ഗോഹാട്ടി (ആസ്സാം) (GIE 2025-26. Day#07 – Dec 05)


12
രാവിലെ ഭാഗിയെ കുളിപ്പിച്ച്. പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ച് കഴിഞ്ഞപ്പോഴേക്കും നന്നായി വിശന്നു. പക്ഷേ രാവിലെ ആറുമണി സമയത്ത് ഈ പ്രദേശത്ത് റസ്റ്റോറന്റ്കളിൽ നിന്ന് ഭക്ഷണമൊന്നും ലഭിക്കില്ല. ആയതിനാൽ റോഡരുകിൽ ഭാഗിയെ നിർത്തി, പ്രാതൽ പാചകം ചെയ്ത് കഴിച്ചു.

ആറര മണിക്കൂർ ഡ്രൈവ് ഉണ്ട് അലിപൂർദ്വാറിൽ നിന്ന് ഗോഹാട്ടിയിലേക്ക്. 300 കിലോമീറ്റർ ദൂരം. ബ്രഹ്മപുത്ര നദി മുറിച്ചു കടന്ന് ഗോഹാട്ടിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് ഒരു മണി. ഗോഹട്ടിയിൽ ഇത് എന്റെ മൂന്നാമത്തെ സന്ദർശനമാണെങ്കിലും ഡ്രൈവ് ചെയ്തു വരുന്നത് ആദ്യമായാണ്.

നഗരത്തിലെ സൗത്ത് പോയന്റ് സ്കൂളിൽ റൈഡർ ഷൈനി Shyni TheRider കാത്തു നിൽക്കുന്നുണ്ടായിരുന്നു. സ്കൂൾ ക്യാമ്പസിൽ ആണ് എനിക്കും ഭാഗിക്കും ഇന്ന് കിടക്കാനുള്ള സൗകര്യം ഷൈനി ഏർപ്പാടാക്കിയിട്ടുള്ളത്. പ്രിൻസിപ്പാൾ കൃഷ്ണാന്ദൻ ചന്ദ സഞ്ചാരികൾക്ക് വേണ്ടുന്ന സഹായമെല്ലാം ചെയ്ത് കൊടുക്കുന്ന സഹൃദയനാണ്. പ്രിൻസിപ്പാളിനും ഹോസ്റ്റൽ വാർഡൻ ശ്രീമതി ജൂലിയറ്റിനും ഭാഗിയിലെ സൗകര്യങ്ങൾ നന്നേ ബോധിച്ചു. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഹോസ്റ്റൽ മെസ്സിൽ നിന്ന് കഴിച്ചു.

രാത്രി 8 മണിയോടെ അജുവും Aju Vechoochira സംഘവും നാഗാലാൻ്റിൽ നിന്ന് ഗോഹാട്ടിയിൽ എത്തി. ഷാജി സാറും Shaji Joseph കുടുംബത്തിനും പുറമേ സുഹൃത്തുക്കളായ അരുൺ കളപ്പിലയും Arun Kalappila കവിത സലീഷും Kavitha Saleesh ആ സംഘത്തിൽ ഉണ്ട്. അവർ താമസിക്കുന്ന ഹോട്ടലിൽ ചെന്ന് എല്ലാവരെയും കണ്ട് ലോഹ്യം പറഞ്ഞിരുന്ന് പിരിഞ്ഞപ്പോൾ പാതിരാത്രിയായി.

അജു നാളെ മറ്റൊരു സംഘവുമായി അരുണാചലിലേക്ക് നീങ്ങുകയാണ്. പക്ഷേ ആ സംഘത്തിൽ ചേരേണ്ട പലർക്കും ഗോഹട്ടിയിൽ എത്തിച്ചേരാൻ ആയില്ല. അതിന് കാരണം ഇൻഡിഗോ വിമാന സർവീസിലെ പ്രശ്നമാണ്. സോഫ്റ്റ്‌വെയർ കുഴപ്പം കാരണം അവരുടെ ഫ്ലൈറ്റുകൾ എല്ലാം ക്യാൻസൽ ആയിരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് നാളെ ഗോഹട്ടിയിൽ എത്തേണ്ടിയിരുന്ന ഷൈനിയുടെ സുഹൃത്ത് കല്യാണിയുടെ ഫ്ലൈറ്റും അക്കൂട്ടത്തിൽ ക്യാൻസൽ ആയി. എത്രയോ സഞ്ചാരികൾക്ക് ഈ കാരണത്താൽ ഹോൺബിൽ ഫെസ്റ്റിവൽ ഈ വർഷം നഷ്ടമാകുകയാണ്.

സിറിയയിൽ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിൽ, കവിത എനിക്ക് സമ്മാനിച്ചു എന്നതാണ് ഈ ദിവസത്തെ ഏറ്റവും വലിയ സന്തോഷം. എന്റെ ശേഖരത്തിൽ ഉള്ള ഏറ്റവും പഴക്കമുള്ള പുരാവസ്തു എന്ന സ്ഥാനം ഇന്നു മുതൽ ഈ ഫോസിലിന് ഉള്ളതാണ്.

നാളെ ഗോഹാട്ടിയിൽ കറങ്ങാനാണ് പദ്ധതി. അത് നാളെ വിശദമാക്കാം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#caravanlifestyle
#caravan
#motorhomelifestyle
#motorhome
#kolkata
#northeastindia
#gowhati

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>