
Times of India പത്രത്തിൽ ഇന്ന് വന്ന വാർത്തയാണ് ചിത്രത്തിൽ. ഈ വാർത്ത ശരിയാണെങ്കിൽ, ശബരിമലയിൽ മാത്രമല്ല, നല്ല വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി ഗംഭീരമായ കൊള്ള ആസൂത്രിതമായി നടന്നിരിക്കുന്നു.
വിശ്വാസികളേ… നിങ്ങൾ ദേവന്മാർക്കും ദേവിമാർക്കും കൊടുത്ത പണമാണ് ഇത് അത്രയും. ‘ദൈവങ്ങൾക്ക് എന്തിനാണ് പണം?’ എന്നൊരു ചോദ്യം എന്നും ബാക്കിയുണ്ട്.
ദേവാലയങ്ങളിലെ ചിലവുകൾ നടത്താനും അറ്റകുറ്റപ്പണികൾ നടത്താനും ശമ്പളം കൊടുക്കാനും ഉള്ളത് കഴിച്ച് ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തിയാൽ അതല്ലേ ഏറ്റവും ദൈവികമായ കാര്യം?
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത, കയറിക്കിടക്കാൻ ഒരു കൂരയും ഇല്ലാത്ത, ചികിത്സയ്ക്ക് പണമില്ലാത്ത നൂറുകണക്കിന് മനുഷ്യർ ഈന്നാട്ടിലുണ്ട്. അവർക്ക് ഈ പണം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അത് നോക്കി നടത്തേണ്ടവർ തന്നെ പട്ടാപ്പകൽ കൊള്ളയടിക്കുന്നു. ഈ കള്ളന്മാർക്ക് തടിച്ച് വീർക്കാൻ വേണ്ടിയല്ലല്ലോ നിങ്ങൾ ദൈവങ്ങൾക്ക് പണം നൽകുന്നത്? ചിന്തിക്കേണ്ടത് വിശ്വാസികളായ നിങ്ങളാണ്. ഈ പകൽക്കൊള്ളയ്ക്കെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങളാണ്.
എല്ലാ ദേവാലയങ്ങളിലും ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കട്ടവൻ ഏത് പാർട്ടിക്കാരനായാലും എത്ര കൊലകൊമ്പൻ ആയാലും കൈയാമം വെച്ച് തുറുങ്കിലടക്കാൻ നടപടി സ്വീകരിക്കേണ്ടത് നിങ്ങളാണ്.
ദൈവം നേരിട്ട് ഇറങ്ങിവന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോകുന്നില്ല. ദൈവനിശ്ചയം നടപ്പിലാക്കേണ്ടത് നിങ്ങളാണ്. തത്വമസിയുടെ അർത്ഥം, പുതുതായി ആരെങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ?
വാൽക്കഷണം:- ഈ വാർത്ത ശരിയല്ലെങ്കിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ഗുരുവായൂർ ദേവസ്വം കേസ് എടുക്കണം. അതിനുള്ള ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ കട്ടു എന്ന് തന്നെയാണ് അർത്ഥം.
#ക്ഷേത്രംകൊള്ള