കൊഹീമ (നാഗാലാൻ്റ്) (GIE 2025-26. Day#10 – Dec 08)


12
രാവിലെ ആറര മണിയോടെ മാഡം ജൂലിയറ്റിനോടും സൗത്ത് പോയൻ്റ് സ്ക്കൂളിനോടും വിട പറഞ്ഞ് ഗോഹാട്ടി നഗരത്തിന് വെളിയിൽ കടന്നു. നാഗാലാൻ്റിൻ്റെ തലസ്ഥാനമായ കൊഹീമയാണ് ലക്ഷ്യം. ഏകദേശം 370 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 8 മണിക്കൂർ സമയം കാണിക്കുന്നുണ്ട് ഗൂഗിളമ്മച്ചി.

ആസ്സാം വിടുന്നതിനു മുൻപ് തന്നെ ഒരു ധാബയിൽ നിന്ന് പ്രാതൽ തരമായി. ഈ ഭാഗത്ത് രാവിലെ എന്തെങ്കിലും ഭക്ഷണം കിട്ടുന്നത് അത്ര എളുപ്പമല്ലെ എന്നതാണ് അനുഭവം.

100 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷം പുതിയ ഹൈവേ വന്നിട്ടുണ്ട് കോഹിമയിലേക്ക്. അത് പക്ഷേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാത്തതുകൊണ്ട് ആകണം ഗൂഗിൾ മാപ്പിൽ കാണിക്കുന്നില്ല. ആദ്യം ആ വഴിയിലേക്ക് കയറാൻ സാധിച്ചില്ലെങ്കിലും അങ്ങനെയൊരു വഴിയെപ്പറ്റി അജു സൂചിപ്പിച്ചിരുന്നത് കൊണ്ട്, ഞങ്ങൾ ആ വഴി കണ്ടുപിടിച്ച് മുന്നോട്ട് നീങ്ങി. ഷൈനി Shyni TheRider തന്റെ ബൈക്കിലും ഞാൻ ഭാഗിയിലുമാണ് സഞ്ചാരം. മുൻപ് രണ്ട് പ്രാവശ്യം നാഗാലാൻ്റിലേക്ക് വന്നിട്ടുണ്ടെങ്കിലും വാഹനമോടിച്ച് ഈ ഭൂമികയിലേക്ക് ആദ്യമാണ്.

കഴിഞ്ഞ പ്രാവശ്യം നാഗാലാൻ്റിലേക്ക് വന്നപ്പോൾ നേരത്തെ പറഞ്ഞ ഹൈവേയുടെ പണി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പഴയ വഴിയും പുതിയ വഴിയും ഒന്ന് ചേരുന്ന ഇടത്താണ് യൂണിറ്റി ഗേറ്റ് നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് മണിയോടെ ഞങ്ങൾ കിസാമ ഹെറിട്ടേജ് വില്ലേജിൽ എത്തിച്ചേർന്നു. അതാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സ്ഥിരം വേദി. ഒരുപാട് പുതിയ നിർമ്മാണങ്ങൾ അവിടെയും വന്നിരിക്കുന്നു. എല്ലാത്തിനും കുറെക്കൂടെ അടുക്കും ചിട്ടയും വന്നിട്ടുണ്ട്. സ്റ്റേജിലേക്ക് ടിക്കറ്റ് വെച്ച് ആളെ കയറ്റുന്ന രീതിയിലാണ് പുതിയ സംവിധാനം. വിവിധ ആദിവാസി വീടുകളിലേക്കും സ്റ്റാളുകളിലേക്കും ഉള്ള വഴികളെല്ലാം കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരുപാട് ദൂരെയായി വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു അവിടുന്ന് ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പാടാക്കിയിരിക്കുന്നു.

150 രൂപയുടെ പ്രവേശന ടിക്കറ്റ് അടുത്ത് ഞങ്ങൾ ഗ്രൗണ്ടിലേക്ക് നടന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ആദ്യമേ തന്നെ എയർഫോർസിൻ്റെ സ്റ്റാളിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നീട് അല്പസമയം വില്ലേജിനകത്ത് ചുറ്റിയടിച്ചു നടന്നു.

ഷൈനിയുടെ പരിചയക്കാർ ധാരാളം പേർ ഫെസ്റ്റിവൽ കാണാൻ എത്തിയിട്ടുണ്ട്. എവിടെ തിരിഞ്ഞാലും മലയാളത്തിൽ സംസാരിക്കുന്നവരുടെ ബാഹുല്ല്യമാണ്.

അഞ്ചുമണി ആയപ്പോഴേക്കും നല്ല ഇരുട്ട് വീണു കഴിഞ്ഞു. തണുപ്പ് 11 ഡിഗ്രി. രാവിലെ അത് എട്ട് ഡിഗ്രിയിലേക്ക് താഴുന്നുണ്ട്.

ഷൈനിക്ക് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത് ഗ്രൗണ്ടിൽ നിന്നും 20 കിലോമീറ്റർ മാറിയുള്ള ചക്കബാമയിലെ എയർഫോർസ് ക്യാമ്പിൽ ആണ്. അതിനകത്ത് തന്നെ ഭാഗിക്ക് കിടക്കാനുള്ള സൗകര്യവും തരപ്പെടുത്തിയിട്ടുണ്ട്.

ചക്കബാമയിലേക്കുള്ള വഴി അല്പം മോശമാണ്. ഒരു മണിക്കൂർ സമയമെടുത്തു ക്യാമ്പിൽ എത്താൻ. പട്ടാള ക്യാമ്പിലെ അത്താഴം ഗംഭീരമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#caravanlifestyle
#caravan
#northeastindia
#motorhomelifestyle
#motorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>