മാലിന്യം

‘സി‘ യ്ക്ക് ഒരു തുറന്ന കത്ത്


44
ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും വായിക്കുകയും ചെയ്യുന്ന ശ്രീ.സി.രാധാകൃഷ്ണൻ സാർ അറിയുന്നതിന്, ഒരു തുറന്ന കത്ത്.

‘കാറ്റിൽ പറക്കുന്ന പന്തുകൾ‘ എന്ന ഒരു പുസ്തകത്തെ പ്രകീർത്തിച്ച് താങ്കൾ ജൂൺ 26ന് കലാകൗമുദിയിൽ എഴുതിയ ലേഖനം വായിച്ചു.

ആ പുസ്തകം എഴുതിയ കാരൂർ സോമൻ എന്ന വ്യക്തി, ഭൂമിമലയാളം ഇതുവരെ കണ്ട ഏറ്റവും വലിയ സാഹിത്യ ചോരനാണെന്ന് താങ്കൾ മറന്നുപോയതാണെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

2018ൽ ഞാനെഴുതിയ ഈ ലേഖനം ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കത് മനസ്സിലാകും. കാരൂർ സോമൻ കോപ്പിയടിച്ച 38 പേരിൽ പതിനഞ്ചാമത്തെ നമ്പർ താങ്കളുടേതായിരുന്നു. ചന്ദ്രയാൻ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രങ്ങളിൽ ഒന്നിൽ താങ്കൾ എഴുതിയ ശാസ്ത്ര ലേഖനം അതേപടി കട്ടെടുത്താണ് കാരൂർ സോമൻ എന്ന സാഹിത്യ മോഷ്ടാവ് മാതൃഭൂമി വഴി ചന്ദ്രയാൻ എന്ന പുസ്തകം അച്ചടിച്ചിറക്കിയത്. ആ പുസ്തകത്തിലുള്ള മറ്റ് പേജുകളാകട്ടെ വിക്കിപീഡിയയിലെ ചന്ദ്രൻ എന്ന ലേഖനത്തിൻ്റെ ഈച്ചക്കോപ്പിയാണ്. വിക്കിയിൽ നിന്ന് പകർത്തി എഴുതുന്നതിന് പ്രശ്നമൊന്നും ഇല്ല. പക്ഷേ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് വെക്കണം എന്നൊരു നിബന്ധനയുണ്ട്.

പക്ഷേ ചന്ദ്രൻ എന്ന വിക്കി ലേഖനം കാരൂർ സോമൻ മോഷ്ടിച്ച് അതിനൊപ്പം താങ്കളെപ്പോലുള്ളവരുടെ ലേഖനവും കുത്തിത്തിരുകി അത് മാതൃഭൂമി അച്ചടിച്ചപ്പോൾ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് ഇല്ലെന്ന് മാത്രമല്ല, മാതൃഭൂമിക്ക് പകർപ്പവകാശം ഉണ്ടെന്നാണ് പുസ്തകത്തിൻ്റെ ക്രെഡിറ്റ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കടപ്പാട് വെക്കുന്നുമില്ല, പകർപ്പവകാശം തങ്ങൾക്കാണെന്ന മാതൃഭൂമിയുടെ നിലവാരത്തകർച്ചയും കാണേണ്ടി വന്നു.

കാരൂർ സോമൻ്റെ കോപ്പിയടി വിശദമാക്കിക്കൊണ്ട് ഞാൻ എഴുതിയ ലേഖനം വായിച്ച താങ്കൾ, അതിനടിയിൽ വന്ന് “ Wish it does not prove infectious! “ എന്ന് ഇംഗ്ലീഷിൽ ഒരു കമൻ്റും ഇട്ടിരുന്നു. (ചിത്രം നോക്കുക)

രാധാകൃഷ്ണൻ സാറിന് കാരൂർ സോമൻ എന്ന മോഷ്ടാവിനെ അറിയാം, പക്ഷേ നാലഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മറന്ന് പോയതാകാം എന്ന് വിശ്വസിക്കാനേ അങ്ങയോടുള്ള നിസ്സീമമായ സ്നേഹം എന്നെ അനുവദിക്കുന്നുള്ളൂ.

കാരൂർ സോമൻ എന്ന കുത്സിതജന്മം എല്ലാം മാർഗ്ഗങ്ങളിലൂടെയും മലയാള സാഹിത്യത്തെ മലീമസമാക്കാനുള്ള നടപടികൾ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ അങ്ങയുടെ ലേഖനം കോപ്പിയടിച്ച അയാളുടെ കൃതിയെ അങ്ങ് പ്രശംസനീയമെന്ന് പറയേണ്ട ഗതികേട് ഉണ്ടായിരിക്കുന്നത്; അങ്ങ് ആ മോഷ്ടാവിന് എല്ലാ ഭാവുകങ്ങളും നേർന്നിരിക്കുന്നത്.

അയാളും മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും എതിരെ നടത്തിയ കോപ്പിയടിക്കെതിരെ, ലക്ഷക്കണക്കിന് രൂപ കോടതിയിൽ കെട്ടി വെച്ചാണ് ഞങ്ങൾ കേസ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, മറിച്ച്, ഇതുപോലുള്ള കാട്ടുകള്ളന്മാർക്ക് മൂക്കുകയറിട്ട് മലയാളസാഹിത്യത്തെ രക്ഷിക്കാനുള്ള ഒരു എളിയ ശ്രമം കൂടെയാണ്.

അങ്ങയെപ്പോലുള്ളവർ മലയാള സാഹിത്യത്തിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും എത്തിപ്പിടിച്ച് കഴിഞ്ഞവരാണ്. ഞങ്ങളാരും അതിന് ശ്രമിക്കുന്നവരോ അതിനുള്ള യോഗ്യത ഉള്ളവരോ പോലുമല്ല. പക്ഷേ, ഓൺലൈനിൽ അവനവന് സ്വന്തം അക്ഷരങ്ങൾ പ്രകാശിപ്പിക്കാം എന്ന സൗകര്യം വന്നപ്പോൾ അൽപ്പസ്വൽപ്പം ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടിട്ടുണ്ട്. അതൊന്നും മലയാളസാഹിത്യമോ ഭാഷയോ നന്നാക്കിക്കളയാമെന്ന് വെച്ചിട്ടോ അതിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് കരുതിയിട്ടോ അല്ല. സോമൻ ഒരു വർഷം കോപ്പിയടിച്ച് പന്ത്രണ്ട് പുസ്തകങ്ങൾ വരെ ഇറക്കുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ രണ്ട് പുസ്തകമിറക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. ആ ഒരൊറ്റ കണക്ക് നോക്കിയാൽ മനസ്സിലാക്കാം സോമൻ്റെ മോഷണത്തിൻ്റെ ആഴം.

ഇത്രയൊക്കെ മോഷ്ടിച്ചിട്ടും ഇക്കഴിഞ്ഞ ആഴ്ച്ചയിൽ പോലും സോമൻ വാദിക്കുന്നത് ഇന്ത്യൻ കോപ്പി റൈറ്റ് നിയമപ്രകാരം ഓൺലൈനിൽ ഉള്ളത് ആർക്കും സ്വന്തമാക്കി എടുത്തെഴുതാം, അതിന് കോപ്പി റൈറ്റില്ല എന്നാണ്. (അതിൻ്റെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു.)

45

ഈ മഹാൻ ഇംഗ്ലണ്ടിൽ ജീവിച്ചുകൊണ്ടാണ് ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത് എന്നതാണ് തമാശ. അന്നാട്ടിലെ ഏതെങ്കിലും ഒരു സായിപ്പിൻ്റെ ഒരു ഓൺലൈൻ പേജ് സോമൻ കോപ്പിയടിച്ചാൽപ്പിന്നെ അഴിക്കുള്ളിൽ നിന്ന് പുറത്ത് വരാൻ വലിയ പാടാകും. മനുഷ്യൻ ഏത് രാജ്യത്ത് ഏത് സാഹചര്യത്തിൽ ജീവിച്ചാലും വിവരക്കേട് ഭൂഷണമായി കൊണ്ടുനടന്നാൽപ്പിന്നെ എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ. അത്രയും ശക്തമായ നിയമം തന്നെയാണ് ഇന്ത്യയിലും. പക്ഷേ ഇവിടെയത് കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല ഇതുവരെ. ആർക്കും കോടതി കയറിയിറങ്ങാനുംപണം ചിലവഴിക്കാനും മെനക്കെടാനും വയ്യ എന്നത് തന്നെ കാരണം.

അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണ് കോടതിയിൽ ചെന്നിരിക്കുന്നത്. കോവിഡും ബഹളവുമൊക്കെ തീർന്ന് അഞ്ച് വർഷത്തിന് ശേഷം കേസ് സജീവമായി വരുന്നതേയുള്ളൂ. അപ്പോളാണ്, സോമനെ പ്രകീർത്തിച്ചുള്ള സാറിൻ്റെ ഈ ലേഖനം കാണാനിടയായത്. വലിയ വിഷമമായി അത് കണ്ടപ്പോൾ.

സി. രാധാകൃഷ്ണൻ സാറിനെ ഞാനടക്കമുള്ള എല്ലാ മലയാളി വായനക്കാരനും കാണുന്നത്, ടി. റ്റി. പി. അടക്കമുള്ള സാങ്കേതിക വിദ്യകൾ ആദ്യമായി സ്വന്തം പുസ്തകങ്ങളിൽ സന്നിവേശിപ്പിച്ച, ശാസ്ത്രത്തിൻ്റേയും സാങ്കേതികത്ത്വത്തിൻ്റേയും കാര്യത്തിൽ കൃത്യമായ അവബോധമുള്ള ആളെന്ന നിലയ്ക്കാണ്. അങ്ങനെയുള്ള ഒരാളിൽ നിന്ന് ഇതുപോലുള്ള ആഘാതങ്ങൾ ഏൽക്കാനുള്ള ശേഷി ഞങ്ങൾക്കില്ല സാർ.

താങ്കൾ സ്വന്തം നിലയ്ക്ക് ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ് എന്താണെന്ന് ഒന്ന് പരിശോധിക്കണമെന്ന് അപേക്ഷയുണ്ട്. അത് ഓൺലൈൻ ലേഖനങ്ങളെ എത്തരത്തിൽ ക്യത്യമായി സംരക്ഷിക്കുന്നുണ്ടെന്ന്, എഴുത്തുകാരനാണെന്ന് ഗീർവാണം വിട്ട് നടക്കുന്ന കാരൂർ സോമനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ഒരുപക്ഷേ രാധാകൃഷ്ണൻ സാറിന് പറ്റിയെന്നിരിക്കും. താങ്കൾ അത് ചെയ്ത്, അറിവില്ലായ്മയുടെ പര്യായമായ അയാളിൽ നിന്ന് ശ്രേഷ്ഠമലയാളത്തെ രക്ഷിക്കണമെന്നാണ് എനിക്കപേക്ഷ. ഈ പുസ്തകത്തിന് ആസ്വാദനം എഴുതണമെന്ന് പറഞ്ഞ് കാരൂർ സോമൻ അങ്ങയെ സമീപിക്കുകയും പലകുറി വിളിക്കുകയുമൊക്കെ ചെയ്തിരിക്കുമല്ലോ? സോമൻ്റെ ഫോൺ നമ്പർ എന്തായാലും സാറിൻ്റെ പക്കൽ ഉണ്ടാകും.

അവസാനമായി ഒരുകാര്യം കൃത്യമായി ബോധിപ്പിച്ചുകൊണ്ട് നിർത്താം. കാരൂർ സോമൻ ആക്ഷേപിക്കുന്നത് പോലെ, എന്തെങ്കിലും സാഹിത്യ നേട്ടം ഉണ്ടാക്കാൻ വേണ്ടിയല്ല വല്ലതുമൊക്കെ എന്നെപ്പോലുള്ളവർ ഓൺലൈനിൽ കുറിക്കുന്നത്. “നേട്ടമല്ല നോട്ടമാണ് ഇവർക്കുള്ളത്. സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെ അവർ ജീവിക്കുന്നു.“ എന്നൊക്കെയാണ് സോമൻ്റെ അധിക്ഷേപങ്ങൾ. ‘അരിയും തിന്ന് ആശാരിച്ചീനേം കടിച്ചിട്ട് നായയ്ക്ക് തന്നെ ഇപ്പോഴും മുറുമുറുപ്പ് ‘ എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഞാനായിട്ട് അങ്ങയോട് പറയേണ്ടതില്ലല്ലോ? (ഈയടുത്ത കാലത്ത് അത് പൊളിറ്റിക്കലി കറക്റ്റ് അല്ലാതെയുമായി) സത്യത്തിൽ അതാണ് കാരൂർ സോമൻ ചെയ്തുകൊണ്ടിരിക്കുന്നത്. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് വേറൊരു ചൊല്ല് കൂടെയുണ്ട്. 13 ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച് വെച്ച് പുസ്തകമിറക്കിയവൻ കൂടുതൽ തത്വജ്ഞാനം വിളമ്പാൻ നിന്നാൽ ചേരയായിട്ടാകില്ല കടിക്കുന്നത് മൂർഖനായിട്ട് തന്നെ ആയിരിക്കും. ഒരു സംശയവും വേണ്ട.

കോപ്പിയടി ഭൂഷണമായി കൊണ്ടുനടക്കുന്ന അൽപ്പനായ ആ മനുഷ്യനെ ഏതെങ്കിലും തരത്തിൽ പറഞ്ഞ് തിരുത്താൻ സാറിനെക്കൊണ്ട് ആകുമെങ്കിൽ അതൊരു വലിയ ഉപകാരമാകും. ഇനി അതൊന്നും ചെയ്തില്ലെങ്കിലും അയാൾ പടച്ചുവിടുന്ന ചവറുകളെ പ്രകീർത്തിക്കുന്നത് അയാളുടെ കോപ്പിയടിക്ക് പാത്രമായിട്ടുള്ള അങ്ങ് തന്നെ ആകുന്നത് കാണുമ്പോൾ നല്ല വിഷമമുണ്ട്.

അങ്ങയോടുള്ള എല്ലാ ബഹുമാനവും ഇപ്പോഴും അതേപടി നിലനിർത്തിക്കൊണ്ട്….

സസ്നേഹം
മനോജ് രവീന്ദ്രൻ (നിരക്ഷരൻ)