
ങഗ്പ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് തന്നെ ഇന്നലെ രാത്രി താമസ സൗകര്യം മാത്രമല്ല, ഭക്ഷണം കിട്ടാനും കാര്യമായി ബുദ്ധിമുട്ടി. ഇന്ന് രാവിലെയും അതുതന്നെ ആയിരുന്നു അവസ്ഥ. ചെറിയൊരു ചായക്കട കണ്ടു. ചായ അല്ലാതെ മറ്റൊന്നുമില്ല എന്നാണ് ആദ്യം പറഞ്ഞത്. എടുത്തെടുത്ത് ചോദിച്ചപ്പോൾ പൂരി തരാമെന്ന് പറഞ്ഞു. (ഭാഷയും വലിയൊരു പ്രശ്നമാണ് ഇത്തരം ഇടങ്ങളിൽ. ഹിന്ദി സംസാരിക്കുന്നവർ വിരളമാണ്.) പുരിയുടെ കൂടെ കറി ഒന്നുമില്ല. അജുവിന്റെ ബാഗിൽ ഉണ്ടായിരുന്ന അച്ചാറും പൂരിയും കൂട്ടി തിന്നു.
ങഗ്പയിൽ നിന്ന് ചെമ്പായിയിലേക്കാണ് (Chempai) ഇന്നത്തെ യാത്ര. 122 കിലോമീറ്റർ സഞ്ചരിക്കാൻ 03:50 മണിക്കൂർ ആണ് ഗൂഗിൾ കാണിക്കുന്നത്. അതിനർത്ഥം മോശം റോഡുകൾ ഉണ്ട്, അല്ലെങ്കിൽ വളഞ്ഞുകുളഞ്ഞ റോഡുകളുണ്ട് എന്നാണ്. ഇത് രണ്ടും ഉണ്ടായിരുന്നു. 50 കിലോമീറ്ററോളം വളരെ മോശം റോഡിലൂടെയാണ് സഞ്ചരിച്ചത്. അവിടെയെല്ലാം റോഡ് പണി നടക്കുകയാണ്. മുന്നിൽ പോകുന്ന അജുവിൻ്റെ വാഹനം പറത്തുന്ന പൊടി കാരണം വഴി കാണാനേ പറ്റുന്നില്ല. ഭാഗി ചെളികൊണ്ട് മൂടി. വഴിയിൽ വെള്ളം കിട്ടുന്ന സ്ഥലത്ത് നിർത്തി രണ്ടു വാഹനവും ഞങ്ങൾ കഴുകി.
വാഹനങ്ങൾ കഴുകാൻ നിർത്തിയ സ്ഥലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ട്രോപ്പിക് ഓഫ് ക്യാൻസർ 23.5 നോർത്ത് എന്ന സാങ്കൽപ്പിക അക്ഷാംശ രേഖ അതിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഭൂഗോളം സ്ഥാപിച്ച് അവിടെ അത് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് കടന്നുപോകുന്ന ഭാഗത്ത് നട്ടുച്ചയ്ക്ക് സൂര്യൻ കുത്തനെ തലയ്ക്ക് മുകളിൽ വരുന്നു എന്നതാണ് ഒരു പ്രത്യേകത. ഇന്ത്യയിൽ മിസോറാം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഛാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, ത്രിപുര എന്നീ എട്ട് സംസ്ഥാനങ്ങളിലൂടെ ട്രോപ്പിക് ഓഫ് ക്യാൻസർ കടന്നുപോകുന്നു.
മുൻപൊരിക്കൽ ഇംഗ്ലണ്ടിൽ സഞ്ചരിക്കാൻ അവസരം കിട്ടിയപ്പോൾ ഗ്രീൻവിച്ചിലെ പ്രൈം മെറിഡിയൻ സാങ്കല്പിക രേഖയുടെ അടയാളത്തിൻ്റെ ഇരുവശവും കാലുകളിട്ട് ഫോട്ടോ എടുത്ത കാര്യം ഈയവസരത്തിൽ ഓർമ്മ വന്നു.
ചെമ്പായി നഗരത്തിലേക്ക് കടക്കുന്നതിനു മുൻപ് നേരെ പോയത്, സോഖാവ്തർ എന്ന പട്ടണത്തിലേക്കാണ്. മിസോറാമിന്റെ മ്യാൺമാർ അതിർത്തിയാണ് അത്. മോറെ അതിർത്തിയിൽ നിന്ന് മ്യാൺമാറിലേക്ക് കടക്കാൻ പറ്റിയില്ലെങ്കിലും ഇവിടെ അത് സാധ്യമാകും എന്നാണ് കരുതിയിരുന്നത്. പക്ഷേ ഇവിടേയും നിരാശയായിരുന്നു ഫലം.
അതിർത്തിയിൽ കാര്യമായ പട്ടാള സംവിധാനം ഉണ്ട്. എമിഗ്രേഷൻ, വിസ, പാസ്പോർട്ട് കടമ്പകൾ കടന്ന് അപ്പുറത്തേക്ക് വേണമെങ്കിൽ പോകാം. അതല്ലാതെ കടത്തി വിടുന്നില്ല. അതിർത്തിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആസാം റൈഫിൾസിന്റെ ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയാണ്.
“അപ്പുറത്ത് ഡെമോക്രസിയോ പട്ടാളമോ ഇല്ല. ഉള്ളത് മിലിറ്റൻഡ്സ് മാത്രം. പോയാൽ പണി കിട്ടും. ആ പാലത്തിന്റെ പകുതി വഴി പോയിട്ട് പടമെടുത്ത് മടങ്ങി വരാമെങ്കിൽ പൊയ്ക്കോളൂ.”
ആ നിർദ്ദേശം പ്രകാരം, അതിർത്തി പാലത്തിൽ വെളുത്ത പെയിന്റ് അടിച്ചിരിക്കുന്ന ഇന്ത്യയുടെ പകുതി ഭാഗം വരെ ഞങ്ങൾ പോയി. അവിടെ നിന്ന് പടങ്ങളും വീഡിയോയും എടുത്ത് മടങ്ങി. ആ പാലത്തിൽ പലയിടത്തും മർമ്മക്കാർ കച്ചവടം നടത്തുന്നുണ്ട്. ഞങ്ങളെപ്പോലെ പാലത്തിൽ ചെല്ലുന്ന സഞ്ചാരികളെ വലവീശി പിടിക്കാൻ ചില ചെറുപ്പക്കാർ അവിടെ നിൽക്കുന്നുണ്ട്. അപ്പുറം കൊണ്ടുപോയി കാഴ്ചകൾ കാണിച്ചു തരാം എന്നാണ് അവർ പറയുന്നത്. അവരുടെ മുഖഭാവവും സംസാരവും മൊത്തത്തിൽ പന്തികേടാണ്. വല്ല കുഴപ്പവും സംഭവിച്ചാൽ ഞങ്ങളെ കടത്തിവിട്ട പട്ടാളക്കാരൻ അടക്കം എല്ലാവരും ഞങ്ങൾക്ക് എതിരാകും. ആയതിനാൽ ചെറുക്കന്മാർ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങി.
നമുക്ക് മ്യാൻമാറിലേക്ക് പോകുന്നതിനേ പ്രശ്നമുള്ളൂ. ബർമ്മക്കാർ ഇപ്പുറത്ത് വന്ന് ധാരാളമായി കച്ചവടം നടത്തുന്നുണ്ട്. തെരുവിൽ ഭക്ഷണം വിൽക്കുന്നവരും വഴിയോരക്കച്ചവടം നടത്തുന്നവരും ഒക്കെ നല്ലൊരു ശതമാനം ബർമ്മക്കാരാണ്.
അത്തരത്തിൽ ഒരു വഴിയോര തട്ടുകടയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ചെമ്പായിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂറോളം യാത്രയുണ്ട് അത്.
ചെമ്പായി വളരെ വലിയ ഒരു പട്ടണമാണ്. സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിൽ മുറി സംഘടിപ്പിച്ചു. രാത്രി ഭക്ഷണം KFCയിൽ നിന്ന് കഴിച്ചു.
ഇതിനിടക്ക് മണിപ്പൂരിലെ വാർത്തകൾ കണ്ട് കൊല്ലത്തുനിന്ന് ഷഫീഖ് വിളിച്ചിരുന്നു. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഞങ്ങൾ മണിപ്പൂർ അതിർത്തി കടന്ന് മിസോറാമിലേക്ക് രക്ഷപ്പെട്ടു എന്ന് ഷെഫീക്കിനെ അറിയിച്ചു. വാഹനങ്ങൾ കത്തിക്കുന്നത് അടക്കം സാരമായ പ്രശ്നങ്ങൾ തന്നെയാണ് അവിടെ ഉണ്ടായിരിക്കുന്നത്. മണിപ്പൂരിൽ ഏത് നിമിഷവും കലാപം ഉണ്ടാകാം എന്ന് ഇംഫാലിൽ വെച്ച് പരിചയപ്പെട്ട പ്രവീൺ എന്ന പയ്യന്നൂരുകാരൻ പട്ടാളക്കാരൻ പറഞ്ഞത് സത്യമായിരിക്കുന്നു.
രാത്രി 8 ഡിഗ്രിയും രാവിലെ 6 ഡിഗ്രിയുമാണ് താപനം കാണിക്കുന്നത്. സാമാന്യം നല്ല തണുപ്പുണ്ടെന്ന് സാരം.
നാളെ രാവിലെ ഞങ്ങൾ ചെമ്പായി വിടുകയാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#missoram
#missoramborder
#BordersOfIndia
#Zokhawthar
#zokhawtharborder
#chempai