
ചെമ്പായിയിൽ നിന്ന് 150 കിലോമീറ്റർ ദൂരമുണ്ട് മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളിലേക്ക്. 4 മണിക്കൂർ യാത്ര നല്ല ഒന്നാന്തരം ഇരട്ടപ്പാതയിലൂടെ ആയിരുന്നു. വളഞ്ഞ് പുളഞ്ഞുള്ള മലമ്പാതയാണെങ്കിലും തീരെ ഗതാഗതം ഇല്ലാത്തതിനാൽ നന്നായി ആസ്വദിച്ചാണ് ഞാനതിലൂടെ ഭാഗിയെ നയിച്ചത്.
അത്ര നല്ല വഴിയിൽ അവസാനത്തെ 25 കിലോമീറ്റർ പോകാൻ ഒരു മണിക്കൂർ എടുക്കുമെന്ന് കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഐസ്വാളിലേക്ക് വന്ന് കയറിയപ്പോൾ പിടികിട്ടി.
നിറയെ മലകളുള്ള ഒരു പ്രദേശത്തെ ഓരോ ചരിവുകളിലും അതിലെ ഓരോ ചതുരശ്രയടിയിലും അടുക്കിയടുക്കി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുകയാണ് ഇവിടെ. ഓരോ തട്ടിലും കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഇടുങ്ങിയ വഴികളും കുത്തനെയുള്ള പടികളും നീളുന്നു. ഒരു ചക്രവ്യൂഹത്തിൽ അകപ്പെട്ടത് പോലെ കുഴഞ്ഞ് പോയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.
ചെമ്പായിയിൽ നിന്ന് പുറപ്പെടുന്നതിന് മുന്നേ ഇക്കാര്യം അജു സൂചിപ്പിച്ചിരുന്നെങ്കിലും ഇത്രയ്ക്ക് സങ്കീർണ്ണമാണ് ഐസ്വാൾ എന്ന് ഞാൻ ധരിച്ചിരുന്നില്ല. മേരി ലാൻ്റ് ഹോം സ്റ്റേയിൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഗൂഗിൾ മാപ്പ് പിടിച്ച് അങ്ങോട്ടെത്താൻ ഞങ്ങൾ നന്നേ ബുദ്ധിമുട്ടി. അവസാനം ബൈക്ക് ടാക്സിക്കാരനെ അഡ്രസ്സ് കാണിച്ച് അയാളുടെ പിന്നാലെ വരുകയായിരുന്നു. ഹോം സ്റ്റേയിലാകട്ടെ കഷ്ടി രണ്ട് കാറുകൾക്ക് പാർക്ക് ചെയ്യാള്ള ഇടമാണുള്ളത്.
കാറുകൾ അവിടെ പാർക്ക് ചെയ്തതിന് ശേഷം ഏകസ്വരത്തിൽ ഞങ്ങളൊന്ന് തീരുമാനിച്ചു. ഐസ്വാളിൾ എവിടെ സഞ്ചരിക്കാനും ഞങ്ങളിനി സ്വന്തം കാറുകളെ ആശ്രയിക്കില്ല. എവിടെ പോകാനും ടാക്സി വിളിക്കും. ഇവിടന്ന് മടങ്ങുന്ന ദിവസം, ഗതാഗതത്തിരക്ക് ആരംഭിക്കുന്നതിന് മുന്നേ സ്വന്തം വണ്ടികളെടുത്ത് നഗരം വിടുക.
തലസ്ഥാന നഗരത്തിൻ്റെ എല്ലാ തിരക്കും ബഹളവും ഉണ്ടെങ്കിലും വൃത്തികേടുകൾ ഇവിടെയില്ല. ചപ്പുചവറുകളോ മാലിന്യക്കൂമ്പാരമോ ഇല്ല. എല്ലാ പാതകളിലും ഒരു വശത്ത് നടപ്പാതയുണ്ട്.
വന്നയുടനെ ടാക്സി പിടിച്ച് വ്യൂ പോയൻ്റിലേക്ക് നീങ്ങി. നേരെ നോക്കിയാൽ കാണുന്ന ആ കുന്നിൻ മുകളിൽ എത്താൻ ഒരു മണിക്കൂർ സഞ്ചരിക്കണം. 800 രൂപ കൂലിയും കൊടുക്കണം. ഐസ്വാൾ പീക്ക് എന്ന ഒരു റസ്റ്റോറന്റ് അവിടെയുണ്ട്. അതാണ് ഈ നഗരത്തിൻ്റെ ഏറ്റവും ഉയരമുള്ള ഭാഗം. 20 രൂപ ടിക്കറ്റ് എടുത്താൽ റസ്റ്റോറൻ്റിന്റെ ഉള്ളിലേക്ക് കയറാം. പടികൾ കയറി മുകളിൽ ചെന്നാൽ താഴ്വരയുടെ മനോഹരമായ ദൃശ്യമാണ്. അവിടത്തെ മറ്റൊരു ആകർഷണം ഗ്ലാസ് ബ്രിഡ്ജ് ആണ്. അതിൽ കയറാൻ 100 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം.
സൂര്യാസ്തമനത്തിന് മുൻപ് അവിടെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. ഐസ്വാളിൽ കാര്യമായ തണുപ്പ് ഇല്ലെങ്കിലും ആ വ്യൂ പോയൻ്റിൽ തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടേയിരുന്നു.
തിരികെ വന്നിറങ്ങിയത് ബാരഹ് മാർക്കറ്റിന്റെ പരിസരത്താണ്. സൂപ്പർ മാർക്കറ്റുകളും ബ്രാൻഡഡ് കടകളും തെരുവ് കച്ചവടവും റസ്റ്റോറൻ്റുകളുമെല്ലാം വ്യവഹാരങ്ങൾ പൊടിപൊടിക്കുന്ന നഗരത്തിന്റെ ഏറ്റവും തിരക്കുള്ള ഭാഗമാണ് അത്.
ഇരുട്ട് വീണ് താഴ്വരയിലെ കെട്ടിടങ്ങളിൽ പ്രകാശം പരക്കാൻ തുടങ്ങിയാൽ മറ്റൊരു മനോഹരമായ കാഴ്ച്ച ലഭിക്കുകയായി ഈ ചെരിവുള്ള പട്ടണത്തിൽ. ഞങ്ങളുടെ മുറികളും താഴ്വര്ക്ക് അഭിമുഖമായാണ് നിലകൊള്ളുന്നത്.
ഇത്രയും സങ്കീർണ്ണമായ ഒരു നഗരത്തിൽ മുൻപ് ഞാൻ വാഹനം ഓടിച്ചിട്ടില്ല. വീതി കുറഞ്ഞ വളഞ്ഞ വഴികളിലൂടെ കുത്തനെയുള്ള കയറ്റങ്ങൾ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ച പൊടിയും അഴുക്കും ഇവിടെയില്ല എന്നത് വലിയ ആശ്വാസമാണ്.
തെരുവുകളിൽ കുറേനേരം കറങ്ങി നടന്നു. തെരുവിൽ നിന്ന് അത്താഴം കഴിച്ചു. വീടുകൾക്കിടയിലൂടെ നീളുന്ന കുത്തനെയുള്ള പടികൾ ഇറങ്ങി ഹോം സ്റ്റേയിലേക്ക് നടന്ന് ഈ മലയോര പട്ടണവുമായി ഇണങ്ങിച്ചേരാൻ ശ്രമിച്ചു.
നാളെ ബീബിളും മിനിയും ചില അത്യാവശ്യ കാര്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്. രണ്ടു ദിവസത്തിനകം അവർ തിരികെ എത്തും. അതുവരെ ഞാനും അജുവും അല്ലറ ചില്ലറ കറക്കങ്ങളും അത്യാവശ്യം വിശ്രമവും പദ്ധതിയിട്ടിട്ടുണ്ട്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#Mizoram
#aizawl
#aizwalcity
#aizwalbeauty