രാവിലെ എട്ടര മണിക്ക് ഞാനും സജിയും Saji Mon സൂറത്തിൽ നിന്ന് 120 കിലോമീറ്റർ ദൂരെയുള്ള രൂപ്ഗഡ് കോട്ടയിലേക്ക് പുറപ്പെട്ടു. രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്നു അത്.
അവസാനത്തെ 30 കിലോമീറ്ററോളം കാടിനുള്ളിലൂടെ ആയിരുന്നു സഞ്ചാരം. ഇന്നലെ രാത്രി കോട്ടയെപ്പറ്റിയുള്ള ചില വീഡിയോകൾ ഞാൻ കണ്ടിരുന്നു. അതിൽ നിന്ന് മനസ്സിലാക്കാൻ ആയത് പ്രകാരം, സാമാന്യം ഉയരമുള്ള ഒരു മലമുകളിലാണ് കോട്ട ഇരിക്കുന്നത്. അങ്ങോട്ട് കയറാൻ തദ്ദേശവാസികളായ ആരെയെങ്കിലും കൂടെ കൂട്ടുന്നതായിരിക്കും ഉചിതം എന്നും അതിൽ പറയുന്നുണ്ട്.
നടുറോഡിൽ എവിടെയോ ഗൂഗിൾ മാപ്പ് അവസാനിച്ചപ്പോൾ എനിക്ക് അക്കാര്യം ബോദ്ധ്യമായി. അവിടുന്ന് അങ്ങോട്ട് കാടിലൂടെ വേണം കോട്ട ഇരിക്കുന്ന മലമുകളിലേക്ക് കയറാൻ. ആ പ്രദേശത്ത് പുള്ളിപ്പുലിയും പുലിയും ഹൈനയും മറ്റും ഉള്ളതിന്റെ അടയാളങ്ങൾ വനം വകുപ്പിന്റേതായി കാണാം. വഴി അറിയില്ല; പോരാത്തതിന് വന്യമൃഗങ്ങൾ ഉള്ള കാട്. ഞങ്ങൾ അല്പനേരം അവിടെ കാത്ത് നിന്നപ്പോൾ ഇരുചക്ര വാഹനത്തിൽ ശൈലേഷ്, അർജ്ജുൻ എന്നീ രണ്ട് ഗ്രാമീണർ ആ വഴി എത്തി. അവർ രാജു എന്ന ചെറുപ്പക്കാരനെ ഫോണിൽ വിളിച്ചു. പിന്നീട് അവർ മൂന്നുപേരും ഞങ്ങൾക്കൊപ്പം മല കയറാൻ തയ്യാറായി. പക്ഷേ അതിന് മുൻപ് ശൈലേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഗ്രാമത്തിൽ കൊണ്ടുപോയി കൊടുക്കണം. ഞങ്ങൾ ശൈലേഷിനെ ഭാഗിയിൽ കയറ്റി ഗ്രാമത്തിലേക്ക് യാത്രയായി.
ഖോക്രി എന്നാണ് MA Bed വരെ പഠിച്ചിട്ടുള്ള ശൈലേഷിൻ്റെ ഗ്രാമത്തിൻ്റെ പേര്. അദ്ദേഹം ഞങ്ങളെ ഗ്രാമത്തിലെ കാഴ്ച്ചകളും വീടുകളുമൊക്കെ കാണിച്ചു തന്നു. മുളകൊണ്ട് ചുമരുണ്ടാക്കി അതിൽ കളിമണ്ണ് തേച്ച ഒറ്റമുറി വീടുകളിൽ മനുഷ്യരും കന്നുകാലികളും ഒരുമിച്ച് സഹവസിക്കുന്ന വീടുകൾ! പരിമിതമായ ഇടത്തിൽ പറ്റാവുന്ന സൗകര്യങ്ങൾ ഒക്കെ ആർജ്ജിച്ച് മനുഷ്യരും മൃഗങ്ങളും ഒരുപോലെ ജീവിക്കുന്നു. നമ്മൾക്കൊന്നും അങ്ങനെ ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലും ആവില്ല.
12:10 ന് ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ദൂരെ മലമുകളിലായി കോട്ടയുടെ ചില ഭാഗങ്ങൾ കാണാം. കൃത്യമായ വഴികളൊന്നും ഉള്ളതായി ഞങ്ങൾക്ക് തോന്നിയില്ല. സ്ഥിരമായി സഞ്ചരിക്കുന്നത് കൊണ്ട് രാജുവിനും കൂട്ടർക്കും വഴിയുടെ കാര്യത്തിൽ ഒരു സംശയവുമില്ല. കുത്തനെയുള്ള പടികളിലൂടെ കയറി സാമാന്യം ഭേദപ്പെട്ട ഇറക്കമുള്ള ഭാഗത്തുകൂടെ ഇറങ്ങി വരാമെന്ന് അവർ നിർദ്ദേശിച്ചു. അപ്രകാരം തന്നെ ഞങ്ങൾ കയറുകയും ചെയ്തു. ഏകദേശം 2800 പടികൾക്ക് സമാനമായ കയറ്റം ആയിരുന്നു അത്.
ആയിരം പടികളോളം കയറുമ്പോൾ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ട്. അതിന് മുന്നിൽ ഒരു പീരങ്കിയുടെ മുൻഭാഗം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു. അത് എടുത്ത് തലയ്ക്ക് മുകളിൽ ഉയർത്തിയാൽ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുമത്രേ! സജി അതിന് പകുതി ഉയർത്തി. ഞാൻ അങ്ങനെ ഒരു ശ്രമം പോലും നടത്തിയില്ല! പീരങ്കി ഉയർത്തിയിട്ട് എനിക്കിപ്പോൾ വിചാരിച്ച കാര്യങ്ങൾ ഒന്നും നടത്തണ്ട.
സാധാരണഗതിയിൽ മലയുടെ മുകളിലേക്ക് കയറിപ്പോകുന്നതിന് വിപരീതമായി, ഇടയ്ക്കുള്ള ചില പ്രത്യേക ഭാഗങ്ങൾ രാജു കാണിച്ച് തന്നു. പാറയ്ക്കുള്ളിൽ ഉള്ള ഒരു വിടവിൽ വെള്ളം കെട്ടി നിൽക്കുന്നു. കണ്ടാൽ മലിനജലം ആണെന്ന് തോന്നുമെങ്കിലും അത് രാജു കുടിച്ച് കാണിച്ചു. നിലവിൽ അവിടെ ഒരു പൂജ നടക്കുന്നതിന്റെ ലക്ഷണമുണ്ട്. ഭാവിയിൽ ഒരു യോനിപൂജ നടത്താനുള്ള വകുപ്പുമുണ്ട്.
ചെറുപ്പക്കാർക്ക് ഒപ്പം സജിയും അനായാസമാണ് മല കയറി പോയത്. പക്ഷേ, ഉയരം ഭയമുള്ള (അക്രോഫോബിയ) എനിക്ക് കൈകാലുകൾ വിറക്കാൻ പോന്ന പല സ്ഥലങ്ങളും ആ കയറ്റത്തിൽ ഉണ്ടായിരുന്നു.
* മലകയറി മുകളിൽ ചെല്ലുന്നത്, ഒരു കൊത്തളത്തിന് സമാനമായ നിർമ്മിതി ഉള്ള ഭാഗത്താണ്.
* മലയുടെ മുകൾഭാഗം മുഴുവൻ കോട്ടയുടെ ചുറ്റുമതിലുകൾ ഉണ്ടായിരുന്നെങ്കിലും ചിലയിടങ്ങളിൽ അത് ഇടിഞ്ഞ് വീണിരിക്കുന്നു.
* വ്യാര, സോൺഗഡ് എന്നീ കോട്ടകൾ ഉണ്ടാക്കിയ പിലാജി റാവു ഗയിക്ക്വാഡ് തന്നെയാണ് ഈ കോട്ടയും ഉണ്ടാക്കിയിരിക്കുന്നത്.
* ആയതിനാൽ ഈ കോട്ടയുടെ നിർമ്മാണവും പതിനേഴാം നൂറ്റാണ്ടിലാണ് നടന്നതെന്ന് അനുമാനിക്കാം.
* കല്ലിൽ കൊത്തിയെടുത്ത, ഒരു ചെറിയ പടിക്കിണറിന് സമാനമായ മഴവെള്ള സംഭരണിയും ഒളിച്ചിരിക്കാൻ പോന്ന ഒരു മതിൽക്കെട്ടും കോട്ട മതിലിന് ഉള്ളിലൂടെ തോക്ക് ചൂണ്ടാനുള്ള ദ്വാരങ്ങളും ഒക്കെ കോട്ടയിൽ ഉണ്ട്.
* കോട്ടയ്ക്ക് ചുറ്റും നടന്ന് നോക്കിയാൽ താഴെ, ഫോസിന്ത, സാവർഘടി, വാടിരുക്കട്, ദിഖൽപട, എന്നീ ഗ്രാമങ്ങൾ ഒരുവശത്തും, ഖോക്രി, സാജുപാട, പഡിപ്പാട എന്നീ ഗ്രാമങ്ങൾ മറുവശത്തും കാണാം.
* കാഴ്ച്ചതടസ്സം ഒന്നും ഇല്ലാത്ത അന്തരീക്ഷം ആണെങ്കിൽ അങ്ങ് ദൂരെയായി മലമുകളിൽ സോൺഗഡ് കോട്ടയും കാണാം.
കോട്ടയുടെ മുകൾഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ആരോ ക്യാമ്പ് ഫയർ ഇട്ട് തങ്ങിയതായി കാണാനാകുന്നുണ്ട്. മൃഗങ്ങൾ വസിക്കുന്ന കാട് ആണെങ്കിലും അത്തരം ക്യാമ്പിങ്ങുകൾ അവിടെ പതിവാണെന്ന് രാജ്യവും കൂട്ടരും സാക്ഷ്യപ്പെടുത്തുന്നു.
മല കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിത്താനയിൽ നിന്ന് ഞാൻ വാങ്ങിയ ശീലം മരത്തിൽ കടഞ്ഞ, സാധു മഹാരാജിന്റെ വടി നന്നായി പ്രയോജനപ്പെട്ടു. മലയുടെ എതിർവശത്തുള്ള സാമാന്യം ചരിവ് കുറഞ്ഞ ഭാഗത്തു കൂടെയാണ് ഞങ്ങൾ ഇറങ്ങിയത്. പക്ഷേ അതിലൂടെ ദൂരം കൂടുതലാണ്. ഉണങ്ങി വീണിരിക്കുന്ന തേക്കിന്റെ ഇലകൾ കരകര ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അതിനടിയിൽ ഇഴജന്തുക്കൾ ഉണ്ടാകുമോ എന്നുള്ള ആശങ്കയൊന്നും സജിക്കും എനിക്കും അപ്പോൾ ഉണ്ടായിരുന്നില്ല. രാജുവും ശൈലേഷും അർജുനും ഉണ്ടായിരുന്നതുകൊണ്ട് വന്യമൃഗങ്ങളെ പറ്റിയുള്ള ബേജാറും ഉണ്ടായിരുന്നില്ല.
രണ്ടര മണിക്കൂർ കൊണ്ട് കയറ്റവും ഇറക്കവും ഞങ്ങൾ പൂർത്തിയാക്കി. രാജുവിനും കൂട്ടർക്കും സന്തോഷിക്കാനുള്ള വക നൽകിയതിന് ശേഷം ഖോക്രി ഗ്രാമത്തിനോട് വിട പറഞ്ഞു.
നാലര മണിയോടെ ഞങ്ങൾ ദാണ്ടിയിൽ എത്തി. ഒന്നരമണിക്കൂർ യാത്രയുണ്ടായിരുന്നു അങ്ങോട്ട്. സബർമതിയിൽ നിന്ന് കാൽനടയായി പുറപ്പെട്ട്, ബ്രിട്ടീഷ് നിയമം ലംഘിച്ച്, ഗാന്ധിജി ഉപ്പ് കുറുക്കിയ കടൽത്തീരമാണ് ദാണ്ടി. ദൂമസ് കടൽത്തീരം പോലെ കറുത്ത മണ്ണാണ് ഇവിടെയും പക്ഷേ അത്രയും അഴുക്കോ വൃത്തികേടോ ഇല്ല.
ഗാന്ധിജി ഉപ്പ് കുറുക്കിയതിന്റെ സ്മാരകമായി ഇവിടെ ഒരു മ്യൂസിയം തന്നെ ഉണ്ട്. ആ മഹത്തായ ദിവസത്തിന്റെ തലേന്ന് രാത്രി ഗാന്ധിജി തങ്ങിയ സെൽഫി വില്ല, പരിതാപകരമായ പരിപാലനത്തോടെ ഇവിടെ നിലനിൽക്കുന്നു. ഉപ്പ് കുറുക്കളുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങളുടെ ത്രീഡി ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ച പാർക്ക് ആണ് പ്രധാന ആകർഷണം. അത് ചെന്ന് അവസാനിക്കുന്നതാകട്ടെ ഗാന്ധിജി അടക്കമുള്ള ഒരുപാട് സമരഭടന്മാരുടെ പൂർണ്ണകായ ദാണ്ഡിയാത്ര പ്രതിമകൾ നിൽക്കുന്ന ഇടത്താണ്.
ദാണ്ഡിയിൽ നിന്നും ഞങ്ങൾ സൂറത്തിലേക്ക് മടങ്ങുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. പത്തുമണിയോടെയാണ് സൂറത്തിൽ എത്തിയത്.
നാളെ ഭാഗിയെ വർക്ക്ഷോപ്പിൽ കയറ്റണം എന്നുള്ളത് കൊണ്ടാണ് ഇന്ന് തിരക്കിട്ട് ദാണ്ഡിയാത്ര പൂർത്തിയാക്കിയത്.
ശുഭരാത്രി.