സുധീഷിൻ്റെ വീട്ടിൽ ഊണ്. (GIE 2025-26. Day#51 – Jan 18)


12
രാവിലെ താപമാനം 8 ഡിഗ്രിയായിരുന്നു എങ്കിലും അതിൽ കൂടുതൽ തണുപ്പ് തോന്നി. സ്ലീപ്പിങ് ബാഗ് ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു. തണുപ്പിന് കാഠിന്യം കൂടിക്കൂടി വരുന്നു എന്ന് സാരം. ഈ സാഹചര്യത്തിൽ തവാങ്ങിലേക്കുള്ള എന്റെ യാത്രയെപ്പറ്റി ആലോചിക്കുമ്പോൾ ചെറുതല്ലാത്ത ആശങ്കയുണ്ട്.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞപ്പോഴേക്കും പോൾസൺ ആരോഗ്യ പരിപാലനത്തിന്റെ പരിപാടിക്കായി ക്ഷണിച്ചു. കെട്ടിടത്തിന്റെ മുകൾത്തട്ടിൽ യോഗ മാറ്റുകള്‍ വിരിച്ച് ഞങ്ങൾ ആറു പേർ ശരീരം stretch ചെയ്യുന്ന വ്യായാമ മുറകളിൽ ഏർപ്പെട്ടു. അരമണിക്കൂർ നേരത്തെ ആ കസർത്ത് തന്നത് ചെറിയ ഊർജ്ജമൊന്നുമല്ല. യോഗ്സ്റ്റലിൽ താമസിക്കുന്നവർക്ക് ഇത് അനുഭവിച്ചറിയാൻ പറ്റുമെന്ന് ഒരിക്കൽക്കൂടെ ഞാൻ ഈ ഹോസ്റ്റലിനെ ഇതുവഴി പോകുന്ന സഞ്ചാരികൾക്ക് നിർദ്ദേശിക്കുന്നു.

വ്യായാമം കഴിഞ്ഞപ്പോഴേക്കും ചെറിയതോതിൽ വിയർത്തു. കുളിച്ച് വസ്ത്രങ്ങളൊക്കെ അലക്കി നന്നായി വിശ്രമിച്ചു.

സിറോയിൽ രണ്ട് വർഷം മുൻപ് അജുവിനും Aju Vechoochira സുഹൃത്തുക്കൾക്കും Rani B Menon ഒപ്പം ഞാൻ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്പത്താണി ഗ്രാമങ്ങളും വലിയ ശിവലിംഗമുള്ള ക്ഷേത്രവും ഒക്കെ വീണ്ടും കാണണമെന്ന് തോന്നിയില്ല. പകരം നഗരത്തിലൂടെ വെറുതെ ചുറ്റിയടിച്ച് നടക്കണം എന്നാണ് തോന്നിയത്.

സീറോ പട്ടണത്തിന് ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു. നഗരത്തിലെ റോഡിലൂടെ കടന്നുപോകുമ്പോൾ ഇരുവശവും കാണുന്ന കൃഷിയിടങ്ങൾ വലിയ ആകർഷണമായിരുന്നു. റോഡിൽ ഇരുവശവും വലിയ കെട്ടിടങ്ങൾ വന്ന് ആ കാഴ്ച മറച്ചിരിക്കുന്നു പലയിടങ്ങളിലും. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് അരുണാചലിൽ എവിടെ ചെന്നാലും കെട്ടിടങ്ങളുടെ മേൽക്കൂര ഓലമേഞ്ഞതൊ അല്ലെങ്കിൽ ഷീറ്റ് അടിച്ചത് ആയിരിക്കും. സിറോയിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങളും കാണാം.

ഉച്ചയോടെ പോൾസനും ലക്ഷ്മിക്കും ഒപ്പം നഗരത്തിലെ ജെമിനി സൂപ്പർമാർക്കറ്റിൽ കയറിയിറങ്ങി. അപ്പോഴേക്കും, ഉച്ചയൂണിന് സുധീഷിന്റെ വീട്ടിൽ ചെല്ലണം എന്ന് ക്ഷണിച്ചുകൊണ്ട് സുധീഷിന്റെ ഫോൺ വന്നു. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും സുധീഷും ഷിജിനും ഞങ്ങളുടെ ആതിഥേയർ ആയിരുന്നു. ഷിജിൻ്റെ ഭാഷയിൽ പറഞ്ഞാൽ “ഇതൊക്കെയാണ് വല്ലപ്പോഴുമുള്ള ഞങ്ങളുടെ ഒരു വലിയ സന്തോഷം.”

കേരളത്തിൽ നിന്ന് ഇറങ്ങിയിട്ട് രണ്ട് മാസത്തിന് ശേഷം ഒരു മലയാളി കുടുംബത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റിയതിൽപ്പരം വേറെന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്. നന്ദി ഷിജിന, നന്ദി സുധീഷ്.

നാളെ മുതൽക്കുള്ള അരുണാചലിലെ ബാക്കി യാത്രയുടെ കാര്യങ്ങൾ സുധീഷിനോട് സംസാരിച്ച് പദ്ധതി ഉറപ്പിച്ചു.

സലൂണിൽ കയറി, ഭാഗിക്ക് പള്ള നാറയെ ഇന്ധനം കൊടുത്തു. ATM ൽ നിന്ന് അത്യാവശ്യം പണം എടുത്തു.

യോഗ്സ്റ്റലിൽ മടങ്ങിയെത്തി, കഴിഞ്ഞ 10 ദിവസങ്ങളിലെ ഡാറ്റ ബാക്കപ്പ് ചെയ്തു. തീ കാഞ്ഞ് ഇരുന്ന് ഈ രാത്രി കൂടെ സീറോയിൽ ചിലവഴിക്കുന്നു.

നാളത്തെ യാത്രയിൽ ഒരു അപ്രതീക്ഷിത വ്യതിയാനം ഉണ്ട്. അത് നാളെ പറയാം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#motorhome
#zirovalley
#ziro
#yogstel
#ziroarunachalpradesh

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>