നാഗ രാജാവിന്റെ കൊട്ടാരം (GIE 2025-26. Day#26 – Dec 24)


12
രാവിലെ നല്ല തണുപ്പായിരുന്നു. സൂര്യൻ ഉറങ്ങി എണീക്കാൻ വൈകിയതുകൊണ്ട് ആ തണുപ്പ് നീണ്ട് നിൽക്കുകയും തുടർന്ന് ഒരു മഴ പെയ്തപ്പോൾ തണുപ്പ് അധികരിക്കുകയും ചെയ്തു. ലോങ്ങ്വയിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും നല്ല കാറ്റ് ഉണ്ടായിരുന്നു. അത് തണുപ്പിൽ ഐസ് കോരിയിടുന്നത് പോലെ വഷളാക്കുകയും ചെയ്തു.

രാവിലെ ഭാഗിയുടെ അടുക്കളയിൽ ഒരു കട്ടൻ ഉണ്ടാക്കി കുടിച്ച ശേഷം നേരെ പോയത് മ്യാൺമാർ അതിർത്തിയിലേക്കാണ്. ആംഗ് ഗോത്ര രാജാവിൻ്റെ കൊട്ടാരം ഉള്ളത് അവിടെയാണ്.

അങ്ങോട്ട് കടക്കുന്നതിനു മുന്നേ അതിർത്തിയിലെ പട്ടാളം പിടിച്ചു. ഹോൺവിളി ഫെസ്റ്റിവൽ സമയത്ത് ഇൻ ലൈൻ പെർമിറ്റ് (ILP) ഇളവുണ്ട്. ഞാൻ ആ സമയത്ത് പെർമിറ്റ് എടുത്തിട്ടില്ല, ഇന്നലെ ശിവസാഗറിൽ നിന്ന് നാഗാലാൻഡിലേക്ക് കടക്കുമ്പോളും പെർമിറ്റ് എടുത്തിട്ടില്ല. ഭാഗ്യത്തിന് പട്ടാളക്കാർ അത് പ്രശ്നമാക്കിയില്ല. അവരുടെ രജിസ്റ്ററിൽ വാഹന നമ്പറും ഫോൺ നമ്പറും ആധാർ നമ്പറും എഴുതി വെച്ച ശേഷം കടന്നു പോകാൻ അനുവദിച്ചു.

ആ റോഡിന്റെ ഇടതുവശത്ത് ഇന്ത്യയും വലതുവശത്ത് മ്യാൺമാറും (പഴയ ബർമ്മ) ആണ്. രാവിലെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ബർമ്മയിലെ ഒരു ചെറിയ ചായക്കടയിൽ നിന്ന് തട്ടനും ഓംലെറ്റും കഴിച്ച ശേഷം രാജാവിന്റെ കൊട്ടാരത്തിലേക്ക് ഭാഗിയെ നയിച്ചു.

നേരം വെളുത്ത് അവിടെ ആളെനക്കം ഉണ്ടായി വരുന്നതേയുള്ളൂ. ലോങ്ങ്വയിലെ ഓലങ്ങ് ഫെസ്റ്റിവലിന് കഴിഞ്ഞ വർഷം വന്നപ്പോൾ കൊട്ടാരത്തിൽ ഞാൻ വന്നിട്ടുണ്ട്. പക്ഷേ അന്ന് വലിയ തിരക്കായിരുന്നു. ഇന്ന് തിരക്ക് ഇല്ലാത്തത് കൊണ്ടുതന്നെ സ്വസ്ഥമായും സൗകര്യമായും പടങ്ങളും വീഡിയോകളും എടുക്കാൻ കഴിഞ്ഞു.

സാധാരണ നാഥന്മാരുടെ പരമ്പരാഗത വീടിന്റെ വലിപ്പം വെച്ച് നോക്കിയാൽ അതിന്റെ നാല് ഇരട്ടി വിസ്തൃതിയുള്ളതാണ് ഈ കൊട്ടാരം. കേരളത്തിലെ ചില വീടുകളുടെ വലിപ്പം വെച്ച് നോക്കിയാൽ ഇതിനെ കൊട്ടാരം എന്നൊന്നും വിളിക്കാനാവില്ല. പക്ഷേ ഈ കൊട്ടാരത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഇതിന്റെ ഇടതുഭാഗം മ്യാൻമാരിലും വലതുഭാഗം ഇന്ത്യയിലുമാണ് നിലകൊള്ളുന്നത്. പൂമുഖപടിയിൽ തന്നെ അത് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒരു ഗോത്രത്തിന്റെ തലവൻ കുടുംബത്തോടെ കഴിയുന്ന വീടാണ് അത്. എന്നാലും സഞ്ചാരികൾക്ക് അതിനുള്ളിലേക്ക് യഥേഷ്ടം കയറി പോകാം. അടുക്കള വരെ ചെന്ന് കയറി പടങ്ങൾ എടുക്കാം. അവിടെ വിൽക്കാൻ വച്ചിരിക്കുന്ന മാലകളും മറ്റ് കരകൗശല വസ്തുക്കളും വാങ്ങാം. ഒരു മ്യാൺമാർ വാൾ ആണ് ഞാൻ സോവനീറായി വാങ്ങിയത്.

മഹാരാഷ്ട്രയിൽ നിന്നുള്ള നാലഞ്ച് റൈഡേഴ്സിനെ അവിടെ വെച്ച് പരിചയപ്പെട്ടു. ആ സംസ്ഥാനത്ത് 255 കോട്ടകളാണ് ഉള്ളത്. അത് തേടി പുറപ്പെടുമ്പോൾ ഈ റൈഡേഴ്സ് സഹായം പലയിടത്തും ആവശ്യം വന്നേക്കാം.

കൊട്ടാരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന ഇടത്ത് ഗൺ സ്മിത്തിൻ്റെ വീടുകളുണ്ട്. നിർഭാഗ്യവശാൽ ഗൺ സ്മിത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. താഴെ ബാപ്റ്റിസ്റ്റ് പള്ളിയുടെ അങ്കണത്തിൽ ക്രിസ്മസ് പ്രമാണിച്ചുള്ള സ്പോർട്സ് പരിപാടികൾ നടക്കുന്നുണ്ട്. കുറച്ചുനേരം അത് കണ്ടു നിന്നതിന് ശേഷം സീറോ പോയന്റിലേക്ക് ഭാഗിയെ നയിച്ചു. അവിടെ റോഡ് അവസാനിക്കുകയാണ്. മ്യാൺമാർ ബോർഡർ എന്ന് വലുതായി എഴുതി വെച്ചിട്ടുമുണ്ട്. ഭാഗി ആ അതിർത്തിയിൽ എത്തിയതിന്റെ സന്തോഷത്തിൽ കാര്യമായി കുറേ പടങ്ങൾ എടുത്തു.

പ്രാതൽ കഴിച്ച ബർമ്മീസ് ചായക്കടയുടെ ഇടത് വശത്തുള്ള വഴിയിലൂടെ പോയാൽ മ്യാൺമാർ സ്കൂളിൽ എത്താം. പക്ഷേ അങ്ങോട്ടു പോകാൻ പട്ടാളക്കാർ അനുവദിച്ചില്ല.

ഇനി ബാക്കിയുള്ളത് മ്യാൺമാർ ബോർഡർ പില്ലർ ആണ്. മടക്കവഴിയിൽ ഇടത്തോട്ട് തിരിഞ്ഞ് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം പോയാൽ അങ്ങോട്ട് എത്താം. അത് ടാറിടാത്ത വഴിയാണ്. ഭാഗിയെ താഴെ പാർക്ക് ചെയ്ത് നടന്നു കയറി. ഒന്നര കിലോമീറ്റർ ഓളം കഴിഞ്ഞ് റോഡ് അവസാനിക്കുന്ന ഇടത്തുനിന്ന് പടികൾ കയറി വീണ്ടും മുകളിലേക്ക് പോണം ബോർഡർ പില്ലർ കാണാൻ. മൂന്നര അടിയോളം ഉയരം വരുന്ന ഒരു കല്ല് കെട്ടാണ് അത്.

അതൊരു വ്യൂ പോയിന്റ് കൂടെ ആണ്. ഏറെക്കുറെ 360 ഡിഗ്രി ദൃശ്യം സാധ്യമാണ് അവിടെ നിന്ന്. താഴെ അധികം ദൂരത്ത് അല്ലാതെ ബാപ്റ്റിസ്റ്റ് പള്ളിയും രാജാവിന്റെ കൊട്ടാരവും കാണാം.

താഴേക്ക് ഇറങ്ങി വരുമ്പോൾ തലവെട്ട് നാഗന്മാരെയും കാണാൻ പറ്റി. ഇപ്രാവശ്യം ഹോംബിൽ ഫെസ്റ്റിവലിന് അക്കൂട്ടര് കാണാൻ പറ്റിയില്ല എന്നൊരു സങ്കടം ഉണ്ടായിരുന്നു. അത് തീർന്നു കിട്ടി. റോഡരികിലുള്ള തങ്ങളുടെ കുടിലിന് മുന്നിൽ ആടയാഭരണങ്ങളെല്ലാം അണിഞ്ഞ് കസേരയിൽ അവർ ഇരിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. വഴിയേ പോകുന്ന സഞ്ചാരികൾ അവരെ കണ്ട് പടം പിടിക്കാൻ ചെന്നാൽ പണം കൃത്യമായി ചോദിച്ചു വാങ്ങും. ആളൊന്നുക്ക് 200 രൂപ വെച്ചാണ് വാങ്ങുന്നത്.

ഗോത്രങ്ങൾ തമ്മിൽ യുദ്ധം നടന്നിരുന്ന കാലത്ത്, ശത്രുവിന്റെ തലവെട്ടിയിട്ടുള്ളവരാണ് ഇക്കൂട്ടർ. വെട്ടുന്ന തല ഒരു ട്രോഫി പോലെ അവർ സൂക്ഷിക്കും. ശരീരം മാത്രമേ ശത്രുവിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കൂ. ഇങ്ങനെ തലവെട്ടി ശത്രുവിനെ വക വരുത്തുന്നവർക്ക് മുഖത്ത് പച്ച കുത്തി കൊടുക്കുന്നത് രാജ്ഞിയാണ്. തലവെട്ടിയ നാഗൻ ആരെന്ന് തിരിച്ചറിയുന്നത് അവരുടെ കഴുത്തിൽ കിടക്കുന്ന മാലയും മുഖത്തെ പച്ചകുത്തും ഒക്കെ നോക്കിയാണ്.

സമയം രണ്ടു മണി ആയിരിക്കുന്നു. പോഹിയുടെ ഹോം സ്റ്റേയിലേക്ക് കഷ്ടി ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ. അവിടെ ചെന്ന് ഉച്ചഭക്ഷണം കഴിച്ചു.

അപ്പോഴേക്കും ആസാമിൽ നിന്ന് ഷഫീഖ് ഞങ്ങൾക്കൊപ്പം ചേർന്നു. നാളെ മുതൽ ഷഫീഖ് ഞങ്ങൾക്കൊപ്പം ഉണ്ടാകും. നാളെ ബാപ്റ്റിസ്റ്റ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ആണ്. പോഹിയുടെ ഇരട്ടക്കുട്ടികളുടെ ഡാൻസ് അക്കൂട്ടത്തിൽ ഉണ്ട്. അതു കഴിഞ്ഞ് ലോങ്ങ് ഗ്രാമങ്ങളിലൂടെ വീണ്ടും ചുറ്റിയടിക്കണം. അവരുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാകണം. അതൊക്കെയാണ് നാളത്തെ പദ്ധതികൾ.

അത്താഴത്തിന് ശേഷം നെരിപ്പോടിന് ചുറ്റും ഇന്നലത്തേത് പോലെ പാട്ടും വെടിവെട്ടവുമായി കൂടി.

പുറത്ത് 11 ഡിഗ്രിയാണ് താപമാനം. പാതിരാത്രി അത് വീണ്ടും കുറയും. ഇതൊരു വലിയ തണുപ്പായി കണക്കാക്കാൻ വയ്യ. അരുണാചലിലേക്ക് കടന്നാൽ അതിലും വലിയ തണുപ്പ് കാത്തിരിക്കുന്നുണ്ട്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#northeast
#niraksharan
#northeastindia
#MyanmarBorder
#motorhomelife
#merrychristmas2025
#Nagaland
#IndiaMyanmarBorder

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>