
ഇന്നലെ രാത്രി, പിന്നീട് ഭാഗ്യവശാൽ പാമ്പ് (മഞ്ഞവരയൻ) ക്യാമ്പ് വഴി വന്നില്ല. എങ്കിലും അതൊരു പേടിപ്പിക്കുന്ന ഓർമ്മയായി നിലനിൽക്കും.
പ്രാതൽ കഴിച്ച ശേഷം ശിവസാഗറിനോട് വിടപറഞ്ഞ് മോൺ ലക്ഷ്യമാക്കി നീങ്ങി. അതായത് ആസാമിൽ നിന്ന് വീണ്ടും നാഗാലാൻഡിലേക്ക്. 110 കിലോമീറ്റർ ദൂരം; രണ്ടര മണിക്കൂർ യാത്ര.
ഇപ്രാവശ്യം ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ആസാമിൽ നിന്ന് നാഗാലാൻഡിലേക്ക് കടക്കുമ്പോൾ ഇൻലൈൻ പെർമിറ്റ് (ILP) ഒരു ചെക്ക് പോസ്റ്റിലും ചോദിച്ചില്ല എന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ അതൊരു പ്രശ്നമാകുമോ എന്ന് നിശ്ചയമില്ല. വരുന്നിടത്ത് വെച്ച് കാണാം.
മോൺ ഗ്രാമത്തിൽ അൽപ്പനേരം ചിലവഴിച്ചശേഷം ലോങ്ങ്വയിലേക്ക് നീങ്ങി. 34 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. റോഡ് മോശമായതിനാലും കയറ്റം ആയതിനാലും ഒന്നരമണിക്കൂർ സവാരിയുണ്ട്. എല്ലായിടത്തും ക്രിസ്തുമസ്സ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ കാണാം.
മോണിലും ലോങ്ങ്വയിലും 2023ൽ അജുവിനും ടീമിനും ഒപ്പം ഞാൻ വന്നിട്ടുണ്ട്. അന്ന് ലോങ്ങ്വയിൽ തങ്ങിയത്, ലോങ്ങ്ഷ ഹോം സ്റ്റേയിൽ ആണ്. പോഹിയും ഭർത്താവ് ലോങ്ങ്ഷയും കൂടെയാണ് അത് നടത്തുന്നത്.
ഇപ്രാവശ്യവും നേരെ അങ്ങോട്ട് തന്നെ എത്തി. ഭാഗിയെ പാർക്ക് ചെയ്യാനും ടെൻ്റ് അടിക്കാനുള്ള സൗകര്യം ഹോംസ്റ്റേയുടെ മുന്നിൽത്തന്നെ ഉണ്ട്. സമയം മൂന്ന് മണി ആകുന്നതേയുള്ളൂ. ഇരുട്ടും തണുപ്പും വീഴാൻ അൽപ്പം കൂടെ സമയമെടുക്കും. എന്നാലും ഇന്നിനി കൂടുതൽ കറക്കങ്ങൾ ഒന്നുമില്ല.
ഏഴ് മണിയോടെ ചിക്കനും ചോറും ദാൽ കറിയും അത്താഴത്തിന് വിളമ്പി പോഹി.
രണ്ട് ദിവസം ലോങ്ങ്വയിൽ തങ്ങി ക്രിസ്തുമസ് ഇവിടെ ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
നാഗന്മാർക്ക് സംഗീതം രക്തത്തിൽ ഉണ്ടെന്ന് തന്നെ വേണം കരുതാൻ. ലോങ്ങ്ഷായുടെ സഹോദരൻ നൊക്കാഫ് നെരിപ്പോടിൻ്റെ ഓരത്ത് ഗിറ്റാർ വായിച്ച് പാട്ട് പാടിത്തുടങ്ങി.
ഇനിയുള്ള രണ്ട് മൂന്ന് ദിവസങ്ങൾ, പകൽ കറക്കവും രാത്രി സംഗീതവുമൊക്കെയായി ക്രിസ്തുമസ് ഞങ്ങൾ ആഘോഷമാക്കും.
എല്ലാവർക്കും മുൻകൂർ ക്രിസ്തുമസ് ആശംസകൾ!
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#merrychristmas2025
#christmas2025
#niraksharan
#northeastindia
#northeast
#merrychristmas
#Nagaland
#lungwa