യുദ്ധവിരുദ്ധവാരം


റണാകുളം പബ്ലിക്ക് ലൈബ്രറിയിൽ 2014 ആഗസ്റ്റ് 3 മുതൽ 9 വരെ യുദ്ധവിരുദ്ധവാരം ആചരിച്ച് പോരുന്നു. യുദ്ധക്കെടുതികളുടെ ചിത്രങ്ങളും അനുബന്ധ സിനിമാ പ്രദർശനവും പ്രഭാഷണങ്ങളുമൊക്കെ സംഘടിപ്പിച്ചിരിക്കുന്നു സംഘാടകർ. ഒരു ദിവസം പോലും പോകാനാവാത്ത വിധം മറ്റ് തിരക്കുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇതുവരെ.

ഇന്ന് 6 ആഗസ്റ്റ്, ഹിരോഷിമ ദിനം കൂടെയാണ്. ഷാജി ജോസഫ് സാറിന്റെ ക്ഷണമനുസരിച്ച്  ഏതെങ്കിലും ഒരു ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാമെന്ന് ഏറ്റത് ഒരുപാട് ആശങ്കകളോടെയാണ്. യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ നടത്തുമ്പോൾ ഓൺലൈനിൽ ഉണ്ടായ ചില മോശം അനുഭവങ്ങളാണ് ആശങ്കയ്ക്ക് കാരണം. ലൈബ്രറിയിൽ ആകുമ്പോൾ പറയാനുള്ളതെല്ലാം പറയാം എന്ന് ഷാജി സാർ ധൈര്യം തന്നതുകൊണ്ട് മാത്രം യുദ്ധത്തെപ്പറ്റിയുള്ള ചില ആകുലതകൾ പങ്കുവെച്ചു.

6

യുദ്ധങ്ങളെല്ലാം വേദനകൾ മാത്രമാണ് ലോകജനതയ്ക്ക് നൽകിയിട്ടുള്ളത്. മരിച്ച് വീഴുന്നത് കുട്ടികളായാലും മുതിർന്നവരായാലും ഏത് നാട്ടുകാരനെന്നോ ഏത് വിശ്വാസയെന്നോ വേർതിരിച്ച് നോക്കി വിലപിക്കാൻ ആവുന്നില്ല. ദൈവങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമുള്ള യുദ്ധങ്ങളൊഴിവാക്കാൻ, ലോകത്തുള്ളവരെല്ലാം ഏതെങ്കിലും ഒരു മതത്തിലേക്കോ വിശ്വാസത്തിലേക്കോ കൂടുമാറിയാൽ മതിയാകുമോ ? എങ്കിൽ, സ്വയം അത് ചെയ്യാനും തയ്യാർ.

സഖാവ് ബിനോയ് വിശ്വം സംസാരിക്കുന്നുണ്ടെന്ന് അറിയുന്നത് തന്നെ ലൈബ്രറിയിൽ ചെന്നതിന് ശേഷമാണ്. യുദ്ധചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമായ കിം ഫുക്ക് എന്ന പെൺകുട്ടിയുടെ ചിത്രമാണ് അക്കൂട്ടത്തിൽ ഞാൻ പരതിക്കൊണ്ടിരുന്നത്. അതേപ്പറ്റി സഖാവിന് ഒരു കഥ തന്നെ പറയാനുണ്ട്. മുൻപൊരിക്കൽ അദ്ദേഹത്തോടൊപ്പം കോട്ടയം വരെയുള്ള ഒരു കാർ യാത്രയിൽ നേരിട്ട് കേട്ടിട്ടുള്ള ആ കഥ ഒരിക്കൽക്കൂടെ സദസ്യർക്കൊപ്പം കേൾക്കാനുള്ള ഭാഗ്യമുണ്ടായി. ബോംബാക്രമണത്തിന്റെ ഭാഗമായി ശരീരം മുഴുവൻ പൊള്ളലേറ്റ കിം ഫുക്കിനെ, അവരുടെ മുപ്പതുകളിൽ സഖാവ് പരിചയപ്പെട്ട ആ കഥ ഈ സദസ്സിൽ അൽപ്പം ചുരുക്കി, യുദ്ധത്തിന്റെ നശീകരണ മുഖത്തെപ്പറ്റിയും മനഃശാസ്ത്രത്തെപ്പറ്റിയും ആയുധവ്യാപാരത്തിന്റെ പിന്നാമ്പുറത്തെപ്പറ്റിയും, ഇന്ത്യാ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ അപലപിച്ചുമൊക്കെയാണ് അദ്ദേഹത്തിന്റെ കാമ്പുള്ള പ്രഭാഷണം നീണ്ടത്.

4

സമ്മേളനത്തിന് ശേഷം, Roman Polanski യുടെ, The Pianist എന്ന ഗംഭീര സിനിമയുടെ പ്രദർശനം. സിനിമയുമായി ബന്ധപ്പെട്ട് വല്ല ചോദ്യങ്ങളും ഉണ്ടാകുമോ എന്ന ചിന്തയിൽ, സിനിമ ഇന്നലെ രാത്രിതന്നെ കണ്ടുതീർത്തിരുന്നു. തന്റെ ഡയറിക്കുറിപ്പുകളിലൂടെ കൊച്ചുമനസ്സിന്റെ വിങ്ങലുകൾ പങ്കുവെച്ച ആൻ ഫ്രാങ്ക് എന്ന യഹൂദപ്പെൺകുട്ടിയുടെ വീട്, 2009ലെ ആംസ്റ്റർഡാം യാത്രയ്ക്കിടയിൽ സന്ദർശിച്ചപ്പോൾ പിടിച്ചുലച്ച അനുഭവം വീണ്ടുമുണ്ടായി, സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ.

1a

ഇക്കാലമത്രയും വേട്ടയാടപ്പെട്ട ഒരു ജനത…., മറ്റാർക്ക് മനസ്സിലായില്ലെങ്കിലും അവർക്ക് മനസ്സിലാകേണ്ടതാണ് യുദ്ധത്തിന്റെ കഷ്ടനഷ്ടങ്ങളും കുട്ടികളുടെ വേദനകളും പലായനത്തിന്റെ ക്‌ളേശങ്ങളുമൊക്കെ. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വീണ്ടുവിചാരമുണ്ടാകുമെന്ന് പ്രത്യാശിക്കാം.

ഇതുവരെയുള്ള യുദ്ധങ്ങളിൽ ലോകമ്പെമാടും പൊലിഞ്ഞുപോയ സഹജീവികൾക്കെല്ലാം ആദരാഞ്ജലികൾ !!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>