ബിസ്മാക്ക് നഗർ കോട്ട കോട്ട # 165 (GIE 2025-26. Day#29 – Dec 27)


12
റോയിങ്ങിൽ ഇന്നലെ രാത്രി തണുപ്പ് കുറവായിരുന്നു. 14 ഡിഗ്രി മാത്രം. ഷഫീഖ് അടുത്ത പത്ത് ദിവസത്തേക്കുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. അതുപ്രകാരമാണ് രാവിലെ 7 മണിക്ക് പുറപ്പെട്ടത് എങ്കിലും, അരുണാചലിലെ ബഫല്ലോ ട്രെയിൽസ് റൈഡേഴ്സ് ക്ലബ്ബ് ചീഫ് ആയ ‘ഹേത്ത’യുമായി സംസാരിച്ചപ്പോൾ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി.

പദ്ധതി പ്രകാരം ഇന്ന് റോയിങ്ങിൽ ചുറ്റിയടിച്ച ശേഷം, നാളെ പദ്ധതി പ്രകാരമുള്ള യാത്രകളിലേക്ക് കടക്കാൻ മാറ്റി തീരുമാനിച്ചു.

പട്ടണത്തിലെ ഒരു ചെറിയ കടയിൽ നിന്ന് പ്രാതൽ കഴിച്ചശേഷം ബിസ്മാക്ക് നഗർ കോട്ട കാണാൻ തിരിച്ചു. ഗംഭീര റോഡാണ് അങ്ങോട്ട്. അരമണിക്കൂർ കൊണ്ട് 28 കിലോമീറ്റർ സഞ്ചരിച്ച് കോട്ടയ്ക്ക് മുന്നിലെത്തി.

12 മുതൽ 17 നൂറ്റാണ്ട് വരെ സാദിയ എന്ന ഈ പ്രദേശം ഭരിച്ചിരുന്ന ചുട്ടിയ എന്ന ഗോത്രവർഗ്ഗത്തിൻ്റെ ഒരു വലിയ വിഹാരകേന്ദ്രമായിരുന്നു ഇവിടം. അത് തീർച്ചയായും ഒരു കോട്ടയുടെ അവശിഷ്ടങ്ങളായി ഇവിടെയുണ്ട്.

ചുട്ടിയ ഒരു ടിബറ്റോ ബർമൻ ഗോത്രവർഗ്ഗമാണ്. അവരുടെ പൂർവികരെ തേടി പോയാൽ ചെന്നെത്തുന്നത് ബിസ്ബാക്ക എന്ന രാജാവിലാണ്. ബിസ്ബാക്ക് നഗർ എന്ന് ഈ പ്രദേശത്തിന് പേര് വീണതിൻ്റെ നാൾവഴി അതാണ്.

കോട്ടയുടെ കവാടം തുറന്നാണ് കിടന്നിരുന്നത്. വലിയൊരു ഫ്ലാഗ് പോസ്റ്റിൽ ദേശീയ പതാക പാറിക്കളിക്കുന്നുണ്ട്. കഷ്ടി മൂന്ന് ഏക്കർ വരുന്ന ഭാഗത്താണ് ഇപ്പോൾ കോട്ടയുടെ അവശിഷ്ടങ്ങൾ ഉള്ളത്.

കോട്ട നിലംപരിശായിരിക്കുന്നു അതിന്റെ അടിത്തറ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. ചുടുകട്ടയിലാണ് നിർമ്മിതി. സുർക്കിക്ക് സമാനമായ മിശ്രിതം തട്ടകള് ചേർത്ത് ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു.

അരുണാചൽ പ്രദേശിലെ ആദ്യത്തെ കോട്ടയിലെ സന്ദർശനം വളരെ പെട്ടെന്ന് കഴിഞ്ഞു. തിരികെ കൂത്ത് ഹോസ്റ്റൽ ക്യാമ്പിൽ എത്തുന്നതിന് മുൻപ്, റോളങ്ങ് കവാടത്തിലുള്ള സലൂണിൽ കയറി മുടി മുറിച്ചു.

കൊച്ചിയിൽ നിന്ന് ഇറങ്ങിയിട്ട് 37 ദിവസം ആകുന്നു എന്നത് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. എത്ര പെട്ടെന്നാണ് സമയം കടന്നു പോകുന്നത്. സഞ്ചാരത്തിന്റെ വൈറസിന് അത് വല്ലതും അറിയേണ്ടതുണ്ടോ?

നഗരത്തിലെ മാർക്കറ്റിൽ കറങ്ങിയിറങ്ങി നടന്നു. ബേക്കറിയിലും കള്ള് കടയിലും തുണിക്കടകളിലും തലയിട്ട് നോക്കി. മദ്യത്തിന് കേരളത്തേക്കാളും ബാംഗ്ലൂരിനേക്കാളും വിലകുറവാണ് ഇവിടെ.

ഭാഗിയുടെ അകവും പുറവും വൃത്തികേടായി ഇരിക്കുകയാണ്. അവളെ കുളിപ്പിച്ചു വൃത്തിയാക്കി. സ്വയം എണ്ണ തേച്ചു കുളിച്ചു. വസ്ത്രങ്ങളെല്ലാം കഴുകി ഉണക്കി.

മൂന്ന് മണിയോടെ ഹേത്ത വാഹനവുമായി എത്തി. 60 kmph എന്ന് റൈഡേഴ്സ് ക്ലബ്ബിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. റൈഡേർസ് എന്ന നിലയ്ക്ക് ഷൈനിക്കും ഷഫീക്കിനും അവരുടെ കൂട്ടാളിയായ എനിക്കും ക്ലബ്ബിന്റെ പാർട്ടിയിലേക്ക് ക്ഷണമുണ്ട്.

രാജ്യമെമ്പാടുമുള്ള റൈഡേഴ്സ് ക്ലബ്ബുകളുടെ വ്യാപ്തിയും സംഘടനാ മികവും ഒത്തൊരുമയും മനസ്സിലാക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അത്. അവർ കാരണമാണ് പലയിടത്തും എനിക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യം ഇതുവരെ കിട്ടിപ്പോന്നത്.

അൻപതോളം റൈഡേർസ് പങ്കെടുത്ത ആ ചടങ്ങിൽ, സ്റ്റേജിൽ വിളിച്ച് വരുത്തി ഷാൾ അണിയിച്ച് അവർ ഞങ്ങളെ ആദരിച്ചു. ഏതെല്ലാം തരം ഗംഭീര മനുഷ്യരുമായാണ് നോർത്ത് ഈസ്റ്റ് സന്ദർശനം ഇടയാക്കിയിരിക്കുന്നത്. കൂടുതൽ കൂടുതൽ സഞ്ചരിക്കുന്തോറും മനുഷ്യൻ ചെറുതായി ചെറുതായിരുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്.

റൈഡേഴ്സ് ക്ലബ്ബുകൾ പോലെ തന്നെ കാരവാൻ സഞ്ചാരികളുടെ ഒരു ക്ലബ്ബ് ഉണ്ടാക്കണമെന്നതാണ് ഇപ്പോൾ എന്റെ ആഗ്രഹം. കാരവൻ സഞ്ചാരികളെ സർക്കാരുകൾ പ്രോത്സാഹിപ്പിച്ച് വരുമ്പോഴേക്കും നമ്മളുടെയൊക്കെ കാലം കഴിയും. ക്ലബ്ബുകൾ ഉണ്ടാക്കി അതിലൂടെ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യവും സാഹചര്യവും ഒരുക്കി കൊടുത്ത് അത്തരം സഞ്ചാരികളേയും സഞ്ചാരത്തേയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതത്ര ബുദ്ധിമുട്ടുള്ള പദ്ധതിയൊന്നും അല്ല.

ആട്ടവും പാട്ടുമൊക്കെയായി ക്ലബ്ബിന്റെ പാർട്ടി നീളുകയാണ്. എത്ര മനോഹരമായാണ് അവർ പാടുന്നതും ആടുന്നതും. നാഗാലാൻഡിൽ മാത്രമല്ല നോർത്ത് ഈസ്റ്റിൽ മുഴുവനും നല്ല ഗായകരാണ് ഉള്ളതെന്ന് മനസ്സിലാക്കാനായി.

രണ്ട് മണിക്കൂർ യാത്രയുണ്ട് പാർട്ടി നടക്കുന്ന സ്ഥലത്തുനിന്ന് റോളിങ്ങിലേക്ക്. പാർട്ടിയുടെ കെട്ടുപാടിൽ നിന്ന് ഹേത്ത ഒഴിവായാൽ മടക്കയാത്ര സാധ്യമാകൂ. അത് ഇനിയും വൈകും. ഇന്നത്തെ രാത്രിക്ക് ഒരുപാട് നീളമുണ്ട്. അതുകൊണ്ടുതന്നെ നാളെ എന്താവും ഓണപരിപാടി എന്ന് ഇന്ന് പറയാൻ ആവില്ല.

കാര്യമായ തണുപ്പൊന്നും ഇന്ന് രാത്രിയുമില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#Northeast
#motorhomelife
#roing
#ArunachalPradesh

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>