സ്ത്രീകളുടെ സൗജന്യ KSRTC യാത്ര


22
KSRTC ഓർഡിനറി ബസ്സുകളിൽ ഇന്ന് മുതൽ സ്ത്രീകൾക്കായി ആരംഭിക്കുന്ന സൗജന്യ യാത്രാ പദ്ധതി, 10 വനിതകൾക്കെങ്കിലും ഉപകരിക്കുന്നുണ്ടെങ്കിൽ, അതിനെ സ്വാഗതം ചെയ്യുന്നു.

ഈ പദ്ധതിയെ എതിർക്കുന്ന ദോഷൈകദൃക്കുകൾ സ്വയം അപഹാസ്യരാവുകയാണ്, കാലിനടിയിൽ അവശേഷിക്കുന്ന ബാക്കി മണ്ണ് കൂടെ ഇല്ലാതാക്കുകയാണ്. അവരതാണ് ആഗ്രഹിക്കുന്നതെങ്കിൽ തടുക്കാൻ ബ്രഹ്മനും ആവില്ലല്ലോ?

അഭിനന്ദനങ്ങളുടെ കൂട്ടത്തിൽ മൂന്ന് നാല് നിർദ്ദേശങ്ങളും ഉണ്ട്.

1. ഏതൊരു സ്ത്രീയെ കണ്ടാലും കണ്ടക്ടർ ഉടനെ സീറോ ഫെയർ ടിക്കറ്റ് കീറരുത്. പണം നൽകിത്തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ധാരാളം സ്ത്രീകളെ എനിക്കറിയാം. അവരെ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യാൻ അനുവദിക്കുക.

2. ഏതെങ്കിലും കാരണവശാൽ സീറോ ഫെയർ ടിക്കറ്റ് എടുക്കാത്ത സ്ത്രീകൾക്ക്, ചാടിക്കയറി 500 രൂപ ഫൈൻ അടിക്കരുത്. അവർ സീറോ ഫെയർ ടിക്കറ്റ് എടുത്തിട്ടില്ല എന്ന് കണ്ടാൽ ഒരെണ്ണം കീറി കൊടുത്താൽ മതിയല്ലോ. പണം കൊടുക്കൽ വാങ്ങൽ ഇല്ലാത്ത ഒരു സംരംഭത്തിൽ ഒരാൾ KSRTCയെ പറ്റിക്കാൻ നോക്കേണ്ട കാര്യമില്ലല്ലോ. ഫൈൻ അടിക്കപ്പെടേണ്ട സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കാൻ ചിലരെങ്കിലും ശ്രമിച്ചെന്ന് വരും. എന്നിട്ട് വേണം അതിൻ്റെ പേരിൽ സമരം ചെയ്യാനും ബസ്സ് അടിച്ച് തകർക്കാനും. (സൂചന:- ഒന്ന് ആലോചിച്ചാൽ ആർക്കും മനസ്സിലാകും)

3. ഈ സൗകര്യം, എല്ലാ KSRTC ബസ്സുകളിലേക്കും വ്യാപിപ്പിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ കൂടുതൽ വഷളാക്കേണ്ട ആവശ്യമില്ലല്ലോ. ഇത് തന്നെ വലിയ കാര്യമാണ്.

4. KSRTCയുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള QR കോഡുകൾ എല്ലാ ബസ്സുകളിലും സ്ഥാപിക്കുക. 10 രൂപ അധികം നൽകാൻ താല്പര്യമുള്ള ഏതൊരാളും അതുവഴി KSRTC യെ സഹായിക്കട്ടെ. വളരെ ചുരുക്കമായി ബസ്സിൽ യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. എന്റെ യാത്രാ സമയത്ത് ഒരു അധിക ടിക്കറ്റ് എടുക്കാൻ ഞാൻ തയ്യാറാണ്. ഇല്ലാത്ത ഒരാൾക്ക് ടിക്കറ്റ്‌ എടുക്കുന്നതിൻ്റെ കഥ പറച്ചിൽ ഒഴിവാക്കാൻ QR കോഡ് സഹായിക്കും. QR കോഡ് ഏർപ്പാടാകുന്നത് വരെ കണ്ടക്ടറോട് പറഞ്ഞ് തന്നെ ഒരു എക്സ്ട്രാ ടിക്കറ്റ് എടുക്കുന്നതാണ്. ഈ സംരംഭത്തിനോടുള്ള ഐക്യദാർഢ്യം ഇങ്ങനെ പ്രകടിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിച്ച് കൂടുതൽ KSRTC ബസ്സുകൾ നിരത്തിലിറക്കുമെന്നുള്ള, വകുപ്പ് മന്ത്രി സി. പി. ജോണിന്റെ CP John പ്രസ്താവനയേയും സ്വാഗതം ചെയ്യുന്നു.

ഒരു ബസ്സ് പൂർണമായും സ്പോൺസർ ചെയ്യാനുള്ള സാമ്പത്തികം എനിക്കില്ല. പക്ഷേ അതിലേക്ക് എന്നാലാവുന്ന ഒരു തുക നൽകാൻ തയ്യാറാണ്. അതിന് മാത്രമായി ഒരു അക്കൗണ്ട് സ്ഥാപിക്കുകയും അതിലേക്ക് വരുന്ന പണം മറ്റൊന്നിനുമായി വക മാറ്റുകയില്ല എന്ന് ഉറപ്പ് തരുകയും ചെയ്താൽ മാത്രം സഹകരിക്കും. (വയനാട്ടിലെ ദുരിതബാധിതർക്കായി CMDRF വഴി കഴിഞ്ഞ സർക്കാർ പിരിച്ച തുകയുടെ കഥ ജനം മറന്നിട്ടില്ല. അങ്ങനെയൊന്ന് ആവർത്തിക്കാനും തയ്യാറല്ല.)

ഇന്ദിരാ ഗ്യാരണ്ടി പദ്ധതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>