സിറോയിലേക്ക് (GIE 2025-26. Day#50 – Jan 17)


12
രാത്രി മർബ ബാഗ്ര-ഗോരിദ് ബാഗ്ര ദമ്പതിമാരുടെ വീടിന് മുന്നിൽ കിടന്നുള്ള ഉറക്കം സുഖമായിരുന്നു. അവരുടെ ഒരു മകൾ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്, മകൻ ആലോയിലും. ഭാഗി കിടന്നിരുന്ന പ്രദേശത്തിന്റെ ഒരു ഫോട്ടോ എടുത്തു നോക്കിയപ്പോൾ നീലാകാശം പച്ചക്കടൽ സിനിമയിലെ ഒരു രംഗം പോലെയാണ് എനിക്ക് തോന്നിയത്.

രാവിലെ എട്ട് മണിയോടെ സിറോയിലേക്ക് പോകാനാണ് പരിപാടി ഇട്ടിരുന്നത്. പക്ഷേ ഞാൻ നോക്കുമ്പോൾ ഷഫീക്ക് ഏഴ് മണിക്ക് തന്നെ തയ്യാറായി നിൽക്കുന്നു. ഞാനെന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ഷഫീക്ക് പറഞ്ഞു.

“അച്ഛന് സുഖമില്ല. ICU-വിൽ ആണ്. ഞാൻ ഉടനെ ഗോഹാട്ടിയിലേക്ക് റൈഡ് ചെയ്യുന്നു. ബൈക്ക് അവിടെ വെച്ചിട്ട് ഫ്ലൈറ്റിൽ കേരളത്തിലേക്ക് മടങ്ങുന്നു.”

ഞാൻ വല്ലാതായി. എങ്കിലും ആശ്വസിച്ചു. ഈ അവസ്ഥ ഉണ്ടായത് 66 മണിക്കൂറോളം നെറ്റ്‌വർക്ക് ഇല്ലാതെ മെച്ചുക്കോയിൽ കഴിഞ്ഞിരുന്ന സമയത്ത് ആയിരുന്നെങ്കിലോ? ദീർഘദൂര യാത്രകളും ദീർഘദിവസത്തെ യാത്രകളും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. എന്നുവച്ച് യാത്രകൾ ചെയ്യാതിരിക്കാൻ ആവില്ല. നേരിട്ടേ പറ്റൂ.

ഷഫീക്ക് ഗോഹട്ടിയിലേക്ക് തിരിച്ചു. 12 മണിക്കൂറിൽ അധികം യാത്രയുണ്ട്. അതിനിടയ്ക്ക് കൊച്ചിയിലേക്കുള്ള വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യുകയും വേണം.

ഷഫീക്ക് പുറപ്പെട്ട ശേഷമാണ് മറ്റൊരു കാര്യം ഞാൻ ഓർത്തത്. അരുണാചൽ ILP ജനുവരി 9 അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ 10 ദിവസമായി അനധികൃതമായാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. അരുണാചലിൽ നിന്ന് ആസാമിലേക്ക് കടന്ന് വീണ്ടും അരുണാചലയിലേക്ക് കടക്കുന്ന ചെക്ക് പോസ്റ്റുകളിൽ ഒന്നിൽ പിടിക്കപ്പെടാം.

ഓൺലൈൻ പെർമിറ്റ്‌ എടുക്കുന്നത് പലപ്പോഴും വിഫലമാകാറാണ് പതിവ്. ആ യാത്രയുടെ തിരക്കിനിടയിലും പാസ്സ് എടുക്കാൻ ഷഫീക്ക് എന്നെ സഹായിച്ചു. ജനുവരി 31 വരേയ്ക്കുള്ള പാസ്സ് എടുത്തു.

300 കിലോമീറ്ററോളം ദൂരമുണ്ട് ബാഗ്രയിൽ നിന്ന് സീറോയിലേക്ക്. ഏഴുമണിക്കൂർ താഴെ സമയത്തിൽ, അതായത് ഇരുട്ട് വീഴുന്നതിന് മുൻപ് എത്താം. കുറേ ദിവസങ്ങളായി മൂന്നുപേർ ചേർന്ന് നടത്തിയ യാത്രയിൽ അപ്രതീക്ഷിതമായി ഞാൻ വീണ്ടും ഒറ്റയ്ക്കായിരിക്കുന്നു.

വഴിയിൽ നിർത്തി ഉച്ചഭക്ഷണം കഴിച്ചും മുളയുടെ ഉൽപ്പന്നങ്ങൾ കണ്ടിടത്തെല്ലാം നിർത്തി അതിനൊക്കെ വില പറഞ്ഞും യാത്ര മുന്നോട്ടു നീങ്ങി.

സീറോയിൽ എത്താൻ 20 കിലോമീറ്ററോളം ബാക്കിയുള്ളപ്പോൾ, കേരളത്തിൽ നിന്ന് പുറപ്പെട്ട് 17 മാസമായി സൈക്കിളിൽ ഇന്ത്യ ചുറ്റിക്കൊണ്ടിരിക്കുന്ന അക്സർ Ashkar NA എന്ന യുവാവിനെ കണ്ടു. എനിക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നവരോട് അതിയായ ബഹുമാനമാണ്. അവരുമായി താരതമ്യം ചെയ്താൽ ഞാൻ വലിയ ആർഭാടത്തിൽ അല്ലേ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?! ഇരുട്ടു വീഴാൻ കഷ്ടി ഒരു മണിക്കൂർ ഉള്ളൂ അതിനുള്ളിൽ സുരക്ഷിതമായി അടിക്കാൻ പറ്റിയ ഒരു സ്ഥലം അക്സർ കണ്ടെത്തണം. കടന്നു പോകുന്ന വഴിക്ക് അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ അദ്ദേഹം അത്തരത്തിൽ എന്തെങ്കിലും ഒന്ന് കണ്ടുവെച്ചിട്ടുണ്ടാകണം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമയം കൂടുതൽ കളയാതെ ഞാൻ പെട്ടെന്ന് പിരിഞ്ഞു.

ഇരുട്ട് വീഴുന്നതിന് മുന്നേ തന്നെ സിറോയിൽ എത്തി. രണ്ട് വർഷം മുൻപ് സിറോയിൽ വന്നപ്പോൾ സൗഹൃദത്തിലായ സുധീഷിനെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു. സുധീഷ് എനിക്ക് Yogstel – ൽ ഭാഗിയെ പാർക്ക് ചെയ്യാനും ഭക്ഷണം കഴിക്കാനുള്ള സൗകര്യം തയ്യാറാക്കിയിട്ടുണ്ട്.

മലയാളികൾ നടത്തുന്ന ഒരു ഹോസ്റ്റൽ ആണ് യോഗ്സ്റ്റൽ. സഞ്ചാരത്തിനൊപ്പം വ്യായാമം കൂടെ പരിശീലിപ്പിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഇവിടെ ഉള്ളത്. യോഗ + ഹോസ്റ്റൽ ആണ് യോഗ്സ്റ്റൽ ആയിരിക്കുന്നത്. സിറോയിൽ എത്തുന്ന മലയാളികൾക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒരിടമാണ് ഇത്. ഫോൺ:-9863355724.

പോൾസൻ, ലക്ഷ്മി, ആദിത്യ, ആതിര, ആരുഷി, രതീഷ് എന്നിവരോടൊപ്പം തീ കാഞ്ഞ് തുടങ്ങിയപ്പോഴേക്കും സുധീഷും ഷിജിനും എത്തി. വീണ്ടും കുറേ നേരം വെടിവട്ടവും യാത്രാവിശേഷങ്ങളും നീണ്ട് പോയി.

അതിനിടയ്ക്ക് ഒരു ചെറിയ ആരോഗ്യ പ്രശ്നം തലപൊക്കിയിട്ടുണ്ട്. കാലിൽ വല്ലാത്ത ചൊറിച്ചിൽ. കയ്യിലും എന്തോ കടിച്ചത് പോലുള്ള പാടുകൾ കാണാം. ലക്ഷ്മി പറയുന്നത് പ്രകാരം അത് ‘ഡും ഡും’ എന്ന് അരുണാചലുകാർ വിളിക്കുന്ന ഒരുതരം ഈച്ചയുടെ കടി ഏറ്റതുകൊണ്ടാണ്. സത്യത്തിൽ അത് ചോര കുടിക്കുന്ന ഒരു ഈച്ചയാണ്. ചൊറിയാതെ ഇരുന്നാൽ രണ്ടാഴ്ച്ച കൊണ്ട് പ്രശ്നം തീരും. ഏറെക്കുറെ അട്ട കടിയേറ്റതുപോലെ തന്നെയുള്ള അവസ്ഥ. രണ്ടു ദിവസം മുമ്പ് താവു അന്വേഷിച്ച് കാട്ടിൽ പോയപ്പോൾ ഇപ്പറഞ്ഞ ഈച്ച കടിച്ചതാകാനാണ് സാദ്ധ്യത. ഈ ഈച്ച, അതിൻ്റെ കുടുംബം, വർഗ്ഗം, ഗോത്രം, കടിയുടെ ആഴം, കുടുംബ ചരിത്രം എന്നിവ വിശദമാക്കാൻ പ്രാണീശ്വരൻ വിജയകുമാർ ബ്ലാത്തൂർ Vijayakumar Blathur ഇതുവഴി വന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു.

താപമാനം 9 ഡിഗ്രി ആണെങ്കിലും തണുപ്പിന് കുത്തൽ കൂടി വന്നിരിക്കുന്നത് പോലെ. ധാരാളം മുറികളും ഡോർമെറ്ററികളും ഇവിടെ ഉണ്ട്. അതിൽ ഒന്നിൽ കൂടിക്കോളൂ എന്നുള്ള പോൾസൻ്റെ സ്നേഹനിർഭരമായ നിർബന്ധത്തിന് ഞാൻ വഴങ്ങിയില്ല. മുന്നോട്ടുള്ള യാത്രകളിലും എനിക്ക് ഭാഗിയെത്തന്നെ ആശ്രയിക്കേണ്ടതല്ലേ? അതിന്റെ പരിശീലനം വിട്ടു കളഞ്ഞാൽ ശരിയാകില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#motorhome
#yogstel
#ziro
#zirovalley
#ziroarunachalpradesh

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>