തിരഞ്ഞെടുപ്പാണ്, കർഷക ഹർത്താൽ വേണ്ട !


99

ക്കാലത്തും ഹർത്താലിന് എതിരെ പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. കർഷകരേയും അവരുടെ സമരത്തേയും അനുകൂലിക്കുന്നതിനോപ്പം തന്നെ രാജ്യവ്യാപകമായി അവരിന്ന് നടത്തുന്ന ഹർത്താലിനോട് സമ്പൂർണ്ണ വിയോജിപ്പാണ്. എത്ര ന്യായമായ സമരത്തിന്റെ പേരിലായാലും കാലഹരണപ്പെട്ടത്തും ജനദ്രോഹപരവുമായ സമരമുറ മാത്രമാണ് ഹർത്താൽ. സെലൿറ്റീവായി ഹർത്താലിനെ അനുകൂലിക്കൽ എന്റെ നയമല്ല.

പക്ഷേ, രാജ്യത്തിന്റെ ഏതെങ്കിലും മൂലയിൽ ആരെങ്കിലും ഒരു കൂട്ടർ പണിമുടക്കെന്ന് പറഞ്ഞാൽ അതിനെ ഹർത്താലോ ബന്ദോ ആക്കി മാറ്റാൻ പ്രത്യേക വൈദഗ്ദ്ധ്യമുള്ള കേരളത്തിലെ പാർട്ടിക്കാർ ആരും ഇന്ന് കർഷകർ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിനോട്  സഹകരിക്കുന്നില്ല. ആ ഹർത്താൽ വിരോധത്തിന്റെ കാരണം ആലോചിച്ച് തലപുണ്ണാക്കാനൊന്നുമില്ല.

പാർട്ടിക്കാരുടെ അന്നത്തിലേക്കും അഴിമതിയിലേക്കുമുള്ള ആദ്യചുവടാണ് തിരഞ്ഞെടുപ്പ്. സ്വന്തം കഞ്ഞി…. ക്ഷമിക്കണം ബിരിയാണിയിൽ പാറ്റയിറ്റാൻ അവർക്ക് താൽപ്പര്യമില്ല. അല്ലാതെ ഇതിൽ ജനതാൽപ്പര്യം ഏതുമില്ല. തിരഞ്ഞെടുപ്പിന് ഇനിയും പതിനൊന്ന് ദിവസത്തോളം ബാക്കിയുള്ളപ്പോൾ അതിൽ നിന്ന് ഒരു ദിവസം നഷ്ടപ്പെട്ടാലും ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് ഇല്ലാതാകുന്നില്ലല്ലോ ? പാർട്ടിക്കാർക്കല്ലേ വോട്ട് പിടിക്കാനും ചാക്കിടാനും കുതന്ത്രങ്ങൾ മെനയാനുമായി ഒരു ദിവസം നഷ്ടപ്പെടുന്നുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ അവനവൻ കഴിഞ്ഞേ ഇക്കൂട്ടർക്ക് മറ്റെന്തുമുള്ളൂ. അന്നന്നത്തെ അന്നത്തിനായി കൂലിപ്പണി ചെയ്യുന്ന ജനങ്ങളുടെ കഞ്ഞിയിൽ (ബിരിയാണിയല്ല കഞ്ഞി തന്നെ) പാറ്റയിടാൻ വേണ്ടി വർഷത്തിൽ 100ൽ അധികം ഹർത്താലുകൾ നടത്താൻ ഇവർക്കാർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതുപോലുമില്ല. (പ്രാദേശികം സംസ്ഥാനം ദേശീയം എന്നീ ഇനങ്ങളിലായി 2017ൽ 120 ഹർത്താലുകൾ, 2018ൽ 98 ഹർത്താലുകൾ)

ഇതൊന്നും മനസ്സിലാക്കാതെ പാർട്ടിക്കാർക്ക് വേണ്ടി ഉറഞ്ഞുതുള്ളാൻ അഭ്യസ്തവിദ്യരും അല്ലാത്തവരുമായി ലക്ഷങ്ങൾ പിന്നിലുള്ളപ്പോൾ പിന്നെന്ത് നിലപാടും അവർക്ക് സ്വീകരിക്കാമല്ലോ ? തലച്ചോറിന്റെ നല്ലൊരു ഭാഗം ഇത്തരം  പാർട്ടിക്കാർക്ക് വേണ്ടി പണയം വെച്ചിരിക്കുന്ന ജന്മങ്ങളെയോർത്ത് സഹതപിച്ചിട്ട് പോലും ഒരു കാര്യവുമില്ല.

ഇങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാലുടൻ അരാഷ്ട്രീയവാദിപ്പട്ടം ചാർത്തിക്കിട്ടും. എന്നുവെച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും സമൂഹത്തിനും നല്ലത് വരണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരും അരാഷ്ട്രീയ വാദികൾ! ഏതെങ്കിലും പാർട്ടി കൊടിയുടെ കീഴെ അണിനിരന്ന് അതിന്റെ (വിവരദോഷിയായ) നേതാവ് പറയുന്നതിന് റാൻ മൂളുകയും അയാൾക്ക് കീ ജെയ് വിളിക്കുകയും ചെയ്യുന്നവരൊക്കെ മുറ്റ് രാഷ്ട്രീയക്കാർ! എന്തൊരു വിരോധാഭാസം.

നിങ്ങൾ കക്ഷിരാഷ്ട്രീയക്കാർ എത്രതവണ പറഞ്ഞ് പരത്തിയാലും പ്രചരിപ്പിച്ചാലും അതങ്ങനെയല്ല. നിങ്ങൾ മറ്റൊരു പണിയും അറിയാത്ത, അറിഞ്ഞാലും മറ്റൊരു പണിയും ചെയ്യാത്ത, ജനസേവനം എന്ന പേരിൽ പൊതുജനത്തിന്റെ ചോരകുടിച്ച് ചീർക്കുന്ന കക്ഷിരാഷ്ട്രീയക്കാർ മാത്രം. രാഷ്ട്രത്തിന്റേയും ജനങ്ങളുടേയും നന്മ നിങ്ങളിൽ ബഹുഭൂരിപക്ഷത്തിനും വിഷയമേയല്ല. അത് വിഷയമായിട്ട് കാണുന്നവർ പിൻ‌നിരയിലേക്ക് തള്ളപ്പെട്ട് കഴിഞ്ഞു. അല്ലെങ്കിൽ പറയൂ, ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 30% സ്ഥാനാർത്ഥികളെങ്കിലും സ്വന്തമായി മറ്റൊരു തൊഴിൽ ചെയ്ത് ജീവിക്കുന്നതിനൊപ്പം ജനസേവനമോ രാഷ്ട്രസേവനമോ നടത്തുന്നവരാണോ ?

ഇതൊക്കെ നിങ്ങളോടോ നിങ്ങളുടെ അണികളോടോ പറഞ്ഞ് സ്ഥാപിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. കാരണം നിങ്ങൾ ഏതോ ഒരു പാർട്ടിക്ക് തലച്ചോർ പണയം വെച്ചവരാണ്. ബോക്സിന് വെളിയിൽ നിന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

എന്തായാലും ഒരു ഹർത്താൽ വിരോധി എന്ന നിലയ്ക്ക്, തിരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞിട്ടായാലും ഇന്നത്തെ ഹർത്താലിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ച ഇരട്ടത്താപ്പുകാരായ എല്ലാ കക്ഷിരാഷ്ട്രീയക്കാർക്കും അഭിവാദ്യങ്ങൾ !!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>