
ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യരശ്മികൾ പതിക്കുന്ന സ്ഥലമാണ് ഡോങ്ങ് ത്ഴ്വര. രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് സൂര്യോദയം കാണാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. സത്യത്തിൽ ആ പദ്ധതിയിൽ ഞാൻ അല്പം പിന്നോട്ടായിരുന്നു. അതിന് പല കാരണങ്ങളുണ്ട്.
കാരണം 1:- തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് വെളിച്ചമില്ലാത്ത സമയത്ത് ഒരു കിലോമീറ്ററോളം ട്രക്കിംങ്ങ് നടത്തുന്നതിനോട് യോജിപ്പില്ല.
കാരണം 2:- മൈനസ് 3 ഡിഗ്രി താപമാനത്തിൽ ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്നതിന് പകരം മറ്റെന്ത് പരിപാടി ചെയ്യുന്നതിനും താല്പര്യമില്ല.
എന്റെ ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടന്നു. ഷഫീക്കും ഷൈനിയും ഉഴപ്പി. ആരും സൂര്യോദയം കാണാൻ പോയില്ല. പകരം, ഡപ്റ്റി വെള്ളച്ചാട്ടത്തിന് അടുത്തുള്ള റസ്റ്റോറന്റിൽ നിന്ന് സൂര്യോദയത്തിന്റെ ഒരു ബാഡ്ജ് വാങ്ങി ബാഗിൽ കോർത്തു.
ഡപ്റ്റി റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ച് ഡോങ്ങ് താഴ്‌വരയോട് വിട പറഞ്ഞു. 185 കിലോമീറ്റർ ദൂരത്ത് റോയിങ് റൂട്ടിലെ പരശുറാം കുണ്ടിലേക്ക് ആണ് യാത്ര.
ഒരു മണിക്കൂർ സഞ്ചരിച്ചാൽ വാലോങ്ങ് എന്ന സ്ഥലമായി. പട്ടാള ക്യാമ്പുകളും വാർ മ്യൂസിയവും ഒക്കെ അവിടെ കാണാം. ഇന്നലെ ഷഫീഖ് അവരുടെ കാൻ്റീനിൽ പോയി ഭക്ഷണം കഴിച്ചിരുന്നു. ഞാനവിടെ ഭാഗിയെ നിർത്തിയതും രണ്ടു പട്ടാളക്കാർ അടുത്തേക്ക് വന്ന് എന്നോട് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് അതിൽ നിർമ്മൽ എന്ന പട്ടാളക്കാരനെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം പത്തനംതിട്ടക്കാരനാണ്. ഇന്നലെ സൺറൈസ് ഫെസ്റ്റിവലിന്റെ ഗ്രൗണ്ടിന് അടുത്ത് വച്ച് ഞങ്ങൾ പരിചയപ്പെട്ടിരുന്നു. കൂടെയുള്ള പട്ടാളക്കാരൻ ആലപ്പുഴക്കാരനാണ്.
ഞാൻ കുറച്ചുനേരം അവരുമായി സംസാരിച്ചു നിന്നു. അപ്പോഴാണ് അവരുടെ കൂർഗ്സ് എന്ന റെജിമെൻ്റിൻ്റെ ചരിത്രം മനസ്സിലാക്കാൻ പറ്റിയത്.
* രണ്ടാം ലോകമഹായുദ്ധകാലത്താണ് ആദ്യത്തെ കൂർഗ് ബറ്റാലിയൻ ആരംഭിക്കുന്നത്.
* യുദ്ധത്തിനുശേഷം ഇത് ആർട്ടിലറി യൂണിറ്റുകൾ ആക്കി മാറ്റി.
* ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തെ ഉൾപ്പെടുത്തിയുള്ള ചുരുക്കം ചില പട്ടാള ഗ്രൂപ്പുകളിൽ ഒന്നാണ് ഇത്.
* അനിതര സാധാരണമായ ധൈര്യവും ആയോധന പാരമ്പര്യവും ഉള്ളവരാണ് കൂർഗ്ഗികൾ. അതുകൊണ്ടുതന്നെയാണ് അവരെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇങ്ങനെ ഒരു ബറ്റാലിയൻ തുടങ്ങിയത്.
* ധാരാളം കൂർഗ്ഗികളും മലയാളികളും ഈ ബറ്റാലിയനിൽ ഉണ്ട്.
വാർ മെമ്മോറിയലിന്റെ കാര്യം ഞാൻ പറഞ്ഞപ്പോൾ, ഈ ഭാഗത്ത് നടന്നിട്ടുള്ള ചൈനയുടെ അധിനിവേശത്തെപ്പറ്റി അവർ സംസാരിച്ചു.
ഈ ഭാഗത്ത് അതിക്രമിച്ച് കടക്കുന്ന ചൈനീസ് പട്ടാളക്കാർ, ഇന്ത്യൻ പട്ടാളക്കാരെ പിടികൂടി മരത്തിൽ കെട്ടിയിട്ട് പോകുന്ന പതിവ് ഉണ്ടായിരുന്നു. നമ്മുടെ പട്ടാളക്കാർ കെട്ടഴിക്കാൻ പറ്റാതെ മരത്തിൽ കിടന്ന് പട്ടിണി മരണം കൈവരിക്കുമായിരുന്നു. അത്തരം മരങ്ങളെല്ലാം യുദ്ധസ്മാരകങ്ങളായി നിലനിർത്തിയിട്ടുണ്ട്.
നമ്മൾ സിവിലിയൻസ് ഇത്തരം ദുരിതങ്ങൾ ഒന്നും നേരിടുന്നില്ല. ഈ സംഭവങ്ങളെപ്പറ്റി കേൾക്കുന്നു പോലുമില്ല. പട്ടാളക്കാരോടുള്ള വർദ്ധിത ആദരവോട് കൂടെയാണ് ഞാൻ അവരോട് വിട പറഞ്ഞത്.
വൈകീട്ട് 5 മണിയോടെ പറശുറാം കുണ്ടിലെത്തി. മലയാളിയായ നിഖിൽ നടത്തുന്ന Beyind Brahmaputra എന്ന് ക്യാമ്പിലാണ് ഞങ്ങളെല്ലാവരും ഇന്ന് തങ്ങുന്നത്. ഡോങ്ങിൽ വെച്ച് പരിചയപ്പെട്ട നവ്നീത് അദ്ദേഹത്തിന്റെ കാരവാനുമായി ഈ ക്യാമ്പിൽ ഇന്ന് തങ്ങുന്നുണ്ട്.
നാളെ ഷഫീഖ് താൽക്കാലികമായി ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നും വിട പറയുകയാണ്. അതിനുമുമ്പ് എല്ലാവരും കൂടെ പറശുറാം കുണ്ടിൽ പോകുന്നുണ്ട്. അതെന്താണെന്നും അതിന്റെ ഐതിഹ്യം എന്താണെന്നും നാളെ പറയാം.
താപമാനം 6 ഡിഗ്രിയാണ് നിലവിൽ. ഇന്നലത്തേക്കാൾ ഭേദമാണെന്ന് സാരം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#warmuseum