
ഇന്നലെ രാത്രി നന്നായി മഞ്ഞ് വീണിരുന്നു. താപമാനം പൂജ്യത്തിലേക്ക് കടന്നു കാണണം. രാവിലെ ഭാഗിയിൽ പുറത്തേക്ക് കടന്ന് അവളെ ഒന്ന് കഴുകി വൃത്തിയാക്കിയതും കൈകൾ മരവിച്ചു.
ഒരു കട്ടൻ ഉണ്ടാക്കി കുടിച്ച ശേഷം ഞങ്ങൾ ആർമി കാൻ്റീനിൽ ചെന്ന് പ്രാതൽ കഴിച്ചു.
ഇന്ന് സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നത് കഹോ, കിബിത്തു എന്നീ ഗ്രാമങ്ങളാണ്. പക്ഷേ ഈ രണ്ടിടങ്ങളിലേക്കും ഭാഗിയെ കൊണ്ടുപോകാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. വഴി ദുർഘടം ആയിരിക്കും എന്ന ഭീതിയായിരുന്നു കാരണം. ഞാൻ ഷഫീക്കിൻ്റ ബൈക്കിൻ്റെ പിന്നിൽ കയറി പോകുകയാണ് ചെയ്തത്.
അരുണാചൽ ചൈന അതിർത്തിയിലുള്ള ആദ്യത്തെ ഗ്രാമമാണ് കഹോ. 12 കിലോമീറ്റർ ദൂരം. അങ്ങോട്ടുള്ള വഴി അതീവ ഹൃദ്യം. ഇരുവശവും പൈൻ മരങ്ങൾ വളർന്നു വലുതായി നിൽക്കുന്നു. ഒരുവശത്ത് താഴ്വര. അതിന് താഴെ നീല നിറത്തിൽ ലോഹിത് നദി, പാറക്കല്ലുകൾ ഉരുട്ടിയെടുക്കുന്ന പ്രക്രിയ ഗംഭീരമാക്കി ഒഴുകിക്കൊണ്ടിരിക്കുന്നു. ബൈക്കിൽ സഞ്ചരിക്കുമ്പോൾ, സ്വറ്ററിന് ഉള്ളിലൂടെ അരിച്ചുകയറുന്ന തണുപ്പ് കൂടെക്കൂടുമ്പോൾ അനിർവ്വചനീയമായ അനുഭൂതി കൈവരുന്നു.
തൊട്ടടുത്തുള്ള ഒരു ബുദ്ധ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. അതുകഴിഞ്ഞ് ഒരു കിലോമീറ്റർ ദൂരം വീണ്ടും മുന്നോട്ട് പോകാം. അതിനപ്പുറത്തേക്ക് പട്ടാളക്കാരുടെ ക്യാമ്പാണ്. അങ്ങോട്ട് കടത്തി വിടില്ല. സ്വാമി വിവേകാനന്ദന്റെ ഒരു പ്രതിമയാണ് ആ ചെക്ക് പോസ്റ്റിന് സമീപമുള്ള മറ്റൊരു ആകർഷണം. ആ ഭാഗത്ത് പിന്നെയുള്ളത് രണ്ടോ മൂന്നോ ഹോം സ്റ്റേകളാണ്. മരത്തിന്റെ ചുമരുകളുള്ള അതീവ ഭംഗിയുള്ള വീടുകളാണ് അതെല്ലാം. അതിൽ ഒന്നിൽ നിന്ന് ഒരു കട്ടൻ ചായ കുടിച്ച് മടങ്ങി.
അങ്ങനെ ദാ ഒരാഴ്ചക്കുള്ളിൽ, മ്യാൺമാർ, തിബറ്റ്, ചൈന അതിർത്തികൾ കണ്ടിരിക്കുന്നു. ബക്കറ്റ് ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇതെല്ലാം. പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികൾ മുൻപേ കണ്ടിട്ടുണ്ട്. എല്ലാ ഇന്ത്യൻ അതിർത്തികളും കാണാൻ ഷഷ്ടിപൂർത്തിക്ക് മുന്നേ ഭാഗ്യമുണ്ടായിരിക്കുന്നു എന്ന് സാരം.
ഇനി പോകേണ്ടത് കിബിത്തു എന്ന ഗ്രാമത്തിലേക്കാണ്. ദൂരം 14 കിലോമീറ്റർ മാത്രം. ആ വഴി അല്പം മോശമാണ്. ഭാഗിയെയും കൊണ്ട് അതിലെ പോകാതിരുന്നത് നന്നായി എന്ന് സമാധാനിച്ചു. ചിലയിടത്ത് റോഡ് പൊളിച്ചു പണി നടക്കുന്നു. ചിലയിടത്ത് വളരെ വീതി കുറഞ്ഞ ഭാഗം താഴെ അഗാധ ഗർത്തം. എന്തായാലും രണ്ടു വർഷം കഴിഞ്ഞ് ഇതിലെ വരുന്നവർക്ക് സുന്ദരമായി ഡബിൾ ലൈൻ റോഡിലൂടെ ഓടിച്ച് കിബിത്തുവിൽ എത്താം.
ഈ ദിവസങ്ങൾക്കുള്ളിൽ റൈഡേഴ്സിൽ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങൾ പറയാം. രാജ്യത്തിന് നാല് മൂലകളാണ് ഉള്ളത്. 1.ബുജ് 2.കിബിത്തു. 3.കന്യാകുമാരി, 4.ലഡാക്ക്. 5. മദ്ധ്യത്തിൽ ജബൽപൂരിലെ കരോണ്ടി. നാലും അഞ്ചും സ്ഥലങ്ങളിൽ ഇനിയും പോകാൻ അവസരം ഉണ്ടായിട്ടില്ല. വൈകാതെ സാധിക്കുമെന്ന് കരുതുന്നു.
കിബിത്തുവിൽ സാമാന്യം വലിയ ഒരു വില്ലേജ് ഉണ്ട്. അതുകൊണ്ടു തന്നെ ഒരു സ്ക്കൂളും ഫ്രോണ്ടിയർ കഫേയും പെട്ടിക്കടയും ഒക്കെ ഉണ്ട്, അവിടുന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ടിബറ്റ് ബോർഡർ ആയി.
അങ്ങോട്ട് പോകുമ്പോൾ തന്നെ അതിർത്തിയിലുള്ള പട്ടാളക്കാരൻ ഒരു കാര്യം പറഞ്ഞു. റോഡ് പണിയുടെ ഭാഗമായി രണ്ടുമണിക്ക് ആ വഴി അടക്കും. 10 മിനിറ്റേ ബാക്കിയുള്ളൂ. അതിനുള്ളിൽ ഞങ്ങൾ തിരികെ പോകാൻ സാധ്യതയില്ല. പിന്നെ റോഡ് തുറക്കുക നാല് മണിക്കാണ്. എന്തോ ഭാഗ്യത്തിന് ഞങ്ങൾ ആ വില്ലേജിൽ കറങ്ങിത്തിരിച്ച് താഴെ എത്തുമ്പോഴും റോഡ് അടച്ചിട്ടുണ്ടായിരുന്നില്ല.
ഇനി ക്യാമ്പിലേക്ക് മടക്കമാണ്. വഴിയിൽ കണ്ടിടത്തെല്ലാം നിർത്തി ഫോട്ടോകൾ എടുത്തു. ഫോട്ടോ എടുക്കാൻ അറിയാത്തവരുടെ ഫ്രെയിമുകൾ പോലും മനോഹരമാക്കുന്ന രംഗങ്ങളാണ് ചുറ്റിനും.
വഴിയിൽ ചായ കുടിക്കാൻ നിർത്തിയ കടയുടെ അരികിലൂടെയാണ് ഡപ്റ്റി വെള്ളച്ചാട്ടം ഒഴുകുന്നത്. ചായ കുടിക്കാൻ അത്രയും മനോഹരമായ ഒരു സ്ഥലത്ത് മുൻപ് ഞാൻ ഇരുന്നിട്ടുണ്ടോ എന്ന് സംശയമാണ്.
അവിടെ വെച്ചാണ് മധ്യപ്രദേശുകാരനായ നവനീതിനെയും ഭാര്യയെയും പരിചയപ്പെട്ടത്. അവർ ഒരു ഡസ്റ്റർ വാഹനം കാരവാൻ ആക്കി നോർത്ത് ഈസ്റ്റിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിൽ എത്തുമ്പോൾ, എനിക്ക് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിമനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞിട്ടില്ല. സൺറൈസ് ഫെസ്റ്റിവൽ നടക്കുന്ന മൈതാനത്തേക്ക് ഇതുവരെ ഞങ്ങൾ പോയിട്ടില്ല. കാരണം അവിടത്തെ അമിതമായ നിരക്ക് തന്നെ ആയിരുന്നു. പ്രതീക്ഷിച്ചതുപോലെ അവസാന ദിവസമായ ഇന്ന് സൗജന്യ പ്രവേശനം ആയിരുന്നു. ആട്ടവും പാട്ടും ഒക്കെയായി വളരെ കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. അടുത്തവർഷം ഫെസ്റ്റിവൽ കൂടുതൽ ഉഷാറാകുമെന്ന് പ്രതീക്ഷിക്കാം.
യുവതലമുറയ്ക്ക് ഒപ്പം അൽപ്പനേരം അവിടെ ചിലവഴിച്ചു.
നാളെ രാവിലെ മൂന്ന് മണിക്ക് സൂര്യോദയം കാണാൻ മല കയറാനുള്ളതാണ്. അത് കഴിഞ്ഞ് പരശുരാം കുണ്ടിലേക്കാണ് യാത്ര.
തണുപ്പ് കുത്തിക്കയറുകയാണ്. -2 ആണ് താപമാനം. ഇന്ന് ആദ്യമായി ഞാൻ തെർമൽ പാൻ്റ് അണിഞ്ഞു.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan. #ArunachalPradesh
#northeastindia
#northeast
#kahovillage
#kibithu
#chinaborder