
36 വർഷം DGLLൽ (Directorate General of Lighthouses and Lightships) ജോലി ചെയ്ത് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയാണ് ശ്രീ.ഐ.സി.ആർ.പ്രസാദ് Prasad Icr. ദീപസ്തംഭങ്ങളിൽ ജോലി ചെയ്ത ഒരാൾക്ക് ദീപങ്ങളോടും വിളക്കുകളോടും കമ്പമുണ്ടാകുന്നത് സ്വാഭാവികമെന്ന് പറയാനാവില്ല. അങ്ങനെയെങ്കിൽ ആ വകുപ്പിൽ പണിയെടുത്ത എല്ലാവർക്കും ഇതേ കമ്പം ഉണ്ടാകണമല്ലോ.
ശ്രീ.പ്രസാദ് വിളക്കുകളെപ്പറ്റി പഠിക്കാൻ തുടങ്ങി; വിളക്കുകൾ ശേഖരിക്കാൻ തുടങ്ങി. ആ ശ്രമം ഏതൊരാളെയും അമ്പരപ്പിക്കുന്ന ഒരിടത്താണ് ഇപ്പോൾ അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
നിലവിൽ, വിളക്കുകൾക്ക് മാത്രമായി ദീപാഞ്ജലി എന്ന പേരിൽ ഒരു മ്യൂസിയമാണ് അദ്ദേഹം കോഴിക്കോട് പുതിയങ്ങാടിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വീട് തന്നെയാണത്.
ലോകത്ത് എവിടെയൊക്കെ വിളക്കുകൾക്കായി മ്യൂസിയം ഉണ്ടെന്ന് പരതി നോക്കിയാൽ കിട്ടുന്ന 5 പേരുകളിൽ മൂന്നാമത്തേത് ദീപാഞ്ജലിയുടേതാണ്. അതിൽ ബാക്കി നാലെണ്ണവും ബെൽജിയം(2), കാനഡ, ചൈന എന്നീ വിദേശ രാജ്യങ്ങളിലാണ്. അതായത് ഇന്ത്യയിലെ ഒരേയൊരു വിളക്ക് മ്യൂസിയം പ്രസാദ് സാറിന്റെ ദീപാഞ്ജലി ആണെന്നർത്ഥം.
എന്നിട്ട് നമ്മളിൽ എത്ര പേർ ആ മ്യൂസിയം കണ്ടിട്ടുണ്ട്? കോഴിക്കോട്ടുകാർ എത്ര പേർ കണ്ടിട്ടുണ്ട്? എണ്ണമെടുത്താൽ തുലോം തുച്ഛമായിരിക്കും. പക്ഷേ കേട്ടറിഞ്ഞ്, തപ്പിപ്പിടിച്ച് വിദേശത്തുനിന്ന് പോലും സഞ്ചാരികൾ ഇങ്ങോട്ട് എത്തുന്നുണ്ട് എന്നതാണ് അതിശയം.
അദ്ദേഹത്തിന്റെ വീടിന്റെ മുറികളും ചുമരുകളും ഇടനാഴികളും എല്ലാം വിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്ദർശകർക്ക് അതെല്ലാം ഓടി നടന്ന് കാണാൻ പോലും രണ്ടു മണിക്കൂർ സമയടുക്കും. വിളക്കുകളുടെ ചരിത്രം ചുരുക്കിപ്പറഞ്ഞ് തരാൻ പ്രസാദ് സാറും എടുക്കും ഒരു മണിക്കൂർ. പന്തങ്ങളിൽ നിന്ന് തുടങ്ങി, വിളക്കുകളിലേക്ക് കടന്ന്, ഓരോരോ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കിയെടുത്ത വിളക്കുകളുടേയും അവയുടെ ഉപയോഗക്രമങ്ങളുടേയും വിളക്കുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വസ്തുതകളുടേയും വിവരണമാണ് അദ്ദേഹം നൽകുന്നത്. ഇതേ വിഷയത്തിൽ ഒരു പുസ്തകവും അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ലൈറ്റ് ഹൗസുകളെപ്പറ്റി അദ്ദേഹത്തിന്റെ 9 ഇംഗ്ലീഷ് പുസ്തകങ്ങൾ DGLL പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറൻ്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച മിനിക്കോയ് ദ്വീപ് ആണ് മലയാളത്തിലെ അദ്ദേഹത്തിന്റെ ഏക പുസ്തകം. മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസിനെപ്പറ്റി എഴുതിത്തുടങ്ങിയ പുസ്തകം പിന്നീട് ആ ദ്വീപിനെപ്പറ്റിയുള്ള പുസ്തകമായി മാറുകയായിരുന്നു.
തൻ്റെ ശേഖരത്തിലുള്ള പല വിളക്കുകളും, അദ്ദേഹം വലിയ വില കൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. 5000 ചതുരശ്ര അടിയെങ്കിലും ഉണ്ടെങ്കിലേ ഇതെല്ലാം വിശദമായി പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരു മ്യൂസിയം ഉണ്ടാക്കാനാവൂ. കാപ്പാട് ബീച്ചിൽ അതിനായുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അത് സഫലമായില്ല. പുതിയ സർക്കാർ ഇടപെട്ട് കോഴിക്കോട് അല്ലെങ്കിൽ കൊടുങ്ങല്ലൂരിൽ ഇതൊരു വലിയ മ്യൂസിയം ആയി സ്ഥാപിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ ഏക ലാമ്പ് മ്യൂസിയം കേരളത്തിലാകുന്നത്, സംസ്ഥാനത്തിന് അഭിമാനിക്കാനുള്ള വക നൽകില്ലേ?!
കൂടുതൽ പറഞ്ഞ് വിരസമാക്കുന്നില്ല. കാണാനുള്ള പൂരം പറഞ്ഞറിയിക്കരുതെന്നാണല്ലോ. ഓരോ മലയാളിയും നേരിട്ട് പോയിക്കണ്ട് ദീപാഞ്ജലി എന്ന വിളക്ക് മ്യൂസിയം അറിയുക, അനുഭവിക്കുക. ഗൂഗിളിൽ ദീപാഞ്ജലി ലാമ്പ് മ്യൂസിയം എന്ന് പരതിയാൽ, കൃത്യമായി അവിടെയെത്താം. ഗൂഗിളിൽ ആ റോഡിൻ്റെ പേര് പോലും ദീപാഞ്ജലി മ്യൂസിയം റോഡ് എന്നാണ്. സ്ഥലപരിമിതി കാരണം 4 പേരിൽ കൂടുതലുള്ള ഗ്രൂപ്പുകളെ അനുവദിക്കില്ല. സന്ദർശ്ശന സമയം മുൻകൂർ നിശ്ചയിച്ച് ചെല്ലുക. വ്ലോഗർമ്മാർക്ക് പ്രവേശനം ഇല്ല.
ഈ ദീപാവലി ദിനത്തിൽ, ദീപങ്ങളെപ്പറ്റിയും വിളക്കുകളെപ്പറ്റിയുമല്ലാതെ മറ്റെന്ത് പറയാൻ?! എല്ലാവർക്കും ദീപാവലി ആശംസകൾ!