്ല. ബേണിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഗോപുരം 1421 ല്‍ ഉണ്ടാക്കപ്പെട്ട ഈ കത്തീഡ്രലിന്റേതാണ്. ആ ഗോപുരത്തില്‍ക്കയറിനിന്ന് നോക്കിയാല്‍ പട്ടണത്തിന്റെ ഒരു ആകാശക്കാഴ്ച്ച കാണാമെന്നുള്ള മോഹവും നടന്നില്ല.

അതിന്റെയൊക്കെ വിഷമം തീര്‍ക്കാനും, ബാഗും തൂക്കിയുള്ള നടത്തത്തിന്റെ ക്ഷീണം തീര്‍ക്കാനുമായി കത്തീഡ്രലിന്റെ വലത്തുവശത്തുള്ള വിശാലമാ‍യ അങ്കണത്തില്‍ കുറേ സമയം ചിലവഴിച്ചു. ദൂരെയായി ആരെ(Aare)നദിക്ക് കുറുകെയുള്ള വലിയ ഇരുമ്പുപാലത്തിലൂടെ തീവണ്ടിയും മറ്റ് വാഹനങ്ങളുമൊക്കെ കടന്നുപോകുന്നതുകാണാം. ബേണ്‍ നഗരത്തെ മൂന്നുവശത്തുകൂടെയും ചുറ്റിയാണ് ആരെ(Aare) നദി കടന്നുപോകുന്നത്.

ഫൌണ്ടനുകള്‍ക്ക് പേരുകേട്ട ഒരു നഗരമാണ് ബേണ്‍. വീഥികളുടെ നടുവിലൊക്കെ മനോഹരമായ ഫൊണ്ടനുകള്‍ കാണാം. ഫൌണ്ടന്‍ എന്നുപറയുമ്പോള്‍ വെള്ളം വീഴുന്നതിന്റെ ഭംഗിയേക്കാള്‍ ഫൌണ്ടന്റെ ശില്‍പ്പഭംഗിക്കാണ് കൂടുതല്‍ ആകര്‍ഷണമുള്ളത്.

ഇത്തരം ഭംഗിയുള്ള ഫൌണ്ടനുകള്‍ വഴിയുടെ നടുവിലെന്നപോലെ വഴിയരുകിലുള്ള കെട്ടിടങ്ങളുടെ ചുമരിലുമൊക്കെ ഒരു സാധാരണ കാഴ്ച്ച മാത്രമാണ് ബേണില്‍.
പൊതുസ്ഥലങ്ങളിലൊക്കെ ഇത്തരം ഫൌണ്ടനുകളും , ശില്‍പ്പങ്ങളുമൊക്കെ സംരക്ഷിച്ച് പോരുന്നത് എങ്ങനെയാണെന്ന് മാതൃകയാക്കാന്‍ പറ്റിയ ഒരു രാജ്യമാണിത്.
അടുത്തലക്ഷ്യം പാര്‍ലിമെന്റ് ഹൌസും, സിസ്സ് ബാങ്കുകളുമൊക്കെയാ‍യിരുന്നു. വഴി കണ്ടുപിടിക്കാന്‍ ഭൂപടം തന്നെയായിരുന്നു തുണ. നടത്തത്തിന്റെ വേഗത കുറഞ്ഞുതുടങ്ങിയതിന്റെ കാരണം പുറത്ത് തൂങ്ങുന്ന ബാക്ക് പാക്ക് തന്നെ. തെരുവിലെ കാഴ്ച്ചകള്‍ കണ്ട് മെല്ലെ നടക്കുന്നതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന സംഗതികളില്‍ ചിലത് ട്രാമുകളും , അതുപോലെ തന്നെ വിദ്യുച്ഛക്തി ഉപയോഗിച്ച് നീങ്ങുന്ന ബസ്സുകളുമാണ്.
തെരുവിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായി തലങ്ങും വിലങ്ങും വലിച്ചുകെട്ടിയിട്ടുള്ള വൈദ്യുത കമ്പികള്‍ എങ്ങും കാണാം. സാധാരണ ഇലക്‍ട്രിക്ക് ട്രെയിനുകളുടെ പ്രവര്‍ത്തനരീതിയില്‍, റോഡിലുള്ള പാളങ്ങളിലൂടെയാണ് ട്രാമുകളുടെ സഞ്ചാരമെങ്കില്‍ അതില്‍നിന്ന് അല്‍പ്പം വ്യത്യാസമുണ്ട് ബസ്സുകളുടെ സഞ്ചാരരീതിയ്ക്ക്.
ബസ്സുകള്‍ക്ക് ട്രാമിന്റെ പോ‍ലെ പാളമൊന്നുമില്ല. ബസ്സിന്റെ മുകള്‍വശത്ത് നീണ്ടുനില്‍ക്കുന്ന ലോഹദണ്ഡിലൂടെയാണ് ബസ്സിലേക്കാവശ്യമായ വൈദ്യുതി പ്രവഹിക്കുന്നത്. 4 മീറ്ററോളം നീളമുള്ള ആ ലോഹദണ്ഡിനെ മാത്രം വൈദ്യതക്കമ്പികളില്‍ മുട്ടിച്ചുകൊണ്ട് ബസ്സ് റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും നീങ്ങുന്നതും വളവുള്ള റോഡുകളിലൂടെ തിരിയുന്നതുമൊക്കെ പുതുമയുള്ള കാഴ്ച്ചതന്നെയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇതുപോലൊക്കെയുള്ള വാഹനങ്ങളൊക്കെ ഓടിക്കൊണ്ടിരുന്നിട്ടും ശബ്ദമലിനീകരണവും കരിപ്പുകകൊണ്ടുള്ള അന്തരീ‍ക്ഷ മലിനീകരണമൊന്നുമില്ലാത്ത വീഥികളാണ് എല്ലായിടത്തും. പുറകില്‍ നിന്നുവരുന്ന ട്രാമിന്റെയോ ബസ്സിന്റേയോ ശബ്ദം കേള്‍ക്കുന്നത്, അതൊക്കെ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ്.

പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുന്നില്‍ എത്തുന്നതിന് മുന്‍പുതന്നെ തെരുവോരത്തുനിന്ന് ഉച്ചഭക്ഷണം വാങ്ങി ബാഗിലാക്കി. ഉച്ചയ്ക്ക് തീവണ്ടിയിലിരുന്ന് ഭക്ഷണം അകത്താക്കിയാല്‍ അത്രയും സമയം ലാഭിക്കാമല്ലോ‍ ?

തുറസ്സായ മാര്‍ക്കറ്റ് പ്രദേശത്തേക്ക് കടന്നപ്പോള്‍ത്തന്നെ പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുകള്‍ഭാഗം കാണാറായി. മാര്‍ക്കറ്റിലെ കാഴ്ച്ചകള്‍ക്കെല്ലാം പുതുമയും, വൃത്തിയും, വെടിപ്പുമൊക്കെയുണ്ട്.

മാര്‍ക്കറ്റ് മുറിച്ചുകടന്ന് തുറസ്സായ വലിയൊരു സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ നേരെ മുന്നിലായി 1902 ല്‍ നിര്‍മ്മിച്ച പാര്‍ലിമെന്റ് കെട്ടിടം പ്രൊഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. സ്വിസ്സര്‍ലാന്‍ഡില്‍ ലഭ്യമായിട്ടുള്ള കെട്ടിടനിര്‍മ്മാണസാമഗ്രികള്‍ മാത്രം ഉപയോഗിച്ചാണ് Bundeshaus എന്നുവിളിക്കപ്പെടുന്ന ഈ കെട്ടിടം ഇതിന്റെ ആര്‍ക്കിടെക്‍റ്റായ Hans Wilhelm Auer അക്കാലത്ത് ഡിസൈന്‍ ചെയ്തെടുത്തത് എന്നുള്ളതാണ് ഈ കെട്ടിടത്തിന്റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത. സമ്മേളനം ഇല്ലാത്ത ദിവസമായതുകൊണ്ട് പാര്‍ലിമെന്റിനകത്തേക്കും പ്രവേശനം തരമായില്ല.

പാര്‍ലിമെന്റ് കെട്ടിടത്തിന് വലത്തുവശത്തായി നാഷണല്‍ സ്വിസ്സ് ബാങ്ക് കെട്ടിടമാണ്. ജീവിതത്തിലൊരിക്കലും അവിടെയൊരു അക്കൊണ്ട് തുറക്കാന്‍ പറ്റില്ലെന്ന് നന്നായിട്ടറിയാമായിരുന്നതുകൊണ്ട്, ഉണക്കമീന്‍ കൊണ്ട് അടികൊണ്ട പൂച്ചയെപ്പോലെ ആ പരിസരത്തൊക്കെ കുറേനേരം വട്ടമിട്ട് കറങ്ങിനടന്ന് പൂതി തീര്‍ത്തതിനുശേഷമാണ് സ്ഥലം കാലിയാക്കിയത്.
സ്റ്റേഷനിലേക്ക് തിരിച്ചുനടക്കാന്‍ മാപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. ഒന്നുരണ്ടുപ്രാവശ്യം കയറി ഇറങ്ങിയപ്പോള്‍ വഴികളെല്ലാം സുപരിചിതമായതുപോലെ. പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന, ‍ സുതാര്യമായ ആധുനിക മേല്‍ക്കൂരയുള്ള ബസ്സ് സ്റ്റാന്‍ഡിനുവരെ ഒരു പ്രത്യേകഭംഗിയുള്ളതായി തോന്നി.

ബസ്സ് സ്റ്റാന്‍ഡ് മുറിച്ച് കടക്കുന്നത് റെയില്‍‌വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനകത്ത്‍ പ്ലാറ്റ്ഫോം തിരഞ്ഞുനടക്കുന്നതിനിടയില്‍ യൂണിവേഴ്‌സിറ്റി എന്ന ഒരു ബോര്‍ഡ് കണ്ടപ്പോള്‍ അതെന്താണെന്ന് ഒരു അന്വേഷിക്കണമെന്ന് തോന്നി. സൂറിക്കിലേക്കുള്ള വണ്ടിവരാന്‍ കുറച്ചുകൂടെ സമയമുണ്ട്. അന്വേഷണം ചെന്നെത്തിയത് സ്റ്റേഷന്‍ ലിഫ്‌റ്റിന്റെ അടുത്താണ്. ലിഫ്റ്റിനകത്തുകടന്നപ്പോള്‍ മുകളിലേക്കാണ് യൂണിവേഴ്‌സിറ്റിയുടെ അടയാളം കാണിക്കുന്നത്. ശരിക്കുള്ള വഴിയാണോ എന്ന് സംശയം തോന്നിയെങ്കിലും ലിഫ്റ്റില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ നിലയില്‍‍ച്ചെന്നിറങ്ങി. അവിടന്ന് താഴേക്ക് നോക്കിയാല്‍ പാര്‍ലിമെന്റ് കെട്ടിടത്തിന്റേയും, സെന്റ് വിന്‍സന്റ് കത്തീഡ്രലിന്റേയുമൊക്കെ ഉയര്‍ന്നുനില്‍ക്കുന്ന ഗോപുരങ്ങള്‍ അടക്കമുള്ള ബേണ്‍ നഗരത്തിന്റെ ഒരു ചെറിയ ആകാശക്കാഴ്ച്ച തരമാകുന്നുണ്ട്. പുറകോട്ട് തിരിഞ്ഞ് നോക്കിയാല്‍ കാണുന്നത് യൂണിവേഴ്‌സിറ്റി കെട്ടിടവും കാമ്പസുമാണ്. 1834ല്‍ സ്ഥാപിതമായതും, ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതുമായ യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരത്ത് പത്തുപതിനഞ്ച് മിനിറ്റ് ചിലവഴിച്ചു.
സൂറിക്കിലേക്കുള്ള തീവണ്ടിക്ക് സമയമാകുന്നു. സമയം കൃത്യമായി പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ പദ്ധതികളെല്ലാം കുഴഞ്ഞുമറിയും. ലിഫ്റ്റ് വഴി തിരിച്ച് സ്റ്റേഷനിലെത്തി തീവണ്ടിക്കകത്തുകടന്നപ്പോഴേക്കും വിശപ്പിന്റെ വിളി വന്നുകഴിഞ്ഞിരുന്നു. പാസ്‌തയും, നോണ്‍-വെജ്‍ സാലഡും അകത്താക്കിയപ്പോള്‍ കുറച്ചൊരാശ്വാസമായി.

വണ്ടി അപ്പോഴേക്കും സൂറിക്കിനെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.

———തുടരും———–

ആറാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക