
മലയത്ത്, മുതുകാട്, സാമ്രാജ്, എന്നിങ്ങനെ പല മാജിഷ്യന്മാരുടേയും മാജിക് പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്.
ആദ്യമാദ്യം ഇവരൊക്കെ ഇത് എങ്ങനെ ചെയ്യുന്നു എന്ന് വല്ലാതെ അത്ഭുതപ്പെട്ടിട്ടുണ്ട്, അമ്പരന്നിട്ടുമുണ്ട്. പോകപ്പോകെ ഇതൊക്കെ ഉപകരണങ്ങളുടേയും സഹായികളുടേയും സാധ്യതയും കയ്യടക്കവും കൈയൊതുക്കവും എല്ലാം ചേർന്നുള്ള വിദ്യകൾ ആണെന്ന് മനസ്സിലാക്കാൻ പറ്റി.
ഒരിക്കൽ, മുഖംമൂടിയണിഞ്ഞ ഒരു മാജിഷ്യൻ, ലോകത്തിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരുവിധം എല്ലാ ഗംഭീര മാജിക് പ്രോഗ്രാമുകളേയും പൊളിച്ചടുക്കിക്കൊണ്ട് അതിന്റെ പിന്നിലെ തന്ത്രങ്ങൾ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കാസറ്റ് കാണുകയുണ്ടായി. വിശ്വവിഖ്യാത മാജിഷ്യനായ ഡേവിഡ് കോപ്പർഫീൽഡ് തന്നെയാണ് മുഖംമൂടിയിട്ട് വന്ന് ആ പരിപാടി ചെയ്തത് എന്നാണ് കേട്ടത്. പക്ഷേ സത്യാവസ്ഥ അറിയില്ല.
ഇത്തരം പരിപാടികൾ കണ്ട് വന്നാൽ അത് എങ്ങനെ ചെയ്യുന്നു എന്ന് ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുന്നതുവരെ എനിക്ക് ഉറക്കം നഷ്ടപ്പെടും. പലരുമായി അതേപ്പറ്റി സംസാരിക്കും. അങ്ങനെ ചില ആശയങ്ങൾ കിട്ടും. മെല്ലെ മെല്ലെ ഉറക്കം തിരികെ പിടിക്കും.
പറഞ്ഞു വരുന്നത് ഇന്നലെ മുതൽ നഷ്ടപ്പെട്ടിരിക്കുന്ന ഉറക്കത്തെ പറ്റിയാണ്.
കുറേയേറെ മാസങ്ങളായി മെന്റലിസ്റ്റ് ആദിയുടെ Mentalist Aathi സ്റ്റേജ് പ്രോഗ്രാമിന്റെ റീലുകൾ കാണുന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് റീലുകളിൽ കാണിക്കുന്നില്ലയെങ്കിലും, കണ്ടവർ കണ്ടവർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും അവരുടെ മുഖഭാവങ്ങളുമാണ് ഈ പരിപാടിയിലേക്ക് പിടിച്ചടുപ്പിച്ചത്. കൊച്ചിയിൽ ആദിയുടെ ഇൻസോംനിയ (Insomnia)* എന്ന പരിപാടി വരുമ്പോൾ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് ഉറപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചര മണിക്ക് തൃപ്പൂണിത്തുറ JT Pac-ൽ ആയിരുന്നു പ്രോഗ്രാം. 5 മണിക്ക് ഗേറ്റ് അടക്കും എന്നാണ് അറിയിച്ചിരുന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കാതെ നേരത്തെ കാലത്തെ ഓഡിറ്റോറിയത്തിൽ ഇടംപിടിച്ചു. എല്ലാ ടിക്കറ്റുകളും അതിവേഗം വിറ്റ് തീരുന്ന ഒരു ഷോ ആണിത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
മാജിക്കാണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷേ മാജിക്കും ഉണ്ടെന്നു തോന്നുന്നു.
ഹിപ്നോട്ടൈസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ അതും സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു.
മെന്റലിസം ആണോ എന്ന് ചോദിച്ചാൽ, ആദി മെന്റലിസ്റ്റ് ആയതുകൊണ്ട് അതെ എന്ന് തന്നെ ആണ് ഉത്തരം. പക്ഷേ വെറും മെൻ്റലിസം മാത്രമല്ല.
ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു?
വർഷങ്ങളുടെ തഴക്കവും പഴക്കവും പരിചയസമ്പന്നതയും കൊണ്ട്, സ്റ്റേജിലേക്ക് വിളിച്ചു വരുത്തുന്ന കാണികളുടെ മനസ്സ് വായിക്കാൻ പറ്റുമായിരിക്കാം. എന്നാലും ദൂരെയിരിക്കുന്ന ഒരാളോട് ഫോണിൽ സംസാരിച്ച് അയാളുടെ മനസ്സ് വായിക്കുന്നതെങ്ങനെ?
ആ രണ്ടര മണിക്കൂർ സംഭവിച്ച കാര്യങ്ങൾ, എങ്ങനെ ആദി സാദ്ധ്യമാക്കി എന്ന് ഇപ്പോഴും പിടി കിട്ടുന്നില്ല. പോകാതിരുന്നാൽ മതിയായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറക്കമാണ്. തീറ്റ പോലും അത് കഴിഞ്ഞേ വരൂ. (തീറ്റ കിട്ടിയില്ലെങ്കിൽ ക്ഷീണിച്ചു കിടന്നു ഉറങ്ങിക്കോളും. ഉറക്കം കഴിഞ്ഞാലേ പിന്നെ വിശപ്പ് വരൂ)
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ. ഉറക്കം പോയി. പോയേ പോച്ച്. ഇത് മറന്നാലേ ഇനി ഉറക്കം തിരികെ വരൂ. ഇതാണെങ്കിൽ ചോദ്യചിഹ്നങ്ങളായി തലയ്ക്കുചുറ്റും ആർത്ത് പറക്കുന്നു. ഉടനെയെങ്ങും തലയിൽ നിന്ന് പോകില്ല.
നിങ്ങൾ ജീവിതത്തിൽ ഉറക്കത്തിന് പ്രാധാന്യം നൽകുന്നവർ ആണെങ്കിൽ, ഒരു സംഭവം നടന്നാൽ അതെങ്ങനെ നടന്നു എന്ന് ലോജിക്കൽ തിങ്കിംഗ് നടത്തി അതിനുത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണെങ്കിൽ, ഈ പരിപാടി കാണാൻ ഒരിക്കലും പോകരുത്. ഉറക്കം നഷ്ടപ്പെടും.
വാൽക്കഷണം:- * Insomnia is a common sleep disorder characterized by persistent difficulty falling asleep, staying asleep, or waking up too early.
#mentalistaathi
#mentalist