
ഇന്നലെ രാത്രി പറയാൻ വിട്ടുപോയ ഒരു കാര്യം പറഞ്ഞ് തുടങ്ങാം.
കഴിഞ്ഞ രാത്രി സ്ലീപ്പിങ് ബാഗ് ചെറുതായി നനഞ്ഞു എന്ന് സൂചിപ്പിച്ചിരുന്നല്ലോ. തണുപ്പ് ശക്തമായിത്തന്നെ ഉണ്ടായിരുന്നതാകാം കാരണം. ‘രാത്രി ഭാഗിയിൽ കിടക്കേണ്ട, മുറികളിൽ ഏതെങ്കിലും ഒന്നിൽ കിടക്കൂ’ എന്ന് പോൾസൺ നിർബന്ധിച്ചത് പ്രകാരം ഡോർമിറ്ററിയിലാണ് ഇന്നലെ രാത്രി കിടന്നത്.
രാവിലെ മുറിക്ക് പുറത്ത് കടന്നതും കയ്യും കാലും മരവിച്ചു. ഇന്റർനെറ്റിൽ കാണിക്കുന്ന 7 ഡിഗ്രിയേക്കാൾ താഴെയാണ് താപമാനമെന്ന് ഉറപ്പ്. ഈ സാഹചര്യത്തിൽ യാത്രയിൽ ചില വ്യതിയാനങ്ങൾ വരുത്താൻ തീരുമാനിച്ചു.
തവാങ്ങിലേക്ക് പോകുന്നില്ല. തവാങ്ങിൽ പോയാൽ ബൂംല പാസിലും പോകാതെ പറ്റില്ല. ഒന്നോ രണ്ടോ ദിവസം കൂടുതൽ തവാങ്ങിൽ നിൽക്കണമെന്നാണ് എനിക്ക് ആഗ്രഹം. നിലവിലെ തണുപ്പിൽ അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. ഓടിപ്പിടഞ്ഞ് പോയി വരാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല തവാങ് സന്ദർശിച്ചാലും സിക്കിമിലേക്ക് പോകാൻ ഈ തണുപ്പിൽ സാധ്യമാകില്ല. കുറേക്കൂടി ചൂടുള്ള സമയത്ത് പാക്കേജ് ടൂറുകാരുടെ കൂടെ ആണെങ്കിലും തവാങ്ങിൽ ഇനിയൊരു അവസരത്തിൽ പോകാം. പാക്കേജ് ടൂറുകാർ കൊണ്ട് പോകാൻ സാധ്യതയില്ലാത്ത ഡോങ്ങ്, അനീനി, മെച്ചുക്ക, കഹോ, കിബിത്തു എന്നിവിടങ്ങളിൽ പൊയ്ക്കഴിഞ്ഞു. അത് ചെറിയ കാര്യമല്ല. അടുത്ത വർഷം തവാങ്, സിക്കിം, വെസ്റ്റ് ബംഗാൾ, യുപി, ഡൽഹി, ബീഹാർ എന്നിവിടങ്ങൾ സന്ദർശിക്കാം.
ഈ പദ്ധതി പ്രകാരം ഇന്ന് രാവിലെ 11 മണിയോടെ സിറോയിൽ നിന്ന് ഇറ്റാ നഗറിലേക്ക് തിരിച്ചു. 110 കിലോമീറ്റർ 3 മണിക്കൂർ താഴെ സമയം കൊണ്ട് എത്തി.
ഇറ്റാ നഗർ സാമാന്യം വലിയ ഒരു പട്ടണമാണ്. സിറോയിൽ ഉള്ളവർ ധാരാളം പേർ സ്ഥിരതാമസം ആക്കിയിരിക്കുന്നത് ഇറ്റാ നഗറിനാണ്. വല്ലപ്പോഴും സീറോയിൽ വന്ന് താമസിച്ച് പോകാൻ ധനാഢ്യരായ അവർക്ക് അവിടെ വലിയ വീടുകൾ തന്നെ ഉണ്ട്.
ഇറ്റാ നഗർ ഈ യാത്രയിൽ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു അരുണാചൽ പട്ടണമാണ്. ഇവിടെ ഒരു കോട്ട ഉണ്ടെന്നത് തന്നെ കാരണം. ഇറ്റാ കോട്ട എന്ന് തന്നെയാണ് അതിന്റെ പേര്.
ഇറ്റാ എന്നാൽ ചുടു കട്ട എന്നാണ് അർത്ഥം. ഇറ്റാ കോട്ട ഉണ്ടാക്കിയിരിക്കുന്നത് ചുടു കട്ടകൾ കൊണ്ടാണ്. കോട്ടയ്ക്കും ഈ നഗരത്തിനും ഇറ്റാ എന്ന പേര് വീണിരിക്കുന്നതിന്റെ കാരണം ഇനി പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.
നഗരത്തിന്റെ മധ്യഭാഗത്തായി ഉയരമുള്ള കുന്നിന്റെ മുകളിലാണ് കോട്ട നിലകൊള്ളുന്നത്. ലോക് ഭവന്റെ എതിർവശത്തുള്ള റോഡിലൂടെ മുകളിലേക്ക് കയറിയാൽ കോട്ടയ്ക്കു മുന്നിലാണ് ചെന്നെത്തുക. 20 രൂപ പ്രവേശന ഫീസ് കൊടുത്താൽ കോട്ടയ്ക്ക് അകത്ത് കടക്കാം.
14-15 നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന കോട്ട തകർന്ന അവസ്ഥയിലാണ് ഉള്ളത്. നാലടിയിൽ കൂടുതൽ വീതിയുള്ള കോട്ട മതിലിന്‍റെ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രധാന കവാടം എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഭാഗത്ത് മാത്രം 10 അടി പൊക്കത്തിൽ ചില കെട്ടുകൾ ഉണ്ട്. കൃത്യമായ ഒരു ആകൃതി കോട്ടയ്ക്ക് ഇല്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം.
ബിസ്മാക്ക് നഗർ കോട്ട എന്നതുപോലെ തന്നെ ചുട്ടിയ (chutia) രാജവംശമാണ് ഇറ്റാ കോട്ട നിർമ്മിച്ചതെന്ന് കണക്കാക്കുന്നു. കോട്ടയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
കോട്ടയ്ക്ക് മുകളിൽ നിന്ന് നഗരത്തിന്റേയും പൊതുവിൽ ദൂരേയ്ക്കുമുള്ള മനോഹരമായ ദൃശ്യം ലഭ്യമാണ് എന്നതുകൊണ്ട് തന്നെ കുടുംബ സമേതം സഞ്ചാരികൾ വന്ന് പോകുന്നുണ്ട്. നഗരത്തിലെ കമിതാക്കൾക്ക് സമ്മേളിക്കാനുള്ള ഒരു ഇടമാണ് കോട്ടയുടെ വളപ്പ് എന്നതും സ്പഷ്ടമാണ്..
ടൈൽ വിരിച്ച് കൈവരികൾ ഉള്ള വഴികളിലൂടെ കോട്ടയുടെ ഉള്ളിൽ ചുറ്റി നടന്നു. അകത്ത് ഒരു കഫ്തീരിയ ഉണ്ട്. ഏതൊരു കോട്ടക്കുള്ളിലും ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ അത് കഴിച്ചിരിക്കണം എന്നതാണ് എന്റെ നിലപാട്. അത് പ്രകാരം കോട്ടയിൽ നിന്ന് കോഫിയും മോമോസും കഴിച്ചു.
ഒരു മണിക്കൂർ സമയം കൊണ്ട് കോട്ട സന്ദർശനം കഴിഞ്ഞു. അരുണാചലിലെ കോട്ടകൾ ഇതോടെ കഴിയുന്നു. വിക്കിപീഡിയ ലിസ്റ്റിൽ ആറ് കോട്ടകൾ ഉണ്ടെങ്കിലും അത് ശരിയായ വസ്തുതയല്ല. സത്യത്തിൽ അരുണാചലിൽ രണ്ട് കോട്ടകൾ മാത്രമാണ് ഉള്ളത്.
കുറച്ചധികം നേരം കഫ്ത്തീരിയയിൽ വിശ്രമിച്ചു. ആ സമയത്ത് ഇറ്റാ നഗറുകാരനായ ലിജുമിനെ വിളിച്ചു. മെച്ചുക്കയിലെ GTL ഹോം സ്റ്റേയിൽ വച്ചാണ് അയാളെ പരിചയപ്പെട്ടത്. ഇറ്റാ നഗറിൽ എത്തുമ്പോൾ എല്ലാ സഹായങ്ങളും അയാൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അയാളെ വിളിച്ചപ്പോൾ, ഭാഗിയെ പാർക്ക് ചെയ്യാൻ ഒരിടം അയാൾക്ക് നൽകാനാവില്ല എന്ന് മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാൻ സ്വന്തം നിലയ്ക്ക് പാർക്കിങ്ങിന് വേണ്ടിയുള്ള സ്ഥലം തിരയാൻ തുടങ്ങി.
വെസ്റ്റ് സൈഡിന് സമീപം ബർഗർ കിങ്ങിന് മുന്നിലായി അങ്ങനെ ഒരു സ്ഥലം സംഘടിപ്പിച്ചു. ഇറ്റാ നഗറിൽ തണുപ്പ് തീരെ കുറവാണ്. 12 ഡിഗ്രി മാത്രം. ആയതിനാൽ ഇന്ന് രാത്രി ഉറക്കാൻ തണുപ്പ് കാണമുള്ള പ്രശ്നമൊന്നും ഉണ്ടാകില്ല. അത്താഴം ബെർഗർ കിങ്ങിൽ നിന്ന് കഴിച്ചു.
നാളെ അരുണാചലിനോട് വിട പറഞ്ഞ് ആസ്സാമിലേക്ക് കടക്കുകയാണ്. മജുലി ദ്വീപാണ് ലക്ഷ്യം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#ArunachalPradesh
#niraksharan
#northeastindia
#motorhome
#Itanagar
#itafort