പതിനാലാമത്തെ കോട്ട


22
വാഗോവയിലെ 14 കോട്ടകളിൽ 13 എണ്ണം കണ്ടെന്നും, പതിനാലാമത്തെ കോട്ട, അൽപ്പസ്വൽപ്പം കടമ്പകൾ ഉള്ള കോട്ടയാണെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ആ കോട്ടയുടെ പേര് ഒരു സസ്പെൻസ് ആയി നിൽക്കട്ടെ എന്നും പറഞ്ഞിരുന്നു.

‘പാലസ് ഡോ കബോ’ അഥവാ ‘നോഹ സെർഹോറ ഡോ കബോ’ എന്നാണ് ആ കോട്ടയുടെ പേര്. അല്പം ലളിതമായി പറഞ്ഞാൽ എല്ലാവർക്കും ഒറ്റയടിക്ക് പിടികിട്ടും.

ഇപ്പോഴത്തെ ഗോവൻ രാജ്ഭവൻ!

അതാണ് പതിനാലാമത്തെ കോട്ട. അത് പക്ഷേ കോട്ടയായിരുന്നു എന്ന് കാര്യം പലർക്കും അറിയില്ല. ഞാനും മനസ്സിലാക്കിയത് ഗോവയിൽ എത്തിയ ശേഷമായിരുന്നു.

രാജ്ഭവന് അകത്ത് കടന്ന് കാഴ്ച്ചകൾ കാണുന്നതും പടമെടുക്കുന്നതും ഏത് വഴിക്കെന്ന് എനിക്കറിയില്ലായിരുന്നു. 88 ഏക്കറിൽ നിലകൊള്ളുന്ന മനോഹരമായ ഒരു സമുച്ചയം ആണ്, അവിടെ പോയിട്ടേ മടങ്ങാവൂ എന്ന് ആദ്യമെന്നിൽ ആഗ്രഹം കൊളുത്തിയത് പിള്ളേച്ചനാണ് Suresh Pillai. കോട്ടയായതുകൊണ്ട് പോകാതിരിക്കാൻ എനിക്കുമാവില്ലല്ലോ.

രാജ്ഭവനിൽ പോകുന്നില്ലേ എന്ന് ചോദിച്ച് രണ്ടാമത് മോഹിപ്പിച്ചത്. ജീജ Jeeja V K Jeeja ടീച്ചറാണ്. ഇതുവരെ ഒരു രാജഭവനും കണ്ടിട്ടില്ലല്ലോ എന്ന ചിന്തയും അപ്പോഴാണ് ഉണർന്നത്.

ജീജ ടീച്ചർ തന്നെ അകത്ത് കടക്കാനുള്ള ബന്ധങ്ങൾ ഒരുക്കി തന്നു. വിജയൻ സാറിന്റെ Vijayan Kodencheri (OSD ടു ഗവർണർ) നമ്പർ തന്നു. ഞാൻ അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. ഞാനേതോ കൊമ്പത്തെ ചരിത്രകാരൻ ആണെന്ന് തെറ്റിദ്ധരിച്ച്, പാവം വിജയൻ സാർ എന്നെ രാജ്ഭവനിൽ പ്രവേശിപ്പിച്ചു, അതിനകം മുഴുവൻ കൊണ്ടുനടന്ന് കാണിച്ചു തന്നു. അത് കഴിഞ്ഞാണ് ഞാൻ നിരക്ഷരനാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ. ഇനി പറഞ്ഞിട്ട് കാര്യമില്ല. :P ഒരുപാട് നന്ദി വിജയൻ സാർ. നന്ദി ജീജട്ടീച്ചർ.

അതിനിടയ്ക്ക് ഗവർണറുടെ ഓഫീസിലും കയറി. ഒരുപാട് തിരക്കുകൾ മാറ്റിവെച്ച് ഗവർണർ ശ്രീ. ശ്രീധരൻ പിള്ള എന്നോട് സംസാരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു.

55 വയസ്സിനിടയ്ക്ക് ആദ്യമായി ഞാൻ ഒരു രാജ്ഭവനിൽ കയറിയിരിക്കുന്നു! അതും രാജ്യത്തെ ഏറ്റവും മനോഹരമായ രാജ്ഭവൻ എന്ന് പലരും വിശേഷിപ്പിക്കുന്ന ഒന്നിൽ. ആദ്യമായി ഒരു ഗവർണറുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കണ്ട് സംസാരിച്ചിരിക്കുന്നു. ചരിത്ര സമ്പന്നമായ ആ രാജ്ഭവനിലെ തീൻമേശയിൽ ഇരുന്ന് ഉച്ചയൂണ് കഴിച്ചിരിക്കുന്നു. കോട്ടകൾ തപ്പിയിറങ്ങിയവന് കിട്ടിയ ഗംഭീര അനുഭവങ്ങൾ.

രാജ് ഭവനിൽ പക്ഷേ, ചിത്രങ്ങൾ എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അവിടത്തെ ചിത്രങ്ങൾ എൻ്റെ കയ്യിൽ തന്നാലും അത് പരസ്യമാക്കില്ല എന്നാണ് തീരുമാനം. അത്രയ്ക്ക് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലമാണ്. രാജഭവൻ എന്ന കോട്ടയെ, ഇലക്കും മുള്ളിനും കേടില്ലാതെ, വീഡിയോ ആക്കി അവതരിപ്പിക്കാൻ ചില മാർഗ്ഗങ്ങൾ ഞാൻ ആലോചിക്കുന്നുണ്ട്.

വിശദമായി ഞാനൊരു പുസ്തകത്തിൽ എഴുതുകയും ചെയ്യാം. തൽക്കാലം അവിടന്നെടുത്തതും പുറത്ത് വിട്ടാലും കുഴപ്പമില്ലാത്തതുമായ ഈ ചിത്രം മാത്രം പോസ്റ്റ് ചെയ്യുന്നു.

അങ്ങനെ ഗോവയിലെ 14 കോട്ടകളും സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നു. കൂടാതെ ഒട്ടനവധി മറ്റ് കാര്യങ്ങളും മനസ്സിലാക്കാനായി. എനിക്കൊരു 0.001% സാക്ഷരത കൈവന്നിട്ടുണ്ട്. ഞാനിനിയും ശ്രമിക്കും,1% എങ്കിലും സാക്ഷരത നേടിയെടുക്കാൻ.

ഗോവയോട് വിട പറയാൻ സമയമായി. അതിന് മുന്നേ ഒരു ചടങ്ങ് കൂടെയുണ്ട്. അത് പിന്നാലെ പറയാം. അവിടേയും പടങ്ങൾ എടുക്കാൻ പറ്റില്ല. വർണ്ണന തന്നെ ശരണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>