കച്ചാരി കോട്ടയുടെ അവശിഷ്ടങ്ങൾ കോട്ട # 163 (GIE 2025-26. Day#19 – Dec 17)


13
ഇന്നലെ രാത്രി നല്ല സുഖസുന്ദരമായി ഒൻപത് മണിക്കൂർ ഉറങ്ങി. രാത്രി നാഗന്മാർ അവരുടെ വാഷ്റൂം പൂട്ടി അതിൻ്റെ താക്കോൽ ഞങ്ങളെ ഏൽപ്പിച്ചാണ് പോയത്.

രാവിലെ എഴുന്നേറ്റ് തയ്യാറായി, കച്ചാരി അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു. നഗര ഹൃദയത്തിൽ തന്നെയാണ് കച്ചാരി Ruins. ദീമാപൂരിൽ കാര്യമായിട്ട് കാണാനുള്ളതും അത് തന്നെയാണ്.

വഴിക്ക് ഒരു ചെറിയ ചായക്കടയിൽ നിന്ന് പ്രാതൽ കഴിച്ചു. ഇവിടെ ഏതൊരു റസ്റ്റോറന്റിലോ ചായക്കടയിലോ ചെന്ന് കയറിയാൽ പൂരി ആണ് സുലഭമായി ലഭിക്കുന്ന ഭക്ഷണം. ഞങ്ങൾ ആ കട നടത്തുന്ന ചെറുപ്പക്കാരനും ഭാര്യയുമായി കുറച്ചുനേരം സംസാരിച്ചിരുന്നു. അയാൾ ആസാമിയും ഭാര്യ നാഗാലാൻഡ് കാരിയുമാണ്. ഞാൻ രണ്ടുപ്രാവശ്യം ഹോൺബിൽ ഫെസ്റ്റിവലിന് പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവർക്ക് അതിശയവും നിരാശയും. അവർ ഇതുവരെ പോയിട്ടില്ല പോലും !.

9 മുതൽ 19 -)ം നൂറ്റാണ്ട് വരെ ആസ്സാം അടക്കമുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൾ വളരെ ശക്തമായി നിലകൊണ്ടിരുന്ന ഒരു രാജവംശമാണ് കച്ചാരി.

ദിമാപൂരിൻ്റെ ദി, മാ എന്നീ വാക്കുകളുടെ കച്ചാരി അർത്ഥം നദിക്കരയിൽ നിലകൊള്ളുന്ന ഒരു വലിയ പട്ടണം എന്നാണ്. ധൻസിരി നദിക്കരയിൽ ആ വലിയ പട്ടണം നമ്മൾ ഇന്ന് കാണുന്ന ദീമാപൂർ എന്ന രൂപത്തിൽ ഉണ്ടെങ്കിലും, പഴയകാലത്ത് അതൊരു കോട്ടയായി ഉണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. തകർന്നടിഞ്ഞ ആ കോട്ടയുടെ അവശിഷ്ടങ്ങളാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഗൂഗിളമ്മച്ചി പല പ്രാവശ്യം വഴി തെറ്റിച്ച് ചില വീടുകളുടെ അടുക്കള പിന്നാമ്പുറത്ത് കൂടെയും വലിയൊരു മാർക്കറ്റിന്റെ തിരക്കിലൂടെയും കയറ്റിയിറക്കിയാണ് അവിടെ എത്തിച്ചത്.

റോഡിനോട് ചേർന്ന് കോട്ടയുടെ കവാടം എന്നു പറയാവുന്ന ഭാഗം ചുടുകട്ടയിൽ ചെയ്തത് നിലനിൽക്കുന്നുണ്ട്. ബാക്കിയെല്ലാം തകർന്നടിഞ്ഞ അവസ്ഥയിലാണ്.

അവിടെ ചെന്ന് കയറുന്നത് വരെ അതൊരു കോട്ട ആയിരുന്നു എന്ന നിലക്ക് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ആർക്കിയോളജി വകുപ്പിന്റെ ബോർഡ് വെച്ചിരിക്കുന്നത് പ്രകാരം അവിടെ കച്ചാരിയുടെ ഒരു കോട്ട ഉണ്ടായിരുന്നു. തകർന്നടിഞ്ഞ ആ കോട്ടയുടെ ഏകശിലാ തൂണുകളും മറ്റ് ഭാഗങ്ങളുമെല്ലാം നാല് ഭാഗങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ കോട്ടയ്ക്കത്ത് വെള്ളം ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന അര ഏക്കറോളം വരുന്ന ജലസംഭരണിയും കാണാം.

അതിൽ രണ്ടാമത്തെ ഭാഗത്ത് മാത്രമേ പ്രവേശനമുള്ളൂ. ബാക്കി മൂന്ന് ഭാഗങ്ങളും ഇരുമ്പ് വേലി കെട്ടി അടച്ചിരിക്കുന്നു. ആ മൂന്ന് ഭാഗങ്ങളിലുമുള്ള ഉയരമുള്ള തൂണുകളീം അവശിഷ്ടങ്ങളും മറിഞ്ഞു വീണ് അപകടമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് കൊട്ടി അടച്ചിരിക്കുന്നത് എന്നാണ് എന്റെ നിഗമനം. രണ്ടാമത്തെ ഭാഗത്ത് താരതമ്യേന ഉയരം കുറഞ്ഞ അവശിഷ്ടങ്ങൾ ആയതുകൊണ്ട് അപകട സാധ്യത കുറവാണ്.

അവശിഷ്ടങ്ങൾ എല്ലാം ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. പാറകളിലുള്ള കൊത്തുപണികളിൾ കാലം കാര്യമായ പരിക്ക് ഏൽപ്പിച്ചിരിക്കുന്നു. കൂണ് പോലുള്ള മുകൾ ഭാഗത്തോട് കൂടിയ തൂണുകളാണ് ഇവിടുത്തെ പ്രത്യേകത.

ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ ഇതിനെ കോട്ട എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് ഞാൻ ഇതിനേയും നാഗാലാൻഡിലെ ഒരു കോട്ടയായി അടയാളപ്പെടുത്തുന്നു. അങ്ങനെ നോക്കിയാൽ ഇന്ന് നാഗാലാൻഡിലെ രണ്ടാമത്തെ കോട്ടയും കണ്ടു കഴിഞ്ഞിരിക്കുന്നു. വിക്കിപീഡിയയിൽ വൈകാതെ ഇതിന് ഞാൻ കോട്ടയായി അടയാളപ്പെടുത്തുന്നതാണ്.

ഷൈനിയും ഞാനും പെട്ടെന്ന് തന്നെ ക്യാമ്പിലേക്ക് മടങ്ങി. മൂക്കൊലിപ്പും ജലദോഷവും രണ്ടാൾക്കും കാര്യമായി പിടിച്ചിട്ടുണ്ട്. എനിക്ക് ചെറുതായി ശരീരം വേദനയും തുടങ്ങിയിട്ടുണ്ട്. നന്നായി വിശ്രമിച്ച് ആരോഗ്യം പുനസ്ഥാപിക്കാതെ മുന്നോട്ടുള്ള യാത്ര നടക്കില്ല. ക്യാമ്പിലെത്തി വൈകുന്നേരം വരെ കിടന്നുറങ്ങി.

പക്ഷേ അഞ്ചുമണിയോടെ നാഗന്മാർ എല്ലാവരും എത്തി. അവർക്ക് അർമാദിക്കാൻ വേണ്ടി പുതുതായി തയ്യാറാക്കിയിട്ടുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ആയിരുന്നു വൈകീട്ട്. ഇന്നലെത്തേക്കാൾ കൂടുതൽ ആൾക്കാർ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഞാൻ പരിചയപ്പെട്ട
Talimoa എന്ന നാഗൻ്റെ അനുജൻ Imnatemau ഞാൻ പഠിച്ച കണ്ണൂർ എൻജിനീയറിങ് കോളേജിലാണ് പഠിച്ചിരുന്നത്.

ക്യാമ്പിൽ മദ്യപാനവും പാട്ടും ആട്ടവുമൊക്കെ കൊഴുത്തു. അതിനിടയ്ക്ക് Aboi തന്റെ കാമുകി Christie-യെ പ്രൊപ്പോസ് ചെയ്തു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള, പുരുഷൻ മുട്ടുകുത്തിനിന്ന് വിവാഹമോതിരം നീട്ടി സ്ത്രീയോട് Will you marry me എന്ന് ചോദിക്കുന്ന ആ രംഗം ആദ്യമായി ഞാൻ നേരിട്ട് കണ്ടു.

Rongmei ഗോത്രവർഗ്ഗക്കാരുടെ 75 വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഷൈനിക്കും എനിക്കും James അവരുടെ മാലകൾ അണിയിച്ചു.

പാർട്ടി ഇപ്പോഴും തുടരുകയാണ്. അത് തീർന്നിട്ട് പിരിയാമെന്ന് വെച്ചാൽ ഇന്ന് രാത്രി മുഴുവൻ മഞ്ഞു കൊള്ളേണ്ടിവരും. നാളെ മുതൽ പലർക്കും ക്രിസ്തുമസ് അവധി ആയതുകൊണ്ട് പാർട്ടി നേരം വെളുക്കുവോളം വൈകും.

നാളെ ഒരു ദിവസം ഞാൻ പൂർണ്ണമായും വിശ്രമം എടുത്തെന്ന് വരും. ദീമാപൂരിൽ ഇനിയെന്താണ് കാര്യമായി കാണാനുള്ളതെന്ന് ചോദിക്കുമ്പോൾ കൃത്യമായ ഒരു സ്ഥലം ആർക്കും പറഞ്ഞ് തരാനില്ല.

ഞാൻ തൽക്കാലം ഭാഗിയിലേക്ക് കയറി ഉറങ്ങാൻ കിടക്കുകയാണ്. 14 ഡിഗ്രിയാണ് താപമാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhomelife
#caravanlife
#dimapur
#KachariRuins

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>