
ഇതാണ് വാസ്തു വിളക്ക്. ചിലർ ആമവിളക്ക് എന്നും വിളിക്കും. മറ്റെന്തെങ്കിലും പേര് ഉണ്ടോ എന്നറിയില്ല. (ഉണ്ടെങ്കിൽ നിങ്ങൾ പറയുക.) ഇത് കത്തിച്ച് വെച്ചാൽ വാസ്തുദോഷങ്ങൾ തീരുമത്രേ!
ഇന്നലത്തെ എൻ്റെ കോഴിക്കോട് യാത്ര ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു. പ്രസാദ് സാറിൻ്റെ വീട്ടിലേക്ക്, അഥവാ ഇന്ത്യയിലെ ഏക വിളക്ക് മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന (ലോകത്തിൽ ഇതുപോലൊന്ന് മറ്റൊന്നുണ്ടോ എന്ന് സംശയമാണ്) ദീപഞ്ജലിയിലേക്കാണ് പോയത്. പുതിയങ്ങാടിയിലുള്ള ആ വിളക്ക് ശേഖരം അമ്പരപ്പിക്കുന്നതാണ്. കോഴിക്കോട്ടുകാർ ഇനിയും ദീപാഞ്ജലി കണ്ടിട്ടില്ലെങ്കിൽ ‘നിങ്ങളുടെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്നും നിങ്ങൾ ഇരുളിലാണെന്നുമാണ് സാരം.
എൻ്റെ ദീപാഞ്ജലി അനുഭവം, പടങ്ങളും നിരക്ഷരങ്ങളും ചേർത്ത് അൽപ്പം കൂടി വിശദമായി നാളെ എഴുതാം. (ഇതൊരു സൂചന മാത്രം.) നിങ്ങൾ പ്രസാദ് സാറിൻ്റെ പ്രൊഫൈൽ പിന്തുടർന്നാൽ കുറേയേറെ ‘വെളിച്ചം’ അവിടെ നിന്ന് കിട്ടും.
ഞാൻ അദ്ദേഹത്തെ പരിചയപ്പെടാൻ ഒരുപാട് വൈകിയെന്ന് അതിയായ കുണ്ഡിതമുണ്ട്. എന്നാലും ആ സമാഗമത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി, 05 നവംബർ 2026 എന്ന ഇന്നലയെ അടയാളപ്പെടുത്താൻ വേണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു തെരുവിൽ നിന്ന്, പ്രസാദ് സാർ എനിക്ക് തരപ്പെടുത്തി തന്നതാണ് ഈ വാസ്തുവിളക്ക്. (8.5×5.5 ഇഞ്ച്)
വാൽക്കഷണം:- ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. എന്നിലെ ആക്രി പെറുക്കി നിഷ്പ്രഭനും ശൂന്യനുമായിപ്പോയ ദിവസം കൂടെയാണത്.