ഞാൻ വാച്ച് പ്രേമിയൊന്നും അല്ല. ആവശ്യത്തിന് ഒരു വാച്ച് വേണം. 3800 രൂപയ്ക്ക് മുകളിലുള്ള വാച്ചുകളൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല.
എണ്ണപ്പാടത്തെ ജോലിയുടെ സൗകര്യം കണക്കിലെടുത്ത് വെള്ളത്തിൽ മുങ്ങിയാലും കുഴപ്പമില്ലാത്ത വാച്ചുകളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. തുകലിൻ്റെ സ്ട്രാപ്പ് ഉള്ള വാച്ചുകൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
കഴിഞ്ഞ യാത്രയിൽ ഉപയോഗിച്ച 1500 രൂപ വിലവരുന്നതും 7 വർഷമായി ഉപയോഗിച്ച് പോരുന്നതുമായ വാച്ചിൻ്റെ ബാറ്ററി തീരുകയും അത് മറ്റ് ചില അസ്ക്കിതകൾ കാണിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഒരു സ്മാർട്ട് വാച്ച് വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു.
സത്യത്തിൽ സ്മാർട്ട് വാച്ചുകളോട് എനിക്ക് പ്രിയമില്ല. കൈ ചെറുതായി അനക്കിയാലേ സമയം തെളിഞ്ഞ് വരൂ. ഒരു ഒളിഞ്ഞ് നോട്ടത്തിലൂടെ പോലും സമയം മനസ്സിലാക്കാൻ പറ്റണം എനിക്ക്. സ്ഥിരമായി സമയം കാണുന്ന സെറ്റിങ്ങ് ചെയ്താൽ സ്മാർട്ട് വാച്ചിലെ ബാറ്ററി കൂടുതൽ ചിലവാകും; കൂടെക്കൂടെ വാച്ച് ചാർജ്ജ് ചെയ്യേണ്ടി വരും. എങ്കിലും മുൻപ് ഒരിക്കൽ സ്മാർട്ട് വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ അത് മടുത്തു.
കൈയിൽ എപ്പോഴും ഫോൺ ഉള്ളപ്പോൾ വാച്ച് തന്നെ ഉപയോഗിക്കേണ്ടതില്ലല്ലോ എന്നൊരു ചിന്തയും വന്നു. യാത്രാ സമയത്താകട്ടെ കാറിൻ്റെ പാനലിൽ സമയം കാണിക്കുന്നുണ്ട്. അങ്ങനെ വാച്ച് കെട്ടാതെ കുറച്ച് കാലം ശ്രമിച്ച് നോക്കി. പക്ഷേ അത് തീരെ ഫലവത്തായില്ല. സമയം അറിയണമെന്ന് തോന്നിയാൽ ആ നിമിഷം കൈയിലേക്ക് നോക്കുന്നത് ഒഴിവാക്കാനാവുന്നില്ല.
എന്നാൽപ്പിന്നെ ഇപ്രാവശ്യം വീണ്ടും ഒരു സ്മാർട്ട് വാച്ച് തന്നെ വാങ്ങാമെന്ന് കരുതി. നോയ്സ് എന്ന കമ്പനിയുടെ ഒരു സ്മാർട്ട് വാച്ച് വാങ്ങുകയും ചെയ്തു. ഒരൊറ്റ ആഴ്ച്ചയ്ക്കകം അത് പണി മുടക്കി. ഡയൽ 80% കാണാൻ പറ്റാത്ത തരത്തിൽ കറുത്ത് പോയിരിക്കുന്നു. വാറണ്ടി പ്രകാരം കമ്പനി പുതിയ വാച്ച് തന്നാലും സ്മാർട്ട് വാച്ചിലേക്ക് ഇനി ഞാനില്ല.
എന്നാൽപ്പിന്നെ മാർക്കറ്റിലുള്ള വാച്ചുകൾ എന്തൊക്കെയെന്ന് നോക്കാം എന്നൊരു ആഗ്രഹം കിളിർത്തു. ആദ്യം പറഞ്ഞത് പോലെ, വലിയ വിലയുള്ള വാച്ചുകളൊന്നും വാങ്ങാൻ ഉദ്ദേശമില്ല. എന്നിരുന്നാലും അതൊക്കെ കണ്ട് മനസ്സിലാക്കുന്നതിൽ തെറ്റില്ലല്ലോ?
(മേൽപ്പറഞ്ഞത് മുഴുവൻ ആമുഖമാണ്. സമയമില്ലാഞ്ഞിട്ടും അത്രയും വായിക്കേണ്ടി വന്നവർ ക്ഷമിക്കുക.)
സിറ്റിസൺ കമ്പനിയുടെ ഷോറൂമിൽ ചെന്ന് അവിടെയുള്ള വാച്ചുകളൊക്കെ നോക്കിക്കൊണ്ടിരുന്നപ്പോളാണ് വാച്ചുകളുടെ ലോകം വിപുലമായെന്ന് മനസ്സിലാക്കിയത്.
ഓട്ടോമാറ്റിക്ക്, ക്വാട്ട്സ്, ഇലക്ട്രോണിക്, സ്മാർട്ട് എന്നിങ്ങനെ ചില വാച്ചുകളെപ്പറ്റി മാത്രമാണ് ഇതുവരെ എനിക്കറിവുണ്ടായിരുന്നത്. കാര്യങ്ങൾ അവിടന്നും ഒരുപാട് മുന്നോട്ട് നീങ്ങിയിരിക്കുന്നു.
ഊർജ്ജസംരക്ഷണം. ജൈവികം എന്നീ കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വാച്ചുകളിലും ആ നിലയ്ക്ക് പുതിയ സാങ്കേതികത്വം വന്നിട്ടുണ്ട്. അതിലൊന്നാണ് എക്കോ വാച്ചുകൾ.
(ഇതേപ്പറ്റി ഇന്നേവരെ കേൾക്കാത്തവർക്ക് വേണ്ടി മാത്രമുള്ള കുറിപ്പാണ് ഇത്. എക്കോ വാച്ചുകളെപ്പറ്റി വർഷങ്ങളായി നല്ല ഗ്രാഹ്യമുള്ളവർ, “ഇയാള് ശരിക്കും നിരക്ഷരൻ തന്നെയാണല്ലേ?“ എന്ന ആത്മഗതമോ കമൻ്റോ ഇടുന്നതിൽ യാതൊരു വിരോധവും ഇല്ല.)
ഞാൻ ഇന്നലെ പരിചയപ്പെട്ട ഒരു സിറ്റിസൺ എക്കോ വാച്ചിനെപ്പറ്റി പറയാം.
പ്രകാശത്തിൽ നിന്നാണ് എക്കോ വാച്ചുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം എടുക്കുന്നത്. ഏറെക്കുറെ സോളാർ വാച്ചുകൾ എന്നും പറയാം. ഈ ഊർജ്ജം വാച്ചിനകത്തുള്ള ഒരു കപ്പാസിറ്ററിൽ ശേഖരിക്കപ്പെടുന്നു. 24 മണിക്കൂർ കൈയിൽ കെട്ടി നടന്ന ഒരു എക്കോ വാച്ച് പിന്നീട് രണ്ട് മാസത്തോളം ബോക്സിൽ അടച്ച് ഇരുട്ടത്ത് വെച്ചാലും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. പ്രവർത്തനം നിലച്ചാൽ, സമയം കൃത്യമാക്കി സെറ്റ് ചെയ്ത് വീണ്ടും വെളിച്ചത്ത് കെട്ടി നടന്നാൽ മതി. 15 വർഷത്തോളമാണ് സിറ്റിസൺ പുറത്തിറക്കുന്ന എക്കോ വാച്ചുകളുടെ പ്രവർത്തന ക്ഷമത. അത്രയും കാലം കഴിഞ്ഞാൽ കപ്പാസിറ്റർ മാറ്റുകയോ വാച്ച് റിപ്പയറിങ്ങോ വേണ്ടി വന്നേക്കാം. 3.5 വർഷം വരെ ഈ വാച്ചുകൾക്ക് കമ്പനി ഗ്യാരണ്ടി നൽകുന്നുണ്ട്.
15 വർഷം കഴിയുമ്പോഴേക്കും ഇതിനേക്കാൽ ഗംഭീരമായ സാങ്കേതിക വിദ്യയുമായി വാച്ചുകൾ വരില്ലെന്ന് ആരുകണ്ടു?! അതെന്തായാലും ഈ എക്കോ വാച്ച് ഒരെണ്ണം വാങ്ങിയാൽ അടുത്ത 15 വർഷത്തേക്ക് ഒന്നും ആശങ്കപ്പെടാനില്ല. അപ്പോഴേക്കും 57+15=72 വയസ്സ് ആയിട്ടുണ്ടാകും. കണ്ണും കാണില്ല, ചെവിയും കേൾക്കില്ല, ഇരുന്നിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പരസഹായം വേണ്ടി വന്നേക്കാം എന്ന അക്കാലത്ത് എന്തിനാണ് ഒരു വാച്ച്?
ഇതുതന്നെ അവസാനത്തെ വാച്ച്. ഒരെണ്ണം വാങ്ങിയേക്കാം എന്നുറച്ച് വാച്ചിൻ്റെ വില ചോദിച്ചതും കിളി പോയി. 45,000 രൂപ മുതൽ മുകളിലേക്കാണ് പല സിറ്റിസൺ എക്കോ വാച്ചുകളുടേയും വില. എനിക്കിഷ്ടമായ ഒരു മോഡൽ, ഡൈവേർസ് ഉപയോഗിക്കുന്നതാണ്. 300 മീറ്റർ വരെ ആഴത്തിൽ അത് പോകും. അതിൻ്റെ ഭാരവും വിലയും അൽപ്പം കട്ടിയാണ്. ഭാരം 195 ഗ്രാം. വില 80,000 രൂപ. ലിമിറ്റഡ് എഡീഷൻ ആയതുകൊണ്ട് അടുത്ത പ്രാവശ്യം ഷോ റൂമിൽ ചെല്ലുമ്പോൾ ഈ വാച്ച് വാങ്ങാൻ കിട്ടണമെന്നില്ല.
മാലിയിൽ നിന്നുള്ള ഡൈവേർസ് ആണ് കൂടുതലായും കൊച്ചിയൽ വരുമ്പോൾ ഈ വാച്ച് വാങ്ങുന്നതെന്ന് ഷോ റൂം ജീവനക്കാരൻ പറയുന്നു.
ഈ പടത്തിൽ കാണുന്ന വാച്ച് കെട്ടി നടക്കുന്ന ഒരാളെ കണ്ടാൽ അയാൾക്ക് വാച്ച് കെട്ടാൻ അറിയില്ല എന്ന് നമ്മൾ സംശയിക്കാൻ ഇടയുണ്ട്. ഡൈവേർസിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള വാച്ച് ആയത് കൊണ്ട്, കൈ എവിടെയെങ്കിലും തട്ടി വാച്ചിൻ്റെ ക്രൗൺ ചീത്തയാകാതിരിക്കാൻ, സാധാരണ വാച്ചുകൾക്ക് വിപരീതമായി, വാച്ചിൻ്റെ ഇടത് വശത്താണ് ക്രൗൺ പിടിപ്പിച്ചിട്ടുള്ളത് എന്നത് ശ്രദ്ധിക്കുക.
ഇനി, എക്കോ വാച്ച് സ്വന്തമായുള്ളവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാം. കൂടുതലായി അതിൻ്റെ സാങ്കേതികത്വം അറിയുമെങ്കിൽ അതും പങ്കുവെക്കാം.
വാൽക്കഷണം:- അടുത്ത പ്രാവശ്യം എന്നെക്കാണുമ്പോൾ എൻ്റെ വാച്ചിലേക്ക് തുറിച്ച് നോക്കേണ്ടതില്ല. അത്രയും വിലയുള്ള വാച്ചൊന്നും എനിക്ക് ചേരില്ല. ഞാൻ പഴയ വാച്ചിൽ 100 രൂപ കൊടുത്ത് ബാറ്ററി മാറ്റി ഇട്ട് ഉപയോഗിക്കാൻ തീരുമാനിച്ചു.