ജോസ് കെ.മാണിയേയും കൂട്ടരേയും ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്താക്കി.
1. എന്തിനാണ് കുഞ്ഞുമാണിയെ പുറത്താക്കിയത്? പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് ഒഴിഞ്ഞ് കൊടുക്കാമെന്ന മുന്നണി കരാർ ലംഘിച്ചതിന്.
ജനങ്ങളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. ഭാഗ്യവാന്മാരാണ്. നിങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾ നോക്കാൻ നേതാക്കന്മാർ തമ്മിൽ മത്സരിക്കുന്നത് കണ്ടോ ? ഒരാൾ സേവിച്ച് തീരുന്നതിന് മുൻപ് മറ്റേയാൾ സേവിക്കും എന്നാണ് ഉടമ്പടി. അപ്പോളതാ ആദ്യത്തെയാൾക്ക് നിങ്ങളെ സേവിച്ച് മതിയായില്ലെന്ന്! രണ്ടാമത്തെ ആൾക്കാകട്ടെ, സേവിക്കാതിരുന്നിട്ട് ശ്വാസം മുട്ടുന്നു. ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ…ച്ചേ ച്ചേ… അവരാരും അത്തരക്കാരല്ല.
2. പുറത്താക്കൽ നടപടിക്ക് മുൻപ് ജോസ് കെ.മാണിയുടേയും കൂട്ടരുടേയും ആവശ്യമെന്തായിരുന്നു? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, രണ്ട് ഗ്രൂപ്പുകൾക്കും കിട്ടാനുള്ള സീറ്റുകൾ ഇപ്പത്തന്നെ വിഭജിച്ച് കൊടുക്കണം.
ജനങ്ങൾ ദേ ഇന്നിങ്ങോട്ട് നോക്കൂ. കണ്ടില്ലേ നിങ്ങളെ സേവിക്കാൻ വേണ്ടിയുള്ള അവരുടെ അഡ്വാൻസ് ഇടപെടൽ. അഞ്ച് കൊല്ലത്തേക്ക് ഏൽപ്പിച്ച് കൊടുത്ത ജനസേവനം തികച്ച് ചെയ്ത് തീർന്നിട്ടില്ല. അതിന് മുന്നേ വരാൻ പോകുന്ന അഞ്ച് കൊല്ലം കൂടെ നിങ്ങളെ സേവിക്കാൻ അവർക്ക് തിരക്കായിരിക്കുന്നു. ഏത് രാജ്യത്തുണ്ടാകും നിങ്ങളോട് ഇത്രേം സ്നേഹമുള്ള പാർട്ടി നേതാക്കന്മാർ. ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ…ച്ചേ ച്ചേ… അവരാരും അത്തരക്കാരേയല്ല.
3. പുറത്താക്കപ്പെട്ടവൻ, വിലപേശി മറ്റേതെങ്കിലും മുന്നണിയിൽ കയറിപ്പറ്റും. ഇതുവരെ തെറി വിളിച്ചവരെയെല്ലാം വാഴ്ത്തിപ്പാടും. ഇതുവരെ വാഴ്ത്തിപ്പാടിയവരെ തെറി വിളിക്കും. അവർ ചെയ്ത തെമ്മാടിത്തരങ്ങളും തോന്ന്യാസങ്ങളും വിളിച്ച് പറയാൻ തുടങ്ങും. ഇത്രയും നാണംകെട്ട പണി സ്വന്തം ആത്മാവിനെപ്പോലും വഞ്ചിച്ച് അവർ ചെയ്യുന്നത് ആർക്ക് വേണ്ടിയാണ്? നിങ്ങൾക്ക് വേണ്ടി മാത്രമാണ് ജനങ്ങളേ. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ…ച്ചേ ച്ചേ… അവരാരും അത്തരക്കാരേയല്ല.
4. ഇവരുടെ തെറിവിളിയും കുറ്റപ്പെടുത്തലും ഇത്രയും നാൾ കേട്ടവർ ഇരുകൈയും നീട്ടി ഇക്കൂട്ടരെ സ്വീകരിക്കും. ആർക്ക് വേണ്ടിയാണ് ? ഭാഗ്യവാന്മാരായ നിങ്ങൾ ജനങ്ങൾക്ക് വേണ്ടി മാത്രം. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ…ച്ചേ ച്ചേ… അവരാരും അത്തരക്കാരേയല്ല.
5. ഇന്നലെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അവതാരകൻ വിനു, പുറത്താക്കപ്പെട്ട കൂട്ടത്തിലെ നേതാവായ റോഷി അഗസ്റ്റിനോട് ചോദിക്കുന്നത് കേട്ടു. ഏതാണ്ടിങ്ങനെ….
“പുറത്താക്കിയെന്ന് അറിഞ്ഞപ്പോൾ താങ്കൾ കരച്ചിലിന്റെ വക്കത്ത് എത്തിയത് കാണുകയുണ്ടായി. ആരെ ഓർത്താണ് താങ്കൾക്ക് കരച്ചിൽ വന്നത്? കെ.എം. മാണിയെ ഓർത്താണോ ? ജോസ് കെ.മാണിയെ ഓർത്തിട്ടാണോ ? ഇനിയെങ്ങോട്ട് പോകുമെന്ന് ഓർത്തിട്ടാണോ? രാഷ്ട്രീയഭാവി എന്താകുമെന്ന് ഓർത്താണോ ? അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ? “
നേതാവിന് അതിനുത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടാകും ജനങ്ങളേ. പക്ഷേ, അദ്ദേഹം കരഞ്ഞത് നിങ്ങളെ ഓർത്താണ്. നിങ്ങളെ ഇനിയങ്ങോട്ട് സേവിക്കാൻ പറ്റിയില്ലെങ്കിൽ നിങ്ങളുടെ അവസ്ഥയെന്താകുമെന്ന് ഓർത്തിട്ടാണ്. ഏതൊരു നേതാവും ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളെയോർത്ത് കരഞ്ഞുപോകും. അല്ലാതെ ഇതൊന്നും അവർക്ക് അധികാരമോഹം അശേഷം ഉള്ളതുകൊണ്ടല്ല. അയ്യേ…ച്ചേ ച്ചേ… അവരാരും അത്തരക്കാരേയല്ല.
ഇനി പറയൂ. നമ്മൾ ശരിക്കും ഭാഗ്യം ചെയ്ത ജനങ്ങളല്ലേ ? ഇവരുടെ ഈ നിസ്വാർത്ഥ സേവനങ്ങൾ ഏറ്റുവാങ്ങാൻ എന്ത് മുജ്ജന്മസുകൃതമാണ് നമ്മൾ ചെയ്തത് ? ആലോചിച്ചിട്ട് കുളിര് കോരുന്നില്ലേ ? ഇല്ലെങ്കിൽ ഉടൻ ഏതെങ്കിലും ഡോൿടറെ കാണിക്കണം. ഇത്തരം സന്ദർഭങ്ങളിൽ കുളിര് കോരുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്.
വാൽക്കഷണം:- ജോസ് കെ.മാണി സംഭവം കേവല ഉദാഹരണം മാത്രം. കാലാകാലങ്ങളായി എവിടന്നെങ്ങോട്ട് ചാടിയവരും മറിഞ്ഞവരും ഇങ്ങനൊക്കെത്തന്നെ ആയിരുന്നു. അവർക്ക് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല ഇതുവരെ. എല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ജനങ്ങളേ.
Pic Courtesy:- https://bit.ly/3g9OQEd